അയർലൻഡിന് വേണ്ടി ആദ്യ ടെസ്റ്റ് സെഞ്ചുറി; ചരിത്രം കുറിച്ച് കെവിൻ ഒബ്രിയാൻ

നാലാം ദിവസം ബാറ്റിങ് നിര തകർന്നടിഞ്ഞ് ഉച്ച ഭക്ഷണ സമയത്ത് 123 റൺസിന്‌ നാല് വിക്കറ്റുകൾ നഷ്ടപ്പെട്ട് ഇന്നിംഗ്‌സ് തോൽവി അഭിമുഖീകരിക്കുമ്പോഴാണ് കെവിൻ രക്ഷാപ്രവർത്തനം ഏറ്റെടുത്തത്.

അയർലൻഡിന് വേണ്ടി ആദ്യ ടെസ്റ്റ് സെഞ്ചുറി; ചരിത്രം കുറിച്ച് കെവിൻ ഒബ്രിയാൻ

അയർലണ്ടിന്റെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യ സെഞ്ചുറി കുറിച്ച് കെവിൻ ഒബ്രിയാൻ. ടെസ്റ്റ് പദവി ലഭിച്ചതിനു ശേഷമുള്ള അയർലണ്ടിന്റെ ആദ്യ ടെസ്റ്റ് മത്സരത്തിലാണ് കെവിൻ ചരിത്ര പുസ്തകത്തിലേക്ക് നടന്നു കയറിയത്. പാക്കിസ്ഥാനുമായുള്ള ഒരേയൊരു ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിൽ നാലാം ദിവസത്തിലാണ് ഐറിഷ് മധ്യനിര ബാറ്റ്സ്മാന്റെ പ്രകടനം.

പാക്കിസ്ഥാന്റെ 310-9 എന്ന ഒന്നാമിന്നിംഗ്സ്‌ സ്കോറിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡ് 130 റൺസിന്‌ പുറത്തായി ഫോളോ ഓൺ വഴങ്ങിയിരുന്നു. ആദ്യ ഇന്നിംഗ്‌സിലും 40 റൺസെടുത്ത കെവിൻ ആയിരുന്നു അയർലണ്ടിന്റെ ടോപ്പ് സ്‌കോറർ. ഫോളോ ഓൺ വഴങ്ങിയ അയർലൻഡ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 64 എന്ന റൺസിനാണ് മൂന്നാം ദിനം കളി അവസാനിപ്പിച്ചത്. നാലാം ദിവസം ബാറ്റിങ് നിര തകർന്നടിഞ്ഞ് ഉച്ച ഭക്ഷണ സമയത്ത് 123 റൺസിന്‌ നാല് വിക്കറ്റുകൾ നഷ്ടപ്പെട്ട് ഇന്നിംഗ്‌സ് തോൽവി അഭിമുഖീകരിക്കുമ്പോഴാണ് കെവിൻ രക്ഷാപ്രവർത്തനം ഏറ്റെടുത്തത്. 53 റൺസെടുത്ത സ്റ്റുവർട്ട് തോംസൺ ഒബ്രിയാന് മികച്ച പിന്തുണ നൽകിയതോടെ അയർലണ്ട് ഇന്നിംഗ്‌സ് ലീഡിലേക്ക് നീങ്ങുകയായിരുന്നു. 7 വിക്കറ്റ് നഷ്ടത്തിൽ 319 റൺസ് എന്ന നിലയിലാണ് അയർലൻഡ് നാലാം ദിവസം കളി അവസാനിപ്പിച്ചത്. 118 റൺസുമായി കെവിൻ ഒബ്രിയാനും 8 റൺസുമായി തൈറോൺ കെയ്‌നുമാണ് ക്രീസിൽ. നിലവിൽ 139 റൺസിന്റെ ലീഡ് അയർലൻഡിനുണ്ട്.

മോശം കാലാവസ്ഥയെത്തുടർന്ന് ആദ്യ ദിനം നഷ്ടപ്പെട്ട ചരിത്ര ടെസ്റ്റിന്റെ അവസാന ദിവസം ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്. ചുരുങ്ങിയത് 200 റൺസിന്റെയെങ്കിലും ലീഡ് സ്വന്തമാക്കാൻ അയർലൻഡിന് കഴിഞ്ഞാൽ അവസാന ദിവസം മികച്ച ഒരു പോരാട്ടം കാണാൻ കഴിഞ്ഞേക്കും. ജയം ഉറപ്പിക്കാൻ കഴിയില്ലെങ്കിലും ടെസ്റ്റ് സമനിലയാക്കാനാവും അയർലണ്ടിന്റെ ശ്രമം.

Read More >>