ഐപിഎൽ ലേലം കാളച്ചന്തയ്ക്ക് സമാനമെന്ന് ന്യൂസീലൻഡ് ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്റർ

"കളിക്കാരെ അപമാനിക്കുന്ന ഒരു പരിപാടിയാണിത്. കാളച്ചന്തയിൽ നിരത്തി നിർത്തിയിരിക്കുന്ന കാളകളെപ്പോലെയാണ് ലേലത്തിൽ കളിക്കാരെ കാണുന്നത്."- ക്രിക്ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ മിൽസ് പറഞ്ഞു.

ഐപിഎൽ ലേലം കാളച്ചന്തയ്ക്ക് സമാനമെന്ന് ന്യൂസീലൻഡ് ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്റർ

ഐപിഎൽ ലേലത്തിനെതിരെ രൂക്ഷ വിമർശനവുമായി ന്യൂസിലാൻഡ് ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്റർ ഹീത്ത് മിൽസ്. പഴയകാലത്തെ കാളച്ചന്തകളെ ഓർമിപിപ്പിക്കുന്ന തരത്തിലാണ് ഐപിഎൽ ലേലമെന്നും ഐപിഎൽ എന്ന സംവിധാനം മുഴുവൻ മാന്യതയില്ലാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുൻ വെല്ലിംഗ്ടൺ ക്രിക്കറ്റ് എക്സിക്യൂട്ടിവ് പീറ്റർ ക്ലിന്റണും ഐപിഎൽ ലേലത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. 'മാന്യതയില്ലാത്തതും ക്രൂരവും എതിർക്കപ്പെടേണ്ടതുമായ ഒരു സംവിധാനമാണ് ഐപിഎൽ ലേലം ഇപ്പോഴും അത്തരമൊന്ന് നിലനിൽക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇത്തരം കാര്യങ്ങളൊക്കെ മദ്ധ്യകാലത്ത് നിലനിന്നിരുന്നതാണ്.'- ക്ലിന്റൺ ട്വിറ്ററിൽ കുറിച്ചു.

"കളിക്കാരെ അപമാനിക്കുന്ന ഒരു പരിപാടിയാണിത്. കാളച്ചന്തയിൽ നിരത്തി നിർത്തിയിരിക്കുന്ന കാളകളെപ്പോലെയാണ് ലേലത്തിൽ കളിക്കാരെ കാണുന്നത്."- ക്രിക്ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ മിൽസ് പറഞ്ഞു.

"താൻ ഏതു ടീമിലേക്കാണ് പോകുന്നതെന്നോ തന്റെ സഹകളിക്കാരും മാനേജ്‌മെന്റും ആരാണെന്നോ ഒരു കളിക്കാരന് യാതൊരു ഊഹവും ഉണ്ടായിരിക്കില്ല. ലോകത്തെ മറ്റൊരു കായിക വിനോദത്തിലും ഇത്തരമൊരു അവസ്ഥ ഉണ്ടാവില്ല. ഇത് എതിർക്കപ്പെടേണ്ടതാണ്"- അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഐപിൽ ടൂർണമെന്റ് വളരെ മികച്ചതാണെന്നും ലോകത്ത് ക്രിക്കറ്റിന് വർധിച്ചു വരുന്ന ജനസമ്മിതിയിൽ ഐപിഎല്ലിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പക്ഷെ, ലേലം വളരെ മോശം കാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.

Read More >>