ഐപിഎൽ: ഇത്തവണ ആര് കപ്പടിക്കും; കണക്കുകളും വിശകലനവും

വീണ്ടുമൊരു ഐപിഎൽ സീസണ് തുടക്കമാവുന്നു. വാംഖഡെയിൽ ഇത്തവണ ആര് കപ്പുയർത്തും? സാധ്യതകളും കണക്കുകളും നിരത്തി ഒരു വിശകലനം.

ഐപിഎൽ: ഇത്തവണ ആര് കപ്പടിക്കും; കണക്കുകളും വിശകലനവും

ഐപിഎൽ പടിവാതിലിലെത്തി നിൽക്കുന്നു. നാളെ മുംബൈയിലെ വാംഖഡെയിൽ ആതിഥേയർ ചെന്നൈയുമായി ഏറ്റുമുട്ടുന്നതോടെ പതിനൊന്നാം ഐപിഎല്ലിന് തുടക്കമാകും. കഴിഞ്ഞ രണ്ടു വർഷം കോഴ വിവാദത്തെത്തുടർന്ന് പുറത്തായിരുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ്, രാജസ്ഥാൻ റോയൽസ് എന്നിവരുടെ തിരിച്ചു വരവാണ് ഇക്കൊല്ലത്തെ ശ്രദ്ധേയമായ വിശേഷം. ടീമുകളുടെ കോർ മാത്രം നിലനിർത്തി അടിമുടി മാറിയ ഒരു ഐപിഎല്ലാണ് ഇക്കൊല്ലം. ടീമുകളുടെ ശക്തിദൗർബല്യങ്ങൾ ഇത്തവണ മാറിമറിയും.

ചെന്നൈ സൂപ്പർ കിംഗ്‌സ്ധോണി, ബ്രാവോ, ഫാഫ് ഡുപ്ലെസിസ്, റെയ്‌ന, ജഡേജ എന്നിങ്ങനെ കഴിഞ്ഞ സീസണുകളിൽ ടീമിന്റെ നെടുന്തൂണായിരുന്ന കളിക്കാരെയെല്ലാം തിരിച്ചു പിടിച്ച ചെന്നൈ കടലാസിൽ കരുത്തരാണ്. ഇവരോടൊപ്പം കേദാർ ജാദവ്, മുരളി വിജയ്, അമ്പാട്ടി റായുഡു എന്നിവരും ചേരുന്നതോടെ ശക്തരായ ബാറ്റിങ് ഡിപ്പാർട്ട്മെന്റായി ചെന്നൈ മാറും. ഹർഭജൻ സിംഗ്, ഇമ്രാൻ താഹിർ, ലുങ്കിസാനി എങ്കിടി, ഷെയ്ൻ വാട്സൺ, മാർക്ക് വുഡ് എന്നിവരടങ്ങിയ ബൗളിംഗ് വിഭാഗവും കരുത്തരാണ്. പക്ഷേ, എങ്കിടിയും വുഡും ഐപിഎല്ലുമായി എങ്ങനെ പൊരുത്തപ്പെടുമെന്നത് വലിയ ഒരു ചോദ്യമാണ്. ഇരുവരുടെയും ആദ്യ ഐപിഎൽ ആണിത്. ആവശ്യത്തിലധികം മികച്ച സ്പിന്നർമാരുള്ള ചെന്നൈ അവിടെയും തല പുകയ്ക്കേണ്ടി വരും. കേരളാ പേസർ കെഎം ആസിഫും ചെന്നൈക്ക് വേണ്ടിയാണ് ജേഴ്‌സി അണിയുന്നത്.

ഐപിഎൽ കണ്ട ഏറ്റവും മികച്ച ടീം എന്ന ഖ്യാതി തന്നെയാണ് ചെന്നൈയുടെ കരുത്ത്. ഒപ്പം എംഎസ് ധോണി എന്ന ക്യാപ്റ്റൻ കൂളിന്റെ നായകത്വവും. പങ്കെടുത്ത ഐപിഎല്ലുകളിലെല്ലാം നോക്കൗട്ട് കളിച്ച ചെന്നൈ രണ്ടു തവണ ചാമ്പ്യൻ പട്ടം ചൂടിയിട്ടുണ്ട്. ടീം കൃത്യമായി സിങ്കായാൽ ഇത്തവണത്തെ ഐപിഎല്ലിൽ ഏറ്റവും ഭയപ്പെടേണ്ട ഒരു ടീം തന്നെയാവും ചെന്നൈ.

മുംബൈ ഇന്ത്യൻസ്ഏറ്റവുമധികം ഐപിഎൽ കിരീടങ്ങളുള്ള ടീമാണ് മുംബൈ, മൂന്നെണ്ണം. രോഹിത് , ബുംറ, പൊള്ളാർഡ്, ഹർദിക് പാണ്ട്യ, കൃണാൽ പാണ്ട്യ എന്നിങ്ങനെ കഴിഞ്ഞ വർഷങ്ങളിലെ മുംബൈ എഞ്ചിൻ ടാങ്കുകളെ ഇക്കുറിയും മുംബൈ ടീമിലെത്തിച്ചിട്ടുണ്ട്. എവിൻ ലൂയിസ്, ഇഷാൻ കിഷൻ, ജെപി ഡുമിനി, ആദിത്യ താരെ, സൗരഭ് തിവാരി, സൂര്യകുമാർ യാദവ് എന്നിവരടങ്ങുന്ന ബാറ്റിംഗ് ലൈനപ്പ് സന്തുലിതമാണ്. രോഹിതും എവിൻ ലൂയിസും പൊള്ളാർഡും പാണ്ട്യയും ബുമ്രയും മാച്ച് വിന്നർമാരാണെന്നതാണ് മുംബൈയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഒറ്റക്ക് ടീമിനെ വിജയത്തിലെത്തിക്കാൻ കെൽപ്പുള്ളവരാണ് ഇവരെല്ലാം. ബുംറ, മുസ്തഫിസുർ റഹ്മാൻ, മിച്ചൽ മക്ലാനഗൻ, പാറ്റ് കമ്മിൻസ്, ബെൻ കട്ടിംഗ് എന്നിവരടങ്ങിയ പേസ് ബോളിങ് അറ്റാക്ക് ഈ ഐപിഎല്ലിൽ ഏറ്റവും കരുത്തുറ്റതാണ്. അഖില ധനഞ്ജയ, കൃണാൽ പാണ്ട്യ എന്നീ രണ്ടു പേർ മാത്രമാണ് മത്‌സരപരിചയമുള്ള സ്പിന്നർമാരെന്നത് മുംബൈക്ക് തലവേദനയാകും. കഴിഞ്ഞ രഞ്ജി ട്രോഫിയിൽ കേരളത്തിന് വേണ്ടി കളിച്ച എംഡി നിതീഷിന് അവസരം കിട്ടുമോ എന്ന് കണ്ടറിയണം.

സന്തുലിതമായ ബാറ്റിങ് ലൈനപ്പും കരുത്തുറ്റ ബോളിങ് യൂണിറ്റും ഒരുപിടി മാച്ച് വിന്നർമാരടങ്ങുന്ന കളിക്കാരുമെല്ലാം ചേർന്ന മുംബൈ ഇന്ത്യൻസ് ഇക്കൊല്ലത്തെ ഏറ്റവും സന്തുലിതമായ ടീമാണ്. അതിനോടൊപ്പം മികച്ച ക്യാപ്റ്റനെന്ന് തെളിയിച്ചു കഴിഞ്ഞ രോഹിതിന്റെ നേതൃത്വവും കൂടിയാകുമ്പോൾ തുടർച്ചയായ രണ്ടാം വർഷവും കപ്പ് രോഹിത് ഉയർത്തുമെന്ന് കരുതാം.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്കൊൽക്കത്തയ്ക്ക് രണ്ടു കിരീടങ്ങൾ നേടിക്കൊടുത്ത ഗൗതം ഗംഭീറിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും ടീമിൽ നിന്നും പുറത്താക്കി വൻ അഴിച്ചു പണികളോടെയാണ് കെകെആർ ഇത്തവണ എത്തുന്നത്. ദിനേശ് കാർത്തിക് ഇത്തവണ ടീമിനെ നയിക്കും. ക്രിസ് ലിൻ, കാമറൂൺ ഡെൽപോർട്ട്, നിതീഷ് റാണ, റോബിൻ ഉത്തപ്പ, ഷുബ്‌മാന് ഗിൽ എന്നിവരാണ് കൊൽക്കത്തയുടെ ബാറ്റിങ് യൂണിറ്റിലെ പ്രധാനികൾ. കാർത്തിക്, ഉത്തപ്പ, ക്രിസ് എന്നിവരൊഴികെ അന്താരാഷ്ട്ര മത്സര പരിചയമുള്ള ഒരു ബാറ്റ്സ്മാൻ ഇല്ലെന്നത് കൊൽക്കത്തയ്ക്ക് തിരിച്ചടിയാകും. നിതീഷും ഗില്ലും എത്രത്തോളം വിജയിക്കുമെന്നും കണ്ടറിയേണ്ടിയിരിക്കുന്നു. പിഞ്ച് ഹിറ്ററായി ആന്ദ്രേ റസൽ ശോഭിച്ചേക്കും. ക്രിസിനൊപ്പം നരേൻ തന്നെയാവും ഇത്തവണയും ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യുക. കഴിഞ്ഞ സീസണിൽ ഗംഭീർ പരീക്ഷിച്ച് വിജയിപ്പിച്ച ഈ കോംബോ ഇത്തവണയും ക്ലിക്കായാൽ കെകെആറിനു തലവേദന കുറയും. പിന്നാലെ ഉത്തപ്പ, കാർത്തിക്, നിതീഷ്, ഡെൽപോർട്ട് എന്നിവരിലൂടെ റസലിലേക്കെത്താം. പക്ഷേ, വിജയം കണ്ടറിയേണ്ടതാണ്. ടോപ്പ് ഓർഡർ പരാജയപ്പെട്ടാൽ കൊൽക്കത്ത തകരാനാണ് സാധ്യത. മിച്ചൽ ജോൺസനൊപ്പം ന്യൂ ബോൾ പങ്കിടാൻ ഒരു സ്പെഷ്യലിസ്റ്റ് ബോളർ ഇല്ലാത്തത് തിരിച്ചടിയാണ്. വിനയ് കുമാറിനെ എത്രത്തോളം വിശ്വസിക്കാമെന്നത് ഉറപ്പില്ല. നഗരക്കൊടി വിജയമാകുമോ എന്നതും കണ്ടറിയണം. നരേനും കുൽദീപുമടങ്ങിയ സ്പിൻ ഡിപ്പാർട്ട്മെന്റ് ഭദ്രമാണ്.

ഷാക്കിബിന്റെയും പാണ്ഡേയുടെയും അഭാവം കൊൽക്കത്തയെ ബാധിക്കുമെന്നുറപ്പ്. സാധ്യതകൾക്ക് മേൽ പ്രതീക്ഷ വെക്കാൻ മാത്രമേ കൊൽക്കത്തയ്ക്ക് കഴിയൂ. ടോപ്പ് ഓർഡർ തുടർച്ചയായി വിജയിച്ചാൽ, പേസർമാർ അവസരത്തിനൊത്തുയർന്നാൽ മാത്രം കൊൽക്കത്തയ്ക്ക് പ്രതീക്ഷ വെക്കാം.

രാജസ്ഥാൻ റോയൽസ്കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി രാജസ്ഥാൻ റോയൽസ് ഇത്തവണ ലേലത്തിൽ പണമെറിഞ്ഞു. ഡാർസി ഷോർട്ട്, ജോഫ്രാ ആർച്ചർ, ബെൻ സ്റ്റോക്സ്, ജോസ് ബട്ട്ലർ, സഞ്ജു സാംസൺ തുടങ്ങി ഒരു പിടി വിലയേറിയ കളിക്കാരെയാണ് രാജസ്ഥാൻ ടീമിലെത്തിച്ചത്. റോയൽസിന്റെ ബാറ്റിംഗ് ഡിപ്പാർട്ട്മെന്റ് ശക്തമാണ്. രഹാനെ, ഷോർട്ട്, ബട്ട്ലർ, സഞ്ജു, ക്ലാസൻ, സ്റ്റോക്സ്, ബിന്നി എന്നിവരടങ്ങുന്ന ബാറ്റിംഗ് നിര ഒരേ സമയം വിസ്ഫോടനാത്മകവും വിശ്വസനീയവുമാണ്. ഒപ്പം ത്രിപാഠിയും ചേരുന്നതോടെ ആരെ കൊള്ളണം ആരെ തള്ളണമെന്ന കൺഫ്യൂഷനിലാവും കോച്ച്. ബൗളിങ് ഡിപ്പാർട്ട്മെന്റും കടലാസിൽ കരുത്തരാണ്. ബിബിഎല്ലിൽ വിസ്മയം തീർത്ത ജോഫ്രാ ആർച്ചറിനൊപ്പം ധവാൽ കുൽക്കർണി, സഹീർ ഖാൻ, ഉനദ്കട്ട് എന്നിവരടങ്ങുന്ന പേസ് ഡിപ്പാർട്ട്മെന്റിൽ രാജസ്‌ഥാന്‌ വിശ്വാസമർപ്പിക്കാം. ഇവർക്കൊപ്പം ബിന്നിയും സ്റ്റോക്‌സും ചേരുന്നതോടെ ബൗളിംഗ് വൈവിധ്യവും ഉണ്ടാവുന്നു. ദുഷ്മന്ത ചമീര, ശ്രേയാസ് ഗോപാൽ, കേരളാ താരം എസ് മിഥുൻ എന്നിവരടങ്ങിയ സ്പിൻ ഡിപ്പാർട്ട്മെന്റ് ദുർബലമാണെന്ന് പറയാതെ വയ്യ. രാജസ്ഥാന്റെ ഏറ്റവും വലിയ തലവേദനയും അതാവും.

ഏറ്റവും വിശ്വസിക്കാവുന്നൊരു ഫൈനൽ ഇലവനെ ഗ്രൗണ്ടിലിറക്കാൻ സാധിച്ചാൽ രാജസ്ഥാന് സാധ്യതയേറും. സ്റ്റോക്സിനെ അവർ എങ്ങനെ ഉപയോഗിക്കും എന്ന് കൂടി കണ്ടറിയണം.

സൺ റൈസേഴ്സ് ഹൈദരാബാദ്പന്ത് ചുരണ്ടൽ വിവാദത്തിൽ പെട്ട് ഒരു വർഷത്തെ വിലക്ക് ലഭിച്ച വാർണർ ഇല്ലാതെയാണ് സൺ റൈസേഴ്സ് ഇത്തവണ മത്സരിക്കാനെത്തുന്നത്. വാർണറുടെ അഭാവം സൺ റൈസേഴ്സിനെ വലിയ തോതിൽ ബാധിക്കുമെന്നതിൽ സംശയമില്ല. മുൻനിരയിൽ വാർണർ തുടങ്ങി വെക്കുന്ന വിസ്ഫോടനാത്മകമായ ഇന്നിംഗ്‌സ് പലപ്പോഴും ഹൈദരാബാദിനെ വിജയത്തിലെത്തിച്ചിട്ടുണ്ട്. ധവാൻ, ഹെയ്ൽസ്, വില്യംസൺ, മനീഷ് പാണ്ഡെ, യൂസുഫ് പത്താൻ, ദീപക് ഹൂഡ, മുഹമ്മദ് നബി, ഷാക്കിബ് തുടങ്ങിയവർ ഉൾപ്പെടുന്ന ബാറ്റിംഗ് നിര മോശമാണെന്ന് പറയാൻ കഴിയില്ല. കളി വിജയിപ്പിക്കാൻ വേണ്ട ഡെപ്ത് ഉണ്ട് താനും. ഭുവനേശ്വർ, റാഷിദ്, ഷാക്കിബ്, ബേസിൽ, സന്ദീപ് എന്നിവരോടൊപ്പം ബ്രാത്ത്വെയ്റ്റും മെഹ്ദി ഹസനും കൂടി ചേരുന്ന സ്പിൻ, പേസ് വിഭാഗങ്ങൾ കരുത്തരാണ്. ബെഞ്ച് സ്ട്രെങ്ത് കുറവാണെന്നത് സൺ റൈസേഴ്സിന്റെ ഒരു പോരായ്മയാണ്. പരീക്ഷങ്ങൾ നടത്താനുള്ള ഇടം കിട്ടില്ലെന്ന് ചുരുക്കം.

പക്ഷേ, തന്ത്രങ്ങൾക്ക് പഞ്ഞമില്ലാത്തൊരു ക്യാപ്റ്റനും വാർണറുടെ അഭാവം നിഴലിക്കുമെങ്കിലും അത് ബാധിക്കാത്ത നിലയിൽ മികച്ച പ്രകടനങ്ങൾ നടത്താൻ സാധിക്കുന്ന ഒരു ബാറ്റിങ് നിരയും സൺ റൈസേഴ്‌സിന് വീണ്ടും കപ്പ് നേടിക്കൊടുക്കുമെന്ന് കരുതാവുന്നതാണ്.

കിങ്സ് ഇലവൻ പഞ്ചാബ്താരലേലത്തിൽ ഏറ്റവുമധികം പണം മുടക്കിയത് പഞ്ചാബായിരുന്നു. അതിന്റെ ഫലം ടീം ലിസ്റ്റിൽ കാണാനുമുണ്ട്. ടി 20 ചരിത്രത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാൻ ക്രിസ് ഗെയ്ലിനെ റാഞ്ചിയ പഞ്ചാബ് ഫിഞ്ച്, മില്ലർ, ലോകേഷ്, കരുൺ, മനോജ് തിവാരി, യുവരാജ് എന്നിങ്ങനെ കടലാസിലും കളിക്കളത്തിലും വിസ്ഫോടനങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ഒരു കൂട്ടം ബാറ്റ്സ്മാൻമാരെയും ടീമിലെത്തിച്ചു. ഇവർ തന്നെയാണ് പഞ്ചാബിനെ കരുത്ത്. തിന്നിട്ടു വരൻ പറഞ്ഞാൽ കൊന്നിട്ട് വരുന്ന ഒന്നിലധികം പേർ. ആൻഡ്രൂ തയ് നേതൃത്വം നൽകുന്ന ബൗളിംഗ് നിരയും മികച്ചത് തന്നെയാണ്. മോഹിത്, ബരീന്ദർ സ്രാൻ, അക്സർ പട്ടേൽ, അങ്കിത് രാജ്പുത് എന്നിവരെക്കൂടാതെ മാർക്കസ് സ്റ്റോയ്നിസും ക്യാപ്റ്റൻ അശ്വിനുമടങ്ങുന്ന ബോളിങ് നിര സന്തുലിതമാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും പോലും തിവാരിയും ലോകേഷ് രാഹുലുമല്ലാതെ സ്ഥിരതയുള്ള ഒരു ബാറ്റ്സ്മാൻ പോലും പഞ്ചാബ് നിരയിലില്ല. ഏതെങ്കിലും ഒന്നോ രണ്ടോ കളി തിളങ്ങുന്ന രീതിയാണ് അവരെല്ലാം കാഴ്ച വെച്ചിട്ടുള്ളത്. ഇതോടൊപ്പം അശ്വിന്റെ ക്യാപ്റ്റൻസി എത്രത്തോളം ഫലപ്രദമാവുമെന്നും കണ്ടറിയണം.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർവർത്തമാന കാല ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടു താരങ്ങൾ ഒരുമിച്ച് കളിക്കുന്ന ടീമാണ് ആർസിബി. എന്നിട്ടും ഇത് വരെയും കപ്പിൽ മുത്തമിടാൻ ആർസിബിക്ക് കഴിഞ്ഞിട്ടില്ല. പ്രതിഭാധാരാളിത്തം കൊണ്ട് അനുഗ്രഹിക്കപ്പെട്ട ആർസിബിക്ക് നിർഭാഗ്യമാണ് പലപ്പോഴും തിരിച്ചടിയാകുന്നത്. ഇത്തവണയും ടീം ലിസ്റ്റ് സമ്പന്നമാണ്. കോഹ്ലി, ഡിവില്ലിയേഴ്സ്, ഡി കോക്ക്, കോറി ആൻഡേഴ്സൺ, ബ്രണ്ടൻ മക്കല്ലം, മൻദീപ് സിങ്, മനൻ വോഹ്ര, പാർഥിവ് എന്നിങ്ങനെ സന്തുലിതവും വിസ്ഫോടനാത്മകവുമായ ബാറ്റിങ് നിര ഇക്കുറിയും ബാംഗ്ലൂരിനുണ്ട്. ക്രിസ് വോക്സ്, ഉമേഷ് യാദവ്, ടിം സൗത്തി, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹാൽ എന്നിവരടങ്ങുന്ന ബൗളിംഗ് ഡിപ്പാർട്മെന്റും ശക്തരാണ്. പ്രത്യക്ഷത്തിൽ ഒരു പെർഫെക്ട് ടീം. പോരാത്തതിന് സമീപകാലത്തെ മികച്ച പ്രകടങ്ങൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ട വാഷിംഗ്ടൺ സുന്ദറും.

കഴിഞ്ഞ വർഷങ്ങളിൽ ആർസിബിയെ പിടികൂടിയിരുന്ന നിർഭാഗ്യമെന്ന ഭൂതം ഒഴിഞ്ഞു പോയാൽ മാത്രമേ കപ്പ് അവരുടെ ഷെൽഫിലിരിക്കൂ. ഈ വര്ഷം മാത്രമല്ല, കഴിഞ്ഞ കുറെ വർഷങ്ങളായി ചാമ്പ്യൻ പട്ടത്തിന് ആർസിബി അർഹരാണ്. ഇത്തവണയെങ്കിലും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

ഡൽഹി ഡെയർഡെവിൾസ്ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും രക്ഷപെടാൻ സാധിക്കാത്ത ഒരു ടീമാണ് ഡൽഹി. കഴിഞ്ഞ അഞ്ചു വർഷങ്ങളിലും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ യാത്ര അവസാനിപ്പിക്കാനായിരുന്നു അവരുടെ വിധി. ഇത് വരെ ഒരൊറ്റ ഫൈനൽ പോലും ഡൽഹി കളിച്ചിട്ടില്ല. ഇത്തവണ ഡൽഹിയുടെ പഴയകാല ക്യാപ്റ്റൻ ഗൗതം ഗംഭീറിനെ തിരികെ വിളിച്ച് ആ പതിവ് മാറ്റാൻ കഴിയുമോ എന്ന ശ്രമത്തിലാണ്. ഐപിഎല്ലിലെ ആദ്യ നേപ്പാൾ കളിക്കാരനെ ലേലം വിളിച്ചെടുത്ത ഡൽഹി കോളിൻ മൺറോ, ഗ്ലെൻ മാക്സ്വെൽ, ക്രിസ് മോറിസ്, നമൻ ഓജ, ഋഷഭ് പന്ത്, ജേസൺ റോയ്, ശ്രേയസ് അയ്യർ തുടങ്ങി ശ്രദ്ധേയരായ ഒരുപിടി കളിക്കാരെ ടീമിലെത്തിച്ചു. ബാറ്റിങ് നിര സന്തുലിതമാണ്. അന്താരാഷ്ട്ര താരങ്ങളെക്കൂടാതെ പൃഥ്വി ഷായും മഞ്ജോത് കൽറയുമടങ്ങുന്ന അൺകാപ്പ്ട് പ്ലയേഴ്സും മികച്ച താരങ്ങളാണ്. ട്രെന്റ് ബോൾട്ട്, മുഹമ്മദ് ഷമി, അമിത് മിശ്ര, അവേഷ് ഖാൻ എന്നിവരടങ്ങിയ ബൗളിംഗ് യൂണിറ്റ് ശരാശരിക്ക് മുകളിൽ മാത്രമാണെന്ന് പറയേണ്ടി വരും.

മികച്ച ബൗളിങ്ങ് ബാക്കപ്പ് ഇല്ലാത്തത് ഡൽഹിക്ക് തിരിച്ചടിയാകും. പക്ഷേ, മികച്ച ക്യാപ്റ്റനെന്നു പേരെടുത്ത് കഴിഞ്ഞ ഗംഭീറിന്റെ തന്ത്രങ്ങൾ വിജയിച്ചാൽ ഡൽഹി ആദ്യ കപ്പുയർത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ടൂർണമെന്റിലെ ഏറ്റവും ദുർബല ടീമുമായി വന്ന രാജസ്ഥാൻ ചാമ്പ്യന്മാരായ ചരിത്രമുണ്ട് ഐപിഎല്ലിന്. അത് കൊണ്ട് ആരെയും തള്ളിക്കളയാൻ പാടില്ലെന്ന് സാരം.

Read More >>