ബ്ളാസ്റ്റേഴ്‌സിന്റെ ദയനീയ പ്രകടനത്തിന് പഴിക്കേണ്ടതാരെ?

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ സ്‌ട്രൈക്കർ ദിമിത്രി ബാർബെറ്റോവിനെ മധ്യനിരയിൽ കളി മെനയാൻ നിയമിച്ചതാണ് റെനെയുടെ ആദ്യത്തെ പരാജയം. അവസരങ്ങൾ പോസ്റ്റിലേക്ക് തട്ടിയിടാനൊരു സ്‌ട്രൈക്കർ ആവശ്യമായിരുന്ന ബ്ളാസ്റ്റേഴ്‍സിന് കോച്ചിന്റെ ഈ നീക്കം തിരിച്ചടിയായി. ഇന്ത്യൻ പൗരത്വം നേടിയ ജാപ്പനീസ് മിഡ്ഫീൽഡറായ ആറാട്ട ഇസുമിയെ ഡിഫൻസീവ് മിഡ്ഫീൽഡറായി കളിപ്പിക്കാനുള്ള കോച്ചിന്റെ നീക്കവും പാളി.

ബ്ളാസ്റ്റേഴ്‌സിന്റെ ദയനീയ പ്രകടനത്തിന് പഴിക്കേണ്ടതാരെ?

കേരളാ ബ്ളാസ്റ്റേഴ്‌സിന്റെ ഈ വർഷത്തെ പ്രകടനം ദയനീയമാണ്. കഴിഞ്ഞ മൂന്ന് സീസണുകളിൽ നിന്ന് വ്യത്യസ്തമായി ഇക്കൊല്ലം താരനിബിഢമായ ടീം പ്രകടനത്തിൽ പിന്നാക്കം സഞ്ചരിക്കുന്നതാണ് ഇത് വരെ കണ്ടത്. ആദ്യ കുറച്ച് മത്സരങ്ങളിൽ പ്രതിരോധത്തിന്റെ ശക്തി കൊണ്ട് മാത്രം തോൽവിയറിയാതെ രക്ഷപ്പെട്ടെങ്കിൽ ഫത്തോർഡ സ്റ്റേഡിയത്തിൽ എഫ്‌സി ഗോവയോടും കൊച്ചിയിൽ ബെംഗളൂരു എഫ്‌സിയോടും കൂറ്റൻ തോൽവി വഴങ്ങിയത് ബ്ളാസ്റ്റേഴ്സ് പ്രതിരോധത്തിലെ പാളിച്ചകൾ എടുത്തു കാട്ടുന്നുണ്ട്. ഇത് വരെ ഏഴു കളികളിൽ നിന്ന് ഒരു ജയവും നാല് സമനിലകളും രണ്ടു തോൽവിയുമുൾപ്പെടെ വെറും ഏഴ് പോയിന്റുകളുമായി പട്ടികയിൽ എട്ടാം സ്ഥാനത്താണ് ബ്ളാസ്റ്റേഴ്സ്.

മുൻ ഇംഗ്ലണ്ട് ഗോൾ കീപ്പർ ഡേവിഡ് ജെയിംസ് കോച്ചായും നായകനായും അരങ്ങേറിയ ആദ്യ സീസണിൽ ടീം ഫൈനലിലെത്തിയിരുന്നു. ഫൈനലിൽ അത്ലറ്റിക്കോ ഡി കൊൽക്കത്തയോട് ഒരു ഗോളിനാണ് ബ്ളാസ്റ്റേഴ്സ് പരാജയപ്പെട്ടത്. അറിയപ്പെടുന്ന താരങ്ങളൊന്നും ടീമിൽ ഇല്ലാതിരുന്നിട്ടും ബ്ളാസ്റ്റേഴ്‌സിന്റെ ആദ്യ സീസണിലെ പ്രകടനം ഗംഭീരമായിരുന്നു. രണ്ടാം സീസണിൽ മൂന്ന് കോച്ചുമാരെ മാറ്റി മാറ്റി പരീക്ഷിച്ച ബ്ളാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ അവസാനമായി സീസണ്‍ അവസാനിപ്പിച്ചു. മൂന്നാം സീസണിലാണ് ബ്ളാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. മുൻ ക്രിസ്റ്റൽ പാലസ് മാനേജർ സ്റ്റീവ് കോപ്പലിന്റെ തന്ത്രങ്ങൾ ബ്ളാസ്റ്റേഴ്‌സിനെ രണ്ടാം ഫൈനലിലെത്തിച്ചു. ടൈബ്രെക്കറിൽ വീണ്ടും കൊൽക്കത്തയോട് പരാജയപ്പെട്ടെങ്കിലും ടീമിന്റെ പ്രകടനം തൃപ്തികരമായിരുന്നു. സന്ദേശ് ജിങ്കാൻ എന്ന പയ്യൻ ഇന്ത്യൻ പ്രതിരോധ ഇരയുടെ നട്ടെല്ലായി മാറിയത് കോപ്പലിനു കീഴിലാണ്. വലിയ പേരുകാർ ഉണ്ടായിരുന്നില്ലെങ്കിലും പ്രതിരോധത്തിലെ മികവിൽ ആദ്യത്തെ 75, 80 മിനിറ്റുകൾ ഗോൾ വഴങ്ങാതെ പിടിച്ചു നിന്ന ശേഷം കൂട്ടായി എതിർ ഗോൾമുഖം ആക്രമിക്കലായിരുന്നു ബ്ളാസ്റ്റേഴ്‌സിന്റെ രീതി. ആദ്യ സീസണിലെ ഹ്യൂം ഷോ ഒഴിച്ച് നിർത്തിയാൽ അർദ്ധാവസരങ്ങൾ ഗോളാക്കി മാറ്റാൻ തക്ക തന്ത്രങ്ങളുള്ള ഒരു ഫോർവേഡിനെ ബ്ളാസ്റ്റേഴ്‍സിന് ലഭിച്ചിട്ടില്ല. ബ്ളാസ്റ്റേഴ്‌സിന്റെ പ്രകടനങ്ങൾ മുഴുവൻ പ്രതിരോധ നിരയുടെ മികവിലായിരുന്നു.

ഇനി ഇക്കൊല്ലത്തെ പ്രകടനങ്ങൾ. ബെർബെറ്റോവ്, പേക്കൂസൻ, വെസ് ബ്രൗൺ, ഇയാൻ ഹ്യൂം തുടങ്ങിയ ലോകോത്തര കളിക്കാരെ പാളയത്തിലെത്തിച്ചാണ് ബ്ളാസ്റ്റേഴ്സ് പടയൊരുക്കം തുടങ്ങിയത്. ആറാട്ട ഇസുമി, ജിങ്കാൻ, സികെ വിനീത്, ജാക്കിചാന്ദ്‌ സിങ് തുടങ്ങിയ മികച്ച ആഭ്യന്തര കളിക്കാരെയും ബ്ളാസ്റ്റേഴ്സ് ക്യാംപിലെത്തിച്ചു. കഴിഞ്ഞ സീസണിൽ മികച്ച രീതിയിൽ ടീമിനെ പരിശീലിപ്പിച്ചത് കൊണ്ടാണോ ആവോ സ്റ്റീവ് കോപ്പലിനെ ഒഴിവാക്കി ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് യൂത്ത് ടീമിന്റെ മുൻ പരിശീലകൻ റെനേ മ്യൂളസ്റ്റയിനെ പരിശീലക സ്ഥാനത്ത് നിയമിച്ചു. ഏഴു മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ബ്ളാസ്റ്റേഴ്‌സിന്റെ ദയനീയ പ്രകടനം കൊച്ചിന്റെ തന്ത്രങ്ങളുടെ പരാജയമായി ചേർത്ത് വായിക്കാം.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ സ്‌ട്രൈക്കർ ദിമിത്രി ബാർബെറ്റോവിനെ മധ്യനിരയിൽ കളി മെനയാൻ നിയമിച്ചതാണ് റെനെയുടെ ആദ്യത്തെ പരാജയം. അവസരങ്ങൾ പോസ്റ്റിലേക്ക് തട്ടിയിടാനൊരു സ്‌ട്രൈക്കർ ആവശ്യമായിരുന്ന ബ്ളാസ്റ്റേഴ്‍സിന് കോച്ചിന്റെ ഈ നീക്കം തിരിച്ചടിയായി. ഇന്ത്യൻ പൗരത്വം നേടിയ ജാപ്പനീസ് മിഡ്ഫീൽഡറായ ആറാട്ട ഇസുമിയെ ഡിഫൻസീവ് മിഡ്ഫീൽഡറായി കളിപ്പിക്കാനുള്ള കോച്ചിന്റെ നീക്കവും പാളി. അറ്റാക്കിങ് മിഡ്ഫീൽഡറായ ഇസുമിയെ സ്ഥിരം പൊസിഷനിൽ കളിപ്പിച്ച് ബെർബെറ്റോവിനു മുന്നേറ്റത്തിൽ കൂടുതൽ സ്വാതന്ത്ര്യം നൽകിയിരുന്നെങ്കിൽ ഒരുപക്ഷേ, ഗോളുകൾ പിറന്നേനെ. ഗോളുകൾക്ക് വഴിയൊരുക്കേണ്ട ചുമതലയും ഗോളടിക്കേണ്ട ചുമതലയും ഒരുമിച്ച് വഹിക്കണമെന്ന് പറയുന്നത് ബെർബയോടെന്നല്ല, ഏതു കളിക്കാരനോടും ചെയ്യുന്ന അനീതിയാണ്. പകരക്കാരനായി ഇറങ്ങി മികച്ച പ്രകടനം കാഴ്ച വെച്ച പ്രശാന്തിനെ പിന്നെ ഒരു കളിയിൽ പോലും പരീക്ഷിക്കാൻ കോച്ച് തയ്യാറായിട്ടില്ല. വേഗതയും ഐഡിയയുമടക്കം ഒരു നല്ല കളിക്കാരന് വേണ്ട എല്ലാ ഗുണങ്ങളുമുള്ള പ്രശാന്ത് ഇനിയും എന്താണ് തെളിയിക്കേണ്ടത്? എഫ്‌സി പൂനെ സിറ്റിയുടെ കഴിഞ്ഞ മത്സരത്തിൽ മലയാളിയായ ആഷിക്ക് ഫസ്റ്റ് ഇലവനിൽ ഇറങ്ങി ഗംഭീര പ്രകടനം കാഴ്ച വെച്ചത് വെറുതേ ഒന്ന് ഓർത്തു പോവുകയാണ്. ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ പ്രശാന്തിന് മറ്റേതെങ്കിലും ക്ലബിൽ നിന്ന് ക്ഷണം വന്നാൽ അതിശയിക്കേണ്ട.

ക്ലബിനും ആരാധകർക്കും അഭിമാന പ്രശ്നമായിരുന്നു കഴിഞ്ഞ കളി. ബെംഗളൂരു എഫ്‌സിയുമായി നടന്ന മത്സരത്തിൽ റെനെയുടെ മണ്ടൻ തന്ത്രങ്ങൾ തന്നെയാണ് അത്രയും കനത്ത തോൽവി ബ്ളാസ്റ്റേഴ്‍സിന് സമ്മാനിച്ചത്. ആക്രമണങ്ങളിലും പന്തടക്കത്തിലും ബെംഗളൂരു തന്നെയായിരുന്നു മുന്നിലെങ്കിലും അവസാനം അവരടിച്ച രണ്ടു ഗോളുകളും കോച്ചിന്റെ തന്ത്രങ്ങളുടെ പിഴവ് തന്നെയാണ്. ആദ്യ ഗോൾ വീണതോടെ ബ്ളാസ്റ്റേഴ്സ് പിൻനിരയുടെ നട്ടെല്ലായ ജിങ്കനെ മുന്നേറ്റത്തിൽ കളിപ്പിക്കാൻ തീരുമാനിച്ച തന്ത്രത്തെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്? പെക്കൂസനും ജാക്കിചന്ദുമൊക്കെ മധ്യ നിരയിലുണ്ടായിരിക്കെയാണ് റെനെ വെസ് ബ്രൗണിനെ പിന്നിലേക്ക് വലിച്ച് ജിങ്കനെ ഗോളടിക്കാൻ വിട്ടത്. ഫലം, നമ്മുടെ വലയിൽ രണ്ടു ഗോളുകൾ വീണു. കൗണ്ടർ അറ്റാക്കിലൂടെ മിക്കു നേടിയ സോളോ ഗോൾ കോച്ചിന്റെ ഈ മണ്ടൻ തീരുമാനമില്ലായിരുന്നെങ്കിൽ സംഭവിക്കില്ലായിരുന്നു. മിക്കുവിനെ മാർക്ക് ചെയ്യാൻ ഒരേയൊരു ഡിഫന്ററാണ് സ്വന്തം പകുതിയിൽ ബ്ളാസ്റ്റേഴ്‍സിന് ഉണ്ടായിരുന്നത്. ജിങ്കൻ പ്രതിരോധത്തിൽ ഉണ്ടായിരുന്നെങ്കിൽ അത്തരമൊരു സോളോ റൺ നടത്താൻ മിക്കുവിന് ജിങ്കൻ സ്‌പേസ് അനുവദിച്ച് കൊടുക്കില്ലായിരുന്നു.

മുൻ ബെംഗളൂരു എഫ്‌സി താരമായത് കൊണ്ട് കെെയ്യാങ്കളി ഉണ്ടാകുമെന്ന ഭയത്തിലാണ് സി കെ വിനീതിനെ കളിപ്പിക്കാതിരുന്നതെങ്കിൽ ഈ കോച്ചിന് എന്ത് പ്രൊഫഷണലിസമാണുള്ളത്? മത്സരം തുടങ്ങുന്നതിന് മണിക്കൂറുകൾ മുൻപ് വരെ ഇല്ലാതിരുന്ന പരിക്ക് എന്ന കാരണം അത്ര വിശ്വസനീയമായി തോന്നുന്നില്ല. മുൻ ഇന്ത്യൻ താരം ഐ എം വിജയനും ഇതേ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ബ്ളാസ്റ്റേഴ്സ് നിരയിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ വിനീതിനെ ഒഴിവാക്കി കോച്ച് എന്താണ് നേടിയത്?

അപ്പുറത്ത് 'മിനി ബ്ളാസ്റ്റേഴ്സ്' ടീമുമായി കോപ്പലാശാൻ നല്ല പ്രകടനം കാഴ്ച വെക്കുന്നുണ്ട്. ടീമിലെ ഏറ്റവും വലിയ സെലിബ്രിറ്റി അനസ് എടത്തൊടികയ്ക്ക് പരിക്ക് പറ്റിയിട്ടും ടീമിന് വലിയ കുലുക്കമൊന്നുമില്ല. ഇളകാത്ത പ്രതിരോധം, ഗോളടിക്കാൻ എതിർ ടീം സർവ ശക്തിയുമെടുത്ത് ഒന്നായി ഇരച്ചു കയറുമ്പോൾ ബ്ലാങ്ക് സ്‌പേസ് ഉപയോഗിച്ച് കൗണ്ടർ അറ്റാക്കിലൂടെ പറ്റിയാൽ ഒരു ഗോൾ. കഴിഞ്ഞ സീസണിലെ ബ്ളാസ്റ്റേഴ്‌സിന്റെ അതേ തന്ത്രമാണ് ഇത്തവണ ജംഷഡ്പൂരിൽ കോപ്പൽ പയറ്റുന്നത്. അത് വിജയം കാണുന്നുമുണ്ട്. വെറും രണ്ടു ഗോളുകളാണ് അവർ വഴങ്ങിയത്. രണ്ടു ജയവും മൂന്ന് സമനിലയുമടക്കം ഒൻപത് പോയിന്റുകളുമായി പട്ടികയിൽ ആറാമതാണ് ജംഷഡ്പൂർ. എന്തിനാ ചക്കരേ നിങ്ങൾ ആശാനെ മാറ്റിയത്?

ഈ ടീമാണ് കലിപ്പടക്കണം, കപ്പടിക്കണം എന്നൊക്കെ മുദ്രാവാക്യം മുഴക്കുന്നതെന്നോർത്ത് ചിരിക്കണോ കരയണോ എന്ന ധർമ്മസങ്കടത്തിലാണ് ഞാൻ. കലിപ്പടക്കാനും കപ്പടിക്കാനുമൊന്നും നിക്കണ്ട. ആധികാരികമായി ഒരു കളി, ഒരൊറ്റ കളി ജയിച്ചു കാണിക്ക്. അതിനാദ്യം വേണ്ടത് കോച്ചിന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കലാണ്. എത്ര കളികൾ തോറ്റാലും വീണ്ടും ആർത്തിരമ്പി വരുന്ന ആ മഞ്ഞക്കടലിനോട് അല്പമെങ്കിലും നന്ദി കാണിക്കേണ്ടത് അങ്ങനെയാണ്. എത്ര മോശമായ പ്രകടനം നടത്തിയാലും ആരാധകർ കൊട്ടും കുഴല്‍ വിളിയുമായി ഗാലറിയിലുണ്ടാവും എന്ന അഹങ്കാരമൊന്നും വേണ്ട. എണ്ണം കുറയുണെന്നാണ് റിപ്പോർട്ടുകൾ. സൂക്ഷിച്ചോ!

Read More >>