ടി-20 ടീമിൽ ധോണിക്ക് ഇടമില്ല; വിരമിക്കൽ സൂചനയെന്ന് റിപ്പോർട്ട്

ധോണിക്ക് പകരക്കാരെ തേടുകയാണെന്നും റിഷഭ് പന്തിനെയും ദിനേശ് കാര്‍ത്തികിനെയും പരീക്ഷിക്കുമെന്നും പ്രസാദ് പറഞ്ഞു.

ടി-20 ടീമിൽ ധോണിക്ക് ഇടമില്ല; വിരമിക്കൽ സൂചനയെന്ന് റിപ്പോർട്ട്

കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മധ്യനിരയെ താങ്ങി നിർത്തിയിരുന്ന മുൻ ക്യാപ്റ്റൻ എംഎസ് ധോണിക്ക് ടീമിൽ ഇടമില്ല. വെസ്റ്റിന്‍ഡീസിനും ഓസ്‌ട്രേലിയക്കുമെതിരായ ട്വന്റി20 ടീമില്‍ നിന്നാണ് ധോണിയെ സെലക്ടര്‍മാര്‍ മാറ്റി നിര്‍ത്തിയത്. എന്നാല്‍ മുപ്പത്തേഴുകാരന്റെ ട്വന്റി20 കരിയറിന്റെ അന്ത്യമല്ല ഇതെന്ന് പറഞ്ഞ് ധോണിയെ ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ് ആശ്വസിപ്പിച്ചു. ധോണിക്ക് പകരക്കാരെ തേടുകയാണെന്നും റിഷഭ് പന്തിനെയും ദിനേശ് കാര്‍ത്തികിനെയും പരീക്ഷിക്കുമെന്നും പ്രസാദ് പറഞ്ഞു.

2006 ഡിസംബറിലാണ് ധോണി ട്വന്റി20 യില്‍ അരങ്ങേറിയത്. അതിനു ശേഷം ഇന്ത്യ കളിച്ച 104 മത്സരങ്ങളില്‍ 93 ലും ധോണി ഉണ്ടായിരുന്നു. ഐപിഎല്ലിലും ഏറ്റവും വിലയേറിയ കളിക്കാരിലൊരാളായി ധോണി തുടര്‍ന്നു. എന്നാൽ സമീപകാലത്ത് ഇന്ത്യൻ ജേഴ്സിയിൽ ധോണിയുടെ മോശം ഫോമാണ് തുടരുന്നതാണ് കടുത്ത തീരുമാനമെടുക്കാൻ സെലക്ടർമാരെ പ്രേരിപ്പിച്ചത്. അടുത്ത വർഷം ക്രിക്കറ്റ് ലോകകപ്പ് നടക്കാനിരിക്കെ ഏറ്റവും മികച്ച ഇലവൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് സെലക്ടർമാർ.

വെസറ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് വിശ്രമം നല്‍കി. രോഹിത് ശര്‍മ ടീമിനെ നയിക്കും.

അതിനിടെ, ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് രോഹിത് ശര്‍മ, പാര്‍ഥിവ് പട്ടേല്‍, മുരളി വിജയ് എന്നിവരെ തിരിച്ചുവിളിച്ചു. വെസ്റ്റിന്‍ഡീസിനെതിരെ ഉജ്വലമായി അരങ്ങേറിയ പൃഥ്വി ഷായും ടീമിലുണ്ട്. ഹനുമ വിഹാരിയെ നിലനിര്‍ത്തി. മായാങ്ക് അഗര്‍വാളിനെ ഒഴിവാക്കി. വെസ്റ്റിന്‍ഡീസനെതിരായ പരമ്പരയില്‍ ടീമിലുണ്ടായിരുന്നുവെങ്കിലും മായാങ്കിനെ കളിപ്പിച്ചിരുന്നില്ല.

Story by
Read More >>