ഹിറ്റ്മാനും സംഘവും തയ്യാർ; ഏഷ്യാകപ്പിന് നാളെ തുടക്കം

അടുത്ത ചൊവ്വാഴ്ച ഹോംങ്കോംഗിനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം.

ഹിറ്റ്മാനും സംഘവും തയ്യാർ; ഏഷ്യാകപ്പിന് നാളെ തുടക്കം

14-ാമത് ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് നാളെ ദുബായിൽ തുടക്കമാകും. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്കൊപ്പം ക്വാളിഫയിംഗ് ടൂർണമെന്റ് ജയിച്ചെത്തിയ ഹോംഗ് കോംഗും ഇത്തവണ മത്സരിക്കാനിറങ്ങും. നാളെ ബംഗ്ളാദേശും ശ്രീലങ്കയും തമ്മിലാണ് ആദ്യമത്സരം. ഏകദിന ഫോർമാറ്റിലാണ് ഇക്കുറി ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

അടുത്ത ചൊവ്വാഴ്ച ഹോംങ്കോംഗിനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. ബുധനാഴ്ച ഇന്ത്യ പാകിസ്ഥാനെ നേരിടും. സ്ഥിരം നായകൻ വിരാട് കോഹ്‌ലിക്ക് വിശ്രമം നൽകിയിരിക്കുന്നതിനാൽ രോഹിത് ശർമ്മയാണ് ഇന്ത്യയെ നയിക്കുന്നത്. മഹേന്ദ്ര സിംഗ് ധോണി, ശിഖർ ധവാൻ, ദിനേഷ് കാർത്തിക്, ഭുവനേശ്വർ കുമാർ തുടങ്ങിയ സീനിയേഴ്സിനൊപ്പം യുവതാരങ്ങളെയും അണിനിരത്തിയാണ് ഇന്ത്യ ടൂർണമെന്റിന് ഒരുങ്ങുന്നത്.

മൂന്ന് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് പ്രാഥമിക റൗണ്ട് മത്സരം. ഇന്ത്യയുടെ ഗ്രൂപ്പിൽ പാകിസ്ഥാനും ഹോംങ്കോംഗുമാണുള്ളത്. ഒാരോ ഗ്രൂപ്പിലെയും ആദ്യരണ്ട് സ്ഥാനക്കാർ വീതം സൂപ്പർ ഫോറിലേക്ക് എത്തും. സൂപ്പർഫോറിൽ നാല് ടീമുകളും പരസ്പരം ഏറ്റുമുട്ടും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന രണ്ട് ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടും ഇൗ മാസം 28 നാണ് ഫൈനൽ.

Read More >>