ബാറ്റെടുത്തവരെല്ലാം റൺസടിച്ചു; ഇന്ത്യക്ക് കൂറ്റൻ ജയം

10 ഓവറിൽ 45 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത കുൽദീപ് യാദവാണ് ന്യൂസിലൻഡ് നിരയിൽ ഏറെ വിനാശം വിതച്ചത്.

ബാറ്റെടുത്തവരെല്ലാം റൺസടിച്ചു; ഇന്ത്യക്ക് കൂറ്റൻ ജയം

ഇന്ത്യക്ക് വേണ്ടി ബാറ്റെടുത്തവരെല്ലാം തിളങ്ങിയ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം. ന്യൂസിലൻഡിലെ ബേ ഓവലിൽ നടന്ന് രണ്ടാം ഏകദിനത്തിൽ 90 റൺസിനാണ് ഇന്ത്യയുടെ വിജയം. സ്കോർ- ഇന്ത്യ 324/4 (50), ന്യൂസിലൻഡ് 234/10 (40.2)

ഇന്ത്യയുടെ 324 എന്ന മികച്ച സ്കോറിന് മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന് തുടക്ക്മ് മുതൽ പിഴച്ചു. അഞ്ചാം ഓവറിൽ മാർട്ടിൻ ഗപ്റ്റിലിനെ പുറത്താക്കി ഭുവനേശ്വർ കുമാറാണ് വിക്കറ്റ് വേട്ട തുടങ്ങിയത്. 15 റൺസ് മാത്രമെടുത്ത ന്യൂസിലൻഡ് ഓപ്പണറെ ചഹാലിൻ്റെ കൈകളിൽ എത്തിച്ചാണ് ഭുവി ഇന്ത്യക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകിയത്. തുടർന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെട്ട ന്യൂസിലൻഡ് നിരയിൽ എട്ടു പേർ രണ്ടക്കം കടന്നുവെങ്കിലും ആർക്കും നിലയുറപ്പിക്കാനായില്ല. 57 റൺസെടുത്ത ഡോഗ് ബ്രേസ്‌വെൽ ആയിരുന്നു കിവീസിൻ്റെ ടോപ്പ് സ്കോറർ. കോളിൻ മൺറോ (31), കെയ്ന് വില്ല്യംസൺ (20), റോസ് ടെയ്ലർ (22), ടോം ലതം (34), ഹെൻറി നിക്കോളാസ് (28) തുടങ്ങിയവരാണ് ന്യൂസിലൻഡിൻ്റെ മറ്റു സ്കോറർമാർ.

10 ഓവറിൽ 45 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത കുൽദീപ് യാദവാണ് ന്യൂസിലൻഡ് നിരയിൽ ഏറെ വിനാശം വിതച്ചത്. രണ്ട് വിക്കറ്റുകൾ വീതം നേടിയ യുസ്വേന്ദ്ര ചഹാലും ഭുവനേശ്വർ കുമാറും കുൽദീപിന് മികച്ച പിന്തുണ നൽകി. മുഹമ്മദ് ഷമിയും കേദാർ ജാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യ വിക്കറ്റിൽ 154 റൺസ് കൂട്ടിച്ചേർത്ത ഇന്ത്യൻ ഓപ്പണർമാർ ഉജ്ജ്വലമായ തുടക്കമാണ് നൽകിയത്. ഇന്നിംഗ്സിൻ്റെ 26ആം ഓവറിൽ ശിഖർ ധവാനും 30ആം ഓവറിൽ രോഹിത് ശർമ്മയും പുറത്തായി. 96 പന്തുകളിൽ ഒൻപത് ബൗണ്ടറികളും മൂന്ന് സിക്സറുകളുമുൾപ്പെടെ 87 റൺസെടുത്ത രോഹിത്താണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ശിഖർ ധവാൻ 67 പന്തുകളിൽ 66 റൺസെടുത്തു. വിരാട് കോഹ്ലി (43), അംബാട്ടി റായുഡു (47), എംഎസ് ധോണി (48), കേദാർ ജാദവ് (22) എന്നിവരും ഇന്ത്യക്ക് വേണ്ടി തിളങ്ങി. ജാദവും ധോണിയും പുറത്താവാതെ നിന്നു.

ആദ്യ ഏകദിനം ആധികാരികമായി വിജയിച്ച ഇന്ത്യ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0ന് മുന്നിലാണ്.