സഞ്ജു ഉൾപ്പെടെ 13 പേർ സച്ചിൻ ബേബിക്കെതിരെ; സ്വാർത്ഥനായ ക്യാപ്റ്റനെ മാറ്റണമെന്നാവശ്യം

കളി ജയിക്കുമ്പോള്‍ അത് സ്വന്തം ക്രെഡിറ്റിലേക്ക് മാറ്റുകയും തോല്‍ക്കുമ്പോള്‍ സഹതാരങ്ങളുടെ മേല്‍ കുറ്റം ചുമത്തുകയാണെന്നും താരങ്ങള്‍ ആരോപിച്ചു.

സഞ്ജു ഉൾപ്പെടെ 13 പേർ സച്ചിൻ ബേബിക്കെതിരെ; സ്വാർത്ഥനായ ക്യാപ്റ്റനെ മാറ്റണമെന്നാവശ്യം

ചരിത്രത്തിലാദ്യമായി കേരള ടീമിനെ രഞ്ജി ട്രോഫി ക്വാര്‍ട്ടറിലെത്തിച്ച ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ സഹതാരങ്ങള്‍ രംഗത്ത്. പുതിയ സീസണ്‍ തുടങ്ങുന്നതിന് മുമ്പ് സച്ചിനെ മാറ്റി പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന് 13 താരങ്ങള്‍ ഒപ്പിട്ട കത്ത് കൈമാറി.

പുതിയ സീസണിലേക്ക് പ്രവേശിക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കെയാണ് ടീമിനുള്ളിലെ പടലപ്പിണക്കം പുറത്തുവന്നിരിക്കുന്നത്. സച്ചിൻ ബേബിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കി പുതിയ ആളെ നിയമിക്കണമെന്നാണ് ആവശ്യം. രഞ്ജി ട്രോഫിയിൽ പുതിയ ചരിത്രമെഴുതിയ കേരള ടീം കഴിഞ്ഞ സീസണിൽ ക്വാർട്ടർ ഫൈനലിൽ കടന്നിരുന്നു. ഈ ടീമിനെ നയിച്ചത് സച്ചിൻ ബേബിയായിരുന്നു. 15 താരങ്ങൾ ചേർന്നാണ് കത്തു നൽകിയിരിക്കുന്നതെങ്കിലും അതിൽ 13 പേരാണ് ഒപ്പിട്ടിരിക്കുന്നത്. ഈ മാസം 12നാണ് 15 പേർ ചേർന്ന് കെസിഎയ്ക്കു കത്തു നൽകിയതെന്ന് 'സ്പോർട്സ്റ്റാർ' റിപ്പോർട്ട് ചെയ്തു.

സച്ചിന്‍ ബേബി സ്വാര്‍ത്ഥനാണെന്ന് ടീമംഗങ്ങള്‍ പറഞ്ഞു. കളി ജയിക്കുമ്പോള്‍ അത് സ്വന്തം ക്രെഡിറ്റിലേക്ക് മാറ്റുകയും തോല്‍ക്കുമ്പോള്‍ സഹതാരങ്ങളുടെ മേല്‍ കുറ്റം ചുമത്തുകയാണെന്നും താരങ്ങള്‍ ആരോപിച്ചു. സഹതാരങ്ങളെക്കുറിച്ച് മറ്റ് താരങ്ങളോട് കുറ്റം പറയുന്ന ക്യാപ്റ്റനാണ് സച്ചിന്‍ എന്നും ഇത്തരം പെരുമാറ്റം കാരണം കളിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നും കത്തിൽ സൂചിപ്പിക്കുന്നു. ക്യാപ്റ്റന്റെ പെരുമാറ്റം കാരണമാണ് താരങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് വേണ്ടി കളിക്കാന്‍ പോകുന്നതെന്നും താരങ്ങളുടെ കത്തില്‍ പറയുന്നു.

ക്യാപ്റ്റന്‍ സ്ഥാനത്ത് മറ്റൊരാള്‍ വരണമെന്നും ഇക്കാര്യത്തില്‍ മാനേജ്‌മെന്റ് ഉടന്‍ തീരുമാനം എടുക്കണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു. കെ.സി.എ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ അഭിഷേക് മോഹന്‍, കെ.സി അക്ഷയ്, കെ.എം ആസിഫ്, ഫാബിദ് ഫാറൂഖ്, വി.എ ജഗദീഷ്, മുഹമ്മദ് അസറുദീന്‍, എംഡി നിധീഷ്, വി.ജി റൈഫി, രോഹന്‍ പ്രേം, സന്ദീപ് വാര്യര്‍, സഞ്ജു സാംസണ്‍, സല്‍മാന്‍ നിസാര്‍, സിജോമോന്‍ എന്നിവരാണ് ഒപ്പിട്ടിരിക്കുന്നത്. അതേസമയം കത്തില്‍ പേരുണ്ടെങ്കിലും പി. രാഹുലും വിഷ്ണു വിനോദും ഒപ്പിട്ടിട്ടില്ല.