ഐ ലീഗ് ആവർത്തിക്കാൻ ബെംഗളൂരു; മഞ്ഞപ്പടയ്ക്ക് ഭീഷണിയായി വെസ്റ്റ് ബ്ലോക്ക് ബ്ലൂസ്

യൂറോപ്യൻ ക്ലബ്ബുകളുടെ പ്രൊഫഷണലിസവും കുറ്റമറ്റ ഗ്രാസ് റൂട്ട് ഡെവലപ്മെന്റ് സിസ്റ്റവുമൊക്കെയായി ബെംഗളൂരു എഫ്‌സി ഇന്ത്യയിലെ മറ്റു ക്ലബ്ബുകളേക്കാൾ ബഹുദൂരം മുന്നിൽ നിന്നാണ് യാത്ര തുടങ്ങിയത്. യുവ ഫുട്ബോൾ പ്രതിഭകളെ വളർത്തുക എന്ന ലക്ഷ്യം വെച്ച് 2014 ഏപ്രിലിൽ ബി.എഫ്.സി സോക്കർ സ്കൂൾ തുടങ്ങിയ ബെംഗളൂരു എഫ്‌സിയാണ് ഇന്ത്യയിൽ ഗ്രാസ് റൂട്ട് ഡെവലപ്മെന്റിന് തുടക്കം കുറിച്ചത്.

ഐ ലീഗ് ആവർത്തിക്കാൻ ബെംഗളൂരു; മഞ്ഞപ്പടയ്ക്ക് ഭീഷണിയായി വെസ്റ്റ് ബ്ലോക്ക് ബ്ലൂസ്

ബെംഗളൂരു എഫ്‌സി ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലേക്ക് വരുന്നത് തന്നെ ഐ ലീഗ് കിരീടം നേടിക്കൊണ്ടാണ്. 2013ൽ രൂപീകരിക്കപ്പെട്ട ടീം ആ വർഷത്തെ ഐ ലീഗ് ചാമ്പ്യന്മാരായി. ഐ ലീഗിലെ മറ്റു ക്ലബുകൾ പോലെയല്ല ബെംഗളൂരു എഫ്സിയുടെ ഘടന. യൂറോപ്യൻ ക്ലബുകളുടെ പ്രൊഫഷണലിസവും കുറ്റമറ്റ ഗ്രാസ് റൂട്ട് ഡെവലപ്മെന്റ് സിസ്റ്റവുമൊക്കെയായി ബെംഗളൂരു എഫ്‌സി ഇന്ത്യയിലെ മറ്റു ക്ലബ്ബുകളെക്കാൾ ബഹുദൂരം മുന്നിൽ നിന്നാണ് യാത്ര തുടങ്ങിയത്. ഏപ്രിൽ 2014 ൽ ക്ലബ്ബ് യുവ ഫുട്ബോൾ പ്രതിഭകളെ വളർത്തുക എന്ന ലക്ഷ്യം വെച്ച് നഗരത്തിൽ ബിഎഫ്സി സോക്കർ സ്കൂൾ തുടങ്ങിയ ബെംഗളൂരു എഫ്‌സിയാണ് ഇന്ത്യയിൽ ഗ്രാസ് റൂട്ട് ഡെവലപ്മെന്റിന് തുടക്കം കുറിച്ചത്. ഐ ലീഗിൽ തൊട്ടടുത്ത വർഷം രണ്ടാം സ്ഥാനം നേടിയ ബെംഗളൂരു എഫ്‌സി മൂന്നാം തവണ കിരീടം തിരിച്ച് പിടിച്ചു. ഐ ലീഗിന്റെ ചരിത്രത്തിൽ ഇത്ര സ്ഥിരതയുള്ള ഒരു പുതുമുഖ ടീം ഉണ്ടായിട്ടില്ല. നാല് സീസണുകളിലെ ഐ ലീഗ് പങ്കാളിത്തത്തിനു ശേഷമാണ് അഞ്ചാം വർഷം ക്ലബ് ഇന്ത്യയിലെ ഏറ്റവും ഗ്ലാമറുള്ള ഫുട്ബോൾ ലീഗായ ഐഎസ്എല്ലിൽ ഹരിശ്രീ കുറിക്കാനൊരുങ്ങുന്നത്.

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും ബ്ലാക്ക്ബേൺ റോവേഴ്സ് അസിസ്റ്റന്റ് മാനേജരുമായിരുന്ന ആഷ്‌ലി വെസ്റ്റ്‌വുഡിനെ മുഖ്യ പരിശീലകനാക്കി നിയമിക്കുമ്പോൾ ടീം ഉടമകളായ ജെഎസ്ഡബ്‌ള്യു ഗ്രൂപ്പ് ഐ ലീഗിലെ കൊതിപ്പിക്കുന്ന ഈ പ്രയാണം സ്വപ്നം പോലും കണ്ടിട്ടുണ്ടാവില്ല. എന്നാൽ അന്താരാഷ്ട്ര മത്‌സര പരിചയവും ബ്ളാക്ക്ബേൺ പോലെയൊരു യൂറോപ്യൻ മുൻനിര ക്ലബിലെ അസിസ്റ്റന്റ് മാനേജർ റോളും ആഷ്‌ലിയെ ഒരു മികച്ച പരിശീലകനാക്കി മാറ്റിയിരുന്നു.

അധികം അറിയപ്പെടാത്ത യൂറോപ്യൻ കളിക്കാരെ ടീമിലെത്തിച്ച വെസ്റ്റ്‌വുഡ് ബൈച്ചുങ് ബൂട്ടിയ്ക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച കളിക്കാരനായ സുനിൽ ഛേത്രിയെയും റാഞ്ചി. തുടർന്നുള്ള മൂന്ന് വർഷങ്ങൾ ബെംഗളൂരു എഫ്‌സി ഐ ലീഗിൽ വ്യക്തമായ ആധിപത്യം കാത്തു സൂക്ഷിച്ചു. രണ്ട് കിരീടങ്ങളും ഒരു രണ്ടാം സ്ഥാനവുമായി ഇന്ത്യൻ ഫുട്ബോളിൽ പുതിയ പവർ ഹൗസായി ബെംഗളൂരു മാറി. മൂന്ന് സീസണുകൾക്ക് ശേഷം കഴിഞ്ഞ വർഷം ക്ലബും കോച്ചും പരസ്പരധാരണയോടെ വേർപിരിഞ്ഞു. മുൻ ബാഴ്‌സലോണ പരിശീലകൻ ആൽബർട്ട് റോക്ക പരിശീലക കുപ്പായമണിഞ്ഞ് ബെംഗളൂരുവിലേക്ക് വിമാനം കയറി. പക്ഷെ, വെസ്റ്റ്‌വുഡ് വിട്ടിട്ടു പോയ പാരമ്പര്യം തുടരാൻ തന്റെ ആദ്യ സീസണിൽ റോക്കയ്ക്ക് കഴിഞ്ഞില്ല. കഴിഞ്ഞ സീസണിൽ നാലാം സ്ഥാനത്താണ് ബെംഗളൂരു എഫ്‌സി ഐ ലീഗ് യാത്ര അവസാനിപ്പിച്ചത്.

കേരളാ ബ്ളാസ്റ്റേഴ്‌സിന്റെ മത്സരങ്ങളിലെല്ലാം പന്ത്രണ്ടാമനായി കളിക്കുന്ന കാണികളാണ് ബെംഗളുരുവിന്റെയും ശക്തി. മത്സരങ്ങൾക്കെല്ലാം ടീമിനോടൊപ്പം സഞ്ചരിക്കുന്ന കാണികൾ സ്റ്റേഡിയത്തിൽ നീലക്കടൽ തീർക്കുമ്പോൾ എതിരാളികൾ സമ്മർദ്ദത്തിലാകും. ബെംഗളൂരു എഫ്സിയുടെ ഹോം ഗ്രൗണ്ടായ ബെംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്ത്യയും മക്കാവുവും തമ്മിലുള്ള ഏഷ്യ കപ്പ് മത്‌സരം നടക്കുന്നു. സ്റ്റേഡിയത്തിൽ ഏറിയ പങ്കും ബെംഗളൂരു എഫ്‌സി ആരാധകരാണ്. മക്കാവു പോസ്റ്റിലേക്കുള്ള ഇന്ത്യൻ മുന്നേറ്റത്തിനിടെ സുനിൽ ഛേത്രിയ്‌ക്കെതിരെ റഫറി ഓഫ് സൈഡ് വിധിച്ചു. തീരുമാനത്തിൽ പ്രതിഷേധമറിയിച്ചു കൊണ്ട് സ്റ്റേഡിയത്തിന്റെ വെസ്റ്റ് ബ്ലോക്ക് എയില്‍ നിന്ന് റഫറിക്കെതിരെയുള്ള മുദ്രാവാക്യം ഉയര്‍ന്നു.

നീലക്കുപ്പയമണിഞ്ഞ നൂറുകണക്കിന് ആരാധകരുടെ മുറവിളി കണ്ഠീരവ സ്റ്റേഡിയത്തിലെങ്ങും അലയടിച്ചു. ബെംഗളൂരു എഫ്സിയുടെ ആരാധകക്കൂട്ടമായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസാണ് തൊണ്ടപൊട്ടി ഇന്ത്യക്കായി അലറിവിളിച്ചത്. ബെംഗളുരു എഫ്സിയുടെ പന്ത്രണ്ടാമന്‍ എന്ന് കളിക്കാരും പരിശീലകനും വിശേഷിപ്പിച്ച ആരാധക സംഘം. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലെ വെസ്റ്റ് ബ്ലോക്ക് എയില്‍ ഇരുന്ന് കളി കണ്ടവരാണ് വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് എന്ന് അറിയപ്പെട്ടു തുടങ്ങിയത്. ഏഷ്യയിലെ ഏറ്റവും വലിയ ഫുട്ബോൾ ബാനർ എന്ന റെക്കോർഡ് ഏറെക്കാലം വെസ്റ്റ് ബ്ലോക്ക് ബ്ലൂസിന് സ്വന്തമായിരുന്നു.

സൂപ്പർ ലീഗിന് പന്തുരുളും മുൻപേ കേരളാ ബ്ളാസ്റ്റേഴ്‌സിന്റെ മുഖ്യ എതിരാളിയായി ബെംഗളുരു എഫ്‌സി മാറിയത് ഇക്കഴിഞ്ഞ എഎഫ്‌സി കപ്പ് ചാമ്പ്യൻഷിപ്പിലാണ്. എഎഫ്സി കപ്പ് ഇന്റര്‍ സോണ്‍ സെമി ഫൈനലിനിടെ ബംഗളൂരു എഫ് സി താരങ്ങളായിരുന്ന റിനോ ആന്റോയും സി കെ വിനീതും സ്റ്റേഡിയത്തിലിരിക്കെ കേരള ബ്ലാസ്റ്റേഴ്സിനെ അസഭ്യം പറഞ്ഞതോടെയാണ് മഞ്ഞപ്പടയും വെസ്റ്റ് ബ്ലോക്ക് ബ്ലൂസും ശത്രുക്കളായാത്. ബെംഗളൂരു എഫ്‌സി ഐഎസ്എല്ലിൽ അരങ്ങേറ്റം കുറിക്കും മുൻപേ കേരളാ ബ്ളാസ്റ്റേഴ്‍സിന് ശത്രുക്കളായി മാറിക്കഴിഞ്ഞു. ശ്രീ കണ്ഠീരവയിൽ ബെംഗളൂരുവിനെതിരെയുള്ള പോരാട്ടം നടക്കുമ്പോൾ സ്റ്റേഡിയം മുഴുവൻ മഞ്ഞക്കടലാക്കും എന്ന് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടമായ മഞ്ഞപ്പട വെല്ലുവിളിച്ചിട്ടുണ്ട്.

സന്തുലിതമായ ടീമാണ് ബെംഗളൂരു എഫ്‌സിയുടേത്. ബെഞ്ച് വാമിംഗിന് മാത്രമായിട്ടുള്ള താരങ്ങളാരും ടീമിലില്ല. സ്പാനിഷ് ക്ളബുകളായ വലൻസിയ, ഗെറ്റാഫെ, റയോ വല്ലേക്കാനോ എന്നിവകളിലൂടെ ഫുട്ബോൾ കരിയർ കെട്ടിപ്പടുത്ത മിക്കുവാണ് ബെംഗളൂരു എഫ്സിയുടെ പ്രധാന സ്‌ട്രൈക്കർ. വെനിസ്വേലക്കാരനായ മിക്കു കഴിഞ്ഞ വർഷത്തെ ലാ ലീഗ സീസണിലെ ബെസ്റ്റ് പ്ലയെർ ഓഫ് ദി മന്ത് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മുൻ ബാഴ്‌സലോണ മാനേജരായിരുന്ന ആൽബർട്ട് റോക്ക സ്പാനിഷ് ക്ളബുകളെക്കുറിച്ചും കളിക്കാരെക്കുറിച്ചും നന്നായി അറിവുള്ളയാളാണ്. അത് കൊണ്ട് തന്നെ മിക്കു ബെംഗളുരു മുന്നേറ്റ നിരയിൽ ചലനങ്ങൾ സൃഷ്ടിച്ചേക്കും.

മിക്കുവിനോടൊപ്പം മുന്നേറ്റ നിരയിൽ ബൂട്ട് കെട്ടുന്ന മറ്റൊരു താരമാണ് സുനിൽ ഛേത്രി. നിലവിൽ ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ ഫുട്ബോളറാണ് ഛേത്രി. 2002ൽ മോഹൻ ബഗാനിലൂടെ കളി തുടങ്ങിയ ഛേത്രി ഈസ്റ്റ് ബംഗാൾ, ഡെംപോ, ചിരാഗ് യുണൈറ്റഡ് വിദേശ ക്ളബുകളായ കൻസാസ് സിറ്റി, സ്പോർട്ടിംഗ്, ചർച്ചിൽ യുണൈറ്റഡ് എന്നിവകളിലൊക്കെ കളിച്ചിട്ടുണ്ട്. ബൈച്ചുങ് ബൂട്ടിയ്ക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കറായ ഛേത്രി കഴിഞ്ഞ രണ്ട് ഐഎസ്എൽ സീസണുകളിൽ മുംബൈ സിറ്റിക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഇന്ത്യൻ ദേശീയ ടീമിന്റെ ക്യാപ്റ്റനും ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററുമായ ഛേത്രി മറ്റു ടീമുകൾക്ക് തലവേദനയാകുമെന്നുറപ്പ്.

ഛേത്രിയ്ക്കും മിക്കുവിനുമൊപ്പം മുന്നേറ്റ നിരയിൽ എഐഎഫ്എഫ് എലൈറ്റ് അക്കാദമിയുടെ സൃഷ്ടിയായ ഡാനിയാലും ഉഡന്റാ സിംഗും ബൂട്ടണിയും. ഇന്ത്യയുടെ അണ്ടർ 17, അണ്ടർ 20 ടീമുകളിലൂടെ വളർന്നു വന്ന ഡാനിയൽ നാളത്തെ താരമായാണ് അറിയപ്പെടുന്നത്. ആക്രമണത്തിനും ക്രിയാത്മകതയ്ക്കും ഒരുപോലെ പ്രാധാന്യം കൊടുത്തിട്ടുള്ള ബെംഗളുരുവിന്റെ മുന്നേറ്റ നിരക്കെതിരെ മറ്റു ടീമുകൾ സ്വീകരിച്ചിട്ടുള്ള സ്ട്രാറ്റജി എന്ത് തന്നെയായാലും അത് നടപ്പിലാക്കാൻ ബുദ്ധിമുട്ടുമെന്നുറപ്പ്.

ഇന്ത്യൻ ദേശീയ താരമായ ലെന്നി റോഡ്രിഗസാണ് ബെംഗളുരു എഫ്സിയുടെ മധ്യനിരയിലെ പ്രധാന താരം. ചർച്ചിൽ ബ്രദേഴ്‌സിലൂടെ കളി തുടങ്ങിയ ലെന്നിയെ പൂനെ സിറ്റി എഫ്സിയിൽ നിന്നാണ് ബെംഗളുരുവിലെത്തുന്നത്. ലെന്നിയോടെയൊപ്പം ബാഴ്‌സലോണ ബി ടീം അടക്കമുള്ള ലാ ലീഗ രണ്ടാം നിര ടീമുകളിൽ കളിച്ച പരിചയസമ്പത്തുമായി ഡിമാസ് ഡെൽഗാഡോ, കഴിഞ്ഞ സീസണിൽ മുംബൈ എഫ്സിയുടെ ജേഴ്‌സിയിൽ കളിക്കളത്തിലിറങ്ങിയ ബോയ്‌താങ്ങ്, ടാറ്റ ഫുട്ബോൾ അക്കാദമി താരം ആൽവിൻ ജോർജ് എന്നിവർ ചേരുമ്പോൾ ബെംഗളുരു മധ്യനിര മോശമല്ലാത്ത ഒന്നാകുന്നു. മധ്യനിരയിലെ ഈ ദൗർബല്യം മറി കടക്കാൻ കഴിവുള്ള മുന്നേറ്റ നിരയുള്ളതു കൊണ്ട് തന്നെ റോക്കയ്ക്ക് ആശങ്കപ്പെടാനൊന്നുമില്ല.

രാഹുൽ ഭേക്കെ, കോളിൻ, എന്നീ ഇന്ത്യൻ താരങ്ങളോടൊപ്പം യുവാൻ, ജോൺ ജോൺസൺ എന്നീ വിദേശികളുമടങ്ങുന്ന പ്രതിരോധ നിരയിലും ഭയാശങ്കകളൊന്നുമില്ല. ക്രോസ് ബാറിന് കീഴിൽ കഴിഞ്ഞ സീസണിലെ ചെന്നൈയിൻ എഫ്‌സി താരം അഭ്ര മൊണ്ടാൽ അണി നിരക്കും. ഐ ലീഗ് കിരീടം നേടിക്കൊണ്ട് ഇന്ത്യയുടെ ഫുട്ബോൾ ഭൂപടത്തിൽ പുതിയ പേരെഴുതിച്ചേർത്ത ബെംഗളുരു എഫ്‌സി ഐഎസ്എൽ അരങ്ങേറ്റത്തിലും ചരിത്രം ആവർത്തിക്കാനുള്ള ശ്രമത്തിലാണ്. കേരളാ ബ്ലാസ്റ്റേഴ്സ് ടീമിന് മാത്രമല്ല, കാണികൾക്കും വെല്ലുവിളിയുയർത്താൻ ബെംഗളുരു എഫ്‌സിക്ക് കഴിയുമെന്ന് സാരം.

Read More >>