കൊടി സുനി, കിർമാനി മനോജ്, നിസാം എന്നിവരെ വെട്ടിയത് പിണറായി വിജയൻ; ഇളവു പട്ടികയിൽ ഇവരെ ഉൾപ്പെടുത്തിയ കമ്മിറ്റിയും പ്രതിക്കൂട്ടിൽ

മാനദണ്ഡങ്ങൾക്കു വിരുദ്ധമായി മുഹമ്മദ് നിസാം അടക്കമുള്ളവർ സൂക്ഷ്മപരിശോധനയ്ക്കു ശേഷമുള്ള പട്ടികയിലും ഇടംപിടിച്ചിരുന്നുവെന്ന് അസന്നിഗ്ധമായി വെളിപ്പെടുകയാണ്. ഇതോടെ പട്ടികയുടെ സൂക്ഷ്മപരിശോധനയ്ക്ക് എൽഡിഎഫ് സർക്കാർ നിയോഗിച്ച മൂന്നംഗ കമ്മിറ്റി പ്രതിക്കൂട്ടിലാവുകയാണ്. പരസ്യപ്പെടുത്തിയ മാനദണ്ഡങ്ങളെല്ലാം ഓരോരുത്തരുടെയും കാര്യത്തിൽ ഉദ്യോഗസ്ഥർ സൌകര്യപൂർവം അവഗണിക്കുകയായിരുന്നുവെന്നും തെളിഞ്ഞു.

കൊടി സുനി, കിർമാനി മനോജ്, നിസാം എന്നിവരെ  വെട്ടിയത് പിണറായി വിജയൻ; ഇളവു പട്ടികയിൽ  ഇവരെ ഉൾപ്പെടുത്തിയ കമ്മിറ്റിയും പ്രതിക്കൂട്ടിൽ

ഗവർണർക്കു സമർപ്പിക്കാൻ തയ്യാറാക്കിയ ശിക്ഷാ ഇളവിനർഹരായ കുറ്റവാളികളുടെ പുതുക്കിയ അന്തിമ പട്ടികയിൽ നിന്ന് കൊടി സുനി, കിർമാനി മനോജ്, മുഹമ്മദ് നിസാം എന്നിവരടക്കം ഒമ്പതു പേരുടെ പേരു വെട്ടിയത് പിണറായി വിജയൻ. കാപ്പ ചുമത്തിയവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകുകയായിരുന്നു. ജയിൽവാസ കാലയളവിൽ കൊടി സുനിയ്ക്കും മറ്റുമെതിരെ ഉയർന്ന ആരോപണങ്ങൾ പരിഗണിച്ചാണ് അവരെയും നീക്കം ചെയ്യാൻ നിർദ്ദേശിച്ചത്.

എന്നാൽ മാനദണ്ഡങ്ങൾക്കു വിരുദ്ധമായി മുഹമ്മദ് നിസാം അടക്കമുള്ളവർ സൂക്ഷ്മപരിശോധനയ്ക്കു ശേഷമുള്ള പട്ടികയിലും ഇടംപിടിച്ചിരുന്നുവെന്ന് അസന്നിഗ്ധമായി വെളിപ്പെടുകയാണ്. ഇതോടെ പട്ടികയുടെ സൂക്ഷ്മപരിശോധനയ്ക്ക് എൽഡിഎഫ് സർക്കാർ നിയോഗിച്ച മൂന്നംഗ കമ്മിറ്റി പ്രതിക്കൂട്ടിലാവുകയാണ്. പരസ്യപ്പെടുത്തിയ മാനദണ്ഡങ്ങളെല്ലാം ഓരോരുത്തരുടെയും കാര്യത്തിൽ ഉദ്യോഗസ്ഥർ സൌകര്യപൂർവം അവഗണിക്കുകയായിരുന്നുവെന്നും തെളിഞ്ഞു.


ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി ഷീലാ റാണി, നിയമവകുപ്പു ജോയിന്റ് സെക്രട്ടറി പി സുരേഷ് കുമാർ, ജെയിൽ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബി പ്രദീപ് എന്നിവരാണ് ജയിൽ വകുപ്പിൽ നിന്നു ലഭിച്ച പട്ടികയുടെ സൂക്ഷ്മ പരിശോധനയ്ക്കു നിയോഗിച്ച കമ്മിറ്റിയിലെ അംഗങ്ങൾ. ഇവർ തയ്യാറാക്കിയ അന്തിമ പട്ടികയിലും ചന്ദ്രശേഖരൻ വധക്കേസിലെ എല്ലാ പ്രതികളും കാപ്പ ചുമത്തിയ കുറ്റവാളികളും ഉൾപ്പെട്ടിരുന്നു. ഈ പട്ടിക വ്യക്തിപരമായി പരിശോധിച്ചാണ് കാപ്പാ കുറ്റവാളികളെയും ചന്ദ്രശേഖരൻ കേസിലെ രണ്ടു പ്രതികളെയും ഒഴിവാക്കാൻ പിണറായി വിജയൻ നിർദ്ദേശിച്ചത്.

ശിക്ഷാ ഇളവിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിച്ചു ജയിൽ ഡിജിപി തന്നെ പരസ്യപ്പെടുത്തിയിരുന്നു. 01-11-2016 തീയതിയിൽ ശിക്ഷയിൽ കഴിയുന്ന നല്ല സ്വഭാവക്കാരായ തടവുകാരെയാണ് ശിക്ഷാ ഇളവിന് ആദ്യനിബന്ധനയായി പരസ്യപ്പെടുത്തിയത്.

ഈ തീയതിയ്ക്കു തൊട്ടു തലേമാസാണ് (2016 ഒക്ടോബർ) ജയിലിൽ നിന്ന് നിസാം തങ്ങളെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയെന്നു കാണിച്ച് നിസാമിന്റെ സഹോദരങ്ങൾ പോലീസിനു പരാതി നൽകിയത്. തിരുനെല്‍വേലിയിലെ കിങ്‌സ് കമ്പനിയിലെ കൂലി വര്‍ധന നിസാമിനോട് ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനിച്ചുവെന്ന് ആരോപിച്ചായിരുന്നു ഭീഷണി.

ഫോണ്‍ രേഖകളും, ഓഡിയോ റെക്കോഡുകളും സഹിതമാണ് നിസാമിന്റെ സഹോദരങ്ങളായ അബ്ദുൽ നിസാർ, അബ്ദുൽ റസാക്ക് എന്നിവർ റൂറല്‍ എസ്പി നിശാന്തിനിക്ക് പരാതി നൽകിയത്. ബാംഗ്ലൂരിലെ കേസിൽ തെളിവെടുപ്പിനു കൊണ്ടുംപോകുന്ന വഴിയാണ് ഫോണില്‍ വിളിച്ചിരുന്നെന്നും യാത്രയില്‍ കമ്പനി മാനേജർമാരും സുഹൃത്തുക്കളും ഉണ്ടായിരുന്നുവെന്നും പരാതിയിൽ ആരോപിച്ചിട്ടുണ്ട്. പരാതിയും വാർത്തയും വന്നതോടെ പിണറായി വിജയൻ ഫേസ് ബുക്കിൽ പ്രതികരിക്കുകയും ചെയ്തിരുന്നു.

ഇക്കാര്യം നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ സബ്മിഷനായി അവതരിപ്പിച്ചിരുന്നു. യാത്രാ വേളയിൽ ഫോൺ ചെയ്ത വിവരം മുഖ്യമന്ത്രിയും നിയമസഭയിൽ സമ്മതിച്ചിരുന്നു. നിഷാം ജയില്‍ സുഖജീവിതം നയിക്കുകയാണെന്ന ആരോപണവും ഉയർന്നിരുന്നു. രണ്ടു നമ്പരിൽ നിന്ന് നിസാം എല്ലാ ദിവസവും ജയിലിനു പുറത്തേയ്ക്കു ഫോൺ ചെയ്യുമായിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.

ഗുരുതരമായ പരാതിയാണ് ശിക്ഷാകാലയളവിൽ മുഹമ്മദ് നിസാമിനെതിരെ ഉയർന്നത്. തടവുകാലത്ത് സഹോദരങ്ങളെ ഫോണിൽ വധഭീഷണി മുഴക്കിയെന്ന ആരോപണം നേരിടുന്ന കുറ്റവാളി, 2016 നവംബർ ഒന്നാം തീയതിയിൽ ശിക്ഷയിൽ കഴിയുന്ന നല്ല സ്വഭാവക്കാരായ തടവുകാരെന്ന മാനദണ്ഡത്തിന് സ്വാഭാവികമായും പുറത്താകും. പക്ഷേ മുഖ്യമന്ത്രിയ്ക്കു തൊട്ടുതാഴെ വരെയുള്ള ഉദ്യോഗസ്ഥർ നിസാമിന്റെ കാര്യത്തിൽ കണ്ണടച്ചു.

ജയിൽ വകുപ്പു തയ്യാറാക്കിയ പട്ടികയിലും ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ സൂക്ഷ്മ പരിശോധനയ്ക്കു ശേഷമുള്ള പട്ടികയിലും നിസാം എങ്ങനെ ഉൾപ്പെട്ടു എന്ന ചോദ്യത്തിന് ഇതേവരെ തൃപ്തികരമായ വിശദീകരണമുണ്ടായിട്ടില്ല. പിണറായി വിജയന്റെ വ്യക്തിപരമായ മേൽനോട്ടമുണ്ടായിരുന്നില്ലെങ്കിൽ ഇവരുടെ പേരും ഗവർണർക്കു നൽകിയ പട്ടികയിൽ ഇടംപിടിക്കുമായിരുന്നു.