പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കാൻ ഇന്ത്യക്ക് അവകാശമുണ്ടെന്ന് ഷൊഐബ് അക്തർ

കാരണം ആക്രമിക്കപ്പെട്ടത് അവരുടെ രാജ്യമാണ്. അതില്‍ തര്‍ക്കത്തിന് ഇടമില്ല-അക്തര്‍ പറഞ്ഞു.

പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കാൻ ഇന്ത്യക്ക് അവകാശമുണ്ടെന്ന് ഷൊഐബ് അക്തർ

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ടില്‍ മെയ് അവസാനം ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കാന്‍ ഇന്ത്യക്ക് എല്ലാ അവകാശവുമുണ്ടെന്ന് മുന്‍ പാക് പേസര്‍ ഷൊഐബ് അക്തര്‍. ആക്രമണത്തില്‍ പാക്കിസ്ഥാന് പങ്കില്ലെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നുവെന്നും പാക് ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അക്തര്‍ പറഞ്ഞു.

സ്പോര്‍ട്സും രാഷ്ട്രീയവും രണ്ടാണെന്ന നിലപാട് തനിക്കില്ലെന്ന വ്യക്തമാക്കിയ അക്തര്‍ പുല്‍വാമയിലുണ്ടായ ഭീകരാക്രമണം അപലപനീയമാണെന്നും പറഞ്ഞു. രാജ്യമെന്ന നിലക്ക് പ്രധാനമന്ത്രി പറയുന്നതാണ് ഞങ്ങളുടെ അവസാന വാക്ക്. അദ്ദേഹം എന്താണ് പറയുന്നത് അതിനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കാതെ പിന്തുണക്കുക എന്നതാണ് ഞങ്ങളുടെ കടമ.

എന്നാല്‍ ആക്രമണത്തിന്റെ പേരില്‍ ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കാനാണ് ഇന്ത്യ ഇതീരുമാനിക്കുന്നതെങ്കില്‍, അതിനവര്‍ക്ക് എല്ലാ അവകാശവുമുണ്ടെന്ന് പറയേണ്ടിവരും. കാരണം ആക്രമിക്കപ്പെട്ടത് അവരുടെ രാജ്യമാണ്. അതില്‍ തര്‍ക്കത്തിന് ഇടമില്ല-അക്തര്‍ പറഞ്ഞു.

പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാന് പങ്കില്ലെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനയെ അനുകൂലിച്ച് മുന്‍ പാക് താരമായ ഷഹീദ് അഫ്രീദിയും നേരത്തെ രംഗത്തെത്തിയിരുന്നു. തെളിവുകളില്ലാതെ ഇന്ത്യ വെറുതെ പാക്കിസ്ഥാനെ പഴി ചാരുകയാണെന്നും അഫ്രീദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ജൂണ്‍ 16നാണ് ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം.