ലോകകപ്പിന്റെ അപൂർണത ബാക്കിയാക്കി ക്രിക്കറ്റ് മൈതാനത്തെ സൂപ്പർമാൻ പടിയിറങ്ങി; വിൽ മിസ് യൂ എബി

ഐപിഎല്ലിൽ, കോഹ്ലിയോടൊപ്പം റോയൽ ചലഞ്ചേഴ്‌സിന് വേണ്ടി ഇനി ഡിവില്ലിയേഴ്സ് ജേഴ്‌സി അണിയില്ല എന്നത് ഞെട്ടലുണ്ടാക്കുന്നു, നിരാശയുണ്ടാക്കുന്നു. സങ്കടവും നെടുവീർപ്പുമുണ്ടാക്കുന്നു.

ലോകകപ്പിന്റെ അപൂർണത ബാക്കിയാക്കി ക്രിക്കറ്റ് മൈതാനത്തെ സൂപ്പർമാൻ പടിയിറങ്ങി; വിൽ മിസ് യൂ എബി

അബ്രഹാം ബെഞ്ചമിൻ ഡിവില്ലിയേഴ്സ്. പുതു തലമുറയിൽ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട ക്രിക്കറ്റർ. മിസ്റ്റർ 360 ഡിഗ്രി എന്നും സൂപ്പർമാനെന്നുമൊക്കെ ആരാധനയോടെ ക്രിക്കറ്റ് പ്രേമികൾ വിളിച്ച എബി. ഡിവില്ലിയേഴ്സ് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു എന്ന വാർത്ത അവിശ്വസനീയതയോടെയാണ് കേട്ടത്. പക്ഷേ, വിശ്വസിച്ചേ മതിയാവൂ. ലോകകപ്പ് മോഹം ബാക്കി നിർത്തി എബി പാഡഴിച്ചു.

ആധുനിക ക്രിക്കറ്റിൽ ഇന്നോവേറ്റിവ് ഷോട്ടുകളുടെ അപ്പോസ്തലനായിരുന്നു എബി. കിടയറ്റ ബാറ്റിങ് ടെക്നിക്കും കോപ്പിബുക്ക് ഷോട്ടുകളും അനായാസേന കളിക്കുമായിരുന്ന എബി അപകടകാരിയാകുന്നത് ഇന്നോവേറ്റിവ് ഷോട്ടുകളിലൂടെയായിരുന്നു. മൈതാനത്തിന്റെ ഏതു വശത്തേക്കും എങ്ങനെയും പന്തടിച്ചകറ്റാനുള്ള അദ്ദേഹത്തിന്റെ കഴിവ് മോഡേൺ ക്രിക്കറ്റർമാർക്കിടയിൽ അദ്ദേഹത്തെ വേർതിരിച്ചു നിർത്തി. അത് കൊണ്ടു തന്നെ ക്രിക്കറ്റ് ലോകം അയാളെ മിസ്റ്റർ 360 ഡിഗ്രി എന്ന് വിളിച്ചു. അവർ അദ്ദേഹത്തെ വിവിയൻ റിച്ചാർഡുമായി താരതമ്യപ്പെടുത്തി.

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ റെക്കോർഡുകളുടെ പെരുമഴ തീർത്തിട്ടാണ് എബി പടിയിറങ്ങുന്നത്. ഏകദിനത്തിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധ സെഞ്ചുറി (16 പന്തില്‍), സെഞ്ചുറി (31 പന്തില്‍), 150 റണ്‍സ് (64 പന്തില്‍), ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ താരം നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ വ്യക്തിഗത സ്‌കോര്‍ (278 *) തുടങ്ങിയ റെക്കോര്‍ഡ് നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള ഡിവില്ലിയേഴ്‌സ് രണ്ടു തവണ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഈ ഡിവില്ലിയേഴ്സ് തന്നെയാണ് അഡലെയ്ഡിൽ 220 പന്തുകളിൽ നിന്ന് 30 റൺസെടുത്ത് ടീമിനെ രക്ഷിച്ചതും. ടെസ്റ്റിലും ഏകദിനത്തിലും അമ്പതിനു മുകളിലാണ് എബിയുടെ ശരാശരി.

കളിക്കളത്തിൽ എബി എന്തും ചെയ്യുമായിരുന്നു. ബാറ്റിങ് കൂടാതെ പന്തെറിഞ്ഞ് വിക്കറ്റെടുത്തിട്ടുണ്ട്. മാർക്ക് ബൗച്ചർ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചപ്പോൾ വിക്കറ്റിന് പിന്നിൽ എബി വർഷങ്ങളോളം രാജ്യത്തിനായി വിക്കറ്റ് കാത്തു. ഫീൽഡിൽ അസാമാന്യമായ അക്രോബാറ്റിക്ക് ക്യാച്ചുകളെടുത്ത് അയാൾ വിസ്മയിപ്പിച്ചു കൊണ്ടിരുന്നു. അത് കൊണ്ടു തന്നെ ക്രിക്കറ്റ് ലോകം അയാളെ സൂപ്പർമാൻ എന്ന് വിളിച്ചു. അയാൾക്കന്യമായത് ലോകകപ്പുകളായിരുന്നു. ന്യൂസിലൻഡിനോട് പരാജയപ്പെട്ട് കഴിഞ്ഞ ലോകകപ്പിൽ ദക്ഷിണാഫ്രിക്ക പുറത്താകുമ്പോൾ കണ്ണീരണിഞ്ഞ അയാൾക്കൊപ്പം ലോകം മുഴുവൻ കരഞ്ഞു. കാരണം എബിക്ക് വിരോധികളല്ലായിരുന്നു.

കളിക്കളത്തിൽ മാന്യതയുടെ ആൾരൂപമായിരുന്നു ഡിവില്ലിയേഴ്സ്. ആരോടെങ്കിലും ദേഷ്യപ്പെടുകയോ വെറുപ്പ് പ്രകടിപ്പിക്കുകയോ എന്നത് അദ്ദേഹത്തിന് അന്യമായിരുന്നു. പോയ ഇടങ്ങളിലെല്ലാം തന്നെ ചങ്ക് പറിച്ച് സ്നേഹിക്കുന്ന കുറെ ആരാധകരെ അദ്ദേഹമുണ്ടാക്കി. അത് കൊണ്ടു തന്നെ ക്രിക്കറ്റ് ലോകം അദ്ദേഹത്തെ മിസ്റ്റർ ക്രിക്കറ്റ് എന്ന് വിളിച്ചു.

ഇന്ത്യയിൽ ഡിവില്ലിയേഴ്‌സിനോളം കാണികളുടെ സ്നേഹം പിടിച്ചു പറ്റിയ മറ്റൊരു വിദേശ ക്രിക്കറ്ററില്ല. എബിക്കും ഇന്ത്യയോട് അടങ്ങാത്ത പ്രണയമായിരുന്നു. ഇന്ത്യാ പ്രേമം മൂത്ത് തന്റെ മൂന്നാമത്തെ കുട്ടിക്ക് താജ് എന്നാണ് അദ്ദേഹം പേര് വെച്ചത്. വിദേശത്ത് കളിക്കാനില്ല എന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്കും തിരിച്ചടിയാണ്. ഐപിഎല്ലിൽ, കോഹ്ലിയോടൊപ്പം ഇനി ഡിവില്ലിയേഴ്സ് ജേഴ്‌സി അണിയില്ല എന്നത് ഞെട്ടലുണ്ടാക്കുന്നു, നിരാശയുണ്ടാക്കുന്നു. സങ്കടവും നെടുവീർപ്പുമുണ്ടാക്കുന്നു. എബി, നിങ്ങളെ ഉറപ്പായും ഞങ്ങൾ മിസ് ചെയ്യുക തന്നെ ചെയ്യും.

Read More >>