ഇന്ത്യ-പാക്ക് മത്സരം: സച്ചിനെ രാജ്യദ്രോഹിയാക്കി അർണാബ്; ചർച്ചക്കെത്തിയവർ ഇറങ്ങിപ്പോയി

പുല്‍വാമയില്‍ ആക്രമണമുണ്ടായപ്പോള്‍ ഡോക്യുമെന്ററി ഷൂട്ട് ചെയ്യാന്‍ പോയ നിങ്ങളുടെ ബോസ് മോദിയെ എന്തുകൊണ്ട് വിളിക്കുന്നില്ലെന്ന് ചോദിച്ചു കൊണ്ടായിരുന്നു അശുതോഷ് ഇറങ്ങിപ്പോയത്.

ഇന്ത്യ-പാക്ക് മത്സരം: സച്ചിനെ രാജ്യദ്രോഹിയാക്കി അർണാബ്; ചർച്ചക്കെത്തിയവർ ഇറങ്ങിപ്പോയി

ലോകകപ്പിൽ പാക്കിസ്ഥാനെതിരെയുള്ള മത്സരം ഇന്ത്യ ബഹിഷ്കരിക്കരുതെന്നാവശ്യപ്പെട്ട ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെ രാജ്യദ്രോഹിയാക്കി അർണാബ് ഗോസ്വാമി. റിപ്പബ്ലിക്ക് ചാനലിൽ നടന്ന ഒരു ചർച്ചക്കിടെയായിരുന്നു അർണാബിൻ്റെ പരാമർശം. ഇതോടെ ചർച്ചക്കെത്തിയ രാഷ്ടീയ നിരീക്ഷകന്‍ സുദീന്ദ്ര കുല്‍ക്കര്‍ണിയും എഎപി നേതാവ് അശുതോഷും ചർച്ച ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.

"ഞാന്‍ ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ല. സച്ചിന്‍ പറഞ്ഞത് 100 ശതമാനവും തെറ്റാണ്. വിവരമുണ്ടെങ്കില്‍ സച്ചിന്‍ പറയേണ്ടിയിരുന്നത് ഇന്ത്യ പാക്കിസ്ഥാനൊപ്പം കളിക്കില്ലെന്നായിരുന്നു. സുനില്‍ ഗവാസ്‌കറും ഇത് തന്നെ പറയേണ്ടയാളാണ്. പക്ഷെ രണ്ടു പേരും പറഞ്ഞത് രണ്ട് പോയിന്റ് വേണമെന്നാണ്. രണ്ടു പേരും പറഞ്ഞത് തീര്‍ത്തും തെറ്റാണ്. നമുക്ക് രണ്ട് പോയിന്റല്ല, പ്രതികാരമാണ് വലുത്. സച്ചിന്‍ രണ്ട് പോയിന്റ് എടുത്ത് ചവറ്റു കൊട്ടയിലിടണം-" അര്‍ണബ് പറഞ്ഞു.

പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യക്കൊപ്പമുള്ളവർ, ഇന്ത്യക്കൊപ്പം ഇല്ലാത്തവർ ഈ രണ്ടു കൂട്ടരേ ഇന്നു രാജ്യത്ത് ഉള്ളൂവെന്നും ഗോസ്വാമി പറഞ്ഞു. മത്സരം ഉപേക്ഷക്കരുതെന്നു പറഞ്ഞ ഗാംഗുലിയുടെ നിലപാടിനെ അർണാബ് അഭിനന്ദിക്കുകയും ചെയ്തു.

നിങ്ങള്‍‌ സച്ചിനെയും ഗവാസ്കറെയും രാജ്യദ്രോഹിയാക്കുകയാണെന്ന് തുറന്നടിച്ചായിരുന്നു സുദീന്ദ്ര കുൽക്കർണിയും അശുതോഷും ചർച്ച ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്.

പുല്‍വാമയില്‍ ആക്രമണമുണ്ടായപ്പോള്‍ ഡോക്യുമെന്ററി ഷൂട്ട് ചെയ്യാന്‍ പോയ നിങ്ങളുടെ ബോസ് മോദിയെ എന്തുകൊണ്ട് വിളിക്കുന്നില്ലെന്ന് ചോദിച്ചു കൊണ്ടായിരുന്നു അശുതോഷ് ഇറങ്ങിപ്പോയത്. എന്നാല്‍ ഇതിന് മറുപടി പറയാന്‍ ഗോസ്വാമി കൂട്ടാക്കിയില്ല. സച്ചിനും കപില്‍ ദേവും ഗവാസ്‌കറുമാണ് ഇക്കാര്യത്തില്‍ ആദ്യം എതിര്‍പ്പ് രേഖപ്പെടുത്തേണ്ടതെന്നാണ് ഗോസ്വാമി പറയുന്നത്.