സിഎസ്കെയുടെ മദേഴ്‌സ് ഡേ സന്ദേശം; ഉമ്മയ്ക്ക് വേണ്ടി പാടി മലയാളി താരം മുഹമ്മദ് ആസിഫ്

ആസിഫിന്റെ പാട്ടിലാണ് വീഡിയോ അവസാനിക്കുന്നത്.

സിഎസ്കെയുടെ മദേഴ്‌സ് ഡേ സന്ദേശം; ഉമ്മയ്ക്ക് വേണ്ടി പാടി മലയാളി താരം  മുഹമ്മദ് ആസിഫ്

ചെന്നൈ സൂപ്പർ കിംഗ്‌സ് ഐപിഎല്ലിൽ തകർപ്പൻ ഫോം തുടരുകയാണ്. ലേലം കഴിഞ്ഞപ്പോൾ 'വയസ്സൻ പട' എന്ന കളിയാക്കലുകൾ ഏറെ നേരിട്ട സിഎസ്കെ പക്ഷേ, ഇത് വരെ കളിച്ച എല്ലാ ഐപിഎൽ സീസണുകളിലും പ്ളേ ഓഫിലെത്തിയ ടീം എന്ന റെക്കോർഡ് കാത്തു സൂക്ഷിച്ചിരിക്കുകയാണ്. വയസ്സൻ പട നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാമതാണ്. ഐപിഎല്ലിന് മുൻപ് തന്നെ കേരളം സിഎസ്കെയെപ്പറ്റി ചർച്ച ചെയ്തത് ടീമിലെ ഒരു മലയാളി താരത്തെ മുൻ നിർത്തിയാണ്. മലപ്പുറം എടവണ്ണ സ്വദേശിയായ കെ എം ആസിഫ്. എം എസ് ധോണിയോടൊപ്പം ജേഴ്സിയണിയാണ് ഭാഗ്യം കിട്ടിയ ആസിഫ് വിക്കറ്റ് കോലത്തിലും തന്റെ പേര് എഴുതിച്ചേർത്തിരുന്നു.

കളിക്കളത്തിലെ മികച്ച പ്രകടനങ്ങൾക്കപ്പുറത്ത് മറ്റൊരു മികച്ച ഉദ്യമവുമായി സിഎസ്കെ മുന്നോട്ടു വന്നിരിക്കുകയാണ്. മാതൃദിനത്തിൽ ടീം അംഗങ്ങൾക്ക് തങ്ങളുടെ അമ്മ എത്ര മാത്രം പ്രിയപ്പെട്ടതാണെന്നറിയിക്കുന്ന ഒരു വീഡിയോ സിഎസ്കെയുടെ യൂട്യൂബ് പേജിലുണ്ട്. രവീന്ദ്ര ജഡേജ, സാം ബില്ലിംഗ്സ്, ഇമ്രാൻ താഹിർ തുടങ്ങിയവരൊക്കെ തങ്ങളുടെ അമ്മമാരോടുള്ള സ്നേഹവും അവർ എത്രത്തോളം തങ്ങൾക്ക് പ്രിയപ്പെട്ടവരാണെന്നും വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.

എന്നാൽ നമ്മുടെ സ്വന്തം ആസിഫ് ഒരുപാട് പ്രസംഗിക്കാനൊന്നും നിന്നില്ല. "ഉമ്മയെപ്പറ്റി എന്താണ് പറയേണ്ടത് എന്നെനിക്കറിയില്ല. അത് കൊണ്ട് ഉമ്മയ്ക്ക് വേണ്ടി ഞാനൊരു പാട്ട് പാടുകയാണ്" എന്നു പറഞ്ഞ് മനോഹരമായ ഒരു പാട്ട് ഉമ്മയ്ക്ക് വേണ്ടി ആസിഫ് സമർപ്പിക്കുകയാണ്. ആസിഫിന്റെ പാട്ടിലാണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ഇന്നലെ അപ്ലോഡ് ചെയ്ത വീഡിയോ ഇതിനകം 22000 ലധികം പേരാണ് കണ്ടത്.

കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനായി അരങ്ങേറിയ ആസിഫ് തുടർച്ചയായി 140 കിലോമീറ്റർ വേഗതയ്ക്കു മുകളിൽ പന്തെറിയാൻ കഴിയുന്ന ബോളർ എന്ന നിലയിലാണ് ശ്രദ്ധിക്കപ്പെട്ടത്. വെറും രണ്ട് ടി 20 മത്സരങ്ങളും ഒരു ലിസ്റ്റ് എ മത്സരവും മാത്രം കളിച്ച പരിചയസമ്പത്തുമായാണ് സിഎസ്കെയ്ക്കു വേണ്ടി ജഴ്സിയണിഞ്ഞത്. സിഎസ്കെയ്ക്കു വേണ്ടി രണ്ട് മത്സരങ്ങൾ കളിച്ച ഈ 24 കാരൻ മൂന്നു വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു.


Read More >>