30 ദിവസത്തെ 'കഠിന' ഉപവാസമെടുത്ത പാസ്റ്റര്‍ മരണപ്പെട്ട നിലയില്‍

ബൈബിളില്‍ വിവരിക്കുന്ന യേശുവിന്റെ റെക്കോര്‍ഡ് മറികടന്നു 'അത്ഭുത മനുഷ്യന്‍' ആകാനുള്ള ശ്രമമാണ് പാസ്റ്റര്‍ ആല്‍ഫ്രഡിന്റെ ദാരുണമരണത്തില്‍ കലാശിച്ചത്.

30 ദിവസത്തെ

"യേശുവേ പോലെയാകുവാന്‍.." എന്ന ഭക്തി ഗാനം ക്രൈസ്തവരുടെ ഇടയില്‍ സുപരിചിതമാണ്. ഇത്തരത്തിലൊരു 'പ്രാര്‍ത്ഥന'യോടെയാണ് സൗത്ത് ആഫ്രിക്കയിലെ ഒരു പാസ്റ്റര്‍ 40 ദിവസം കഠിനമായ ഉപവാസത്തിന് തീരുമാനമെടുത്തത്.

യേശുക്രിസ്തു നാല്പതു ദിവസങ്ങള്‍ പൂര്‍ണ്ണമായും ഭക്ഷണവും വെള്ളവും ത്യജിച്ചു മലമുകളില്‍ പ്രാര്‍ഥനയില്‍ മാത്രം സമയം ചെലവിട്ടത് പോലെ തനിക്കും സാധിക്കും എന്ന് തെളിയിക്കാനാണ് പാസ്റ്റര്‍ ആല്‍ഫ്രഡ്‌ എന്ന 44കാരന്‍ കഠിനഉപവാസത്തിനൊരുങ്ങിയത്. 

സാത്താന്റെ പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ ദൈവപുത്രനായ യേശുക്രിസ്തു 40 ദിവസം  കഠിന ഉപവാസമെടുത്തു എന്ന് ബൈബിളില്‍ പറയുന്നുണ്ട്. ഇതിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് ക്രൈസ്തവര്‍ വലിയനോമ്പ് ആചരിക്കുന്നതും.

വിശ്വാസം കൊണ്ട് ഒരു മല വരെ നീക്കാന്‍ കഴിവുള്ള ദൈവപുത്രന്‍ എന്നായിരുന്നത്രേ 'പാസ്റ്റര്‍ ആല്‍ഫ്രഡ്‌' വിശ്വാസികളുടെ ഇടയില്‍ അറിയപ്പെട്ടിരുന്നത്.

ഉപവാസത്തിനായി തനിച്ചു മലമുകളിലേക്ക് പോയ പാസ്റ്റര്‍ ആല്‍ഫ്രഡിന്റെ ജഡം 30 ദിവസങ്ങള്‍ക്കു ശേഷം വഴിയാത്രക്കാരാണ് കണ്ടെത്തിയത്. അവര്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളുമെത്തി മൃതശരീരം തിരിച്ചറിയുകയായിരുന്നു. നിര്‍ജ്ജലീകരണമാണ് മരണകാരണം എന്ന് പോലീസ് പിന്നീട് സ്ഥിരികരിച്ചു.

'മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നത്' എന്ന ബൈബിള്‍ വാക്യം പ്രചോദനമായി ഉള്‍ക്കൊണ്ടാണ് ആല്‍ഫ്രഡ്‌ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത് എന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. പാസ്റ്റര്‍ ആല്‍ഫ്രഡിന്റെ അസ്വാഭാവികമരണം വിശ്വാസസമൂഹത്തില്‍ നിലനില്‍ക്കുന്ന വികലമായ ആത്മീയതയെ ചോദ്യം ചെയ്യാന്‍ ഇടയാക്കിയിട്ടുണ്ട്.