ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും കോഹ്ലിയെ അൺഫോളോ ചെയ്ത് രോഹിത്; ഇന്ത്യൻ ടീമിൽ പടലപ്പിണക്കമെന്ന് അഭ്യൂഹം

ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യയുടെ പ്രകടനം വ്യാപകമായി വിമർശിക്കപ്പെടുന്നതിനിടെയാണ് രോഹിത് ശർമ്മയും വിരാട് കോഹ്ലിയും തമ്മിലുള്ള ശീതയുദ്ധം ആരാധകരുടെ ശ്രദ്ധയിൽ പെടുന്നത്.

ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും കോഹ്ലിയെ അൺഫോളോ ചെയ്ത് രോഹിത്; ഇന്ത്യൻ ടീമിൽ പടലപ്പിണക്കമെന്ന് അഭ്യൂഹം

നിലവിൽ ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ക്രിക്കറ്ററാണ് വിരാട് കോഹ്ലി. ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റർമാരിൽ ഒരാളായ ഇന്ത്യൻ ക്യാപ്റ്റൻ ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാണ്. ക്രിക്കറ്റിൻ്റെ മൂന്ന് ഫോർമാറ്റുകളിലും സ്ഥിരതയാർന്ന പ്രകടനങ്ങളുമായി കുതിക്കുന്ന കോഹ്ലി ഒട്ടേറെ റെക്കോർഡുകൾ സ്വന്തം പേരിലാക്കിക്കഴിഞ്ഞു. മറുവശത്ത് ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ നിലവിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാന്മാരിൽ ഒരാളാണ് രോഹിത് ശർമ്മ. ഏകദിനത്തിൽ മൂന്ന് ഇരട്ടസെഞ്ചുറികൾ സ്വന്തം പേരിലുള്ള ഇന്ത്യൻ ഓപ്പണർ ടീമിൻ്റെ നെടുന്തൂണുകളിൽ ഒരാളാണ്. രോഹിതും കോഹ്ലിയും അടുത്ത സുഹൃത്തുക്കളുമാണ്.

മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 മത്സരം ഇന്ത്യ 2-1 ന് വിജയിച്ചിരുന്നു. ശേഷം ഏകദിന പരമ്പര 2-1 ന് സ്വന്തമാക്കിയതിനു പിന്നാലെ അഞ്ചു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ നാലു മത്സരങ്ങൾ പിന്നിട്ടപ്പോൾ 3-1 ന് അതും ഇംഗ്ലണ്ട് സ്വന്തമാക്കിക്കഴിഞ്ഞു. ഏകദിന പരമ്പരയിലും ടി-20 പരമ്പരയിലും ഇന്ത്യക്കായി ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ചവരിൽ ഒരാളായ രോഹിത് ശർമ്മയ്ക്ക് ടെസ്റ്റിൽ അവസരം ലഭിച്ചില്ല എന്നത് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. വിദേശത്ത് വേണ്ടത്ര മത്സരപരിചയമില്ലാത്ത ടീമിനെയാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്ക് കൊണ്ടു പോകുന്നതെന്ന മുന്നറിയിപ്പ് അച്ചട്ടാവുന്നതാണ് പിന്നീട് കണ്ടത്. വിരാട് കോഹ്ലി മാത്രമാണ് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തുന്നത്. ഇതോടെ രോഹിത് ശർമ്മയെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്താതിരുന്നതിനെതിരെ പ്രതിഷേധം ശക്തമായി. ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യയുടെ പ്രകടനം വ്യാപകമായി വിമർശിക്കപ്പെടുന്നതിനിടെയാണ് രോഹിത് ശർമ്മയും വിരാട് കോഹ്ലിയും തമ്മിലുള്ള ശീതയുദ്ധം ആരാധകരുടെ ശ്രദ്ധയിൽ പെടുന്നത്.

രോഹിത് ശർമ്മ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും അൺഫോളോ ചെയ്തിരിക്കുകയാണത്രേ. രോഹിത് ട്വിറ്ററിൽ ഫോളോ ചെയ്യുന്ന 46 പേരിലും ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന 84 പേരിലും രോഹിത് ശർമ്മ ഉൾപ്പെട്ടിട്ടില്ല എന്നാണ് കണ്ടെത്തൽ ടീമിൽ പടലപ്പിണക്കങ്ങൾ രൂപപ്പെടുന്നുണ്ടെന്നതിൻ്റെ സൂചനയായാണ് ആരാധകർ ഇതിനെ കാണുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രിയുടെ ഏകാധിപത്യപരമായ നടപടികൾക്കെതിരെ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമായിരിക്കുന്നത്.

Read More >>