വംശീയാധിക്ഷേപം; പാക് നായകന് ഐസിസിയുടെ വിലക്ക്

'കറുത്തവൻ' എന്നർത്ഥം വരുന്ന ഉർദു പദമാണ് സർഫറാസ് പ്രയോഗിച്ചത്.

വംശീയാധിക്ഷേപം; പാക് നായകന് ഐസിസിയുടെ വിലക്ക്

ദക്ഷിണാഫ്രിക്കൻ താരത്തെ വംശീയമായി അധിക്ഷേപിച്ച പാക്ക് ക്രിക്കറ്റ് ടീം നായകൻ സർഫറാസ് അഹ്മദിന് ഐസിസിയുടെ വിലക്ക്. നാല് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നാണ് സർഫറാസിനെ ക്രിക്കറ്റ് കൗൺസിൽ വിലക്കിയത്. ഇതോടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ അവസാന രണ്ട് ഏകദിനങ്ങളും ആദ്യത്തെ രണ്ട് ടി-20 മത്സരങ്ങളും സർഫറാസിന് നഷ്ടമാകും.

ഡര്‍ബനില്‍ ദക്ഷിണാഫ്രിക്കയും പാകിസ്താനും തമ്മില്‍ നടന്ന രണ്ടാം ഏകദിനത്തിനിടെയായിരുന്നു സർഫറാസിൻ്റെ വംശീയ അധിക്ഷേപം. ദക്ഷിണാഫ്രിക്കയുടെ ഓള്‍റൗണ്ടര്‍ ആന്‍ഡിലെ ഫെലുക്വായോയെയാണ് നിറത്തിന്റെ പേരില്‍ സര്‍ഫറാസ് പരിഹസിച്ചത്. 'കറുത്തവൻ' എന്നർത്ഥം വരുന്ന ഉർദു പദമാണ് സർഫറാസ് പ്രയോഗിച്ചത്.

'എടാ കറുത്തവനേ...നിന്റെ അമ്മ ഇന്ന് എവിടെപ്പോയാണ് പ്രാര്‍ഥിച്ചത്? നിന്റെ അമ്മയോട് ഇന്ന് എന്ത് പ്രാര്‍ഥിക്കാനാണ് പറഞ്ഞത്' എന്നായിരുന്നു സര്‍ഫറാസിന്റെ വാക്കുകള്‍. സ്റ്റംമ്പ് മൈക്ക് പിടിച്ചെടുത്ത സര്‍ഫറാസിന്റെ വാക്കുകള്‍ പുറത്തായതോടെ താരത്തിനെതിരേ പ്രതിഷേധം ശക്തമായിരുന്നു.

തുടർന്ന് മാപ്പ് പറഞ്ഞു കൊണ്ട് പാക്ക് നായകൻ രംഗത്തെത്തിയെങ്കിലും ഐസിസി നടപടിയിൽ നിന്നും രക്ഷപ്പെടാനായില്ല.