8.4 കോടി രൂപയ്ക്ക് ജയദേവ് ഉനദ്കട്ട് വീണ്ടും രാജസ്ഥാനിൽ; ഹെട്മെയർ റോയൽ ചലഞ്ചേഴ്സിൽ

ഇക്കൊല്ലവും വാശിയോടെ ഉനദ്കട്ടിനായി ലേലം വിളിച്ച മാനേജ്മെൻ്റ് ഇക്കൊല്ലത്തെ ഇതു വരെയുള്ള ഏറ്റവും ഉയർന്ന തുകയ്ക്ക് വീണ്ടും താരത്തെ സ്വന്തമാക്കുകയായിരുന്നു.

8.4 കോടി രൂപയ്ക്ക് ജയദേവ് ഉനദ്കട്ട് വീണ്ടും രാജസ്ഥാനിൽ; ഹെട്മെയർ റോയൽ ചലഞ്ചേഴ്സിൽ

കഴിഞ്ഞ വർഷത്തെ ഐപിഎൽ ലേലത്തിൽ 11.5 കോടി രൂപയുടെ റെക്കോർഡ് തുകയ്ക്ക് രാജസ്ഥാൻ റോയൽസ് ജേഴ്സിയണിഞ്ഞ ജയദേവ് ഉനദ്കട്ട് വീണ്ടും റോയൽസ് ക്യാമ്പിൽ. ഇത്തവണ 8.4 കോടി രൂപയ്ക്കാണ് ഇടങ്കയ്യൻ പേസറെ രാജസ്ഥാൻ ലേലത്തിൽ സ്വന്തമാക്കിയത്.

കഴിഞ്ഞ ലേലത്തിൽ ഏറ്റവും ഉയർന്ന തുക ലഭിച്ച ഉനദ്കട്ട് പണത്തിനൊത്ത പ്രകടനം കാഴ്ചവെച്ചിരുന്നില്ല. അതിനെ തുടർന്നാണ് രാജസ്ഥാൻ താരത്തെ റിലീസ് ചെയ്തു. പിന്നീട് ഇക്കൊല്ലവും വാശിയോടെ ഉനദ്കട്ടിനായി ലേലം വിളിച്ച മാനേജ്മെൻ്റ് ഇക്കൊല്ലത്തെ ഇതു വരെയുള്ള ഏറ്റവും ഉയർന്ന തുകയ്ക്ക് വീണ്ടും താരത്തെ സ്വന്തമാക്കുകയായിരുന്നു.

വെസ്റ്റ് ഇൻഡീസിൻ്റെ യുവതാരം ഷിംറോൺ ഹെട്മെയർ 4.2 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാമ്പിലെത്തി. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി വിസ്ഫോടനാത്മക ബാറ്റിംഗ് കൊണ്ട് ശ്രദ്ധേയനായ ഹെട്മെയർ ഇക്കൊല്ലം റോയൽ ചലഞ്ചേഴ്സ് റിലീസ് ചെയ്ത ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിൻ്റൺ ഡികോക്കിനു പകരക്കാരനായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്ന് കരുതപ്പെടുന്നു. വിരാട് കോഹ്ലി, എബി ഡിവില്ല്യേഴ്സ് തുടങ്ങിയ താരങ്ങൾക്കൊപ്പം വെസ്റ്റ് ഇൻഡീസ് യുവതാരം കൂടി ചേരുന്നതോടെ റോയൽ ചലഞ്ചേഴ്സിൻ്റെ ബാറ്റിംഗ് ഡിപ്പാട്ട്മെൻ്റ് കൂടുതൽ കരുത്താർജ്ജിക്കും.

മറ്റൊരു വെസ്റ്റ് ഇൻഡീസ് താരം കാർലോസ് ബ്രാത്വെയ്റ്റും ഇന്ത്യൻ ബോളിംഗ് ഓൾറൗണ്ടർ അക്സർ പട്ടേലും 5 കോടി വീതം രൂപയ്ക്ക് യഥാക്രമം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലും ഡൽഹി ഡെയർ ക്യാപിറ്റൽസിലും ജേഴ്സി അണിയും. മുൻ താരം ലസിത് മലിംഗയെ 2 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് വീണ്ടും പാളയത്തിൽ എത്തിച്ചിട്ടുണ്ട്.

മോഹിത് ശർമ്മ- ചെന്നൈ സൂപ്പർ കിംഗ്സ് (5 കോടി), മുഹമ്മദ് ഷമി- കിംഗ്സ് ഇലവൻ പഞ്ചാബ് (4.8 കോടി), നിക്കോളാസ് പൂറൻ- കിംഗ്സ് ഇലവൻ പഞ്ചാബ് (4.2 കോടി), ജോണി ബാരിസ്റ്റോ- സൺ റൈസേഴ്സ് ഹൈദരാബാദ് (2 കോടി), ഹനുമ വിഹാരി- ഡൽഹി ക്യാപിറ്റൽസ് (2 കോടി), വരുൺ ആരോൺ- രാജസ്ഥാൻ റോയൽസ് (2 കോടി) തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റ് കൂടു മാറ്റങ്ങൾ.