വീണ്ടും സ്മൃതി ഷോ; ഉജ്ജ്വല വിജയത്തോടെ ഇന്ത്യക്ക് പരമ്പര

13 ബൗണ്ടറികളും ഒരു സിക്സും അടങ്ങുന്നതാണ് സ്മൃതിയുടെ ഇന്നിംഗ്സ്.

വീണ്ടും സ്മൃതി ഷോ; ഉജ്ജ്വല വിജയത്തോടെ ഇന്ത്യക്ക് പരമ്പര

ഉജ്ജ്വല ഫോം തുടരുന്ന ഓപ്പണർ സ്മൃതി മന്ദാനയുടെ അപരാജിത അർദ്ധ സെഞ്ചുറിക്കരുത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ 2-0 എന്ന അഭേദ്യമായ ലീഡ് ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. സ്കോർ, ന്യൂസിലൻഡ്- 161/10 (44.2) ഇന്ത്യ- 166/2 (35.2).

83 പന്തുകളിൽ 90 റൺസെടുത്ത് പുറത്താവാതെ നിന്ന മന്ദാനയാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. 63 റൺസോടെ പുറത്താവാതെ നിന്ന ഇതിഹാസ താരം മിഥാലി രാജ് മന്ദാനയ്ക്ക് മികച്ച പിന്തുണ നൽകി. ആദ്യ ഏകദിനത്തിൽ നേടിയ ഉജ്ജ്വല സെഞ്ചുറിയുടെ ബാക്കിയായി ഇന്നിംഗ്സ് ആരംഭിച്ച സ്മൃതി ന്യൂസിലൻഡ് ബൗളർമാർക്ക് ഒരവസരവും നൽകിയില്ല. 13 ബൗണ്ടറികളും ഒരു സിക്സും അടങ്ങുന്നതാണ് സ്മൃതിയുടെ ഇന്നിംഗ്സ്. നാല് ബൗണ്ടറികളും രണ്ട് സിക്സറുകളും അകമ്പടി സേവിച്ച മിതാലിയുടെ ഇന്നിംഗ്സ് 111 പന്തുകളിൽ നിന്നായിരുന്നു. അഞ്ചാം ഓവറിൽ ഒത്തു ചേർന്ന ഇരുവരും 151 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടുയർത്തിയാണ് ഇന്ത്യയെ അനായാസം വിജയത്തിലേക്ക് നയിച്ചത്.

നേരത്തെ മൂന്ന് വിക്കറ്റെടുത്ത വെറ്ററൻ ചാമ്പ്യൻ ബൗളർ ജുലൻ ഗോസ്വാമിയുടെ നേതൃത്വത്തിലാണ് ഇന്ത്യ ന്യൂസിലൻഡിനെ ചുരുട്ടിക്കെട്ടിയത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഏക്താ ബിഷ്ത്, ദീപ്തി ശർമ്മ, പൂനം യാദവ് എന്നിവർ ഗോസ്വാമിക്ക് മികച്ച പിന്തുണ നൽകി. 81 റൺസെടുത്ത ക്യാപ്റ്റൻ ആമി സാറ്റർത്ത്വെയ്റ്റാണ് ന്യൂസിലൻഡീൻ്റെ ടോപ്പ് സ്കോറർ.

ഉജ്ജ്വല പ്രകടനം നടത്തി ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ച സ്മൃതി തന്നെയാണ് കളിയിലെ താരം. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് വുമൺ ഓഫ് ദ മാച്ച് പുരസ്കാരം സ്മൃതിയെ തേടിയെത്തുന്നത്.

Read More >>