പേരാമ്പ്രയും മുതലമടയും ഒറ്റപ്പെട്ട അയിത്തങ്ങളോ? കേരളം മുഴുവന്‍ ഇതേ അയിത്തമല്ലേ?

പാലക്കാട് മുതലമട ചക്ലിയ സമുദായക്കാരോട് സാമൂഹികമായ അയിത്തം കല്‍പ്പിച്ചത് ഒറ്റപ്പെട്ട സംഭവമാണെന്ന നിലയിലായിരുന്നു പ്രതികരണം. എന്നാല്‍ അയിത്തം അങ്ങനെയല്ലെന്ന് പ്രതികരിക്കുകയാണ് ഈ രംഗത്തെ ഗവേഷകര്‍

പേരാമ്പ്രയും മുതലമടയും ഒറ്റപ്പെട്ട അയിത്തങ്ങളോ? കേരളം മുഴുവന്‍ ഇതേ അയിത്തമല്ലേ?

തൊട്ടുകൂടായ്മ വീണ്ടും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന കാലത്ത് സംസ്ഥാനത്തെ ഇടതുപകഷ സര്‍ക്കാരിട്ട ടാഗ് ലൈന്‍ നവകേരളം എന്നാണ്. പാലക്കാട് ജില്ലയിലെ ഗോവിന്ദപുരത്ത് ചക്ലിയ വിഭാഗത്തില്‍പ്പെട്ട ദളിതരോടുള്ള സവര്‍ണ്ണ വിഭാഗത്തിന്റെ അയിത്തം യാഥാര്‍ത്ഥ്യങ്ങളുടെ വെളിപ്പെടല്‍ മാത്രമാണ്. ഇതൊക്കെ പുതിയതല്ല. ഉള്ളതു തന്നെയാണ്.

ഇത്തരം അനാചാരങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് നമ്മുടെ പ്രയാണം. പാലക്കാട്ടെ വര്‍ണ്ണരായ കൗണ്ടര്‍ സമുദായമാണ് ഇപ്പോഴും ചക്ലിയരോട് തൊട്ടുകൂടായ്മ പ്രകടിപ്പിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര വെല്‍ഫെയര്‍ എല്‍ പി സ്‌കൂളില്‍ പറയ സമുദായത്തിലെ കുട്ടികള്‍ക്കൊപ്പം പഠിക്കാന്‍ തങ്ങളുടെ കുട്ടികളെ അയക്കാതെയുള്ള സവര്‍ണ്ണ തിട്ടൂരം ഈ അധ്യയനവര്‍ഷത്തിലും പ്രകടമാണ്. ഈഴവരും മുസ്ലിങ്ങളുമെല്ലാം ഇവിടെ സവര്‍ണ്ണ സ്വഭാവം പ്രകടിപ്പിച്ച് അകന്നു മാറി നില്‍ക്കുന്നു. ഇതെല്ലാം കണ്ട് ഞെട്ടിത്തരിക്കുന്നതിനു മുന്‍പ് യാഥാര്‍ഥ്യം ജീവിച്ചനുഭവിക്കുന്നവര്‍ വ്യക്തമാക്കുന്നത്- ഇത് ഒരുജാതി കേരളമാണെന്നാണ്.സംസ്ഥാനത്ത് നിലവിലുള്ള അയിത്തത്തെക്കുറിച്ചുള്ള സംവാദമാണിത്.

അജയകുമാര്‍


Image Title

രണ്ട് കാര്യങ്ങളാണ് ഇതില്‍ പ്രാഥമികമായി പറയാനുള്ളത്. ഒന്ന് ഇതിപ്പോള്‍ കേരളത്തിലുണ്ടായി വന്ന പ്രശ്‌നമല്ല. രണ്ടാമത്തേത്, വിവേചനവും അയിത്തവും ഒരു പുതിയ പ്രശ്‌നം അല്ല. പാലക്കാട് 2001ലാണ് ചക്ലിയ വിഭാഗം നേരിടുന്ന അയിത്തം മാധ്യമം പത്രത്തില്‍ ഒരു വാര്‍ത്തയായി വരുന്നത്. അന്ന് കേരളത്തിലെ ദളിത് സംഘം അവിടെ വസ്തുതാന്വേഷണത്തിന് പോയിരുന്നു. സംഘത്തില്‍ ഞാനുമുണ്ടായിരുന്നു.

അന്നു നടന്ന അതേ പ്രശ്‌നം തന്നെ 16 വര്‍ഷമായിട്ടും ഇപ്പോഴും തുടരുന്നുവെന്നതാണ് കാര്യം. 15 വര്‍ഷങ്ങള്‍ക്കിടെ ഒന്നും മാറിയിട്ടില്ല. പേരാമ്പ്ര സ്‌കൂളില്‍ രണ്ട് വര്‍ഷം മുമ്പാണ് ഈ സംഭവം ഉണ്ടാകുന്നത്. സംസ്ഥാനത്ത് ദളിതരോ ആദിവാസികളോ ഉള്ള 50 ശതമാനത്തിലധികം സ്‌കൂളുകളുണ്ട്. അണ്‍ എക്കണോമിക് സ്‌കൂളുകളുടെ പ്രതിഭാസമെന്നാല്‍, കുട്ടികള്‍ കുറഞ്ഞ സ്‌കൂളുകള്‍ പരിശോധിച്ചാല്‍ 90 ശതമാനവും ദളിതരും ആദിവാസികളുമൊക്കെയുള്ള സ്‌കൂളുകളാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കാലങ്ങളായി തുടര്‍ന്നുവരുന്ന ഒരു പ്രോസസ്സിന്റെ ഭാഗമായിട്ടു അവിടെയുള്ളതാണ്.

രണ്ട് സംഭവങ്ങളിലും അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ എല്ലാ ഇടപെടലുകളും പരാജയപ്പെട്ടെന്നതാണ് യാഥാര്‍ത്ഥ്യം. പലകാര്യങ്ങളും വാര്‍ത്തയാകാതെ പോകുന്നുവെന്ന് മാത്രം. കേരളത്തിന് സമ്മതിക്കാന്‍ പറ്റാത്ത കാര്യങ്ങളാണിത്. കാരണം പുരോഗമനം പോകുമല്ലോ. അതാണ് കാര്യം.

ഡോ. സാംകുട്ടി പട്ടങ്കരി


Image Title

കേരളത്തില്‍ അയിത്തം അഥവാ ജാതീയ വിവേചനം എന്നത് പുതുയി സംഭവിക്കുന്ന ഒരു അനാചാരമോ അവകാശ നിഷേധമോ അല്ല. അതിനേക്കാള്‍ ഗൗരവമായി കാണേണ്ട കാര്യമായിട്ടും ഈ അനീതിയെ ബോധപൂര്‍വമായി മറച്ചുപിടിക്കുന്നത്, പുരോഗമന കേരളം ഒരു മൂടുപടം ആണെന്നതിനാലാണ്.

നോക്കുക, കേരളത്തില്‍ നിലനില്‍ക്കുന്ന ജാതീയ മനസ്സിന്റെ കൂട്ടായ്മയ്ക്കുള്ളില്‍ ആരോടാണ് ജാതീയമായ വിവേചനത്തെക്കുറിച്ച് നാം പരാതിപ്പെടേണ്ടത്. പ്രത്യേകിച്ചും പ്രഖ്യാപിത യാഥാസ്ഥിതികരേക്കാള്‍ പുരോഗനമവാദികള്‍ ആ കര്‍മ്മം ചെയ്തുകൊണ്ടിരിക്കുമ്പോള്‍, ഗീബല്‍സിയന്‍ രീതിയില്‍ ജാതിയില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു നീതിനിഷേധങ്ങളെ ചര്‍ച്ചയ്‌ക്കെടുക്കാതെയിരിക്കുന്ന കപടശീലം കേരളത്തിന്റെ പുരോഗമന മനസ്സിന്റെ കൂടെ സംഭാവനയാണ്. അതുകൊണ്ടുതന്നെ അടിസ്ഥാനപരമായി ഇത് സമൂഹ്യനീതിയുടെ നിഷേധങ്ങളായിത്തീരുന്നു.

ജാതിക്കെതിരെ നടന്നിരുന്ന മുഴുവന്‍ സമരങ്ങളുടെയും നീക്കങ്ങളുടെയും മുന ഒടിച്ചുകളഞ്ഞ 1940കളുടെ രാഷ്ട്രീയ ഉപകരണങ്ങള്‍ തന്നെയാണ് ഈ വാദങ്ങളുടെ പിന്നിലുള്ളതെന്ന് അംഗീകരിക്കേണ്ടി വരും.വസ്തുതാപരമായി പറഞ്ഞാല്‍ കേരളത്തിന്റെ മലയാളി മനസ്സ് ഒരു കാലത്തും കീഴ്ത്തട്ടു ജനതകളെ മലയാള ദേശത്തിന്റെ ഭാഗമായി കണക്കാക്കിയിട്ടില്ല എന്നതില്‍ മലയാളി മെമ്മോറിയല്‍ മുതലുള്ള ചരിത്രം സാക്ഷ്യം വഹിക്കുന്നു. ഉദാഹരണമായി ജനാധിപത്യ കേരളത്തിന്റെ സാമ്പത്തിക രാഷ്ട്രീയ സന്തുലിതാവസ്ഥയില്‍ സംബന്ധിക്കുന്ന ചര്‍ച്ചകളില്‍ കീഴ്ത്തട്ടു ജീവിതങ്ങളുടെ കൂടി പ്രാതിനിധ്യമുറപ്പിക്കേണ്ടത് ജനാധിപത്യക്രമത്തിന്റെ പ്രാഥമികമായ അംഗീകരിക്കല്‍ ആണെന്നത് എത്രമാത്രം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

ഇവിടെയാണെങ്കില്‍ കേരളത്തിലെ കീഴ്ത്തട്ടു ജനതകളെ മുഴുവനും തങ്ങള്‍ക്ക് പരിഷ്‌ക്കരിക്കാനായിട്ടുള്ള വിളനിലമായി കണ്ടിട്ടുള്ള തൊഴിലാളി ബോധമാണ് മലയാളിയുടെ പുരോഗമന വാദത്തെ നിര്‍ത്തിയതുകൊണ്ടുതന്നെ കീഴ്ത്തട്ടു വിഭാഗങ്ങളുടെ സാമൂഹ്യനീതിയ്ക്കുവേണ്ടിയുള്ള വിലാപങ്ങള്‍ അര്‍ഥരഹിതമായിത്തീരുന്നു. കാരണം ബോധപൂര്‍വം സാധിക്കുന്ന സൈദ്ധാന്തികതയെയും കുറ്റകൃത്യങ്ങളെയും ഉപേദശിച്ചു പരിഹരിക്കാമെന്നത് മൗഢ്യമാണ്.

ദളിത് കേരളത്തില്‍ ഒരു ചൊല്ലുണ്ട്- 'കുറുകേ, നീ തേവിക്കോടി, വെള്ളം ഞാന്‍ വറ്റിച്ചോളാം' എന്ന്. അതായത് വെള്ളം തേവിക്കളയുന്ന ജോലി കുറുകെയും വെള്ളം വറ്റുന്നതിന്റെ ഉത്തരവാദിത്വം ഏജന്‍സിക്കുമായിത്തീരുന്ന വൈരുദ്ധ്യം. അതുകൊണ്ടുതന്നെ ഏറെ വ്യാകുലതയോടെ നാം കണ്ണുതുറന്നിരിക്കേണ്ടിവരുന്നത്, എന്നായിരിക്കും 'ജനാധിപത്യപൗരന്റെ' അവകാശങ്ങളെ എല്ലാവര്‍ക്കും ലഭിക്കുന്ന കാലം എന്നതിനു വേണ്ടിയാണ്. അവസര സമത്വത്തിന്റെയും സാമൂഹിക, നീതിയുടെയും വിതരണം സാധ്യമായിത്തീരുന്ന 'പുരോഗമന കാല'ത്തിന് വേണ്ടി..

മൃദുലാദേവി

Image Title

ഉത്തരേന്ത്യ പോലെ പ്രകടമല്ലെങ്കിലും ആശയപരമായ ജാതി വ്യവസ്ഥയാണിവിടെ നിലനില്‍ക്കുന്നത്. പേരാമ്പ്ര സ്‌കൂളിലെ അയിത്തമെല്ലാം ഞെട്ടലോടെയാണ് പ്രബുദ്ധ സമൂഹം ശ്രവിച്ചത്്. സമസ്ത മേഖലയിലും സവര്‍ണ്ണമേധാവിത്വം പിടിമുറുക്കിയൊരു നാടാണിത്. കേരളവും അതില്‍ നിന്ന് മുക്തമല്ല. സംവരണത്തിലൂടെ പട്ടികവര്‍ഗ്ഗ-ജാതി വിഭാഗങ്ങള്‍ എല്ലാം കൊണ്ടുപോകുന്നെന്ന് വിലപിക്കുന്നവരാണ് ഇത്രത്തോളം ജാതീയമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്.

സ്വതന്ത്ര്യം ലഭിച്ച് ഇത്രകാലം കഴിഞ്ഞിട്ടും ദളിതന്റെ അവസ്ഥയ്ക്ക് കാര്യമായ മാറ്റമൊന്നും വന്നില്ലയെന്നതാണ് യാഥാര്‍ഥ്യം. സവര്‍ണ്ണന്റെ ചരിത്രവും സാഹിത്യവും സംസ്‌കാരവുമാണ് എല്ലായിടത്തും പഠിപ്പിക്കുന്നത്. ദളിതന്റെ ജീവിതാവസ്ഥയും ഇടപെടലുകളുമൊന്നും പുസ്തകങ്ങളില്‍ ഇടംനേടുന്നില്ലയെന്നതാണ് വാസ്തവം. സവര്‍ണ്ണത പഠിക്കുന്ന ഒരു തലമുറയില്‍ നിന്നാണ് ഇത്തരത്തിലുള്ള അയിത്തവും ജാതീയതയും പുറത്തേക്ക് വരുന്നത്. അതിങ്ങനെ തുടരുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമാണ് ഇപ്പോഴും നിലനില്‍ക്കുന്ന അയിത്തം.

നിധിന്‍ സോജന

Image Title

നവമാധ്യമങ്ങളും ദളിത് മൂവ്‌മെന്റുകളും സജീവമായ കാലത്ത് പോലും അയിത്തം നിലനില്‍ക്കുന്നുവെന്നതാണ് ഗൗരവതരം. എന്നാല്‍ പ്രത്യക്ഷമായ അയിത്തത്തിൽ കുറവ് വന്നിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്. പരസ്യമായി ജാതി വിളിക്കാനോ മാറ്റി നിര്‍ത്താനോ സവര്‍ണ്ണ സമുഹത്തിന് പണ്ടുള്ളതിനെക്കാളും ഒരു ഭയവും ജാഗ്രതയും ഇപ്പോൾ ഉണ്ട്. ഇവരുടെയൊക്കെ മനസ്സില്‍ ജാതിയതയും അയിത്തവുമൊക്കെ ഇന്നും പഴയത് പോലെ നിലനിൽക്കുന്നുണ്ടെങ്കിലും അത് പരസ്യമായി പ്രകടിപ്പിക്കുന്നിൽ ഒരു ഭയമുണ്ട് ഇന്ന്.

അത് ദളിത് രാഷ്ട്രീയം കേരളത്തിലെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മണ്ഡലത്തിൽ ഉണ്ടാക്കിയെടുത്ത ശക്തമായ ധൈഷണിക ഇടം മൂലമാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കായാലും മാധ്യമങ്ങൾക്കായാലും മറ്റ് സിവിൽ സമൂഹ സ്ഥാപനങ്ങൾക്കും ദളിത് രാഷ്ട്രീയത്തെ പഴയത് പോലെ അവഗണിക്കാൻ കഴിയില്ലെന്ന് മാത്രമല്ല അവയോടു സംവാദം നടത്തി കൊണ്ട് മാത്രമേ നിലനിൽക്കാൻ കഴിയൂ എന്ന സ്ഥിതി വിശേഷം കൂടി ഉണ്ട്. ഇത് കേരളത്തിൽ വളരെ സ്വാധീനമുള്ള നവമാധ്യമങ്ങളിൽ വളരെ പ്രകടമാണ്. ദൈനദിന ജീവിതത്തിലെ ജാതി വിവേചനങ്ങളും അടിച്ചമർത്തലുകളും അയിത്തവും ഭരണകൂടത്തിന്റെ മർദ്ദനങ്ങളുമെല്ലാം ഇന്ന് വ്യാപകമായി പുറത്തു വരുന്നുണ്ട് ശക്തമായ പ്രതിരോധവും തീർക്കുന്നുണ്ട്.

സവർണ്ണരിലെ പുരോഗമനകാരികൾ എന്ന് അവകാശപ്പെടുന്നവർക്കു പോലും ഈ രാഷ്ട്രീയത്തിനെ പിന്തുണയ്ക്കാതെ നിലനിൽക്കാൻ കഴിയില്ല എന്നൊരവസ്ഥയുണ്ട്, തങ്ങളുടെ ഉള്ളിൽ ബോധമായോ അബോധമായോ ജാതീയത നിലനിൽക്കുന്നുണ്ടെങ്കിൽ പോലും. ഇ കെ നായനാര്‍ മുമ്പ് നടത്തിയ ഹരിജന്‍ കുട്ടപ്പന്‍ പ്രയോഗമൊന്നും ഇന്നൊരു ഭരണാധികാരി നടത്താന്‍ ധൈര്യം കാണിക്കില്ല. പത്ത് വര്‍ഷം മുമ്പാണ് വിനായകന് അവാര്‍ഡ് കിട്ടിയിരുന്നതെങ്കിൽ ഇതായിരുക്കുമായിരുന്നില്ല അവസ്ഥ, പരസ്യമായി വംശീയ ജാതീയ പ്രയോഗങ്ങൾ കൊണ്ട് ഇതിനെ എതിര്‍ക്കുമായിരുന്നു. ഇപ്പോഴാകട്ടെ മനസ്സിലുണ്ടെങ്കിലും പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. അല്ലാതെ അയിത്തം ഇവിടെ നിന്ന് പോയിട്ടൊന്നുമില്ല.

മായാ പ്രമോദ്


Image Title

ഗോവിന്ദപുരവും പേരാമ്പ്രയും കേരളത്തില്‍ തന്നെയല്ലേയെന്ന് നമ്മള്‍ ആരോടൊക്കെയോ ചോദിക്കേണ്ടിയിരിക്കുന്നു. കേരളം കണ്ടു പടിക്കേണ്ട മാതൃകയായി യോഗി ആദിത്യനാഥിന്റെ യു പി മാറ്റണമെന്ന ബിജെ പി ദേശീയ അധ്യക്ഷന്റ പ്രഖ്യാപനവും , ചൂളയിലെ കോളനികളില്‍ പോയിരുന്ന് ഭക്ഷണം കഴിച്ച് തങ്ങള്‍ക്ക് ജാതിയില്ല പറയുന്ന സംഘി ഫാസിസത്തിന്റ പ്രഖ്യാപനവും ,ഇന്നും 'പേരാമ്പ്രയിലെ ഗവണ്‍മെന്റ് സ്‌ക്കൂളില്‍ പറയ കുഞ്ഞുങ്ങള്‍ടെ കൂടെ പഠിക്കാന്‍ തയ്യാറവാത്ത സാക്ഷര കേരളത്തിലെ സവര്‍ണ്ണ സമൂഹവും, തങ്ങള്‍ക്ക് ഏറ്റവും വേരോട്ടമുള്ള മണ്ണില്‍.. നടക്കുന്ന ഈ ഭരണഘടന ലംഘനക്കള്‍ക്കെതിരെ പ്രതികരിക്കുന്നവരോട് 'ഏയ് പേരാമ്പ്രയോ അവിടെ ഇത്തരം ഒരു പ്രശ്‌നങ്ങളില്ല.. ' ഞങ്ങള്‍ കമ്യുണിസ്റ്റുകള്‍ ജാതിക്കെതിരാണന്ന പ്രഖ്യാപനവും എന്തൊക്കെയോ വിളിച്ചു പറയുന്നു ഇവിടുത്തെ ദലിത് സമൂഹത്തോട് .1907 -ല്‍ കാര്‍ഷിക പണിമുടക്കിലൂടെ ' തങ്ങള്‍ടെ കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കിയില്ലങ്കില്‍ കാണായ പാടങ്ങളില്‍ പുല്ലും കുരുപ്പിക്കില്ലായെന്ന് പ്രഖ്യാപിച്ച മഹാത്മ അയ്യന്‍കാളിയുടെ പ്രൗഡോജ്വലമായ ചരിത്രമുറങ്ങുന്ന മണ്ണില്‍ നിന്നും, അത്തരം അയിത്തം ഇന്നത്തെ വിദ്യാഭ്യാസത്തില്‍ ഇല്ലായെന്ന് ബോധ്യപ്പെടുത്തിയെടുക്കാന്‍ ഊരൂട്ടമ്പലം സ്‌ക്കൂള്‍ പ്രവേശനോത്സവത്തിന്റെ പ്രധാന ഇടമായി മാറ്റപ്പെടുമ്പോള്‍ തന്നെയാണ് പേരാമ്പ്രയും, ഗോവിന്ദപുരം സ്‌ക്കുളും അയിത്താചരണത്തിന്റെ പ്രതികമായി നമ്മുടെ ഇടയില്‍ നില്‍ക്കുന്നത്. അപ്പോള്‍ എന്താണ് സര്‍ക്കാര്‍ 'വികസന പദ്ധതികളിലെ ദലിത് വികസനങ്ങളായ മൂന്ന് സെന്റ് കോളനി, ആട്, കോഴി, കക്കൂസ് വികസനം പോലെ ,പ്രഖ്യാപിത ഊരൂട്ടമ്പല വാര്‍ഷിക പ്രവേശനോത്സവ അയിത്തമില്ലായ്മയായി.. പേരാമ്പ്രയും, ഗോവിന്ദപുരവും ഇവിടെ നിലനിര്‍ത്തും മുഖ്യധാര രാഷ്ട്രിയ കക്ഷികള്‍. ഇലക്ഷന്‍ വരുമ്പോള്‍ തങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാനും ,വോട്ടിനായി ഉപയോഗിക്കാനുള്ള ഒരു സ്ഥിരം വാര്‍ത്തയായി അതും മാറ്റാന്‍ അനുവദിക്കരുത്