റമദാൻ മാസം മധ്യ തിരുവിതാംകൂറിലൂടെ

പള്ളികളിൽ വിതരണം ചെയ്യുന്ന നോമ്പു കഞ്ഞിയോടൊപ്പം മേമ്പൊടിക്കായി ഇടിച്ചമ്മന്തി, മാങ്ങ അച്ചാർ തുടങ്ങിയ വിഭവങ്ങളും ഉണ്ടാകും. പ്രത്യേകിച്ച് എടുത്തുപറയേണ്ടത് പ്ലാവിലയിൽ ഈർക്കിലി കുത്തിയു‌‌ണ്ടാക്കിയ സ്പൂൺ ആണ് കഞ്ഞികുടിക്കാൻ പലയിടത്തും ഉപയോഗിക്കുന്നത് എന്നതാണ്. പാത്രത്തില്‍ കഞ്ഞിയുടെ അളവ് കുറയുന്ന മുറയ്ക്ക് പ്ലാവില മാറ്റി പാത്രം ചുണ്ടോടു അടുപ്പിച്ചു വലിച്ചു കുടിക്കുന്നതോടെ ആ ദിവസത്തെ നോമ്പിന്റെ എല്ലാ ക്ഷീണവും പറപറക്കും.

റമദാൻ മാസം മധ്യ തിരുവിതാംകൂറിലൂടെ

റമീസ് മുഹമ്മദ്‌

മധ്യ തിരുവിതാംകൂറിലെ മുസ്ലീങ്ങൾക്ക് ഇത് എളിമയുടെ നോമ്പുതുറ. പഴമ പുതുമയായി നിലനിർത്തി നോമ്പിന്റെ സവിശേഷത ഇന്നും അതുപോലെ പിന്തുടരുന്നു. കേരളീയർക്ക് റമദാൻ എന്നു കേൾക്കുമ്പോൾ ആദ്യം ഓർമയിലും നാവിൻത്തുമ്പിലും ഓടിയെത്തുന്നത് മലബാറിലെ ഇഫ്താർ വിരുന്നുകളോടും മുസ്ലീം വിഭവങ്ങളോടുമുള്ള കൊതിയൂറും രുചിയാണ്.

തീൻമേശ നിറയെ അരിപ്പത്തിരി, മട്ടൻ കറി, അരീസ്, നെയ്ച്ചോറ്, ബിരിയാണി, കോഴിയട, കല്ലുമ്മക്കായ നിറച്ചത് പിന്നെ എണ്ണയിൽ വറുത്തതും പൊരിച്ചതുമായ എണ്ണിയാലൊടുങ്ങാത്ത പലഹാരങ്ങളും പാനീയങ്ങളും നിറച്ചുണ്ടാകും. ആദ്യം ഏതെടുക്കണം, ഏതുകഴിക്കണം എന്ന കൊതിയൂറുന്ന കൗതുകം മാത്രം എപ്പോഴും ബാക്കിയുണ്ടാകുന്നതും ഓര്‍മകളിലേക്കുള്ള ഒരു നല്ല അനുഭവമാണ്.

കേരളത്തിലെ മറ്റുള്ള ജില്ലകളിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ് കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ നോമ്പുതുറ. ഇസ്ലാമിലെ നാല് മദ്ഹബുകളില്‍ ഏറ്റവും പ്രബലവും ആദ്യത്തേതുമായ ഹനഫി മദ്ഹബ് ആണ് (വർഗ പരമായി റാവുത്തർ വിഭാഗം) ഇവിടെയുള്ള മുസ്ലീങ്ങൾ പിന്തുടരുന്നത്. ഇടയത്താഴം മുതൽ നോമ്പുതുറ വരെയുള്ള ഭക്ഷണ രീതിയിൽ വളരെ മിതത്വം ഇക്കൂട്ടർ നോമ്പുകാലത്ത് പാലിക്കും. നോമ്പ് വിഭവങ്ങളിൽ ഏറ്റവും പ്രധാനപെട്ടത് നോമ്പ് കഞ്ഞിയാണ്. പള്ളികള്‍ കേന്ദ്രീകരിച്ചു മഹല്ലുകളുടെ നേതൃത്വത്തിലാണ് മഗ്‌രിബ്‌

നമസ്കാരാനന്തരം കഞ്ഞി വിതരണം നടത്തുന്നത്. വീട്ടിൽ നോമ്പനുഷ്ടിക്കുന്ന സ്ത്രീകൾക്കായി അസർ (സായാഹ്നം) നമസ്കാരാനന്തരം പള്ളികളിൽ നിന്നും നോമ്പുകഞ്ഞി വിതരണം നടത്താറുണ്ട്‌. വീട്ടിലെ കുട്ടികൾ തലയിൽ തട്ടവും തൊപ്പിയുമൊക്കെയായി തൂക്കു പാത്രങ്ങളുമേന്തി കുട്ടിപ്പട്ടാളങ്ങൾ പള്ളിപ്പറമ്പും നാട്ടുവഴികളും കൈയടക്കും.

പള്ളികളിൽ വിതരണം ചെയ്യുന്ന നോമ്പു കഞ്ഞിയോടൊപ്പം മേമ്പൊടിക്കായി ഇടിച്ചമ്മന്തി, മാങ്ങ അച്ചാർ തുടങ്ങിയ വിഭവങ്ങളും ഉണ്ടാകും. പ്രത്യേകിച്ച് എടുത്തുപറയേണ്ടത് പ്ലാവിലയിൽ ഈർക്കിലി കുത്തിയു‌‌ണ്ടാക്കിയ സ്പൂൺ ആണ് കഞ്ഞികുടിക്കാൻ പലയിടത്തും ഉപയോഗിക്കുന്നത് എന്നതാണ്. പാത്രത്തില്‍ കഞ്ഞിയുടെ അളവ് കുറയുന്ന മുറയ്ക്ക് പ്ലാവില മാറ്റി പാത്രം ചുണ്ടോടു അടുപ്പിച്ചു വലിച്ചു കുടിക്കുന്നതോടെ ആ ദിവസത്തെ നോമ്പിന്റെ എല്ലാ ക്ഷീണവും പറപറക്കും. നോമ്പ് കഞ്ഞിയുടെ രുചിയേറുന്നത് സഹോദര മതസ്ഥരും നമ്മളോടൊപ്പം അവ പങ്കുവയ്ക്കാന്‍ എത്തുമ്പോഴാണ്.

ഈ നോമ്പുകഞ്ഞികളിലും പല വ്യത്യസ്തതകൾ നിലനിൽക്കുന്നുണ്ട്. സാധാരണ നോമ്പ് കഞ്ഞി മുതൽ, ജീരകക്കഞ്ഞി, ഉണക്ക ഇറച്ചി ഇട്ടു തിളപ്പിച്ചെടുത്ത കഞ്ഞി, ധാരാളം കൂട്ടുകൾ ഇടുന്ന ഔഷധക്കഞ്ഞി തുടങ്ങിയ എത്ര തരങ്ങള്‍! കേരളത്തിലെ മറ്റു പത്തു ജില്ലകളിലും ഷാഫി മദ്ഹബ് ആണ് പിന്തുടരുന്നത്. ഇതിൽ പ്രത്യേകിച്ചും മലബാറിലെ ഇഫ്താർ വിരുന്നിൽ പങ്കെടുത്താല്‍ അവരുടെ നോമ്പുതുറ വിഭവങ്ങൾ കാണുമ്പോൾ കണ്ണ് തള്ളിപോവുമെന്നതില്‍ സംശയമില്ല. നമ്മൾ ഇതിനാണോ ഈ പകൽ സമയം പട്ടിണി കിടന്നത് എന്നൊരു തോന്നൽ ഉണ്ടായാലും കുറ്റം പറയാന്‍ കഴിയില്ല

ചിലപ്പോൾ ഈ തോന്നൽ മറ്റു ജില്ലകളിൽ നിന്നുള്ളവർക്ക് മാത്രമാകാം. മലബാറിലെ നോമ്പുതുറയ്ക്കു രുചി കൂടാൻ കാരണം മലബാറികളുടെ ആതിഥ്യ മര്യാദ തന്നെയാകണം കാരണം. എന്തായാലും കേരളത്തിലെ മറ്റു ജില്ലകളിലെ മുസ്ലീം സഹോദരങ്ങളും മറ്റു സഹോദര സമുദായ അംഗങ്ങളും ഒരു പ്രാവശ്യമെങ്കിലും മധ്യ തിരിവിതാംകൂറിലെ നോമ്പ് കൂട്ടായ്മയിലും ഇവിടുത്തെ പ്രശസ്തമായ നോമ്പു കഞ്ഞി വിതരണത്തിലും പങ്കെടുത്തു നോമ്പിന്റെ വ്യത്യസ്തത ഒന്ന് മനസിലാക്കാൻ ശ്രമിക്കുന്നത് ഒരു പുത്തൻ നോമ്പുകാല അനുഭവം ആയിരിക്കും.

ഭക്ഷണത്തിന്റെ കാര്യത്തിൽ ഏറ്റവും മിതത്വം പാലിക്കേണ്ട ഈ മാസത്തിലാവും മുസ്‌ലിം സ്ത്രീകൾ ഏറ്റവും കൂടുതൽ സമയം അടുക്കളയിൽ ചെലവഴിക്കേണ്ടി വരുന്നത് എന്നുള്ളത് മനസിലാക്കിയാല്‍ മാത്രം മതിയാകും ഭക്ഷണത്തിലെ ധാരാളിത്തം അറിയാന്‍. ആവശ്യത്തിലധികം ഭക്ഷണം ഉണ്ടാക്കുകയും അതിലേറെക്കുറെ ഇഫ്താറിനു ശേഷം അവശേഷിക്കുകയും ചെയ്യുന്നത് കണ്ടില്ലെന്നും നടിക്കാനാവില്ല. അവ ഒടുവില്‍ വെറുതെ മണ്ണില്‍ കുഴിച്ചിടുകയും വീണ്ടും പുതിയ വിഭവങ്ങള്‍ ഉണ്ടാക്കുന്ന തിരക്കിലേക്കു മടങ്ങുകയും ചെയ്യുന്നു. എന്നാല്‍ അധികം ദൂരത്തല്ലാതെ വെറും കാരക്ക മാത്രം കഴിച്ചു നോമ്പുതുറക്കുന്നവരുമുണ്ട്. ഭക്ഷണം അർഹതപെട്ടവരിൽ എത്തുന്നില്ല എന്ന വലിയ സത്യം ഈ പരിശുദ്ധ റമദാൻ മാസത്തിലെങ്കിലും ചിന്തിക്കേണ്ടതുണ്ട്. ഏതു രുചിയേക്കാളും അതാണ്‌ ഉത്തമം.

Read More >>