സഞ്ജു റോയൽസ് ലെജന്റ്സ് പട്ടികയിൽ; നേട്ടം ഷെയ്ൻ വോണും രാഹുൽ ദ്രാവിഡിനുമൊപ്പം

'സൂപ്പർ ഹ്യൂമൻ സഞ്ജു സാംസൺ' എന്നാണ് പട്ടികയിൽ സഞ്ജുവിനുള്ള വിശേഷണം.

സഞ്ജു റോയൽസ് ലെജന്റ്സ് പട്ടികയിൽ; നേട്ടം ഷെയ്ൻ വോണും രാഹുൽ ദ്രാവിഡിനുമൊപ്പം

കേരളാ താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്റെ ലെജന്റ്സ് പട്ടികയിൽ. ഷെയ്ൻ വോൺ, രാഹുൽ ദ്രാവിഡ്, അജിൻക്യ രഹാനെ, പ്രവീൺ താംബെ, ഗ്രെയിം സ്മിത്ത് തുടങ്ങിയവർക്കൊപ്പമാണ് സഞ്ജു ഉൾപ്പെട്ടിരിക്കുന്നത്. ആകെ 15 പേരാണ് പട്ടികയിലുള്ളത്. സൂപ്പർ ഹ്യൂമൻ സഞ്ജു സാംസൺ എന്നാണ് പട്ടികയിൽ സഞ്ജുവിനുള്ള വിശേഷണം.

2013 ലാണ് സഞ്ജു രാജസ്ഥാൻ റോയൽസിലെത്തുന്നത്. തിരുവനന്തപുരത്തു നിന്നും ഒരു യുവ ക്രിക്കറ്റിൽ ഐപിഎലിൽ കളിക്കുന്നു എന്നത് മാത്രമായിരുന്നു അന്നത്തെ വാർത്താപ്രാധാന്യം. പക്ഷേ, കളത്തിലിറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ ഒരു മാച്ച് വിന്നിംഗ് ഇന്നിംഗ്‌സ് കളിച്ച് സഞ്ജു വരവറിയിച്ചു. കിംഗ്‌സ് ഇലവൻ പഞ്ചാബിന്റെ 126 റൺസ് ചേസ് ചെയ്യാനിറങ്ങിയ രാജസ്ഥാൻ നാല് വിക്കറ്റിന് 79 റൺസ് എന്ന നിലയിൽ തകർന്നു നിൽക്കുന്ന സമയത്താണ് സഞ്ജു ക്രീസിലെത്തുന്നത്. അന്ന് രഹാനെയുമായി സഞ്ജു നടത്തിയ രക്ഷാപ്രവർത്തനം നാല് പന്തുകൾ ബാക്കി നിൽക്കെ രാജസ്ഥാനെ വിജയതീരമണച്ചു. പുറത്താവാതെ 27 റൺസാണ് അന്ന് സഞ്ജു നേടിയത്. അതിൽ എണ്ണം പറഞ്ഞ നാല് ബൗണ്ടറികൾ. നേരിട്ട ആദ്യ പന്തിൽ തന്നെ ശക്തമായ ഒരു എൽബിഡബ്ള്യു അപ്പീൽ അതിജീവിച്ച സഞ്ജു രഹാനെയുമായി അപരാജിതമായ 47 റൺസിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. രാജസ്ഥാന്റെ സ്ഥിരം വിക്കറ്റ് കീപ്പറായിരുന്ന ദിശാന്ത് യാഗ്‌നിക്കിന് പരിക്കേറ്റതു കൊണ്ട് മതം ഫസ്റ്റ് ഇലവനിലെത്തിയ സഞ്ജു റോയൽസിന്റെ വിശ്വസ്തനായ കളിക്കാരനായി മാറിയത് വളരെ പെട്ടെന്നായിരുന്നു.

ആർസിബിക്കെതിരെ നടന്ന അടുത്ത മത്സരത്തിലും സഞ്ജു തിളങ്ങി. 172 റൺസ് ചേസ് ചെയ്യാനിറങ്ങിയ റോയൽസിന് വേണ്ടി ബാറ്റിംഗിൽ സ്ഥാനക്കയറ്റം കിട്ടി മൂന്നാമതായാണ് സഞ്ജു ക്രീസിലെത്തിയത്. 41 പന്തുകളിൽ 63 റൺസ് നേടിയ സഞ്ജു മികച്ച അടിത്തറയൊരുക്കിയിട്ടാണ് പുറത്താവുന്നത്. ആ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും ഐപിഎല്ലിൽ അർധസെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും സഞ്ജു കരസ്ഥമാക്കി. 18 വർഷവും 169 ദിവസവുമായിരുന്നു അന്ന് സഞ്ജുവിന്റെ പ്രായം. ഈ ഇന്നിംഗ്‌സോടെ ക്രിക്കറ്റ് പണ്ഡിറ്റുകൾ സഞ്ജുവിനെ വണ്ടർ കിഡ് എന്ന് വിളിച്ചു. പല പ്രതിസന്ധി ഘട്ടങ്ങളിലും മികച്ച ഇന്നിംഗ്‌സുകളുമായി അവതരിച്ച സഞ്ജു അക്കൊല്ലത്തെ എമർജിങ് പുരസ്കാരവും സ്വന്തമാക്കി. തുടർന്നുള്ള രണ്ടു വർഷങ്ങളിലും റോയൽസിനായി സ്ഥിരതയാർന്ന പ്രകടനമാണ് സഞ്ജു കാഴ്ച വെച്ചത്. റോയൽസിനായി ഏറ്റവും കൂടുതൽ റൺസടിച്ച താരങ്ങളിൽ പെട്ടയാൾ കൂടിയാണ് 23 കാരനായ സഞ്ജു സാംസൺ.

കോഴ വിവാദത്തെത്തുടർന്ന് രാജസ്ഥാൻ റോയൽസിന് പുറത്തിരിക്കേണ്ടി വന്ന കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഡൽഹി ഡെയർ ഡെവിൾസിനായി കളിച്ച സഞ്ജു കഴിഞ്ഞ കൊല്ലം തന്റെ ആദ്യ ഐപിഎൽ സെഞ്ചുറിയും സ്വന്തമാക്കി. ഇക്കൊല്ലം നടന്ന താരലേലത്തിൽ എട്ടു കോടി രൂപയ്ക്ക് വീണ്ടും രാജസ്ഥാൻ സഞ്ജുവിനെ ടീമിലെത്തിച്ചു. മികച്ച ടെക്നിക്കും ഉയർന്ന ടാലന്റുമുള്ള സഞ്ജു വിക്കറ്റിന് പിന്നിലും മികച്ച പ്രകടനങ്ങളാണ് കാഴ്ച വെക്കുന്നത്. നാളിതു വരെ രാജസ്ഥാന് വേണ്ടി നടത്തിയ പ്രകടനങ്ങളാണ് സഞ്ജുവിനെ ലെജൻഡ് പട്ടികയിലും ഉൾപ്പെടുത്തിയത്.