ധോണിസം അവസാനിക്കുന്നില്ല; ഓസ്ട്രേലിയയിൽ ചരിത്രമെഴുതി ഇന്ത്യ

രണ്ടാം ഏകദിനത്തിൽ നിർത്തിയ ഇടത്തു നിന്നും തുടങ്ങിയ ധോണി 114 പന്തുകളിൽ ആറ് ബൗണ്ടറികൾ ഉൾപ്പെടെ 87 റൺസെടുത്തു.

ധോണിസം അവസാനിക്കുന്നില്ല; ഓസ്ട്രേലിയയിൽ ചരിത്രമെഴുതി ഇന്ത്യ

മഹേന്ദ്ര സിങ് ധോണിയുടെ തുടർച്ചയായ രണ്ടാം അർത്ഥശതകത്തിൻ്റെ കരുത്തിൽ ഇന്ത്യക്ക് വിജയം. മെൽബണിൽ നടന്ന അവസാന ഏകദിനത്തിൽ വിജയിച്ച ഇന്ത്യ ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 2-1ന് വിജയിച്ചു. ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ആദ്യത്തെ ഏകദിന പരമ്പര വിജയമാണിത്. ധോണിയോടൊപ്പം അർദ്ധ സെഞ്ചുറി തികച്ച റായുഡുവും ഇന്ത്യൻ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ചു. സ്കോർ: ഓസ്ട്രേലിയ-230 (48.4) ഇന്ത്യ- 234/3 (49.2).

231 എന്ന താരതമ്യേന കുറഞ്ഞ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ ടൈറ്റ് ഓവറുകൾ കൊണ്ടാണ് ഓസ്ട്രേലിയ വരവേറ്റത്. ജേ റിച്ചാർഡ്സണും ബില്ലി സ്റ്റാൻലെക്കെയും ചേർന്ന ബൗളിംഗ് ജോഡി ഇന്ത്യൻ ഓപ്പണർമാരെ ശരിക്കും വെള്ളം കുടിപ്പിച്ചു. തുടർച്ചയായ ഡോട്ട് ബോളുകൾ ചെലുത്തിയ സമ്മർദ്ദം അതിജീവിക്കാൻ കൂറ്റനടിക്ക് ശ്രമിച്ച രോഹിത് ശർമ്മ 17 പന്തുകളിൽ 9 റൺസെടുത്ത് പുറത്തായി. പീറ്റർ സിഡിലിൻ്റെ പന്തിൽ ഷോൺ മാർഷ് രോഹിതിനെ സ്ലിപ്പിൽ പിടികൂടുകയായിരുന്നു. ഏറെ വൈകാതെ 46 പന്തുകളിൽ 23 റൺസെടുത്ത ധവാനും പവലിയനിലേക്ക് മടങ്ങി. ധവാനെ സ്വന്തം ബോളിൽ സ്റ്റോയിണിസ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

ഓപ്പണർമാർ പെട്ടെന്ന് പുറത്തായതിനെത്തുടർന്ന് ക്രീസിലൊത്തു ചേർന്ന കോഹ്ലി-ധോണി സഖ്യം 54 റൺസ് കൂട്ടുകെട്ടിൽ നിൽക്കെ കോഹ്ലി പുറത്തായി. 62 പന്തുകളിൽ മൂന്ന് ബൗണ്ടറികൾ ഉൾപ്പെടെ 46 റൺസ് നേടിയ ശേഷമാണ് കോഹ്ലി പുറത്തായത്. തുടർന്ന് ധോണിക്ക് കൂട്ടായി കേദാർ ജാദവ് എത്തുകയായിരുന്നു. രണ്ടാം ഏകദിനത്തിൽ നിർത്തിയ ഇടത്തു നിന്നും തുടങ്ങിയ ധോണി 114 പന്തുകളിൽ ആറ് ബൗണ്ടറികൾ ഉൾപ്പെടെ 87 റൺസെടുത്തു. 57 പന്തുകളിൽ 61 റൺസെടുത്ത ജാദവ് ധോണിക്ക് മികച്ച പങ്കാളിയായി. ഏഴു ബൗണ്ടറികൾ ഉൾപ്പെടെയായിരുന്നു റായുഡുവിൻ്റെ വിലപ്പെട്ട ഇന്നിംഗ്സ്. ഇരുവരും പുറത്താവാതെ നിന്നു.

നേരത്തെ 6 വിക്കറ്റെടുത്ത ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹാലാണ് ഓസ്ട്രേലിയയെ കുറഞ്ഞ സ്കോറിൽ ചുരുട്ടിക്കെട്ടിയത്. ഓസീസ് മധ്യനിരയെ തകർത്തെറിഞ്ഞ ചഹാൽ ഓസ്ട്രേലിയൻ മണ്ണിൽ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഉസ്മാൻ ഖവാജ, ഷോൺ മാർഷ്, പീറ്റർ ഹാൻഡ്സ്കോമ്പ്, മാർക്കസ് സ്റ്റോയിനിസ്, ജേ റിച്ചാർഡ്സ്, ആദം സാമ്പ എന്നിവരുടെ വിക്കറ്റുകളാണ് ചഹാൽ വീഴ്ത്തിയത്. ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 58 റൺസെടുത്ത ഹാൻഡ്സ്കോമ്പാണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. ചഹാലാണ് കളിയിലെ താരം.