ഇനി ഓസ്‌ട്രേലിയക്കായി കളിക്കില്ല; കരഞ്ഞു പറഞ്ഞ് വാർണർ

മെൽബണിൽ നടന്ന പത്ര സമ്മേളനത്തിനിടെയായിരുന്നു വികാരനിർഭരമായ മാപ്പപേക്ഷ.

ഇനി ഓസ്‌ട്രേലിയക്കായി കളിക്കില്ല; കരഞ്ഞു പറഞ്ഞ് വാർണർ

ഇനിയൊരിക്കലും ഓസ്‌ട്രേലിയക്കായി കളിക്കില്ലെന്ന് പന്ത് ചുരണ്ടാൽ വിവാദത്തിൽ ഒരു വർഷത്തെ വിലക്ക് നേരിടുന്ന ഡേവിഡ് വാർണർ. വിവാദത്തിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുവെന്നും ക്രിക്കറ്റിനെ സ്നേഹിക്കുന്ന എല്ലാവരോടും മാപ്പു ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ക്രിക്കറ്റ് കളിക്കുന്നതിലൂടെ രാജ്യത്തിന്റെ മഹത്വം ഉയർത്താനാണ് ശ്രമിച്ചത്. രാജ്യത്തിന്റെ പേര് മോശമാക്കിയതിൽ ഖേദിക്കുന്നുവെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് വാർണർ പറഞ്ഞു. മെൽബണിൽ നടന്ന പത്ര സമ്മേളനത്തിനിടെയായിരുന്നു വികാരനിർഭരമായ മാപ്പപേക്ഷ. നേരത്തെ മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തും കണ്ണീരണിഞ്ഞ് പത്ര സമ്മേളനം നടത്തിയിരുന്നു.

ദക്ഷിണാഫ്രിക്കയുമായി നടന്ന മൂന്നാം ടെസ്റ്റിനിടെയായിരുന്നു വിവാദമായ ബോൾ ചുരണ്ടാൽ സംഭവം. ഉച്ചഭക്ഷണ സമയത്ത് നടന്ന ടീം മീറ്റിംഗിൽ തീരുമാനിച്ചുറപ്പിച്ച കാര്യങ്ങൾ ഗ്രൗണ്ടിൽ നടപ്പാക്കുകയായിരുന്നു. പന്തിലെ ഗ്രിപ്പ് ഒരു ടേപ്പ് വെച്ച് ചുരണ്ടുന്ന ഓസ്‌ട്രേലിയൻ ഓപ്പണർ കാമറൺ ബാൻക്രോഫ്റ്റിന്റെ ദൃശ്യം ക്യാമറാമാൻ ഒപ്പിയെടുത്തതോടെ കാര്യങ്ങൾ കൈ വിട്ടു പോയി. ദൃശ്യം ബിഗ് സ്‌ക്രീനിൽ കണ്ട ടീം കോച്ച് ഡാരൻ ലേമാൻ വാക്കിടോക്കിയിൽ പീറ്റർ ഹാൻഡ്‌സ്‌കോമ്പിനെ കാര്യം അറിയിച്ചു. വെള്ളം കൊടുക്കാനെന്ന വ്യാജേന കളത്തിലിറങ്ങിയ ഹാൻഡ്‌സ്‌കോമ്പ് വിവരം ബാൻക്രോഫ്റ്റിനെ ധരിപ്പിച്ചു. ഇതോടെ പാന്റിന്റെ പോക്കറ്റിൽ നിന്നും ബാൻക്രോഫ്റ്റ് അടിവസ്ത്രത്തിനുള്ളിലേക്ക് ടേപ്പ് മാറ്റി. ഇതൊക്കെ ക്യാമറയിൽ പതിഞ്ഞത് കൊണ്ട് തന്നെ പത്ര സമ്മേളനത്തിൽ ബാൻക്രോഫ്റ്റ് തെറ്റ് സമ്മതിച്ചു. ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തും തെറ്റ് ഏറ്റു പറഞ്ഞു. നിലവിൽ സ്മിത്തിന് മാച്ച് ഫീയുടെ നൂറു ശതമാനം പിഴയും ഒരു ടെസ്റ്റിൽ നിന്ന് വിലക്കും ലഭിച്ചു. ഓസ്‌ട്രേലിയയുടെയും രാജസ്ഥാന്റെയും ക്യാപ്റ്റൻ സ്ഥാനത്തു നിന്നും സ്മിത്തിനെ പുറത്താക്കി.

വിശദമായ അന്വേഷണത്തിനൊടുവിൽ ബാൻക്രോഫ്റ്റിന് 9 മാസവും സ്മിത്തിനും വാർണർക്കും ഓരോ വർഷം വീതവും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കേർപ്പെടുത്തി. സൺ റൈസേഴ്സ് ക്യാപ്റ്റൻ സ്ഥാനത്തു നിന്നും വാർണറെ പുറത്താക്കി. ഇരുവരെയും ഐപിഎൽ കളിക്കുന്നതിൽ നിന്നും ഗവേണിംഗ് കമ്മറ്റി വിലക്കേർപ്പെടുത്തി. ഓസ്‌ട്രേലിയൻ കോച്ച് ഡാരൻ ലെഹ്മാനും അവസാന ടെസ്‌റ്റോടെ വിരമിക്കും.

Read More >>