'പാക്കിസ്ഥാനെതിരെ ഇന്ത്യ കളിക്കണോ വേണ്ടയോ'; മുൻ താരങ്ങൾക്കിടയിൽ ചർച്ച മുറുകുന്നു

വെറുതെ എന്തിനാണ് പാക്കിസ്ഥാന് രണ്ട് പോയിൻ്റ് നൽകുന്നതെന്നാണ് ഇന്ത്യയുടെ ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ചോദിക്കുന്നത്.

പാക്കിസ്ഥാനെതിരെ ഇന്ത്യ കളിക്കണോ വേണ്ടയോ; മുൻ താരങ്ങൾക്കിടയിൽ ചർച്ച മുറുകുന്നു

പുൽവാമ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരം ഇന്ത്യ ബഹിഷ്കരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ ചർച്ച മുറുകുന്നു. ഇന്ത്യയുടെയും പാക്കിസ്ഥാൻ്റെയും മുൻ താരങ്ങളാണ് അഭിപ്രായ പ്രകടനവുമായി രംഗത്ത് വന്നത്. കൂടുതൽ താരങ്ങളും പാക്കിസ്ഥാനുമായി കളിക്കണം എന്നാവശ്യപ്പെട്ടപ്പോൾ മറ്റു ചിലർ കളിക്കരുത് എന്നും അഭിപ്രായപ്പെട്ടു.

പാക്കിസ്ഥാനെതിരെ ഇന്ത്യ തീർച്ചയായും കളിക്കണമെന്നാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ അഭിപ്രായപ്പെട്ടത്. ലോകകപ്പിൽ പാക്കിസ്ഥാനെതിരെ 100% വിജയ റെക്കോർഡുള്ള ഇന്ത്യ വെറുതെ രണ്ട് പോയിൻ്റ് നഷ്ടപ്പെടുത്തരുതെന്ന് അദ്ദേഹം പറയുന്നു. നോക്കൗട്ട് റൗണ്ടിൽ പാക്കിസ്ഥാനെതിരെ മത്സരം വന്നാൽ കളിക്കാതിരിക്കുമോ എന്നും ഗവാസ്കർ ചോദിക്കുന്നു.

"ഐസിസി പാക്കിസ്ഥാനെ ബഹിഷ്കരിക്കാൻ സാധ്യതയില്ല. കാരണം, ആ തീരുമാനം മറ്റ് അംഗങ്ങൾ സ്വീകരിക്കണം. പക്ഷേ, പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ആഭ്യന്തര കാര്യത്തിൽ അവർ ഇടപെടാൻ സാധ്യതയില്ല."- ഗവാസ്കർ പറഞ്ഞു.

വെറുതെ എന്തിനാണ് പാക്കിസ്ഥാന് രണ്ട് പോയിൻ്റ് നൽകുന്നതെന്നാണ് ഇന്ത്യയുടെ ഇതിഹാസം സച്ചിൻ തെൻഡുൽക്കർ ചോദിക്കുന്നത്. "ലോകകപ്പിൽ പാക്കിസ്ഥാനെ എപ്പോഴും നമ്മൾ പരാജയപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ കൂടി അവരെ പരാജയപ്പെടുത്തേണ്ട സമയമാണിത്. വെറുതേ രണ്ട് പോയിൻ്റ് അവർക്ക് നൽകി അവരെ സഹായിക്കുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല. എന്നിരുന്നാലും, രാജ്യം എന്ത് തീരുമാനിക്കുന്നോ ഞാൻ അതിനെ പിന്തുണയ്ക്കുന്നു."- സച്ചിൻ പറഞ്ഞു.

അതേ സമയം, ഇന്ത്യയെ മുൻപ് ലോകകപ്പ് ഫൈനൽ വരെയെത്തിച്ച ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ അഭിപ്രായം ഇന്ത്യ മത്സരം ബഹിഷ്കരിക്കണമെന്നാണ്. എല്ലാ ടീമുകളുമായും ഫസ്റ്റ് റൗണ്ട് മത്സരമുള്ളതു കൊണ്ട് ഒരു മത്സരം ബഹിഷ്കരിച്ചാലും പ്രശ്നമുണ്ടാവില്ലെന്ന് ഗാംഗുലി പറയുന്നു. ഇന്ത്യയെപ്പോലെ ഒരു ടീമിനെ ഒഴിവാക്കി ലോകകപ്പ് നടത്താൻ ഐസിസി ഒരിക്കലും തയ്യാറാവില്ലെന്നും ഗാംഗുലി പറയുന്നു.

പാക്കിസ്ഥാൻ മുൻ താരം ജാവേദ് മിയാൻദാദ് മത്സരം നടക്കണമെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ സ്റ്റേഡിയങ്ങളിൽ നിന്ന് പാക്കിസ്ഥാൻ കളിക്കാരുടെ ചിത്രങ്ങൾ മാറ്റിയതിനെ അപലപിച്ച മിയാൻദാദ് മത്സരം ബഹിഷ്കരിച്ചാലുള്ള പ്രത്യാഘാതങ്ങൾ മനസ്സിലാക്കണമെന്നും കൂട്ടിച്ചേർത്തു.