ചിയേഴ്‌സ് കേരള

എല്‍ ഡി എഫിന്റെ മദ്യനയം അനിവാര്യമോ? നാരദയില്‍ സംവാദം തുടരുന്നു

ചിയേഴ്‌സ് കേരള

എല്‍ ഡി എഫ് സര്‍ക്കാറിന്റെ മദ്യനയത്തെ പ്രതിപക്ഷവും മതസംഘടനകളും കണ്ണടച്ച് എതിര്‍ക്കുന്നു. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്തുണ്ടായ മദ്യനിയന്ത്രണം ഉപഭോഗത്തില്‍ കുറവുണ്ടാക്കിയില്ലെന്ന എക്‌സൈസിന്റെ കണക്കുകള്‍ തന്നെ പറയുന്നു. അതേസമയം ഇതര ലഹരി വസ്തുക്കളുടെ ഉപയോഗം കുത്തനെ വര്‍ധിക്കുകയും ചെയ്തു. മദ്യവര്‍ജ്ജനമല്ലാതെ മദ്യനിരോധനം പ്രായോഗികമല്ലെന്ന് രാജ്യത്തെ മദ്യനിരോധന സംസ്ഥാനങ്ങള്‍ തന്നെ ഉദാഹരണം. ഈ സാഹചര്യത്തിലാണ് എല്‍ ഡി എഫ് സര്‍ക്കാറിന്റെ മദ്യനയം ചര്‍ച്ചയാകുന്നത്. നാരദയില്‍ സംവാദം തുടരുന്നു.

എസ് ലല്ലു

Image Title


യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നേതാക്കളുടെ പ്രതിച്ഛായ യുദ്ധത്തിലാണ് കേരളത്തിലെ ബാറുകള്‍ക്ക് താഴ് വീണത്. ആ മദ്യനയം തെറ്റായിരുന്നു എന്ന് തെളിയിച്ചത് കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പ് ഫലം തന്നെയാണ്. ബാറുകള്‍ പൂട്ടിയപ്പോള്‍ വീട്ടമ്മമ്മാരും മദ്യ നിരോധനത്തെ പിന്തുണയ്ക്കുന്നവരും മാത്രം വോട്ട് ചെയ്തിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കേണ്ടതായിരുന്നു. സംസ്ഥാനത്തെ നിയമ പ്രശ്‌നമില്ലാത്ത ബാറുകള്‍ തുറക്കുന്നതിനെ അനുകൂലിക്കുകയാണ്. മദ്യപന്മാരുടെ മാത്രം ആവശ്യമായി ഇതിനെക്കാണുന്നില്ല. ബാറുകളെ ആശ്രയിച്ച് കുടുംബം പോറ്റിയിരുന്ന ഒരുപാട് മനുഷ്യരുടെ കൂടി പ്രശ്‌നമാണ്. എത്ര കുടിക്കണമെന്നും എങ്ങനെ കുടിക്കണമെന്നും തീരുമാനിക്കേണ്ടത് മദ്യപിക്കുന്നവരാണ്. റെസ്‌പോള്‍സിബിള്‍ ഡ്രിങ്കര്‍മാരുണ്ടാകട്ടെ. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിലും പുതിയ തീരുമാനം കാര്യമായ ചലനങ്ങളുണ്ടാക്കും എന്നുറപ്പാണ്. ഈ നയത്തിലെ ഏറ്റവും ഗംഭീരമായ നടപടി കള്ളിന് നല്‍കുന്ന പ്രാധാന്യമാണ്. ശുദ്ധമായ, കലര്‍പ്പില്ലാത്ത കള്ള്, ഷാപ്പ് വിട്ടിറങ്ങട്ടെ. സ്റ്റാര്‍ ഹോട്ടലില്‍ അടക്കം കള്ള് വരുന്നത് ആ മേഖലയ്ക്കും ഗുണം ചെയ്യുമെന്നുറപ്പ്. ഏതായാലും മദ്യ നയത്തിന്റെ പേരില്‍ നില നിന്ന ആശയക്കുഴപ്പം അവസാനിച്ചതില്‍ സന്തോഷം.

ജയന്ത് മാമ്മന്‍

Image Title


സര്‍ക്കാരിന്റെ വിവേകത്തോടെയുള്ള തീരുമാനം. കേരളത്തിലെ 50 ലക്ഷത്തോളം വരുന്ന മദ്യപന്മാരുടെ മനുഷ്യാവകാശങ്ങള്‍ക്ക് വില കല്പിച്ച സര്‍ക്കാര്‍ എന്തു കൊണ്ടും അഭിനന്ദനമര്‍ഹിക്കുന്നു. ബാര്‍ തുറന്നത് ടൂറിസം രംഗത്ത് വലിയ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കും. മദ്യത്തിന്റെ അമിതമായ നികുതി ഒരു രീതിയിലും ന്യായീകരിക്കത്തക്കതല്ല. ബാറുകളില്‍ കളര്‍ ചേര്‍ത്ത വ്യാജ മദ്യം വിളമ്പാതിരിക്കാന്‍ എക്സൈസ് വകുപ്പ് കര്‍ശന നടപടിയെടുക്കണം. ബാര്‍ തുറന്നത് തികച്ചും ധീരമായ തീരുമാനം. ഇടതുപക്ഷ മുന്നണി ഗവണ്‍മെന്റിന് എന്റെ അഭിവാദനങ്ങള്‍. ബാറുടമകള്‍ക്കിട്ട് പണിത വലതു മുന്നണിക്ക് 5 രൂപാ തെരഞ്ഞെടുപ്പ് ഫണ്ട് കൊടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ബാറില്‍ നല്ല മദ്യം വിളമ്പുക. വില കൂടിയാലും ശുദ്ധമായ തെങ്ങിന്‍ കള്ള് കൊടുക്കുക. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി മദ്യത്തിന്റെ നികുതി കുറക്കാന്‍ ശ്രമിക്കുക. ബാറും പരിസരവും ശുചിയായി സൂക്ഷിക്കുക. ബാറിന്റെ വെളിയില്‍ സമരം ചെയ്യാന്‍ വരുന്ന മദ്യ വിരുദ്ധ പ്രവര്‍ത്തകരെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുക. വ്യാജ മദ്യം വിറ്റു സര്‍ക്കാര്‍ തന്ന ലൈസന്‍സ് തിരിച്ചെടുക്കാന്‍ നിര്‍ബന്ധിതമാകുന്ന രീതിയില്‍ കാര്യങ്ങള്‍ അലമ്പാക്കാതിരിക്കുക. കഴിയുമെങ്കില്‍ നിങ്ങളുടെ ഊള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പിരിച്ചു വിടുക.

അനഘ ഹരിതവയല്‍

Image Title


മദ്യം പൂര്‍ണമായി നിരോധിക്കുന്നതിലൂടെ സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും എന്ന രീതിയിലുള്ള പ്രചരണത്തോട് തികഞ്ഞ വിയോജിപ്പുണ്ട്. മുഖ്യധാരാ സാമൂഹ്യ ചുറ്റുപാടുകളില്‍ ഉള്‍പ്പെടാത്തവര്‍, സ്ത്രീകള്‍, ആദിവാസി-ദളിത് മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ തുടങ്ങിയവരെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കെയാണ് മദ്യനിരോധനത്തിലൂടെ സാമൂഹ്യ മാറ്റം നടപ്പിലാക്കാന്‍ ചിലര്‍ വെപ്രാളപ്പെടുന്നത്. മദ്യനിരോധനം കൊണ്ട് മദ്യാസക്തി കുറച്ച് നാട്ടുകാരെ നന്നാക്കാമെന്ന ചിന്ത വിഡ്ഡിത്തമാണ് എന്നും മദ്യനിരോധനം നടപ്പിലാക്കിയാല്‍ പാരലല്‍ മദ്യ-മയക്കുമരുന്ന് മാഫിയയ്ക്ക് വളരാനുള്ള സാഹചര്യമാണ് അതുണ്ടാക്കുക എന്നതിനും മദ്യനിരോധനം നടപ്പിലാക്കിയ സംസ്ഥാനങ്ങളും, രാജ്യങ്ങളും ഉദാഹരണങ്ങളായി നമ്മുടെ മുന്നില്‍ നില്‍ക്കുന്നുണ്ട്. സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുന്ന 'ഒറ്റമൂലി'യാണ് മദ്യനിരോധനമെങ്കില്‍,മദ്യനിരോധനപക്ഷക്കാരേ ഞാനും നിങ്ങള്‍ക്കൊപ്പമുണ്ട്.. അല്ലാത്തിടത്തോളം ഞാന്‍ മദ്യവര്‍ജന നയത്തിനൊപ്പം തന്നെയായിരിക്കും.

സുദീപ് ജെ സലിം

Image Titleപ്രായോഗികവും സതാര്യവുവും കാലഘട്ടത്തിന്റെ ആവശ്യവുമായ രീതിയിലാണ് മദ്യനയം ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നത്. രണ്ട് തരത്തിലാണ് ഈ മദ്യനയത്തെ നാം വിശകലനം ചെയ്യുന്നത്. ബാറുകള്‍ പൂട്ടിയതോടെ മദ്യ ഉപഭോഗത്തില്‍ കുറവുണ്ടായെന്ന പ്രചാരണം നടന്നിരുന്നു. എന്നാല്‍ അത് തെറ്റാണെന്ന് എക്‌സൈസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ബാറുകള്‍ പൂട്ടിയതോടെ മറ്റ് ലഹരി വസ്തുക്കള്‍ സംസ്ഥാനത്ത് വ്യാപകമാവുയായിരുന്നു. ഫലം- കഞ്ചാവ്, മയക്കുമരുന്ന്, പാന്‍മസാല എന്നിവയുടെ ഉപയോഗം പതിന്‍മടങ്ങായി വര്‍ധിച്ചു. എക്‌സൈസ് കേസുകളില്‍ മൂന്നിരട്ടിയോളം വര്‍ധനയുണ്ടായി. കൗമാരക്കാരില്‍ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗം വര്‍ധിക്കുന്നതിനനുസൃതമായി മാഫിയകള്‍ ശക്തിപ്രാപിച്ചു. ഒരു തലമുറയെ ലഹരിയിലേക്ക് തള്ളിയിടാനാണ് ഇതു കാരണമാകുന്നത്. മദ്യനിരോധനം പൂര്‍ണ്ണ പരാജയമാണെന്നാണ് ഗുജറാത്തില്‍ നിന്നും ബീഹാറില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍. പക്ഷേ ഇവിടങ്ങളില്‍ ഒരു ഫോണ്‍ കോളില്‍ത്തന്നെ വീട്ടില്‍ വ്യാജ മദ്യമെത്തുന്ന അവസ്ഥയുണ്ടായി. മനുഷ്യന്റെ ആരോഗ്യത്തെത്തന്നെ തകര്‍ക്കുന്ന വ്യാജമദ്യം വാങ്ങിക്കഴിക്കുന്നതിലേക്കാണിവിടെ കാര്യങ്ങളെത്തിയത്. കേരളംപോലുള്ള സംസ്ഥാനത്ത് വിഷമദ്യ ഉപഭോഗവും മയക്കുമരുന്ന് ഉപയോഗവും കുറച്ചുകൊണ്ടുവരുന്നതിനാണ് ഇടതുസര്‍ക്കാര്‍ ഈ മദ്യനയം പ്രഖ്യാപിച്ചത്. അതുകൊണ്ടുതന്നെ മദ്യനയത്തെ കണ്ണടച്ച് എതിര്‍ക്കുന്ന കെ സി ബി സിയെപ്പോലുള്ള മതസംഘടകളും പ്രതിപക്ഷവും മനസ്സിലാക്കേണ്ട കാര്യം മദ്യവര്‍ജ്ജനമാണ് കാലഘട്ടത്തിനാവശ്യം, അല്ലാതെ മദ്യനിരോധനമല്ല. രാഷ്ട്രീയലാഭത്തിനും മറ്റ് അജണ്ടകളുടെ അടിസ്ഥാനത്തിലും മദ്യനയത്തെ എതിര്‍ക്കുന്നതു കൊണ്ട് യാതൊരു ഗുണവും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ മദ്യപിക്കുന്നവരും അല്ലാത്തവരും കേരള സര്‍ക്കാറിന് ചിയേഴ്‌സ് പറയുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.

അഡ്വ. ശ്രീജിത്ത് പെരുമന

Image Title


ശൂന്യാകാശത്തേക്ക് ടൂറ് പോകാനൊരുങ്ങുന്ന, ചന്ദ്രനില്‍ തട്ടുകട തുടങ്ങാന്‍ ഉന്തുവണ്ടി വാങ്ങിവെച്ച മലയാളികളുടെ ധാര്‍മ്മികതയെയും ഇഛാശക്തിയേയുമാണ് സ്വാതന്ത്ര സമര പാര്‍ട്ടിയുടെ ഗാന്ധിയന്‍ ഈഗോയിസത്തിലൂടെ ഉരുത്തിരിഞ്ഞ മദ്യ നിരോധനം എന്ന ഉട്ടോപ്യന്‍ നയം ചോദ്യം ചെയ്തത്. രണ്ടാം ക്ലാസ്സും ഗുസ്തിയുമായ് ഏഴാം കടലിനക്കരെ പോയി ജീവിതം നട്ടുനനച്ച് മഹാമരങ്ങളാക്കുന്ന ഒരു ശരാശരി മലയാളിക്കുപോലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തില്‍ അടിച്ചേല്‍പ്പിക്കുന്ന സാഹചര്യങ്ങളെ തൊണ്ട തൊടാതെ വിഴുങ്ങാന്‍ സാധിക്കില്ല. ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കണം എന്നൊന്നും പറയുന്നില്ല, എങ്കിലും ഓര്‍മ്മകളുണ്ടായിരിക്കണം എന്ന് ഓര്‍മ്മിപ്പിക്കേണ്ടിയിരിക്കുന്നൂ. മദ്യാസക്തിയോ മദ്യ ഉപഭോഗമോ കുറയ്ക്കാന്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം എന്നത് പരാജയപ്പെട്ട സദാചാര തത്വശാസ്ത്രമാണ് എന്ന സത്യം പരിഷ്‌കൃത ലോകം ഇനിയുമുള്‍ക്കൊള്ളാന്‍ വൈകരുത്. മറ്റേതൊരു വൈകാരികത പോലെയും മദ്യത്തോടുള്ള ചേദനയെ നിരോധനം കൊണ്ട് മറികടക്കാം എന്ന് കണക്കുക്കൂട്ടുന്നത് ഗമണ്ടന്‍ വിഡ്ഢിത്തമാണ്. ആരോഗ്യപരമായും മാനസികവും ശാരീരികവും സാമൂഹ്യപരവുമായും മദ്യ ഉപഭോഗത്താലുണ്ടാകുന്ന ദൂഷ്യവശങ്ങള്‍ അതിന്റേതായ അന്തസത്തയോടുകൂടി ജനങ്ങളെ ബോധവത്കരിക്കുന്നതിലൂടെ മാത്രമേ മദ്യമുക്തമായ രാഷ്ട്ര നിര്‍മ്മാണം സാധ്യമാകുകയുള്ളൂ. അതുകൊണ്ടുതന്നെ പയറ്റി തെളിയാത്ത ആശയത്തില്‍ നിന്നും മാറി പിണറായി വിജയന്‍ സര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്ന 'മദ്യവര്‍ജ്ജനം ' എന്ന ആശയത്തില്‍ നിര്‍മ്മിക്കപ്പെട്ട മദ്യനയം ആശാവഹമായ ഒന്നാണ് എന്ന് വിലയിരുത്താം.