മീ ടൂ; ശ്രീലങ്കൻ ക്രിക്കറ്റർ മലിംഗക്കെതിരെ ഗായിക ചിന്മയിയുടെ ലൈംഗിക ആരോപണം

ഐപിഎല്‍ സീസണ്‍ നടന്നുകൊണ്ടിരിക്കെയായിരുന്നു സംഭവം.

മീ ടൂ; ശ്രീലങ്കൻ ക്രിക്കറ്റർ മലിംഗക്കെതിരെ ഗായിക ചിന്മയിയുടെ ലൈംഗിക ആരോപണം

ശ്രീലങ്കൻ ക്രിക്കറ്റർ ലസിത് മലിംഗയ്ക്കെതിരെ ലൈംഗിക ആരോപണവുമായി തമിഴ് ഗായിക ചിന്മയി ശ്രീപാദ. ഒരു യുവതിയെ മുംബൈയിലെ ഹോട്ടലില്‍വെച്ച് മലിംഗ ലൈംഗികമായി ആക്രമിച്ചെന്നാണ് ചിന്മയി ട്വിറ്ററിലൂടെ ആരോപിക്കുന്നത്. യുവതി എഴുതിയ കുറിപ്പും അവര്‍ പങ്കുവെച്ചു.

ഐപിഎല്‍ സീസണ്‍ നടന്നുകൊണ്ടിരിക്കെയായിരുന്നു സംഭവം. ഹോട്ടലില്‍ തന്റെ സുഹൃത്തിനെ തിരയുന്നതിനിടയില്‍ മലിംഗയെ കണ്ടെന്നും സുഹൃത്ത് തന്റെ മുറിയിലുണ്ടെന്ന് മലിംഗ പറഞ്ഞുവെന്നും യുവതി കുറിക്കുന്നു. മലിംഗയുടെ മുറിയില്‍ കയറിയ താന്‍ സുഹൃത്തിനെ കണ്ടില്ല. ഇതിനിടയില്‍ താരം തന്നെ ആക്രമിച്ച് വീഴ്ത്തി ലൈംഗികമായി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്ന് യുവതി ആരോപിക്കുന്നു.

ഭാഗ്യവശാല്‍ ഈസമയം ഹോട്ടല്‍ ജീവനക്കാരന്‍ റൂമില്‍തട്ടി അകത്തുകയറി. സാധനങ്ങള്‍ കൈമാറി കൊണ്ടുപോകവെ താന്‍ ഉടന്‍ വാഷ്‌റൂമില്‍ കയറി മുഖം കഴുകുകയും ജീവനക്കാരന് പോയതിന് ശേഷം മുറിയില്‍നിന്നും രക്ഷപ്പെടുകയുമായിരുന്നു. അയാള്‍ പ്രശസ്തനായതുകൊണ്ടുതന്നെ ഞാന്‍ മന:പൂര്‍വം മലിംഗയുടെ മുറിയില്‍ കയറിയതാണെന്ന് നിങ്ങള്‍ പറഞ്ഞേക്കുമെന്നും യുവതിയുടെ കുറിപ്പിലുണ്ട്.

ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് മലിംഗ. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി ദീര്‍ഘകാലം കളിച്ചിരുന്നു. കഴിഞ്ഞദിവസം മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയ്‌ക്കെതിരെയും മീ ടൂ കാമ്പയിനിലൂടെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഒരു ഹോട്ടലില്‍വെച്ച് രണതുംഗ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ഇന്ത്യന്‍ വിമാനക്കമ്പനിയിലെ മുന്‍ ജീവനക്കാരിയാണ് ആരോപിച്ചത്.Read More >>