'ബ്ലഡി ലേഡി'; കൃത്യനിർവ്വഹണത്തിനിടെ മലയാളി ഐപിഎസ് ഓഫീസറോട് കയർത്ത് ജെഡിഎസ് എഎൽഎ

ഐഡി പരിശോധിക്കാതെ കടത്തിവിടില്ലെന്ന് ഓഫീസര്‍ നിലപാട് സ്വീകരിച്ചതോടെയാണ് മന്ത്രി രോഷാകുലനായത്.

ബ്ലഡി ലേഡി; കൃത്യനിർവ്വഹണത്തിനിടെ മലയാളി ഐപിഎസ് ഓഫീസറോട് കയർത്ത് ജെഡിഎസ് എഎൽഎ

കൃത്യനിർവ്വഹണത്തിനിടെ മലയാളി ഐപിഎസ് ഓഫീസറോട് കയർത്ത് ജെഡിഎസ് എഎൽഎയും ടൂറിസം മന്ത്രിയുമായ സാ രാ മഹേഷ്. ലിഗായത്ത് നേതാവ് ശിവകുമാര്‍ സ്വാമിയുടെ സംസ്‌കാര ചടങ്ങിൽ വെച്ചായിരുന്നു സംഭവം. തുംകുരു എസ്പിയും മലയാളിയുമായ ദിവ്യ ഗോപിനാഥിനോടായിരുന്നു സാ രാ മഹേഷിൻ്റെ ആക്രോശം.

'ബ്ലഡി ലേഡി' എന്നു വിളിച്ചായിരുന്നു മന്ത്രി ദിവ്യയെ അപമാനിച്ചത്. അപമാനം കേട്ട് എസ്പി ദിവ്യ കണ്ണീരോടെ നിന്നതായി പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. തുംകൂരിലെ സിദ്ധഗംഗ മഠത്തില്‍ വെച്ച് നടന്ന ചടങ്ങുകളില്‍ മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും സാന്നിധ്യത്തിലായിരുന്നു സംഭവം. സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എസ്പി ദിവ്യ ചടങ്ങിനെത്തിയ മന്ത്രി മഹേഷിനെയും മറ്റ് രണ്ട് ക്യാബിനറ്റ് മന്ത്രിമാരെയും തടഞ്ഞു. ഐഡി പരിശോധിക്കാതെ കടത്തിവിടില്ലെന്ന് ഓഫീസര്‍ നിലപാട് സ്വീകരിച്ചതോടെയാണ് മന്ത്രി രോഷാകുലനായത്.

'ഞങ്ങള്‍ ആരാണെന്ന് നിങ്ങള്‍ക്ക് അറിയാമോ, ബ്ലഡി ലേഡി. ഞങ്ങള്‍ മന്ത്രിമാരാണ്' എന്നായിരുന്നു മഹേഷിന്റെ ആക്രോശം. ജോലി ചെയ്തതിന് തെറി കേള്‍ക്കേണ്ടിവന്ന എസ്പി ദിവ്യ കണ്ണീരണിഞ്ഞു. വീഡിയോ വൈറലായതോടെ സംഭവം വിവാദമായി. ഇത് വലിയ കാര്യമാക്കേണ്ടെന്ന് കൂടെയുണ്ടായിരുന്ന മന്ത്രി ദിവ്യയുടെ കവിളില്‍ തൊട്ട് അപേക്ഷിക്കുന്നതും വീഡിയോയിലുണ്ട്. 38 എംഎല്‍എമാരുള്ള പാര്‍ട്ടി ഭരിച്ചാല്‍ ഇതൊക്കെ സംഭവിക്കുമെന്ന് ബിജെപി പ്രതികരിച്ചു. തന്റെ മന്ത്രി ക്രിമിനല്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് മുഖ്യന്‍ എച്ച്ഡി കുമാരസ്വാമി ന്യായീകരിച്ചു.