കോഹ്ലിക്ക് സെഞ്ചുറി; അർദ്ധശതകവുമായി ധോണി: അവസാന ഓവറിൽ ഇന്ത്യക്ക് ജയം

കഴിഞ്ഞ കുറേ ഇന്നിംഗ്സുകളിലായി മെല്ലെപ്പോകിൻ്റെ പേരിൽ വിമർശനം നേരിട്ടു കൊണ്ടിരുന്ന എം എസ് ധോണിയുടെ മികച്ച ഇന്നിംഗ്സായിരുന്നു അഡലയ്ഡിൽ കണ്ടത്.

കോഹ്ലിക്ക് സെഞ്ചുറി; അർദ്ധശതകവുമായി ധോണി: അവസാന ഓവറിൽ ഇന്ത്യക്ക് ജയം

വിമർശകരുടെ വായടപ്പിച്ച ഇന്നിംഗ്സുമായി എംഎസ് ധോണി തിരിച്ചു വന്ന മത്സരത്തിൽ ഇന്ത്യക്ക് അവസാന ഓവറിൽ ജയം. 39ആം ഏകദിന സെഞ്ചുറിയുമായി കളം നിറഞ്ഞ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കൊപ്പം ബെസ്റ്റ് ഫിനിഷറുടെ റോൾ എടുത്തണിഞ്ഞ ധോണിയുടെ അർദ്ധശതകത്തിൻ്റെ മികവിലാണ് ഇന്ത്യ ജയിച്ചത്. കഴിഞ്ഞ കുറേ ഇന്നിംഗ്സുകളിലായി മെല്ലെപ്പോകിൻ്റെ പേരിൽ വിമർശനം നേരിട്ടു കൊണ്ടിരുന്ന എം എസ് ധോണിയുടെ മികച്ച ഇന്നിംഗ്സായിരുന്നു അഡലയ്ഡിൽ കണ്ടത്. സ്കോർ: ഓസ്ട്രേലിയ 298/9 (50), ഇന്ത്യ 299/4 (49.2).

ബാറ്റെടുത്തവരെല്ലാം തിളങ്ങിയതാണ് ഇന്ത്യൻ ഇന്നിംഗ്സിൽ നിർണ്ണായകമായത്. രോഹിത് ശർമ്മ (43), ശിഖർ ധവാൻ (32), അംബാട്ടി റായുഡു (24), ദിനേഷ് കാർത്തിക് (25 നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്സ്മാന്മാരുടെ സ്കോറുകൾ. ആദ്യ വിക്കറ്റിൽ 47 റൺസിൻ്റെ പാർട്ട്ണർഷിപ്പ് പടുത്തുയർത്തി മികച്ച തുടക്കമാണ് ഓപ്പണർമാർ ഇന്ത്യക്ക് നൽകിയത്. മികച്ച രീതിയിൽ ബാറ്റ് ചെയ്തു കൊണ്ടിരുന്ന ശിഖർ ധവാൻ 28 പന്തുകളിൽ 32 റൺസെടുത്ത് പുറത്തായതിനു ശേഷം കോഹ്ലിയുമായിച്ചേർന്ന് രോഹിത് ശർമ്മ ഇന്ത്യൻ സ്കോർബോർഡ് ചലിപ്പിച്ചു കൊണ്ടിരുന്നു. 43 റൺസെടുത്ത രോഹിത് പുറത്തായതിനു ശേഷം ക്രീസിലെത്തിയ അംബാട്ടി റായുഡു 24 റൺസെടുത്ത് പുറത്തായി. കൂട്ടായി ധൊണി എത്തിയതോടെ ആക്രമണം തുടങ്ങിയ കോഹ്ലി സെഞ്ചുറിക്ക് പിന്നാലെ കൂറ്റനടിക്കു ശ്രമിച്ച് പുറത്തായി. 112 പന്തുകളിൽ 5 ബൗണ്ടറിയും രണ്ട് സിക്സറുകളുമടക്കം 104 റൺസ് എടുത്ത ശേഷമാണ് കോഹ്ലി പുറത്തായത്. തുടർന്നാണ് കോഹ്ലി-ധോണി സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 54 പന്തുകളിൽ രണ്ട് സിസറുകൾ ഉൾപ്പെടെ ധോണി 55 റൺസും 14 പന്തുകളിൽ രണ്ട് ബൗണ്ടറികളുടെ സഹായത്തോടെ ദിനേഷ് കാർത്തിക് 25 റൺസും എടുത്ത് പുറത്താവാതെ നിന്നു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ ഷോൺ മാർഷിൻ്റെ സെഞ്ചുറി മികവിലാണ് നിശ്ചിത 50 ഓവറിൽ 298 റൺസെടുത്തത്. അവസാന ഓവറുകളിൽ കൂറ്റനടി നടത്തിയ മാക്സ്വെല്ലാണ് ഓസീസിൻ്റെ സ്കോർ ഉയർത്തിയത്.