സെഞ്ചുറിയുമായി സ്മൃതി മന്ദാന; ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് കൂറ്റൻ വിജയം

104 പന്തുകളിൽ ഒൻപത് ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പെടെ 105 റൺസെടുത്ത സ്മൃതി ആദ്യ വിക്കറ്റിൽ ജമീമയുമായി 190 റൺസിൻ്റെ കൂട്ടുകെട്ടും പടുത്തുയർത്തി.

സെഞ്ചുറിയുമായി സ്മൃതി മന്ദാന; ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് കൂറ്റൻ വിജയം

ഓപ്പണർ സ്മൃതി മന്ദാന നേടിയ ഉജ്ജ്വല സെഞ്ചുറിയുടെ കരുത്തിൽ ന്യൂസിലൻഡിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ ജയം. ഒൻപത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. സഹ ഓപ്പണർ ജമീമ റോഡ്രിഗസ് പുറത്താവാതെ 81 റൺസെടുത്തു. സ്കോർ: ന്യൂസിലൻഡ് വിമൻ- 192 (48.4) ഇന്ത്യ- 193/1 (33).

104 പന്തുകളിൽ ഒൻപത് ബൗണ്ടറികളും മൂന്ന് സിക്സറുകളും ഉൾപ്പെടെ 105 റൺസെടുത്ത സ്മൃതി ആദ്യ വിക്കറ്റിൽ ജമീമയുമായി 190 റൺസിൻ്റെ കൂട്ടുകെട്ടും പടുത്തുയർത്തി. വിജയിക്കാൻ വെറും മൂന്ന് റൺസ് ആവശ്യമായിരുന്ന സമയത്താണ് സ്മൃതി പുറത്തായത്. മത്സരത്തിൻ്റെ 33ആം ഓവറിൽ സ്പിന്നർ അമേലിയ കെറിനെ ബൗണ്ടറിയടിച്ച് തുടങ്ങിയ സ്മൃതി തൊട്ടടുത്ത പന്തിൽ അത് ആവർത്തിക്കാൻ ശ്രമിച്ചുവെങ്കിലും തഹുഹുവിന് ക്യാച്ച് നൽകി പുറത്താവുകയായിരുന്നു. 94 പന്തുകളിൽ ഒൻപത് ബൗണ്ടറികൾ സഹിതമാണ് ജമീമ 81 റൺസെടുത്തത്.

നേരത്തെ, സ്പിന്നർമാരുടെ മികവിലാണ് ശക്തരായ ന്യൂസിലൻഡീനെ ശരാശരിക്കും താഴെ നിൽക്കുന്ന സ്കോറിലൊതുക്കാൻ ഇന്ത്യക്ക് സാധിച്ചത്. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഏക്താ ബിശ്തും പൂനം യാദവും ന്യൂസിലൻഡ് താരങ്ങളെ വെള്ളം കുടിപ്പിച്ചു. രണ്ട് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ്മ റൺ വിട്ടു കൊടുക്കുന്നതിൽ പിശുക്ക് കാട്ടി. 10 ഓവറിൽ വെറും 27 റൺസ് മാത്രം വിട്ടു കൊടുത്താണ് ദീപ്തിയുടെ ഈ പ്രകടനം.

ന്യൂസിലൻഡ് നിരയിൽ ഏഴു പേർ രണ്ടക്കം കടന്നെങ്കിലും ആർക്കും നിലയുറപ്പിക്കാൻ സാധിച്ചില്ല. 36 റൺസെടുത്ത ഓപ്പണർ സുസീ ബേറ്റ്സാണ് ന്യൂസിലൻഡിൻ്റെ ടോപ്പ് സ്കോറർ. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി. നേരത്തെ ഇന്ത്യൻ പുരുഷ ടീമും തങ്ങളുടെ ആദ്യ ഏകദിനം വിജയിച്ചിരുന്നു.