പാക്കിസ്ഥാനെ ഒഴിവാക്കിയില്ലെങ്കിൽ ഇന്ത്യ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് ബിസിസിഐ

എന്നാൽ പാക്കിസ്ഥാനെ ഒഴിവാക്കി ലോകകപ്പ് നടത്താൻ സാധ്യത കുറവാണ്.

പാക്കിസ്ഥാനെ ഒഴിവാക്കിയില്ലെങ്കിൽ ഇന്ത്യ ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് ബിസിസിഐ

ഇക്കൊല്ലം നടക്കുന്ന ലോകകപ്പിൽ നിന്നും പാക്കിസ്ഥാനെ ഒഴിവാക്കിയില്ലെങ്കിൽ ഇന്ത്യ ടൂർണമെൻ്റ് ബഹിഷ്കരിക്കുമെന്ന് ബിസിസിഐ അറിയിച്ചതായി റിപ്പോർട്ട്. ഇക്കാര്യം വിശദീകരിച്ചു കൊണ്ട് ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനു കത്തയക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ബിസിസിഐ തലവന്‍ രാഹുല്‍ ജോരിയാണ് കത്ത് തയ്യാറാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ബിസിസിഐയുടെ ഈ നീക്കം. പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനെ ആഗോളതലത്തില്‍ ഒറ്റപെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്.

പുൽവാമ ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനുമായുള്ള ലോകകപ്പ് മത്സരം ഒഴിവാക്കണമെന്ന് പല കോണുകളിൽ നിന്നും ആവശ്യമുയർന്നിരുന്നു. മുൻ ഇന്ത്യൻ താരം ഹർഭജ സിംഗ് ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തെ മാനിക്കുന്നുവെന്ന് കേന്ദ്ര നിയമ വകുപ്പ് മന്ത്രി രവി ശങ്കര്‍ പ്രസാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബിസിസിഐയുടെ നടപടി.

അന്താരാഷ്ട്ര തലത്തിൽ ഈ വിഷയം ചർച്ചയായ സാഹചര്യത്തിൽ ഫെബ്രുവരി 27നു കൂടുന്ന ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം ഇത് ചര്‍ച്ച ചെയ്യാനിടയുണ്ട്. എന്നാൽ പാക്കിസ്ഥാനെ ഒഴിവാക്കി ലോകകപ്പ് നടത്താൻ സാധ്യത കുറവാണ്. ഭീകരാക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്രിക്കറ്റ് മത്സരത്തെ ബാധിക്കുമെന്ന് തോന്നുന്നില്ലെന്നും നിലവിലെ ഷെഡ്യൂളില്‍ മാറ്റങ്ങള്‍ വരുത്തുന്നില്ലെന്നുമാണ് ഐസിസി മേധാവി ഡേവ് റിച്ചാര്‍ഡ്സണ്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. നിലവില്‍ മത്സരക്രമങ്ങളില്‍ മാറ്റം വരുത്താനാകാന്‍ സാധിക്കില്ലെന്നും ഐ.സി.സി. നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും റിച്ചാര്‍ഡ്സണ്‍ വ്യക്തമാക്കിയിരുന്നു.

അതേ സമയം, പാക്കിസ്ഥാനുമായുള്ള മത്സരം ബഹിഷ്കരിക്കാൻ ഇന്ത്യക്ക് സാധിക്കും. അങ്ങനെ ചെയ്യുന്ന പക്ഷം ആ പോയിൻ്റുകൾ ഇന്ത്യക്ക് നഷ്ടമാവുകയും ടൂർണമെൻ്റിലെ മുന്നോട്ടു പോക്ക് ദുഷ്കരമാവുകയും ചെയ്യും. ജൂണ്‍ 16ന് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണ് ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മല്‍സരം നടക്കേണ്ടത്.

Read More >>