സംഭവബഹുലമായ 2017; ക്രിക്കറ്റ് അവലോകനം

പോയ വർഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി അവരോധിക്കപ്പെട്ട കോഹ്ലി തൊട്ടതെല്ലാം പൊന്നാക്കുന്ന കാഴ്ചയ്ക്കാണ് 2017 സാക്ഷ്യം വഹിച്ചത്. ഡബിൾ സെഞ്ചുറികളുടെ എണ്ണത്തിൽ ബ്രാഡ്മാനെ മാറി കടന്ന കോഹ്ലി ഏകദിനത്തിൽ 76.84 എന്ന ശരാശരിയിൽ 1460 റൺസും ടെസ്റ്റിൽ 75.64 എന്ന ശരാശരിയിൽ 1059 റൺസുമാണ് ഈ വർഷം നേടിയത്.

സംഭവബഹുലമായ 2017; ക്രിക്കറ്റ് അവലോകനം

2017 ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് സംഭവബഹുലമായ ഒരു വർഷമായിരുന്നു. റിക്കി പോണ്ടിങ്ങിന്റെ നായകത്വത്തിൽ ഓസ്‌ട്രേലിയ നടത്തിയ പടയോട്ടത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇന്ത്യയുടെ ഈ വർഷത്തെ പ്രകടനങ്ങൾ. ബംഗ്ളാദേശ്, ഓസ്‌ട്രേലിയ (ഹോം&എവേ), വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക (ഹോം&എവേ), ന്യൂസിലന്റ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായുള്ള പരമ്പരകളിൽ ഒരേ ഒരു സീരീസിലാണ് ഇന്ത്യ തോൽവി അറിഞ്ഞത്. തുടർച്ചയായ ഒൻപത് പരമ്പര വിജയങ്ങളാണ് ഈ വർഷം വിരാട് കോഹ്‌ലിയുടെ നായകത്വത്തിൽ ഇന്ത്യ സ്വന്തമാക്കിയത്. ക്രിക്കറ്റിലെ അടുത്ത ഏകാധിപതിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം മാറുന്നു എന്ന സൂചന ഈ പ്രകടനങ്ങൾ നൽകുന്നു. ധോണിയുടെ ക്യാപ്റ്റൻ സ്ഥാനം ഒഴിയലും ആശിഷ് നെഹ്റയുടെ വിരമിക്കലുമെല്ലാം പോയ വർഷത്തെ വാർത്തകളായിരുന്നു. വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യ ലോകകപ്പ് ഫൈനൽ കളിച്ചതും ഈ വർഷമാണ്. ഫൈനലിൽ മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടെങ്കിലും ഇന്ത്യൻ വനിതകളുടെ ഫൈനൽ പ്രവേശനം ഒരു വലിയ നാഴികക്കല്ലായിരുന്നു. ഈ വർഷം കേരളാ ക്രിക്കറ്റിനും അവിസ്മരണീയമായി. ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്വാർട്ടറിൽ പ്രവേശിച്ച കേരളം ക്രിക്കറ്റിലെ പുതു വെളിച്ചത്തെപ്പറ്റി സൂചനകൾ നൽകി. പോയ വർഷം ഇന്ത്യൻ ക്രിക്കറ്റിൽ സംഭവിച്ച സുപ്രധാനമായ ചില സംഭവങ്ങളിലേക്ക്...തുടർച്ചയായ പരമ്പര വിജയങ്ങൾ

ഈ വർഷാവസാനം ശ്രീലങ്കക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലെ വിജയത്തോടെ തുടർച്ചയായ ഒൻപതാം ടെസ്റ്റ് സീരീസിലാണ് ഇന്ത്യ കിരീടമണിയുന്നത്. പോണ്ടിങ്ങിന്റെ ക്യാപ്റ്റൻസിയിൽ 2005-2008 കാലയളവിലെ ഓസ്‌ട്രേലിയൻ റെക്കോർഡിനൊപ്പമാണ് നിലവിൽ ഇന്ത്യ. 'ടീം ടു ബീറ്റ്' എന്ന ടാഗ് ലൈൻ ക്രിക്കറ്റ് പണ്ഡിതർ ഇന്ത്യക്ക് പതിച്ചു കൊടുത്തതും അവിശ്വസനീയമായ ഈ നേട്ടങ്ങളുടെ ബാക്കിപത്രമായാണ്.

ഏകദിന മത്സരങ്ങളിലും ഇന്ത്യയുടെ അപരാജിത മുന്നേറ്റം തുടരുകയാണ്. ശ്രീലങ്കക്കെതിരെ ഏകദിന പരമ്പര ജയിച്ചതോടെ തുടർച്ചയായ എട്ടു പരമ്പരകളിൽ ഇന്ത്യ കിരീടമുയർത്തി. ആദ്യ മത്സരം തോറ്റിട്ടും ഓസ്‌ട്രേലിയയെ 4-1 എന്ന സ്കോറിന് തകർത്തത് ഈ റെക്കോർഡിന് മധുരം കൂട്ടുന്നു.
ചാമ്പ്യൻസ് ട്രോഫിയിലെ പരാജയം

ഇന്ത്യ ഏറെക്കാലം അഹങ്കാരത്തോടെ അലങ്കരിച്ചിരുന്ന ഒരു റെക്കോർഡുണ്ടായിരുന്നു. ഐസിസി ഇവന്റുകളിൽ പാകിസ്ഥാനോട് ഇത് വരെ തോറ്റിട്ടില്ല എന്ന ആ റെക്കോർഡ് തകർക്കപ്പെടുന്ന കാഴ്ചയാണ് ഈ വർഷം നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കണ്ടത്. 3 റൺസെടുത്ത് നിൽക്കെ ഫർഖാർ സമാനെ ജസ്പ്രീത് ബുംറ വിക്കറ്റിന് പിന്നിൽ ധോണിയുടെ കരങ്ങളിലെത്തിച്ചെങ്കിലും നോ ബോളിന്റെ ബലത്തിൽ രക്ഷപ്പെട്ട പാക്കിസ്ഥാൻ ഓപ്പണർ 106 പന്തുകളിൽ 114 റൺസ് അടിച്ചു കൂട്ടി പാകിസ്ഥാൻ ഇന്നിംഗ്‌സിനെ നട്ടെല്ലായി. ഫർഖാറിന്റെ സെഞ്ചുറിയും അസർ അലിയുടെയും മുഹമ്മദ് ഹഫീസിന്റെയും അർധശതകങ്ങളും ഊർജം നൽകിയ പാകിസ്ഥാൻ ഇന്നിംഗ്‌സ് നിശ്ചിത 50 ഓവറുകളിൽ 4 വിക്കറ്റ് നഷ്ടത്തിൽ 338 റൺസ് എന്ന കൂറ്റൻ സ്‌കോറിൽ അവസാനിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറിൽ സ്‌കോർ ബോർഡ് ചലിക്കും മുൻപ് തന്നെ രോഹിത് ശർമയെ നഷ്ടമായി. ഇന്ത്യൻ മുൻ നിരയെ മുഹമ്മദ് ആമിർ കശക്കിയെറിഞ്ഞപ്പോൾ മധ്യനിര ഹസ്സൻ അലി ചുരുട്ടിക്കെട്ടി. 43 പന്തുകളിൽ 76 റൺസെടുത്ത ഹര്ദിക്ക് പാണ്ട്യയുടെ പ്രകടനം വേറിട്ട് നിന്നെങ്കിലും 180 റൺസിന്റെ കനത്ത പരാജയമാണ് ഇന്ത്യ ഏറ്റു വാങ്ങിയത്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ചാമ്പ്യൻസ് ട്രോഫിയിലെ ഈ പരാജയം.ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് പ്രകടനം

പോയ വർഷത്തെ ഏറ്റവും വലിയ വാർത്ത ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് പ്രകടനമായിരുന്നു. ഏഷ്യൻ രാജ്യങ്ങളിലെ അപ്രമാദിത്വം മാത്രം കൈമുതലായിരുന്ന ഇന്ത്യൻ വനിതകൾ ലോകത്തെ ഞെട്ടിച്ച വർഷമായിരുന്നു 2017. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലെ അവസാന പന്തിൽ നേടിയ വിജയം ടീം സ്പിരിറ്റ് ഉയർത്തി. അവസാന ഓവറിൽ 9 റൺസായിരുന്നു ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. ആദ്യ പന്തിൽ രണ്ടാം റണ്ണിനോടിയ പൂനം യാദവ് ഔട്ടായി. ഇന്ത്യയുടെ ഒൻപതാം വിക്കറ്റ്. പിന്നെയുള്ള മൂന്ന് പന്തുകളിൽ റൺസൊന്നും കണ്ടെത്താൻ ഹർമൻപ്രീതിന് കഴിഞ്ഞില്ല. ജയിക്കാൻ രണ്ടു പന്തുകളിൽ എട്ടു റൺസ്. അഞ്ചാം പന്തിൽ ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ ഹർമൻപ്രീതിന്റെ കൂറ്റൻ സിക്സർ. അവസാന പന്തിൽ വേണ്ട രണ്ടു റൺസ് ഓടിയെടുത്തതോടെ നാടകീയമായി ഇന്ത്യ ലോകകപ്പ് യോഗ്യത നേടി.

ഗ്രൂപ്പ് മത്സരത്തിൽ ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, പാക്കിസ്ഥാൻ എന്നീ ടീമുകൾക്കെതിരെ തുടർച്ചയായി നാളുകൾ ജയിച്ച ഇന്ത്യ പിന്നീട് ദക്ഷിണാഫ്രിക്കക്കെതിരെയും ഓസ്‌ട്രേലിയക്കെതിരെയും നടന്ന മത്സരങ്ങളിൽ പരാജയപ്പെട്ടു. ആദ്യ രണ്ടു മത്സരങ്ങളിലും യഥാക്രമം 90(72), 106 (108) എന്നീ സ്കോറുകളുമായി ഓപ്പണർ സ്‌മൃതി മന്ദന തിളങ്ങി. ന്യൂസിലന്റുമായുള്ള അവസാന ഗ്രൂപ്പ് മത്സരത്തിൽ 186 റൺസിന്റെ പടുകൂറ്റൻ വിജയവുമായി ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചു. ഓസ്‌ട്രേലിയക്കെതിരെ നടന്ന സെമിഫൈനൽ മത്സരം ഓർമിക്കപ്പെടുന്നത് ഹർമൻപ്രീത് കൗറിന്റെ 171 റൺസ് പ്രകടനത്തിന്റെ പേരിലാണ്. മഴ മൂലം 42 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 115 പന്തുകളിൽ 171 റൺസെടുത്ത കൗറിന്റെ ഇന്നിംഗ്‌സ് ഇന്ത്യയെ നാല് വിക്കറ്റ് നഷ്ടത്തിൽ 281 റൺസ് എന്ന കൂറ്റൻ സ്കോറിലെത്തിച്ചു. അലക്സ് ബ്‌ളാക്ക്‌വെല്ലും എലീസ് വിലാനിയും ചേർന്ന് നടത്തിയ കൗണ്ടർ അറ്റാക്ക് ഇന്ത്യയെ ഭയപ്പെടുത്തിയെങ്കിലും 36 റൺസ് ജയത്തോടെ ഇന്ത്യ ഇംഗ്ലണ്ടുമായി കലാശപ്പോരാട്ടത്തിന് സീറ്റുറപ്പിച്ചു. ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് ജൂലാൻ ഗോസ്വാമിയുടെ സീം ബൗളിങ്ങിന് മുന്നിൽ പതറി 50 ഓവറിൽ 227 എന്ന ശരാശരി സ്കോറിലൊതുങ്ങി. 86 റൺസെടുത്ത ഓപ്പണർ പൂനം റാവത്തും 51 റൺസടിച്ച കൗറും ചേർന്ന് ഇന്ത്യയെ സുരക്ഷിതമായി കിരീടത്തിലേക്കെത്തിക്കും എന്ന തോന്നലുണ്ടാക്കി. പൂനം പുറത്തായപ്പോൾ ഇറങ്ങിയ വേദയും കൂറ്റനടികളുമായി ആ വിശ്വാസം കാത്തു. പക്ഷെ, തുടർച്ചയായ ഇടവേളകളിൽ ഇരുവരും പുറത്തായതോടെ ഇന്ത്യൻ വാലറ്റം തകർന്നടിഞ്ഞു. ഇന്ത്യക്ക് അവിശ്വസനീയമായ ഒൻപത് റൺസ് തോൽവി.

മിതാലി രാജും ജൂലാൻ ഗോസ്വാമിയും ഇനിയൊരു ലോകകപ്പിലുണ്ടാവാൻ സാധ്യതയില്ല എന്നത് കൊണ്ട് തന്നെ ഇന്ത്യക്ക് ഈ ലോകകപ്പ് വിജയിക്കണമായിരുന്നു. പക്ഷെ, കിരീടത്തിന് ഒൻപത് റൺസകലെ വെച്ച് ഇന്ത്യക്ക്കാലിടറി. എങ്കിൽ പോലും ഇന്ത്യയൂടെ ഫൈനൽ പ്രവേശനം ഒരു വലിയ ചുവടുവെപ്പാണ്.വിരാട് കോഹ്‌ലിയുടെ പടയോട്ടം; രോഹിതിന്റെ ഗിയർ ചേഞ്ച്

വിരാട് കോഹ്ലി വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഒരു അത്ഭുതമാണ്. പോയ വർഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി അവരോധിക്കപ്പെട്ട കോഹ്ലി തൊട്ടതെല്ലാം പൊന്നാക്കുന്ന കാഴ്ചയ്ക്കാൻ 2017 സാക്ഷ്യം വഹിച്ചത്. ഡബിൾ സെഞ്ചുറികളുടെ എണ്ണത്തിൽ ബ്രാഡ്മാനെ മാറി കടന്ന കോഹ്ലി ഏകദിനത്തിൽ 76.84 എന്ന ശരാശരിയിൽ 1460 റൺസും ടെസ്റ്റിൽ 75.64 എന്ന ശരാശരിയിൽ 1059 റൺസുമാണ് ഈ വർഷം നേടിയത്. രണ്ട് വിഭാഗങ്ങളിലും ഏറ്റവുമധികം റൺസ് നേടിയത് കോഹ്ലി തന്നെ.

കോഹ്‌ലിക്ക് പിന്നിൽ ഈ വർഷം ഏകദിനത്തിൽ ഏറ്റവുമധികം റൺസ് നേടിയത് രോഹിത് ശർമയാണ്. ശ്രീലങ്കക്കെതിരെ ഡബിളടിച്ച് രോഹിത് ഏകദിനത്തിലെ ഇരട്ട സെഞ്ചുറികൾ മൂന്നാക്കി ഉയർത്തി. 71.83 ശരാശരിയിൽ 1293 റൺസാണ് രോഹിതിന്റെ ഏകദിനത്തിലെ സമ്പാദ്യം. ശ്രീലങ്കക്കെതിരെ ടി-20 മത്സരത്തിൽ 35 പന്തുകളിൽ നിന്ന് സെഞ്ചുറിയടിച്ച ഹിറ്റ്മാൻ ടി-20 യിലെ ഏറ്റവു വേഗമേറിയ സെഞ്ചുറി എന്ന റെക്കോർഡ് ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലർക്കൊപ്പം പങ്കിടുകയാണ്. ശ്രീലങ്കക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറിയടിച്ച രോഹിത് നാല് വർഷത്തിനിടെ ടെസ്റ്റിൽ തന്റെ ആദ്യ സെഞ്ചുറിയാണ് സ്വന്തമാക്കിയത്.ആശിഷ് നെഹ്റയുടെ വിരമിക്കൽ

ആശിഷ് നെഹ്റ കളി മതിയാക്കിയത് 2017 ഒക്ടോബറിൽ ന്യൂസിലന്റിനെതിരെ നടന്ന ടി-20 മത്സരത്തോടെയായിരുന്നു. 18 വർഷങ്ങൾ നീണ്ട അന്താരാഷ്‌ട്ര കരിയറിന് വിരാമം കുറിച്ച നെഹ്റ ഇന്ത്യ കണ്ട ഏറ്റവും മികച്ച സീമർമാരിലൊരാളാണ്. തന്റെ കരിയറിനിടെ പന്ത്രണ്ടോളം തവണ വിവിധ പരിക്കുകള്മൂ്ലം ശസ്ത്രക്രിയകള്ക്ക്് വിധേയനായിട്ടും വീര്യം വിടാത്ത മനസുമായി കളിക്കളത്തിലേക്ക് തിരിച്ചുവരവ് നടത്തിയ നെഹ്റയെന്ന 39 കാരന്‍ ഓരോ കായിക പ്രേമികള്ക്കും ആവേശമാണ്. പലപ്പോഴും ക്രിക്കറ്റ് ഗ്രൗണ്ടുകള്‍ പ്രകോപനങ്ങള്ക്കും വെല്ലുവിളിക്കും വേദിയാകുമ്പോള്‍ നെഹ്റ പുലര്ത്തി യിരുന്ന മാന്യതയും നിശബ്ദതയും യുവതാരങ്ങള്ക്ക് എന്നും മാതൃകയായിരുന്നു.തന്റെ അനുഭവവും പരിചയസമ്പത്തും യുവതാരങ്ങള്ക്ക്ി പകര്ന്നു കൊടുക്കുന്നതിലുള്ള നെഹ്‌റയുടെ പ്രാവിണ്യമാണ് 36ആം വയസ്സിലും അദ്ദേഹത്തെ ട്വന്റി-ട്വന്റി ടീമിലേക്ക് തിരിച്ചു വിളിക്കാന്‍ സെലക്ടര്മാദരെ പ്രേരിപ്പിച്ചത്.

2005 മുതല്‍ 2009 വരെ പരിക്കുമൂലം വിട്ടു നില്ക്കേനണ്ടിവന്ന നെഹ്റ 2009ല്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് ട്വന്റി-ട്വന്റി അരങ്ങേറ്റം കുറിച്ചത്. 2011 ലോകകപ്പിന് ശേഷം വലിയൊരു ഇടവേളയുണ്ടായെങ്കിലും 2016ലെ ട്വന്റി-ട്വന്റി ലോകകപ്പിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തി. പിന്നീട് ട്വന്റി-ട്വന്റിയില്‍ സ്ഥിര സാന്നിധ്യമായി.

17 ടെസ്റ്റുകളില്‍ നിന്ന് 44 വിക്കറ്റുകളും 120 ഏകദിനങ്ങളില്‍ നിന്ന് 157 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുള്ള നെഹ്റ 26 ട്വന്റി-ട്വന്റി മത്സരങ്ങളില്‍ നിന്ന് 34 വിക്കറ്റുകള്‍ സ്വന്തമാക്കി.ക്യാപ്റ്റൻസിയിൽ നിന്നും ധോണിയുടെ പടിയിറക്കം

നീണ്ട ഏഴു വർഷത്തോളം ക്രിക്കറ്റിന്റെ എല്ലാ ഫോര്മാറ്റുകളിലും ഇന്ത്യയെ നയിച്ച മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതും 2017 ലാണ്. ലോക ഒന്നാം നമ്പർ ടെസ്റ്റ് രാജ്യമായി ഇന്ത്യയെ മാറ്റിയത് ധോണിയാണ്. 50, 20 ഓവർ ക്രിക്കറ്റ് ലോകകപ്പുകൾ, ചാമ്പ്യൻസ് ട്രോഫി എന്നിങ്ങനെ ഐസിസിയുടെ എല്ലാ കിരീടങ്ങളും നേടിയ ഒരേയൊരു ക്യാപ്റ്റനാണ് ധോണി. ഐപിഎൽ, ചാമ്പ്യൻസ് ലീഗ്, ബോർഡർ ഗവാസ്കർ ട്രോഫി, കോമൺവെൽത്ത് സീരീസ്, നാറ്റ്‌വെസ്റ്റ് സീരീസ് തുടങ്ങി ധോണി ഷോക്കേസിലെത്തിക്കാത്ത കിരീടങ്ങളില്ല.

അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് ഒരു ബോംബ് സ്ഫോടനം പോലെ അരങ്ങേറിയ ധോണി ഏകദിനത്തിൽ 312 മത്സരങ്ങൾ കളിച്ചിട്ടും 50 നു മുകളിൽ ശരാശരി നിലനിർത്തുന്നത് അത്ഭുതമാണ്. മുടിയൻ കൂറ്റനടിക്കാരനിൽ നിന്നും ഏറെ പക്വത വന്ന ധോണി വിശ്വസനീയനായ ഒരു ബാറ്റ്‌സ്മാനായി മാറി. തോൽവി മുന്നിൽ കണ്ട ഒട്ടേറെ മത്സരങ്ങളിൽ ഒറ്റയ്ക്ക് നിന്ന് ഈ മനുഷ്യൻ ഇന്ത്യയെ ഫിനിഷ് ലൈൻ കടത്തിയിട്ടുണ്ട്.കേരളത്തിന്റെ രഞ്ജി ട്രോഫി ക്വാർട്ടർ പ്രവേശനം

രഞ്ജി ട്രോഫിയുടെ ചരിത്രത്തിലാദ്യമായി കേരളം ക്വാർട്ടറിൽ പ്രവേശിച്ച വർഷമാണ് 2017. മുൻ ശ്രീലങ്കൻ പരിശീലകൻ ഡേവ് വാട്ട്മോറിനു കീഴിൽ കേരളം ഉജ്ജ്വല പ്രകടനമാണ് കാഴ്ച വെച്ചത്. ആദ്യ മത്സരത്തിൽ ജാർഖണ്ഡിനെ ഒൻപത് വിക്കറ്റിന് തോൽപിച്ച കേരളം രണ്ടാം മത്സരത്തിൽ ഗുജറാത്തിനോട് നാല് വിക്കറ്റിന് പരാജയപ്പെട്ടു. ശേഷം രാജസ്ഥാൻ, ജമ്മു കാശ്മീർ, സൗരാഷ്ട്ര എന്നീ ടീമുകൾക്കെതിരെ ജയിച്ച കേരളം നിർണായകമായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഹരിയാനയെ ഇന്നിംഗ്‌സിനും എട്ടു റൺസിനും തോൽപിച്ചാണ് ക്വാർട്ടറിൽ കടന്നത്.

വിദര്ഭയ്‌ക്കെതിരെ നടന്ന ക്വാർട്ടറിൽ കേരളം 412 റൺസിന്റെ കൂറ്റൻ തോൽവി ഏറ്റു വാങ്ങിയെങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ പ്രകടനം ആശാവഹമാണ്. ഓഫ് സ്പിന്നർ കെസി അക്ഷയ് ഈ സീസണിൽ കേരളത്തിന്റെ കണ്ടു പിടുത്തമായി. കഴിഞ്ഞ ഐപിഎല്ലിലെയും രഞ്ജിയിലെയും മികച്ച പ്രകടനം കേരള പേസർ ബേസിൽ തമ്പിക്ക് ഇന്ത്യൻ ദേശീയ ടീമിൽ ഇടം നേടിക്കൊടുത്തു. മുൻ മധ്യപ്രദേശ് താരം ജലക് സക്‌സേന കേരളത്തിന്റെ പ്രകടനത്തിൽ നിർണായക പങ്കു വഹിച്ചു. ഏഴു മത്സരങ്ങളിൽ നിന്നാണ് 44 വിക്കറ്റുകളാണ്‌ ജലക് സ്വന്തമാക്കിയത്. 12 ഇന്നിംഗ്‌സുകളിൽ നിന്ന് 52 ശരാശരിയിൽ ഒരു സെഞ്ചുറിയും മൂന്ന് ഫിഫ്‌റ്റിയും ഉൾപ്പെടെ 627 റൺസെടുത്ത സഞ്ജു സാംസണിനെ ഫോമും നിർണായകമായി.

തിരിഞ്ഞു നോക്കുമ്പോൾ ക്രിക്കറ്റിൽ ഇന്ത്യക്കും കേരളത്തിനും അഭിമാനിക്കാനും പ്രതീക്ഷിക്കാനുമുള്ള വർഷമാണ് കടന്നു പോകുന്നത്. ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ കയ്പ്പേറിയ പരാജയം ഒഴിച്ച് നിർത്തിയാൽ നേട്ടങ്ങൾ മാത്രം ഉണ്ടായ ഒരു വർഷം. വനിതാ ലോകകപ്പ് ഫൈനൽ തോൽവി പൊള്ളിക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ അവിശ്വസനീയമായ പ്രകടനം ഭാവിയെക്കുറിച്ചുള്ള നിറമുള്ള പ്രതീക്ഷകൾ പകർന്നു നൽകുന്നുണ്ട്. കേരളത്തിന്റെ രഞ്ജി ക്വാർട്ടർ തോൽവിയും അങ്ങനെ തന്നെ. അടുത്ത വർഷം ജനുവരി ആറു മുതൽ ദക്ഷിണാഫ്രിക്ക ആതിഥ്യമരുളുന്ന ടെസ്റ്റ് പരമ്പരയോടെ ഇന്ത്യയുടെ മത്സരങ്ങൾക്ക് തുടക്കമാവും.

Read More >>