മായങ്ക് മാർക്കണ്ഡേ; മുംബൈ 'ലെഗസി'യിലെ ഏറ്റവും പുതിയ അതിഥി

ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ആളെ വലിയ പിടിയുണ്ടായിരുന്നില്ല. മുംബൈ ഇന്ത്യൻസിന്റെ ട്രയൽസ് ക്യാമ്പിൽ പന്തെറിയാൻ വന്ന മാർക്കണ്ഡേ രോഹിത്തിനെയും കോച്ചിനെയുമുൾപ്പെടെ സകലരെയും അത്ഭുതപ്പെട്ടുത്തി.

മായങ്ക് മാർക്കണ്ഡേ; മുംബൈ ലെഗസിയിലെ ഏറ്റവും പുതിയ അതിഥി

മുംബൈ ഇന്ത്യൻസ് ചരിത്രം ആവർത്തിക്കുകയാണ്. 2013 ൽ ജസ്പ്രീത് ബുംറയെയും 2015 ൽ ഹർദിക് പാണ്ഡ്യയെയും തൊട്ടടുത്ത വർഷം കൃണാൽ പാണ്ഡ്യയെയും ക്രിക്കറ്റ് ലോകത്തിനു മുൻപിൽ അവതരിപ്പിച്ച മുംബൈ ഇന്ത്യൻസ് ഇക്കൊല്ലം മാർക്കണ്ഡേയിലൂടെ അത് ആവർത്തിക്കുന്നു. ബുംറയും ഹർദിക്കും കളിയുടെ മൂന്ന് ഫോർമാറ്റുകളിലും ഇന്ന് ദേശീയ ടീമിൽ സ്ഥിരസാന്നിധ്യങ്ങളാണ്. കൃണാലിന് ഇത് വരെ ദേശീയ ടീമിൽ ഇടം കിട്ടിയില്ലെങ്കിൽ പോലും മുംബൈ ഇന്ത്യൻസിന് വേണ്ടി സ്ഥിരതയാർന്ന പ്രകടനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. അറിയപ്പെടാതിരുന്ന താരങ്ങളെ ടീമിലെത്തിച്ച് മത്സര പരിചയം നൽകി ഇന്ത്യൻ ക്രിക്കറ്റിന് സംഭാവന നൽകിക്കൊണ്ടിരിക്കുന്ന മുംബൈ സ്ട്രാറ്റജി ഈ വർഷം 20 കാരൻ മാർക്കണ്ഡേയിലൂടെ അറിയപ്പെടും.

കഴിഞ്ഞ വർഷം ഈ സമയത്ത് മായങ്ക് തന്റെ അമ്മയോടൊപ്പം വീട്ടിലിരുന്ന് ടിവിയിൽ ഐപിഎൽ കാണുകയായിരുന്നു. ഐപിഎല്ലിൽ എന്ന ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ലീഗിൽ കളിക്കണമെന്നത് അവന്റെ സ്വപ്നമായിരുന്നു. ഒരു വർഷത്തിനിപ്പുറം അവൻ മുംബൈ ഇന്ത്യൻസിന്റെ ജേഴ്സിയണിഞ്ഞ് ഐപിഎല്ലിൽ കളിക്കുന്നു. ആദ്യ രണ്ടു മത്സരങ്ങളിൽ ഏറ്റവമധികം വിക്കറ്റുകളെടുത്ത് പർപ്പിൾ ക്യാപ്പ് ധരിച്ച് അവൻ വിധിയോട് നന്ദി പറയുന്നു.

ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ആളെ വലിയ പിടിയുണ്ടായിരുന്നില്ല. മുംബൈ ഇന്ത്യൻസിന്റെ ട്രയൽസ് ക്യാമ്പിൽ പന്തെറിയാൻ വന്ന മാർക്കണ്ഡേ രോഹിത്തിനെയും കോച്ചിനെയുമുൾപ്പെടെ സകലരെയും അത്ഭുതപ്പെട്ടുത്തി. ചെന്നൈ സൂപ്പർ കിംഗ്‌സും മുംബൈ ഇന്ത്യൻസുമായി നടന്ന ഐപിഎൽ ഉദ്ഘാടന മത്സരത്തിന്റെ ടോസ് വേളയിൽ ടീമംഗങ്ങളെ വെളിപ്പെടുത്തുന്നതിനിടെ രോഹിത് പറഞ്ഞു: "മായങ്ക് മാർക്കണ്ഡേയാണ് ടീമിലെ പുതുമുഖം. അവനെപ്പറ്റി ചില നല്ല കാര്യങ്ങളൊക്കെ കേൾക്കുന്നുണ്ട്." അത് വെറും വാക്കുകളല്ലെന്ന് മത്സരം കഴിഞ്ഞപ്പോൾ മനസ്സിലായിരുന്നു. നാലോവറിൽ വെറും 23 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകളാണ്‌ മാർക്കണ്ഡേ കീശയിലാക്കിയത്. അതിൽ അമ്പാട്ടി റായുഡുവിന്റെയും എംഎസ് ധോണിയുടെയും വിക്കറ്റുകളും ഉൾപ്പെടുന്നു. സൺ റൈസേഴ്‌സുമായി നടന്ന രണ്ടാം മത്സരത്തിലും മാർക്കണ്ഡേ ആദ്യ മത്സരം ആരംഭശൂരത്വമല്ലെന്ന് തെളിയിച്ചു. സാഹ, ധവാൻ, ഷാക്കിബ്, പാണ്ഡെ എന്നീ നാല് മുൻനിര വിക്കറ്റുകളാണ്‌ മാർക്കണ്ഡേ പിഴുതത്. അതും നാലോവറിൽ വെറും 23 റൺസ് മാത്രം വിട്ടുകൊടുത്ത്. ഇതോടെ മൊത്തം ഏഴു വിക്കറ്റുകളുമായി മാർക്കണ്ഡേ പർപ്പിൾ ക്യാപ്പിനും ഉടമയായി.

സമയം കിട്ടുമ്പോഴെല്ലാം മാർക്കണ്ഡേ ക്രിക്കറ്റ് കളിക്കാനായി ഇറങ്ങുമായിരുന്നു. മറ്റൊരു കളിയുമില്ല. ഊണിലും ഉറക്കത്തിലും ക്രിക്കറ്റ് തന്നെ ക്രിക്കറ്റ്. വീടിന്റെ മുറ്റത്തും ടെറസിലുമായി മായങ്ക് കളിച്ചു വളർന്നു. അച്ഛൻ ബിക്രം ശർമയായിരുന്നു കളിയിൽ മായങ്കിന്റെ പങ്കാളി. ക്രിക്കറ്റിനോടുള്ള മകന്റെ അഭിനിവേശം കണ്ട ശർമ്മ മകനെ കളി പഠിപ്പിക്കാൻ അക്കാദമിയിലേക്കയച്ചു. മുൻ ഇന്ത്യൻ ഓൾ റൗണ്ടർ റിതീന്ദർ സിങ് സോധിയുടെ അച്ഛൻ മഹേഷ് ഇന്ദർ സിങ് സോധിയാണ് മായങ്കിനെ പരിശീലിപ്പിച്ചത്. പേസറാവണം എന്ന ആഗ്രഹം മുൻനിർത്തി പേസ് ബോളിങ് പരിശീലിച്ചു കൊണ്ടിരുന്ന മായങ്കിനെ ലെഗ് സ്പിന്നിലേക്ക് വഴി തിരിച്ചു വിട്ടത് അദ്ദേഹമായിരുന്നു. സ്വാഭാവികമായി ഗൂഗ്‌ളികൾ എറിയാനുള്ള മായങ്കിന്റെ കഴിവ് തിരിച്ചറിഞ്ഞ അദ്ദേഹം അവനെ അങ്ങനെ പരിശീലിപ്പിച്ചു.

കഴിഞ്ഞ വർഷത്തെ സയ്യിദ് മുഷ്താക്ക് അലി ടി-20 ടൂർണമെന്റിൽ പഞ്ചാബിന് വേണ്ടിയായിരുന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മായങ്കിന്റെ അരങ്ങേറ്റം. ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് ടീമിലും മാർക്കണ്ഡേ അംഗമായിരുന്നു. അവിടെ നിന്നാണ് മായങ്ക് ഐപിഎൽ തിളക്കത്തിലേക്കെത്തുന്നതും മുംബൈക്ക് വേണ്ടി കളിക്കുന്നതും.

Read More >>