ഭവാനിദളത്തില്‍ പ്രവര്‍ത്തിച്ച മൂന്ന് മാവോയിസ്റ്റുകള്‍ ആയുധം താഴെ വച്ചു; കീഴടങ്ങിയ കന്യാകുമാരി രൂപേഷിന്റെ അടുത്ത അനുയായി

പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭവാനിദളത്തിലെ പ്രവര്‍ത്തകായ കന്യാകുമാരി, ഭര്‍ത്താവ് ശിവു, ചിന്നമ്മ എന്നിവരാണ് മാവോയിസ്റ്റുകളുടെ പുനരധിവാസത്തിനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച സമിതിയ്ക്ക് മുമ്പാകെ കീഴടങ്ങിയത്. മുമ്പ് കബനീദളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കന്യാകുമാരിയുടെ പേരില്‍ മേപ്പാടി പൊലീസില്‍ രണ്ടും വെള്ളമുണ്ട പൊലീസ് സ്റ്റേഷനില്‍ രണ്ടും കേസുകളുണ്ട്

ഭവാനിദളത്തില്‍ പ്രവര്‍ത്തിച്ച മൂന്ന് മാവോയിസ്റ്റുകള്‍ ആയുധം താഴെ വച്ചു; കീഴടങ്ങിയ കന്യാകുമാരി രൂപേഷിന്റെ അടുത്ത അനുയായി

കേരള വനാന്തരങ്ങളില്‍ പ്രവര്‍ത്തിച്ച സിപിഐ മാവോയിസ്റ്റ് നേതാക്കളായ മൂന്ന് പേര്‍ കര്‍ണ്ണാടകയിലെ ചിക്ക്മംഗളൂരില്‍ കീഴടങ്ങി. പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭവാനിദളത്തിലെ പ്രവര്‍ത്തകരായ കന്യാകുമാരി, ഭര്‍ത്താവ് ശിവു, ചിന്നമ്മ എന്നിവരാണ് മാവോയിസ്റ്റുകളുടെ പുനരധിവാസത്തിനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച സമിതിയ്ക്ക് മുമ്പാകെ കീഴടങ്ങിയത്. മുമ്പ് കബനീദളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കന്യാകുമാരിയുടെ പേരില്‍ മേപ്പാടി പൊലീസ് സ്റ്റേഷനില്‍ രണ്ടും വെള്ളമുണ്ട പൊലീസ് സ്റ്റേഷനില്‍ രണ്ടും കേസുകളുണ്ട്.

2014ല്‍ രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഇവര്‍ പ്രവര്‍ത്തിക്കുന്ന വേളയിലാണ് വെള്ളമുമുണ്ട സ്റ്റേഷന്‍ പരിധിയില്‍ പൊലീസുകാരന്റെ വീട്ടില്‍ക്കയറി ബൈക്ക് കത്തിച്ചതും പോസ്റ്റര്‍ പതിച്ചതും. കൂടാതെ കുഞ്ഞോം ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച സംഭവത്തിലും കന്യാകുമാരിയുടെ പേരില്‍ കേസെടുത്തിരുന്നു. 2015ലും 2017ലും മേപ്പാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന മുണ്ടക്കൈയില്‍ ആയുധവുമായെത്തി കോളനിക്കാരെ ഭീഷണിപ്പെടുത്തിയതിനാണ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. കൂടാതെ കേരളത്തിന് പുറത്ത് 32 കേസുകള്‍ വേറെയുമുണ്ട്. അതേസമയം ഭര്‍ത്താവ് ശിവുവിനെതിരെയും സഹപ്രവര്‍ത്തക ചിന്നമ്മയ്‌ക്കെതിരെയും നിലവില്‍ കേസുകളൊന്നുമില്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഒന്നരപതിറ്റാണ്ടുകാലമായി സിപിഐ മാവോയിസ്റ്റിന്റെ സജീവപ്രവര്‍ത്തകയാണ് കന്യാകുമാരി. കബനീദളത്തിലും നാടുകാണിദളത്തിലും ഭവാനിദളത്തിലും പ്രവര്‍ത്തിച്ചിരുന്നു. അതേസമയം ഭവാനിദളത്തിന്റെ ചുമതലയിവര്‍ക്കുണ്ടായിരുന്നതായി പൊലീസ് പറയുന്നു. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് സംഘത്തിലുണ്ടായിരുന്ന ശിവുവിനെ ജീവിത പങ്കാളിയാക്കുന്നത്. ഇവര്‍ക്കൊരു കുഞ്ഞുണ്ട്. ഈ സാഹചര്യത്തിലാണ് കീഴടങ്ങാന്‍ തീരുമാനിച്ചതെന്നാണ് വിവരം. മുക്കാലി ഫോറസ്റ്റ് സ്‌റ്റേഷന്‍ ആക്രമണം ഉള്‍പ്പെടെ അട്ടപ്പാടി മേഖലയിലാണ് കന്യാകുമാരി ഏറെക്കാലം പ്രവര്‍ത്തിച്ചത്. രൂപേഷിന്റെ സംഘത്തില്‍ ആന്ധ്ര സ്വദേശിയായ സുവര്‍ണ്ണയെന്ന കന്യാകുമാരിയെ കൂടാതെ സുന്ദരിയും പ്രവര്‍ത്തിച്ചിരുന്നു. നാടുകാണി ദളത്തില്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ് കഴിഞ്ഞവര്‍ഷം നവംബറില്‍ കുപ്പുദേവരാജും അജിതയും തണ്ടര്‍ബോള്‍ട്ടിന്റെ വെടിയേറ്റ് മരിച്ചത്.