ഏകദിന ടീമിൽ ഋഷഭ് പന്ത്; ധോണിക്ക് മുന്നറിയിപ്പ്

ഇതിലും മോശം ഫോം തുടർന്നാൽ ധോണിക്ക് വിരമിക്കൽ സമ്മർദ്ദം ഉണ്ടായേക്കും.

ഏകദിന ടീമിൽ ഋഷഭ് പന്ത്; ധോണിക്ക് മുന്നറിയിപ്പ്

വെസ്റ്റിന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. കഴിഞ്ഞ കാലങ്ങളിലായി തുടർന്നു വരുന്ന രീതികൾക്ക് വ്യത്യസ്തമായി ഇത്തവണ ടീമിൽ ധോണിയെക്കൂടാതെ മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കൂടിയുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോം തുടരുന്ന ഡൽഹിക്കാരൻ ഋഷഭ് പന്താണ് ധോണിയോടൊപ്പം ടീമിൽ ഉൾപ്പെട്ടത്. ഏകദിന ടീമിൽ ആദ്യമായാണ് പന്ത് ഉൾപ്പെടുന്നത്.

ഇക്കഴിഞ്ഞ സീരീസുകളിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കാനാവാതെ വിഷമിക്കുന്ന മുൻ ക്യാപ്റ്റൻ എംഎസ് ധോണിയ്ക്ക് പന്തിൻ്റെ സാന്നിധ്യം ഭീഷണിയാവും. 2019 ലോകകപ്പ് മുൻ നിർത്തി ടീം തെരഞ്ഞെടുപ്പുകൾ നടത്തി ഏറ്റവും അനുയോജ്യമായ ടീമിനെ കണ്ടെത്തേണ്ട ഈ അവസരങ്ങളിൽ ധോണി മോശം ഫോം തുടരുന്നത് ഇന്ത്യക്ക് തിരിച്ചടി ആയേക്കും. അതു കൊണ്ട് തന്നെ വിൻഡീസിനെതിരായ ഏകദിന പരമ്പര ധോണിയ്ക്കുള്ള അവസാന അവസരമാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇതിലും മോശം ഫോം തുടർന്നാൽ ധോണിക്ക് വിരമിക്കൽ സമ്മർദ്ദം ഉണ്ടായേക്കും.

ധോണിയുടെ ബാറ്റിംഗിലെ മെല്ലെപ്പോക്കിനെതിരെ ഇന്ത്യയുടെ മുൻ താരങ്ങളടക്കം നിരവധി കളിക്കാർ വിമർശന ശരങ്ങളുയർത്തി രംഗത്ത് വന്നിരുന്നു. അതു കൊണ്ട് തന്നെ ഈ പരമ്പര ധോണിയുടെ കരിയറിൽ നിർണ്ണായകമാവും.

അതേ സമയം, ഏഷ്യാ കപ്പില്‍ പകരക്കാരനായെത്തി ഉജ്വല പ്രകടനം നടത്തിയ രവീന്ദ്ര ജഡേജ ടീമിലെ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പരിക്കിന്റെ പിടിയിലായ ഹാര്‍ദിക് പാണ്ഡ്യയെ ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് പരിഗണിച്ചില്ല. ഏഷ്യാ കപ്പില്‍ മോശമല്ലാത്ത പ്രകടനം നടത്തിയ ദിനേഷ് കാര്‍ത്തികിന് ടീമില്‍ ഇടം ലഭിച്ചില്ല. ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിശ്രമം അനുവദിച്ചിരുന്ന വിരാട് കോലി ക്യാപ്റ്റനായി തിരിച്ചെത്തി. രോഹിത് ശര്‍മയാണ് വൈസ് ക്യാപ്റ്റന്‍. മുഹമ്മദ് ഷമി ഏകദിന ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ഇടങ്കൈയ്യന്‍ ബൗളര്‍ ഖലീല്‍ അഹമ്മദ് ടീമിലെ സ്ഥാനം നിലനിര്‍ത്തി. ഏഷ്യാ കപ്പില്‍ മോശം പ്രകടനം നടത്തിയ ശാര്‍ദുല്‍ താക്കൂറും ടീമില്‍ ഇടംകണ്ടെത്തിയിട്ടുണ്ട്. ജസ്പ്രീത് ബുംറയ്ക്കും ഭുവനേശ്വര്‍ കുമാറിനും വിശ്രമം അനുവദിച്ചിട്ടുണ്ട്.

Read More >>