കുൽദീപിന്റെ റെക്കോർഡ് ബോളിങ് പ്രകടനം; രോഹിത്തിന്റെ സെഞ്ചുറി: ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് അനായാസ ജയം

ഏകദിനത്തിൽ ഒരു ചൈനാമാൻ ബൗളറുടെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണ് 10 ഓവറുകളിൽ വെറും 25 റൺസ് വഴങ്ങി 6 വിക്കറ്റുകളെടുത്ത കുൽദീപ് യാദവ് നടത്തിയത്.

കുൽദീപിന്റെ റെക്കോർഡ് ബോളിങ് പ്രകടനം; രോഹിത്തിന്റെ സെഞ്ചുറി: ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് അനായാസ ജയം

ആറു വിക്കറ്റെടുത്ത കുൽദീപിന്റെ റെക്കോർഡ് ബോളിങ് പ്രകടനത്തിന്റെയും രോഹിത്ത് ശർമ്മയുടെ ഉജ്ജ്വല സെഞ്ചുറിയുടെയും മികവിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് അനായാസ ജയം. എട്ടു വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ളീഷുകാരെ കെട്ടുകെട്ടിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി.

മികച്ച തുടക്കത്തിന് ശേഷം കുൽദീപ് യാദവ് എന്ന 23 കാരന്റെ ചൈനാമാൻ ബൗളിങ്ങിന് മുന്നിൽ ചീട്ടുകൊട്ടാരം പോലെ തകർന്നു വീണ ഇംഗ്ലണ്ട് മുന്നോട്ടു വെച്ച 269 റൺസ് വിജയലക്ഷ്യം 59 പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. ആദ്യ പത്തോവറിൽ 73 റൺസിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കി ഇംഗ്ലണ്ട് ഓപ്പണർമാർ മുന്നോട്ടു പോകുമ്പോഴാണ് കുൽദീപ് യാദവ് അവതരിച്ചത്. പതിനൊന്നാം ഓവറിൽ ജേസൺ റോയുടെ വിക്കറ്റെടുത്തു കൊണ്ടാണ് കുൽദീപ് ചരിത്ര യാത്ര തുടങ്ങിയത്. 35 പന്തുകളിൽ 38 റൺസെടുത്ത റോയിയെ ഉമേഷിന്റെ കൈകളിലെത്തിച്ച് കുൽദീപ് വരാൻ പോകുന്ന വെടിക്കെട്ടിന്റെ സാമ്പിൾ കാണിച്ചു കൊടുത്തു. തന്റെ അടുത്ത ഓവറിലെ ആദ്യ പന്തിൽ ജോ റൂട്ടിനെ വിക്കറ്റിന് മുന്നിൽ കുരുക്കി കുൽദീപ് അടുത്ത വിക്കറ്റെടുത്തു. ആറു പന്തുകളിൽ മൂന്ന് റൺസായിരുന്നു റൂട്ടിന്റെ സമ്പാദ്യം. ആ ഓവറിൽ തന്നെ രണ്ടാം ഓപ്പണർ ജോണി ബാരിസ്റ്റോയും വിക്കറ്റിന് മുന്നിൽ കുരുങ്ങി. കുൽദീപിന് മൂന്നാം വിക്കറ്റ്. രണ്ട് ഓപ്പണര്മാരും 35 പന്തുകളിൽ 38 റൺസാണ് എടുത്തതെന്നത് ചേർത്ത് വായിക്കുക. ഇംഗ്ലണ്ട് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്‌റ്റിയുമായി 'കുതിച്ച' ബെൻ സ്റ്റോക്ക്സ് (103 പന്തുകളിൽ 50), ഐപിഎല്ലിലെ മാരക ഫോം അന്താരാഷ്ട്ര ക്രിക്കറ്റിലും തുടരുന്ന ജോസ് ബട്ട്ലർ (51 പന്തുകളിൽ 53), ഓൾറൗണ്ടർ ഡേവിഡ് വില്ലി (നാല് പന്തുകളിൽ ഒന്ന്) എന്നിവരുടെ തലകളും അരിഞ്ഞിട്ട കുൽദീപ് റെക്കോർഡ് ബുക്കിലേക്കാണ് പന്തെറിഞ്ഞത്. ഏകദിനത്തിൽ ഒരു ചൈനാമാൻ ബൗളറുടെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണ് 10 ഓവറുകളിൽ വെറും 25 റൺസ് വഴങ്ങി 6 വിക്കറ്റുകളെടുത്ത കുൽദീപ് യാദവ് നടത്തിയത്. അതും ഒരൊറ്റ ബൗണ്ടറി പോലും വഴങ്ങാതെ! രണ്ട് വിക്കറ്റ് വീഴ്ത്തി ഉമേഷ് യാദവും ഒരു വിക്കറ്റുമായി യുസ്വേന്ദ്ര ചഹാലും ഇംഗ്ലണ്ട് കൊലയിൽ പങ്കുചേർന്നു. പ്ലങ്കറ്റ് റണ്ണൗട്ട് ആവുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കും മികച്ച തുടക്കമാണ് ലഭിച്ചത്. എട്ടാം ഓവറിൽ ശിഖർ ധവാൻ (27 പന്തുകളിൽ 40) പുറത്താകുമ്പോൾ ഇന്ത്യ 59 റൺസ് സ്‌കോർ ചെയ്തു കഴിഞ്ഞിരുന്നു. രണ്ടാമത്തിറങ്ങിയ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ചേർന്ന് അനായാസേന ഇന്ത്യയെ ലക്ഷ്യത്തിലേക്ക് നയിച്ചു. 114 പന്തുകളിൽ 15 ബൗണ്ടറികളുടെയും നാല് സിക്സറുകളുടെയും അകമ്പടിയോടെ 137 റൺസെടുത്ത രോഹിത് ശർമ്മ പുറത്താവാതെ നിന്നപ്പോൾ 82 പന്തുകളിൽ 7 ബൗണ്ടറിയടക്കം 75 റൺസെടുത്ത കോഹ്ലി വിജയത്തിന് 43 റൺസ് അകലെ വെച്ച് ആദിൽ റഷീദിന് വിക്കറ്റ് സമ്മാനിച്ചു മടങ്ങി. റഷീദിനെ ക്രീസ് വിട്ടിറങ്ങി കളിയ്ക്കാൻ ശ്രമിച്ച ഇന്ത്യൻ നായകനെ ജോസ് ബട്ട്ലർ സ്റ്റമ്പ് ചെയ്താണ് പുറത്താക്കിയത്. ഏഴു വർഷത്തിന് ശേഷമാണ് ഇത്തരത്തിൽ കോഹ്ലി പുറത്താകുന്നത്. രോഹിത് ശർമയുമായി 167 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി വിജയമുറപ്പിച്ചതിനു ശേഷമായിരുന്നു കോഹ്‌ലിയുടെ പുറത്താവൽ. ശേഷം 18 പന്തുകളിൽ 9 റൺസെടുത്ത ലോകേഷ് രാഹുലും രോഹിത്തും ചേർന്ന് ഇന്ത്യയെ അനായാസം വിജയത്തിലെത്തിച്ചു. റെക്കോർഡ് ബോളിങ് പ്രകടനം നടത്തിയ കുൽദീപ് യാദവാണ് മാൻ ഓഫ് ദി മാച്ച്.

Read More >>