പൽവങ്കർ ബാലു; കളിക്കളത്തിനകത്തും പുറത്തും ജാതീയതക്കെതിരെ പോരാടിയ ഇന്ത്യയിലെ ആദ്യ ദളിത് ക്രിക്കറ്റർ

പരിപാടിയിൽ സ്വാഗത പ്രസംഗം നടത്തിയത് ചെറുപ്പക്കാരനായ ഒരു കോളേജ് അധ്യാപകനായിരുന്നു. ബിആർ അംബേദ്കർ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പേര്. ഭരണഘടനാ ശില്പിയായ അദ്ദേഹത്തിൻ്റെ ആദ്യ പൊതു പരിപാടിയായിരുന്നു അന്നവിടെ നടന്നത്.

പൽവങ്കർ ബാലു; കളിക്കളത്തിനകത്തും പുറത്തും ജാതീയതക്കെതിരെ പോരാടിയ ഇന്ത്യയിലെ ആദ്യ ദളിത് ക്രിക്കറ്റർ

1892ൽ പൂന ക്ലബ് ഒരു പതിനേഴുകാരൻ പയ്യനെ ടീമിലെത്തിച്ചു. പാഴ്സികൾ നടത്തി വന്നിരുന്ന ക്ലബിലേക്ക് 4 രൂപ മാസ ശമ്പളത്തിൽ അവനെ എത്തിച്ചത് പിച്ച് ശരിയാക്കാനും നെറ്റ്സിൽ വല കെട്ടാനുമൊക്കെയായിരുന്നു. എന്നാൽ പിന്നീട് അവനൊരു അധികജോലി അവിടെ ലഭിച്ചു; ബ്രിട്ടീഷ് ബാറ്റ്സ്മാന്മാർക്കെതിരെ നെറ്റ്സിൽ പന്തെറിയുക!

മണിക്കൂറുകളോളം നെറ്റ്സിൽ പന്തെറിഞ്ഞ അവൻ എത്തിച്ചേർന്നത് ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റർമാരിൽ ഒരാൾ എന്ന വിശേഷണത്തിലേക്കായിരുന്നു. ഹിന്ദു ജിംഖാന എന്ന ടീമിൻ്റെ ക്യാപ്റ്റനായി ബ്രിട്ടീഷുകാർക്കെതിരെ നിരവധി വിജയങ്ങൾ കുറിച്ച് ഇന്ത്യൻ ക്രിക്കറ്റിൻ്റെ നെടുന്തൂണായി മാറിയ അവൻ്റെ പേര് പൽവങ്കർ ബാലു എന്നായിരുന്നു. 1911ൽ നടത്തിയ ആദ്യ ഇംഗ്ലണ്ട് പര്യടനത്തിൽ 18.84 ശരാശരിയിൽ 114 വിക്കറ്റെടുത്ത പൽവങ്കറെ ചരിത്രം സൗകര്യപൂർവ്വം മറന്നു കളഞ്ഞു. അദ്ദേഹത്തെ ഈ പ്രകടനം മാറ്റി നിർത്തിയാൽ നമ്മൾ പര്യടനത്തിൽ അമ്പേ പരാജയപ്പെട്ടു പോയിരുന്നു.

ജാതീയതയ്ക്കെതിരെ പോരാടിയ വളരെ മികച്ച ഒരു ക്രിക്കറ്ററായിരുന്നു അദ്ദേഹമെന്ന് ചരിത്രകാരനായ രാമചന്ദ്ര ഗുഹ എ കോർണർ ഓഫ് എ ഫോറിൻ ഫീൽഡ് എന്ന തൻ്റെ പുസ്തകത്തിലൂടെ വിവരിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിലെ ആദ്യ ദളിത് ക്രിക്കറ്ററും ആദ്യത്തെ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റർമാരിൽ ഒരാളുമായ പൽവങ്കർ ചരിത്രത്താളുകളിൽ നിന്നും പൂർണ്ണമായി ഇല്ലാതാക്കപ്പെട്ടു. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിൻ്റെയോ ഇന്ത്യയിലെ ദളിത് വീരന്മാരുടെയോ കഥകളിൽ അദ്ദേഹത്തിന് സ്ഥാനം ലഭിച്ചില്ല. അദ്ദേഹത്തെപ്പറ്റി ഇപ്പോഴുള്ളത് വളരെ ചുരുങ്ങിയ രേഖകളും വാമൊഴിയായി പകർന്നു കിട്ടിയ കുറച്ച് വിവരങ്ങളും മാത്രമാണ്.

മഹാനായ ക്രിക്കറ്റർ

1875ൽ, നാല് മക്കളിൽ ഏറ്റവും മുതിർന്നയാളായി ധർവാദ് കുടുംബത്തിലാണ് പൽവങ്കർ ജനിച്ചത്. പരമ്പരാഗതമായി കുടുംബം തുകൽ തൊഴിലാളികളുടേതാണെങ്കിലും അദ്ദേഹത്തിൻ്റെ അച്ഛൻ ഒരു സൈനികനായിരുന്നു. ബാലുവും അവൻ്റെ സഹോദരൻ ശിവറാമും പൂനെയിലെ ജോലിക്കാർ ഉപേക്ഷിച്ച ഉപകരണങ്ങൾ കൊണ്ടാണ് കളി പഠിച്ചത്. വിശ്വാസത്തിലും ജാതിയിലും അധിഷ്ഠിതമായ ഒരു ക്രിക്കറ്റ് രീതിയായിരുന്നു ആ സമയത്ത് ഇന്ത്യയിൽ നില നിന്നിരുന്നത്. മുംബൈയിൽ നടക്കുന്ന ഒരു ടൂർണമെൻ്റോടെയാണ് സീസൺ അതിൻ്റെ പരമകാഷ്ഠയിലെത്തുക. ഹിന്ദു, പാഴ്സി, ബ്രിട്ടീഷ്, മുസ്ലിം തുടങ്ങിയ ടീമുകളാണ് ത്രിദിന മത്സരങ്ങളിൽ മാറ്റുരച്ചിരുന്നത്.

പൂനെയിലെ ഹിന്ദുക്കൾ ബാലുവിനെ ക്ഷണിക്കണോ വേണ്ടയോ എന്ന സംശയത്തിലാണ് പുതിയ ഒരു ക്ലബിന് തുടക്കം കുറിച്ചത്. അവിടെയുള്ളവരിൽ ഏറ്റവും കഴിവുള്ള ബൗളറാണ് ബാലു എങ്കിലും ജാതിവിലക്ക് ഒരു ശാപമായി നിലകൊണ്ടു. എന്നാൽ അതിനെ മറികടന്ന് പൂനെ ക്ലബ് അദ്ദേഹത്തെ ടീമിലെത്തിച്ചു. തുടർന്ന് അദ്ദേഹത്തിൻ്റെ മികവിൽ ഏഴ് വിജയങ്ങളാണ് യൂറോപ്യൻ ടീമുകൾക്കെതിരെ ക്ലബ്ബ് കുറിച്ചത്. പൂനെ ടീമിൻ്റെ ദൗർബല്യം ഒറ്റക്ക് പൊതിഞ്ഞു പിടിക്കുകയായിരുന്നു ബാലു.

1896ഓടെ ബാലുവിൻ്റെ പ്രസിദ്ധി വ്യാപിക്കുകയും പുതുതായി രൂപീകരിക്കപ്പെട്ട പരമാനന്ദാസ് ജീവന്ദാസ് ഹിന്ദു ജിംഖാന എന്ന ക്ലബ്ബിൽ കളിക്കുന്നതിനായി അദ്ദേഹം ബോംബെയിലേക്ക് ചേക്കേറുകയും ചെയ്തു. സ്റ്റിക്കി വിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബൗളർ എന്നാണ് അക്കാലത്ത് അദ്ദേഹത്തിൻ്റെ എതിരാളിയായിരുന്ന ഡോ. എംഇ പവ്‌രി അദ്ദേഹത്തെപ്പറ്റി പറഞ്ഞത്. സ്വാതന്ത്ര സമരങ്ങളുടെ ഭാഗമെന്നോണം 1906ൽ ബോംബേ ക്വാഡ്രാങ്കുലർ എന്ന പേരിൽ ഒരു ക്രിക്കറ്റ് ടൂർണ്ണമെൻ്റ് സംഘടിപ്പിക്കപ്പെട്ടു. ബാലുവിൻ്റെ മികവിൽ ഹിന്ദു ടീം നേടിയ ഓരോ വിജയവും വലിയ അളവിൽ ആഘോഷിക്കപ്പെട്ടു. ബ്രിട്ടീഷുകാരുമായി നടന്ന ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഹിന്ദു ടീം ഒന്നാം ഇന്നിംഗ്സിൽ 242 റൺസ് അടിച്ചെടുത്തു. ബ്രിട്ടീഷുകാർ 191 റൺസെടുത്ത് പുറത്തായി. രണ്ടാം ഇന്നിംഗ്സിൽ 160 റൺസെടുത്ത ഇന്ത്യ ബ്രിട്ടീഷുകാർക്ക് 212 റൺസിൻ്റെ ലക്ഷ്യം മുന്നോട്ടു വെച്ചു. പക്ഷേ, അഞ്ചു വിക്കറ്റ് വീതമെടുത്ത ബാലുവും മറ്റൊരു ബൗളറും ഇന്ത്യക്ക് വിജയം സമ്മാനിച്ചു.

ശേഷം ചരിത്രത്തിലാദ്യമായി നടന്ന ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യയുടെ പ്രകടനം പരിതാപകരമായിരുന്നു. 1911ൽ നടന്ന പര്യടനത്തിൽ 10 മാച്ചുകളിൽ തോറ്റ ഇന്ത്യ വെറും രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിച്ചത്. എന്നാൽ ബാലുവിൻ്റെ പ്രകടനം അവിടെയും ശ്രദ്ധേയമായിരുന്നു. ഓക്സ്ഫോർഡിനെതിരെ 87/5, എംസിസിക്കെതിരെ 96/4, ലങ്കാഷയറിനെതിരെ 83/7 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രകടനങ്ങൾ. ഇന്ത്യൻ ടീം തിരികെ വന്നപ്പോൾ ഏറെ ആഘോഷിക്കപ്പെട്ടത് ബാലുവായിരുന്നു. ബ്രാഹ്മണന്മാരെ മാത്രമല്ല, ബ്രിട്ടീഷുകാരെയും കവച്ച് വെക്കുന്ന പ്രകടനം നടത്തിയ ബാലുവിനെ ദളിതർ തങ്ങളുടെ അഭിമാനമായി കണ്ടു. അന്ന് ബാലുവിനെ അഭിനന്ദിക്കാൻ നടത്തിയ പരിപാടിയിൽ സ്വാഗത പ്രസംഗം നടത്തിയത് ചെറുപ്പക്കാരനായ ഒരു കോളേജ് അധ്യാപകനായിരുന്നു. ബിആർ അംബേദ്കർ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പേര്. ഭരണഘടനാ ശില്പിയായ അദ്ദേഹത്തിൻ്റെ ആദ്യ പൊതു പരിപാടിയായിരുന്നു അന്നവിടെ നടന്നത്.

ജാതീയത

1896ൽ ജനസംഖ്യയുടെ പാതിയും തൂത്തെറിഞ്ഞു കൊണ്ട് പൂനെയിൽ പ്ലേഗ് പടർന്നു പിടിച്ചു. എന്നാൽ പകർച്ചവ്യാധി തടയാനുള്ള മാർഗ്ഗങ്ങളും ചികിത്സയും സവർണ്ണർ അട്ടിമറിച്ചു. മരണഭയമുണ്ടെങ്കിൽ പോലും അവർ ദളിതരുമായി ഇടപഴകാൻ വിസമ്മതിച്ചു. ബലം പ്രയോഗിച്ച് പകർച്ചവ്യാധി തടയാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാൻ സർക്കാർ സൈന്യത്തോട് ആവശ്യപ്പെട്ടു. എന്നാൽ സൈനികരിൽ അധിക ആളുകളും ദളിതരായതു കൊണ്ട് തന്നെ അവിടെയും പ്രശ്നങ്ങൾ തലപൊക്കി.

ഈ പട്ടണത്തിലാണ് ബാലുവിൻ്റെ കരിയർ ആരംഭിക്കുന്നത്. മാച്ചുകൾക്കിടയിലുള്ള ചായ ഇടവേളകളിൽ പവലിയനിൽ ചായ വിതരണം നടത്തി വരികയായിരുന്നു ബാലു. കൈ കഴുകണമെങ്കിൽ ഒരു ദളിതൻ തന്നെ വെള്ളം കൊണ്ടു വരേണ്ടിയിരുന്നു. ഭക്ഷണം പ്രത്യേക പാത്രത്തിൽ, പ്രത്യേക മേശയിലിരുന്ന് കഴിക്കേണ്ടി വന്നു. ബോംബെയിൽ ഇത്തരം ജാതീയത ഇല്ലാതാക്കപ്പെട്ടപ്പോൾ സവർണ്ണരോടൊപ്പം ഭക്ഷണം കഴിക്കാനായി ക്ഷണിക്കപ്പെട്ട ആദ്യ ദളിതുകളിൽ ഒരാളായിരുന്നു ബാലു.

കളിക്കളത്തിലെ ബാലുവിൻ്റെ ശൗര്യം ടീം നായകൻ എന്ന നിലയിലുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചു. എന്നാൽ ബാലുവിൻ്റെ നേട്ടങ്ങൾ പുകഴ്ത്തുന്നതിനും ഹിന്ദു ഐക്യം ഉയർത്തുന്നതെന്ന് കൊട്ടിഘോഷിക്കുന്നതിനുമപ്പുറം ഒരു ദളിത് ക്യാപ്റ്റൻ എന്നത് സെലക്ടർമാർക്ക് ചിന്തിക്കാൻ കഴിയുന്നതായിരുന്നില്ല. 1910നും 1920നും ഇടയിൽ ബാലുവിനെ ക്യാപ്റ്റനാക്കാനുള്ള ഒരു ക്യാമ്പയിൻ ടീമിനുള്ളിൽ തന്നെ എല്ലാ വർഷവും നടന്നു വന്നു. എന്നാൽ എല്ലാ വർഷവും അത് പരാജയപ്പെട്ടു കൊണ്ടുമിരുന്നു. 1920ൽ ബാലുവിനെ ടീമിൽ നിന്നും തഴഞ്ഞു. ഒപ്പം ആ സമയത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനും അദ്ദേഹത്തിൻ്റെ സഹോദരനുമായിരുന്ന വിതാലിനെ തഴഞ്ഞ് യുവ ബ്രാഹ്മണൻ ഡിബി ദേവ്ധറിനെ ക്യാപ്റ്റനായി നിയമിച്ചു. നടപടിയിൽ പ്രതിഷേധിച്ച് ബാലുവിൻ്റെ സഹോദരങ്ങളായിരുന്ന വിതാലും ശിവറാമും ടീമിൽ നിന്ന് പിന്മാറി. ഏറെക്കാലം നീണ്ടു നിന്ന പ്രതിഷേധങ്ങൾക്കു ശേഷം 1923ൽ വിതാൽ ഇന്ത്യൻ ടീമിൻ്റെ നായകനാവുകയും ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.

രണ്ടാം ഇന്നിംഗ്സ്

പല നിലയിലും ബാലുവാണ് മോഡേൺ ഇന്ത്യയിലെ ആദ്യ ദളിത് ഐക്കൺ. 1910 കളിലെ തൻ്റെ പ്രഭാഷണങ്ങളിലൂടെ അംബേദ്കർ ബാലുവുമായി അടുക്കുകയും അദ്ദേഹത്തെ ഏറെ ബഹുമാനിക്കുകയും ചെയ്തിരുന്നു. 1927-28 ഓടെ ഗ്രാമവാസികളോട് ബാലുവിൻ്റെ മഹത്വത്തെപ്പറ്റി അംബേദ്കർ സംസാരിക്കുകായിരുന്നു.

1932ൽ അംബേദ്കറും ഗാന്ധിജിയും ആശയപരമായി എതിർചേരികളിൽ നിലയുറപ്പിച്ച സമയത്ത്, ഗാന്ധിയൻ ആശയങ്ങളോട് അനുഭാവം പ്രകടിപ്പിച്ചിരുന്ന ബാലു അദ്ദേഹത്തിൻ്റെ ഉപവാസ സമരത്തോട് ഐക്യപ്പെടുകയും അംബേദ്കറിൻ്റെ വിരുദ്ധചേരിയിലാവുകയും ചെയ്തു. ഗാന്ധിജിയുടെ ആരോഗ്യം ദുർബ്ബലമായ അവസരത്തിൽ ബാലുവും തമിഴ് നേതാവ് എംസി രാജയും കൂടി അംബേദ്കറെ അനുരഞ്ജനത്തിന് നിർബന്ധിച്ചു. അനുരഞ്ജനത്തിന് വഴങ്ങിയ അംബേദ്കറും ബാലുവുമാണ് 1932ലെ പൂന കരാറിൽ ഒപ്പിട്ടത്.

അഞ്ചു വർഷങ്ങൾക്കു ശേഷം ബാലുവും അംബേദ്കറും ബോംബെ അസംബ്ലിയുടെ പേരിൽ വീണ്ടും ഏറ്റുമുട്ടി. ഹിന്ദുസത്തിൽ നിന്നും പുറത്തു വരണമെന്ന അംബേദ്കറുടെ ആശയത്തെ പരസ്യമായി ബാലു എതിർക്കുന്ന സമയമായിരുന്നു അത്. അത് ആത്മഹത്യാപരമായ നീക്കമാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ പക്ഷം. 1937ലെ ഒരു സമ്മേളനത്തിൽ അംബേദ്കറിനെതിരെ മത്സരിക്കാൻ തനിക്ക് താത്പര്യമില്ലെന്ന് ബാലു അറിയിച്ചുവെങ്കിലും ദളിത് സമൂഹത്തിനായി അദ്ദേഹം നടത്തിയ പ്രകടനങ്ങളെ മാനിച്ച് വല്ലഭായി പട്ടേൽ അദ്ദേഹത്തെ നിർബന്ധിച്ച് മത്സരിപ്പിച്ചു. തെരഞ്ഞെടുപ്പിൽ 2020 വോട്ടുകൾക്ക് അദ്ദേഹം പരാജപ്പെട്ടു.

പൽവങ്കർ ബാലു ഓർമ്മിക്കപ്പെടേണ്ട ഒരു വ്യക്തിത്വം തന്നെയാണ്, ഒരു ക്രിക്കറ്റർ എന്ന നിലയിലും ദളിത് നേതാവ് എന്ന നിലയിലും.

Read More >>