മിന്നു മണി ഇംഗ്ലണ്ടിനെതിരെ പാഡണിയും; ദേശീയ ടീമിൻ്റെ പടിവാതിൽക്കൽ ആദ്യമായി ഒരു മലയാളി പെൺകൊടി

കൂലിപ്പണിക്കാരായ മണിയുടെയും വസന്തയുടെയും മകളായ മിന്നുവിൻ്റെ പ്രകടനങ്ങൾ സെലക്ഷൻ കമ്മിറ്റിയുടെ ശ്രദ്ധ നേടിയിരുന്നു.

മിന്നു മണി ഇംഗ്ലണ്ടിനെതിരെ പാഡണിയും; ദേശീയ ടീമിൻ്റെ പടിവാതിൽക്കൽ ആദ്യമായി ഒരു മലയാളി പെൺകൊടി

വയനാട് സ്വദേശിനി മിന്നു മണി ഇംഗ്ലണ്ടിനെതിരെ നടക്കുന്ന സന്നാഹ മത്സരത്തിൽ ബോർഡ് പ്രസിഡൻ്റ് ഇലവനു വേണ്ടി പാഡണിയും. ഈ മാസം പതിനെട്ടിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് മുന്നോടിയായാണ് ഇംഗ്ലണ്ട് ബോർഡ് പ്രസിഡൻ്റ് ഇലവനെതിരെ സന്നാഹ മത്സരം കളിക്കുക.

കഴിഞ്ഞ വർഷം നടന്ന ദേശീയ അണ്ടർ 23 ടൂർണ്ണമെൻ്റിലെ മികച്ച പ്രകടനമാണ് മിന്നുവിന് ബോർഡ് പ്രസിഡൻ്റ് ഇലവൻ ടീമിലേക്ക് വഴിയൊരുക്കിയത്. ടൂർണമെൻ്റിലെ ടോപ്പ് സ്കോററായ മിന്നു ദേശീയ ടീമിലേക്ക് ഏറെ വൈകാതെ ഇടം നേടാൻ സാധ്യതയുള്ള കളിക്കാരിയാണ്. കൂലിപ്പണിക്കാരായ മണിയുടെയും വസന്തയുടെയും മകളായ മിന്നുവിൻ്റെ പ്രകടനങ്ങൾ സെലക്ഷൻ കമ്മിറ്റിയുടെ ശ്രദ്ധ നേടിയിരുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി കേരളാ വനിതാ ക്രിക്കറ്റിൽ മിന്നുന്ന പ്രകടനങ്ങളുമായി തിളങ്ങുകയാണ് ഈ ടോപ്പ് ഓർഡർ ബാറ്റർ. കഴിഞ്ഞ മൂന്നു വർഷമായി അണ്ടർ 23 ടീമിലെ അംഗമായ മിന്നുവിൻ്റെ മികവിൽ ഒട്ടേറെ വിജയങ്ങൾ കേരളം കുറിച്ചു കഴിഞ്ഞു. കേരളത്തിൽ നിന്നും ഇതു വരെ ആരും ഇന്ത്യൻ വനിതാ ദേശീയ ടീമിൽ കളിച്ചിട്ടില്ല. ആ നേട്ടത്തിലേക്കാണ് മിന്നുവിൻ്റെ യാത്ര.

ദേശീയ ടീമംഗവും വനിതാ ക്രിക്കറ്റിലെ പുതിയ സെൻസേഷനുമായ സ്മൃതി മന്ദാനയുടെ നായകത്വത്തിനു കീഴിലിറങ്ങുന്ന ബോർഡ് പ്രസിഡൻ്റ് ഇലവനിൽ വേദ കൃഷ്ണമൂർത്തി, ദേവിക വൈദ്യ, പ്രിയ പുനിയ തുടങ്ങിയ ദേശീയ കളിക്കാരും അണിനിരക്കും.