10 ഓവർ, 11 റൺസ്, 10 വിക്കറ്റ്; അത്ഭുതമായി മണിപ്പൂർ യുവതാരത്തിൻ്റെ ബൗളിംഗ്

സ്വിംഗ് ബൗളിങ്ങിൻ്റെ മാസ്മരിക പ്രദർശനം കാഴ്ച വെച്ച ഈ ഇടം കയ്യൻ പേസർ ഈ സീസണിൽ മണിപ്പൂർ രഞ്ജി ടീമിൽ അരങ്ങേറിയിരുന്നു.

10 ഓവർ, 11 റൺസ്, 10 വിക്കറ്റ്; അത്ഭുതമായി മണിപ്പൂർ യുവതാരത്തിൻ്റെ ബൗളിംഗ്

18കാരൻ മണിപ്പൂരി ഫാസ്റ്റ് ബൗളറാണ് സോഷ്യൽ മീഡിയയിലെ നിലവിലെ താരം. പത്തോവറിൽ വെറും 11 റൺസ് വഴങ്ങി ഇന്നിംഗ്സിലെ 10 വിക്കറ്റുകളും കരസ്ഥമാക്കിയ റെക്സ് സിംഗിൻ്റെ ബൗളിംഗ് പ്രകടനത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ബിസിസിഐയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലും വീഡിയോ പങ്കു വെച്ചിട്ടുണ്ട്.

അണ്ടർ 19 കുച്ച് ബെഹാർ ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരെയായിരുന്നു റെക്സ് സിംഗിൻ്റെ പ്രകടനം. സ്വിംഗ് ബൗളിങ്ങിൻ്റെ മാസ്മരിക പ്രദർശനം കാഴ്ച വെച്ച ഈ ഇടം കയ്യൻ പേസർ ഈ സീസണിൽ മണിപ്പൂർ രഞ്ജി ടീമിൽ അരങ്ങേറിയിരുന്നു. കുച്ച് ബെഹാർ ട്രോഫിയിൽ രണ്ടാം ഇന്നിംഗ്സിലെ റെക്കോർഡ് പ്രകടനത്തിൻ്റെ ബലത്തിൽ അരുണാചൽ പ്രദേശിനെ 36 റൺസിന് പുറത്താക്കിയ മണിപ്പൂർ മത്സരം ജയിച്ചിരുന്നു.

അഞ്ച് ബാറ്റ്സ്മാന്മാരുടെ കുറ്റി പിഴുത റെക്സ് സിംഗ് രണ്ട് പേരെ വിക്കറ്റിനു മുന്നിൽ കുരുക്കി. മൂന്നു പേരെ വിക്കറ്റ് കീപ്പറിൻ്റെ കൈകളിലും എത്തിച്ചു. വേഗതയും സ്വിംഗും ഒത്തു ചേർന്ന റെക്സ് സിംഗ് ഇന്ത്യൻ പേസ് ഡിപ്പർട്ട്മെൻ്റ് സുരക്ഷിതമാണെന്ന സൂചനയാണ് നൽകുന്നത്. ഇന്ത്യയിൽ ദുർലഭമായ ഇടം കയ്യൻ പേസർ കൂടിയാകുമ്പോൾ റെക്സിൻ്റെ ഈ പ്രകടനം ഏറെ പ്രതീക്ഷ നൽകുന്നതാണ്.