'സിക്സടിക്കും പിള്ളേരേം നോക്കും'; ഋഷഭ് പന്തിന് പാട്ടുമായി ആരാധകർ: വീഡിയോ

വാക്പോരിനിടെ 'ബേബി സിറ്റ്' നടത്താമോ എന്ന് ചോദിച്ച ടിം പെയിനിന് പന്ത് മറുപടി കൊടുത്തതിൻ്റെ പശ്ചാത്തലത്തിലാണ് പാട്ട്.

സിക്സടിക്കും പിള്ളേരേം നോക്കും; ഋഷഭ് പന്തിന് പാട്ടുമായി ആരാധകർ: വീഡിയോ

ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പാട്ടുമായി ആരാധകർ. കളി നടക്കുന്നതിനിടെ സ്റ്റേഡിയത്തിൽ വെച്ച് ഒരു സംഘം ആരാധകർ പാട്ട് പാടുന്നതിൻ്റെ വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. വാക്പോരിനിടെ 'ബേബി സിറ്റ്' നടത്താമോ എന്ന് ചോദിച്ച ടിം പെയിനിന് പന്ത് മറുപടി കൊടുത്തതിൻ്റെ പശ്ചാത്തലത്തിലാണ് പാട്ട്.

'അയാൾ സിക്സറടിക്കും. അയാൾ കുട്ടികളെയും നോക്കും. ഞങ്ങൾക്ക് ഋഷഭ് പന്തുണ്ട്.' എന്നിങ്ങനെയാണ് പാട്ടിലെ വരികൾ. ഇന്ത്യൻ ജേഴ്സിയണിഞ്ഞ ഒരു കൂട്ടം ആരാധകരാണ് പാട്ടു പാടുന്നത്. സ്റ്റേഡിയത്തിൽ ചുറ്റുമിരിക്കുന്ന ആളുകൾ അത് ആസ്വദിക്കുന്നതും വീഡിയോയിൽ കാണാം. സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള പാട്ടിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് സീരീസിനിടെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ഓസ്ട്രേലിയൻ ക്യാപ്റ്റൻ ടിം പെയിനും തമ്മിലുണ്ടായ വാക്പോരാട്ടം ഏറെ ശ്രദ്ധ നേടിയിരുന്നു. അടിക്ക് തിരിച്ചടി എന്ന പോലെ ഇരുവരും പരസ്പരം പ്രകോപിപ്പിക്കുകയും കളിയാക്കുകയും ചെയ്തിരുന്നു. ഇതിനിടെ കളി കഴിഞ്ഞാൽ കുറച്ച് കാലം ഓസ്ട്രേലിയയിൽ താമസിച്ച് തൻ്റെ കുഞ്ഞുങ്ങളെ നോക്കാൻ സാധിക്കുമോ എന്നും പെയിൻ പന്തിനോട് തമാശരൂപേണ ചോദിച്ചിരുന്നു. പിന്നീട്, ടിം പെയിനിൻ്റെ ഭാര്യക്കൊപ്പം കുട്ടികളെ എടുത്ത് കൊണ്ടു നിൽക്കുന്ന ചിത്രം പങ്കു വെച്ച് ഋഷഭ് ഇതിന് തിരിച്ചടി നൽകി. ഈ സംഭവങ്ങളെയെല്ലാം കോർത്തിണക്കിയാണ് ഇപ്പോൾ ആരാധകരുടെ ഗുളിക രൂപത്തിലുള്ള പാട്ട്.