ബാറ്റിംഗിലെ മെല്ലെപ്പോക്ക്; വെസ്റ്റ് ഇൻഡീസ് പരമ്പര ഇന്ത്യൻ ടീമിലെ ധോണിയുടെ ഭാവി തീരുമാനിക്കും

കഴിഞ്ഞ ഒരു വർഷത്തിൽ 18 മത്സരങ്ങളിൽ നിന്ന് വെറും 27.57 ശരാശരിയിൽ 386 റൺസ് മാത്രമാണ് ധോണി നേടിയത്. 2018 ൽ ധോണിയുടെ സ്ട്രൈക്ക് റേറ്റ് 67.36 ആണ്.

ബാറ്റിംഗിലെ മെല്ലെപ്പോക്ക്; വെസ്റ്റ് ഇൻഡീസ് പരമ്പര ഇന്ത്യൻ ടീമിലെ ധോണിയുടെ ഭാവി തീരുമാനിക്കും

ബാറ്റിംഗിൽ മെല്ലെപ്പോക്ക് തുടരുന്ന ധോണി ടീമിൽ നിന്നും പുറത്തേക്കെന്ന് റിപ്പോർട്ട്. ഈ മാസം 21നാരംഭിക്കുന്ന വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലും മോശം ഫോം തുടരുകയാണെങ്കിൽ ധോണിക്ക് പുറത്തേക്കുള്ള വഴി തെളിയുമെന്നാണ് സൂചന. റിഷഭ് പന്ത് സമീപ കാലത്ത് ഇന്ത്യൻ ജേഴ്സിയിൽ നടത്തുന്ന മികച്ച പ്രകടനങ്ങൾ ധോണിക്ക് തിരിച്ചടിയാകുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ മിന്നുന്ന ഫോമിലായിരുന്നു മുൻ ഇന്ത്യൻ ക്യാപ്റ്റനായ മഹേന്ദ്ര സിംഗ് ധോണി. 16 മത്സരങ്ങളിൽ നിന്നും 455 റൺസ് നേടിയ ധോണി ചെന്നൈയുടെ കിരീടധാരണത്തിൽ വലിയ പങ്കു വഹിച്ചിരുന്നു. എന്നാൽ ഐപിഎൽ അവസാനിച്ചതിനു ശേഷം ഇന്ത്യൻ ജേഴ്സിയിൽ ധോണിയുടെ പ്രകടനങ്ങൾ ദയനീയമാണ്. ഏഷ്യാ കപ്പിന് മുന്‍പ് 9 ഏകദിന മത്സരങ്ങളില്‍ നിന്നും 27 റണ്‍സ് ശരാശരിയില്‍ വെറും 189 റണ്‍സായിരുന്നു ധോണിയുടെ സമ്പാദ്യം. മെച്ചപ്പെട്ട സ്ട്രൈക്ക് റേറ്റോ സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനമോ കാഴ്ചവെക്കാന്‍ ധോനിക്ക് സാധിക്കുന്നില്ല. ഏഷ്യാ കപ്പിൽ 4 മത്സരങ്ങളിൽ നിന്നായി വെറും 77 റൺസ് മാത്രം സ്കോർ ചെയ്ത ധോണി ബാറ്റിംഗ് സ്ട്രൈക്ക് റേറ്റിലും ഏറെ പിന്നിലായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിൽ 18 മത്സരങ്ങളിൽ നിന്ന് വെറും 27.57 ശരാശരിയിൽ 386 റൺസ് മാത്രമാണ് ധോണി നേടിയത്. 2018 ൽ ധോണിയുടെ സ്ട്രൈക്ക് റേറ്റ് 67.36 ആണ്. അതും ദയനീയമാണ്.

ഏഷ്യാ കപ്പിനു ശേഷം ഇന്ത്യയുടെ മുൻ ക്രിക്കറ്റർമാർ ധോണിക്കെതിരെ രംഗത്ത് വന്നിരുന്നു. സഞ്ജയ് മഞ്ജരേക്കർ, വെങ്കിടേഷ് പ്രസാദ്, സൗരവ് ഗാംഗുലി തുടങ്ങിയവർ പരസ്യമായി ഗാംഗുലിക്കെതിരെ രംഗത്ത് വന്നു കഴിഞ്ഞു. ധോണിയിൽ നിന്നും ഇനി ഏറെയൊന്നും ലഭിക്കാനില്ലെന്നും 2019 ലോകകപ്പ് മുന്നിൽ കണ്ട് ഇന്ത്യ മറ്റ് വിക്കറ്റ് കീപ്പർമാരെ പരീക്ഷിക്കണമെന്നും മഞ്ജരേക്കർ പറഞ്ഞു. ധോണി തീരെ ഫോമിലല്ലെന്നും ആഭ്യന്തര മത്സരങ്ങളിൽ കൂടുതലായി കളിച്ച് ഫോം വീണ്ടെടുക്കണംന്നുമാണ് മുൻ ഇന്ത്യൻ പേസർ വെങ്കിടേഷ് പ്രസാദ് പറഞ്ഞത്. ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ ധോണി പരാജയമാവുകയാണെന്നും ഉടൻ പകരക്കാരെ കണ്ടെത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ധോണി തൻ്റെ ഫോമിൻ്റെ ഏഴയലത്ത് പോലുമല്ലെന്നും ധോണിക്ക് പകരം ലോകേഷ് രാഹുലിനെ പരീക്ഷിക്കണമെന്നുമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ അഭിപ്രായം.

വിക്കറ്റ് കീപ്പിംഗിൽ ഇന്ന് ഇന്ത്യയിൽ ധോണിയെ വെല്ലാൻ മറ്റാരുമില്ല എന്ന് സമ്മതിക്കുമ്പോഴും ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ ധോണിക്ക് ഇനിയൊന്നും നൽകാൻ കഴിയില്ല എന്ന വീക്ഷണമാണ് പൊതുവെ ഉണ്ടായിരിക്കുന്നത്. ക്രിക്കറ്റിൻ്റെ മൂന്ന് ഫോർമാറ്റുകളിലും അപ്രമാദിത്യത്തോടെ വിരാജിച്ചിരുന്ന മഹേന്ദ്രസിംഗ് ധോണി എന്ന റാഞ്ചിക്കാരൻ ഇന്ത്യൻ ടീമിൻ്റെ പടി കടക്കുന്ന അനിവാര്യതയിലേക്കാണ് ഇത് സൂചിപ്പിക്കുന്നത്. ഈ മാസാവസാനം നടക്കുന്ന വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയോടെ ആ കാര്യത്തിന് ഒരു തീരുമാനം ആവുമെന്നാണ് സൂചന.

Read More >>