അഫ്‌ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ്; ബെംഗളൂരുവിൽ നാളെ ചരിത്രം പിറക്കും

സ്പിൻ ഉപയോഗിച്ചതാണ് തങ്ങൾ ഇന്ത്യയെ തളയ്ക്കുക എന്ന് അഫ്‌ഗാനിസ്ഥാനും പ്രഖ്യാപിച്ചു കഴിഞ്ഞു.

അഫ്‌ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ്; ബെംഗളൂരുവിൽ നാളെ ചരിത്രം പിറക്കും

ടെസ്റ്റ് പദവി ലഭിച്ചതിന് ശേഷമുള്ള അഫ്‌ഗാനിസ്ഥാന്റെ ആദ്യ ടെസ്റ്റ് മത്സരം നാളെ ബെംഗളൂരുവിൽ ഇന്ത്യക്കെതിരെ നടക്കും. എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നാളെ പുലർച്ചെ 9.30 മുതലാണ് ചരിത്ര മത്സരം ആരംഭിക്കുക. അഫ്‌ഗാനിസ്ഥാനോപ്പം ടെസ്റ്റ് പദവി ലഭിച്ച അയർലണ്ടിന്റെ ആദ്യ മത്സരം കഴിഞ്ഞ മാസം ഡർബനിൽ നടന്നിരുന്നു. മത്സരത്തിൽ എതിരാളികളായ പാക്കിസ്ഥാനെ വിറപ്പിച്ചാണ് ആതിഥേയർ കീഴടങ്ങിയത്. അയർലണ്ടിന്റെ ടെസ്റ്റ് ചരിത്രത്തിലെ ആദ്യ സെഞ്ചുറിയും മത്സരത്തിൽ പിറന്നിരുന്നു. കെവിൻ ഒബ്രിയാനാണ്‌ സെഞ്ചുറി നേടി റെക്കോർഡ് ബുക്കിൽ ഇടം നേടിയത്.

ക്രിക്കറ്റ് കളിച്ചു തുടങ്ങിയിട്ട് ഏറെ നാളായില്ലെങ്കിലും വളരെ വേഗത്തിൽ വളർച്ച പ്രാപിച്ചതാണ് അഫ്‌ഗാനിസ്ഥാൻ ക്രിക്കറ്റ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്ന മൂന്ന് താരങ്ങളുൾപ്പെടെ മികച്ച ഒരുപിടി കളിക്കാർ അഫ്ഗാൻ നിരയിലുണ്ട്. ടി-20 യിലെ ഏറ്റവും മികച്ച ബൗളറായ റാഷിദ് ഖാനും നിഗൂഢ സ്പിന്നർ മുജീബുൽ റഹ്‌മാനുമടങ്ങിയ സ്പിൻ നിര തന്നെയാണ് അഫ്‌ഗാനിസ്ഥാന്റെ ശക്തി. ഇവർക്കൊപ്പം പുതുമുഖ ചൈനാമാൻ സ്പിന്നർ സാഹിർ ഖാനും സീനിയർ താരം മുഹമ്മദ് നബിയും ചേരുന്നതോടെ സ്പിൻ ഡിപ്പാർട്ട്മെന്റ് വളരെ ശക്തമാണ്. സ്പിൻ ഉപയോഗിച്ചതാണ് തങ്ങൾ ഇന്ത്യയെ തളയ്ക്കുക എന്ന് അഫ്‌ഗാനിസ്ഥാനും പ്രഖ്യാപിച്ചു കഴിഞ്ഞു.

മറുവശത്ത്, വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ അജിങ്ക്യ രഹാനെയുടെ കീഴിൽ കളിക്കാനിറങ്ങുന്ന ഇന്ത്യൻ ടീമിൽ ഏറെ മാറ്റങ്ങളില്ല. വർഷങ്ങൾക്കു ശേഷം ടീമിൽ മടങ്ങിയെത്തിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേശ് കാർത്തിക്കും ആദ്യമായി ഇന്ത്യൻ ടീമിൽ ഇടം നേടിയ പുതുമുഖ താരം നവദീപ് സൈനിയുമാണ് ഇന്ത്യൻ ടീമിലെ വിശേഷം. രഹാനെയ്ക്കും കാർത്തികിനുമൊപ്പം കെഎൽ രാഹുൽ, മുരളി വിജയ്, ചേതേശ്വർ പൂജാര, കരുൺ നായർ, ശിഖർ ധവാൻ തുടങ്ങിയവർ കൂടി ഉൾപ്പെടുന്ന ബാറ്റിങ് യൂണിറ്റിന് പ്രശ്നങ്ങളൊന്നുമില്ല. ഇഷാന്ത് ശർമ്മ, ഉമേഷ് യാദവ് എന്നീ സീനിയർ കളിക്കാർക്കൊപ്പം ഷർദുൽ താക്കൂർ, നവദീപ് സൈനി, ഓൾറൗണ്ടർമാരായ ഹർദ്ദിക്ക് പാണ്ട്യ, രവീന്ദ്ര ജഡേജ, സ്പിന്നർമാരായ അശ്വിൻ, കുൽദീപ് യാദവ് എന്നിവരും ഇന്ത്യയുടെ ഫുൾ സ്ട്രെങ്ത് സ്‌ക്വാഡിൽ പെട്ടവരാണ്.

Read More >>