ഐപിഎൽ ലേലം; കോടിക്കിലുക്കം കൊണ്ട് ഞെട്ടിച്ച 'പിള്ളേർ' ഇവരാണ്

അന്താരാഷ്ട്ര താരങ്ങളേക്കാൾ ഞെട്ടിച്ച കുട്ടിത്താരങ്ങൾ ഇക്കൊല്ലവും ലേലത്തിന് കൊഴുപ്പു കൂട്ടി. കോടിക്കിലുക്കം നേടിയ 'പിള്ളേർ' ഇവരാണ്.

ഐപിഎൽ ലേലം; കോടിക്കിലുക്കം കൊണ്ട് ഞെട്ടിച്ച പിള്ളേർ ഇവരാണ്

ഐപിഎൽ ലേലത്തിൽ എല്ലാ വർഷത്തെയും പോലെ ഇക്കൊല്ലവും ചില ഞെട്ടലുകളുണ്ടായി. അപ്രതീക്ഷിതമായ ചില വാങ്ങലുകളും അപ്രതീക്ഷിതമായ ചില ഒഴിവാക്കലുകളും കണ്ടു. അന്താരാഷ്ട്ര താരങ്ങളേക്കാൾ ഞെട്ടിച്ച കുട്ടിത്താരങ്ങൾ ഇക്കൊല്ലവും ലേലത്തിന് കൊഴുപ്പു കൂട്ടി. കോടിക്കിലുക്കം നേടിയ 'പിള്ളേർ' ഇവരാണ്.

വരുൺ ചക്രവർത്തി (കിംഗ്സ് ഇലവൻ പഞ്ചാബ്- 8.4 കോടി)

ലേലത്തിലെ ഏറ്റവും വലിയ സസ്പൻസ് ആയിരുന്നു തമിഴ്നാട്ടുകാരനായ ഈ സ്പിന്നർ. കഴിഞ്ഞ തമിഴ്നാട് പ്രീമിയർ ലീഗിലെ അസാമാന്യ പ്രകടനമാണ് വരുണിന് തുണയായത്. തുടർന്ന് നടന്ന വിജയ് ഹസാരെ ട്രോഫിയിൽ 22 വിക്കറ്റുകളുമായി ഗ്രൂപ്പ് സ്റ്റേജിൽ ഏറ്റവുമധികം വിക്കറ്റെടുത്ത വരുൺ ക്രിക്കറ്റ് ലോകത്തിനു മുന്നിൽ തൻ്റെ സാന്നിധ്യം കൃത്യമായി അടയാളപ്പെടുത്തുകയായിരുന്നു.

ഉർവ്വശീ ശാപം ഉപകാരമായ കഥയാണ് വരുണിന് പറയാനുള്ളത്. പേസ് ബൗളറായി ചില ക്ലബുകൾക്ക് വേണ്ടി കളിച്ചു കൊണ്ടിരിക്കെ കാൽ മുട്ടിനു പരിക്കേറ്റ വരുൺ പിന്നീട് സ്പിന്നറായി മാറുകയായിരുന്നു. തെരുവിലെ ടെന്നീസ് ബോൾ ക്രിക്കറ്റിൽ നിന്നും വ്യത്യസ്തമായ വേരിയേഷനുകൾ വികസിപ്പിച്ചെടുത്ത വരുൺ പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല. സിഎസ്‌കെ, കെകെആർ എന്നീ ക്ലബുകളുടെ ട്രയൽസിലും നെറ്റ്സിലും പന്തെറിഞ്ഞതോടെ ഐപിഎൽ വരുണിനെ ശ്രദ്ധിക്കാൻ തുടങ്ങി. ഏഴ് തരം വേരിയേഷനുകൾ തനിക്കുണ്ടെന്നാണ് വരുൺ പറയുന്നത്.

13ആം വയസ്സിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി കളി തുടങ്ങിയ വരുൺ കോളേജ് പഠനം ആരംഭിച്ചപ്പോൾ ക്രിക്കറ്റ് നിർത്തി. ചെന്നൈ എസ്ആർഎം സർവ്വകലാശാലയിൽ നിന്നും ആർക്കിടെക്ചറിൽ ബിരുദം നേടിയ ശേഷമായിരുന്നു പേസറായി വരുണിൻ്റെ രണ്ടാം അവതാരം. ഇപ്പോൾ എട്ടരക്കോടിക്ക് പഞ്ചാബിലെത്തി നിൽക്കുന്നു.

ശിവം ദുബേ (ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്- 5 കോടി)

വലം കയ്യൻ മീഡിയം പേസറും ഇടം കയ്യൻ കൂറ്റനടിക്കാരനുമായ ദുബേ മുംബൈ ടി-20 ലീഗിലാണ് ശ്രദ്ധ നേടുന്നത്. തുടർന്ന് നടന്ന രഞ്ജിയടക്കമുള്ള ദേശീയ മത്സരങ്ങളിലും തൻ്റെ മികച്ച പ്രകടനം ദുബേ തുടർന്നു. വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്ക് വേണ്ടി നടത്തിയ പ്രകടനങ്ങൾ ദുബേയ്ക്ക് ദേശീയ ശ്രദ്ധ നേടിക്കൊടുത്തു. മുംബൈ ലീഗിൽ പ്രവീൺ താംബെയുടെ ഒരോവറിൽ തുടർച്ചയായി അഞ്ച് സിക്സറുകൾ അടിച്ച ദുബേ ബറോഡയ്ക്കെതിരെ നടന്ന രഞ്ജി മത്സരത്തിൽ സ്വപ്നിൽ സിംഗിനെതിരെയും ഇതേ പ്രകടനം ആവർത്തിച്ചു. ലേലത്തിന് ഒരു ദിവസം മുൻപ് നടന്ന ഈ പ്രകടനമാണ് ദുബേയെ ബാംഗ്ലൂരിൽ എത്തിക്കുന്നത്.

മുംബൈ അണ്ടർ-23 നു വേണ്ടി നടത്തിയ ഗംഭീര പ്രകടനങ്ങളാണ് മുംബൈ സീനിയർ ടീമിലേക്ക് ദുബേക്ക് വഴിയൊരുക്കുന്നത്. ബാറ്റ്സ്മാൻ എന്ന നിലയിലും ബൗളർ എന്ന നിലയിലും തുടർച്ചയായ പുരോഗതിയും ദുബേ കാഴ്ച് വെക്കുന്നുണ്ട്.

പ്രഭ്സിമ്രാൻ സിംഗ് (കിംഗ്സ് ഇലവൻ പഞ്ചാബ്- 4.8 കോടി)

പഞ്ചാബ് താരം അന്മോൾപ്രീത് സിംഗിൻ്റെ കസിനാണ് പ്രഭ്സിമ്രാൻ. ഓസ്ട്രേലിയൻ ക്രിക്കറ്റർ ആദം ഗിൽക്രിസ്റ്റിനെ ഇഷ്ടപ്പെടുന്ന പ്രഭ്സിമ്രാൻ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ്. അമൃത്സറിനെതിരെ നടന്ന അണ്ടർ- 23 മത്സരത്തിൽ 298 റൺസ് അടിച്ചതോടെയാണ് പ്രഭ്സിമ്രാൻ വാർത്തകളിൽ നിറയുന്നത്.

രാജ്യത്തെ ഏറ്റവും മികച്ച 5 അണ്ടർ-19 വിക്കറ്റ് കീപ്പർമാരിൽ ഒരാളായും പ്രഭ്സിമ്രാൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ അണ്ടർ-19, അണ്ടർ-23 ടീമുകളിലും പ്രഭ്സിമ്രാൻ ഉൾപ്പെട്ടിട്ടുണ്ട്.

പ്രയാസ് റേ ബർമ്മൻ (റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ- 1.5 കോടി)

ബെംഗാളിൽ നിന്നുള്ള ലെഗ് സ്പിന്നറാണ് പ്രയാസ് റേ ബർമ്മൻ. ഇക്കൊല്ലം സീനിയർ ടീമിനു വേണ്ടി അരങ്ങേറ്റം കുറിച്ച പ്രയാസ് വിജയ് ഹസാരെ ട്രോഫിയിൽ 4.45 എക്കണോമി റേറ്റിൽ 9 മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റുകളാണ് പിഴുതത്. ജമ്മു കാശ്മീരിനെതിരെ 20 റൺസിന് നാല് വിക്കറ്റുകൾ വീഴ്ത്തിയ പ്രയാസിൻ്റെ മികവിലാണ് ആ മത്സരം ബെംഗാൾ ജയിച്ചത്.

Story by