യേശുവേ സ്‌തോത്രം, യേശുവേ നന്ദി; പണമൊഴുകുന്ന പെന്തക്കോസ്ത് വഴികൾ

രാജ്യങ്ങൾക്കിടയിലൂടെ ചാരിറ്റിയുടെ മറവിൽ ഇവർ നികുതിരഹിതമായി പണം സുഖപ്രദമായി വിനിമയം ചെയ്യുന്നു. വിശ്വാസ ഉത്പന്നങ്ങൾ കേരളത്തിലും കച്ചവടം വിദേശത്തും നടക്കുന്ന ബിസിനസ്സിന്റെ മാനേജ്മന്റ് ബുദ്ധിയാണ് ഇത്തരം കപട ദൈവദാസൻമാർ. ഒരു വർഷം ശരാശരി 15 മുതൽ 20 ശതമാനം വരെയാണ് ഇവരുടെ സാമ്പത്തിക വളർച്ചാ നിരക്ക്. ദൈവത്തിനും അതീതമായി ദൈവദാസർ വളരുന്നു. എല്ലാ പെന്തെകൊസ്ത് ദൈവദാസന്മാരും ഇങ്ങനെയാണ് എന്നല്ല. വയലിലെ വിളയിൽ, കള അധികമായാൽ അതിനെ അംഗീകരിക്കുവാൻ കഴിയില്ലെന്ന് മാത്രം.

യേശുവേ സ്‌തോത്രം, യേശുവേ നന്ദി; പണമൊഴുകുന്ന പെന്തക്കോസ്ത് വഴികൾ


ബിരുദാനന്തര ബിരുദം കഴിഞ്ഞ ഉടൻ തന്നെ സൂസന് വിവാഹ ആലോചനകൾ വന്നു തുടങ്ങി. പിതാവ് മരിച്ച് പോയതിനാൽ അമ്മയുടെ ചുമതലയിലാണ് കാര്യങ്ങളെല്ലാം നടക്കേണ്ടത്. കാര്യമായ ലോക പരിചയമില്ലാത്ത അമ്മ ഏതു തീരുമാനങ്ങളെടുക്കുന്നതിനു മുമ്പ് പ്രവാചകനായ ദൈവദാസനോടു ആലോചിക്കും. അദ്ദേഹത്തിന്റെ പ്രവചനമാണ് ഇവരുടെ ജീവിതത്തിന്റെ ദിശാ മാർഗ്ഗം. പ്രവചനത്തിനെത്തിയ ദൈവ ദാസന് പക്ഷെ മറ്റൊരു ദർശനമാണ് കണ്ടതുപോലും! ചങ്ങനാശ്ശേരി എസ്.ബി കോളേജിൽ നിന്നും വിരമിച്ച ഒരു സീനിയർ പ്രഫസറിനെയാണ് സൂസന്റെ വരനായി ദൈവദാസൻ ദർശനത്തിൽ കണ്ടത്.

പ്രവചനത്തിനപ്പുറം ദൈവത്തിന് മറ്റൊരു ഹിതമുണ്ടാകുകയില്ലെന്ന് വിശ്വസിക്കുന്ന അമ്മ 22 കാരിയായ മകളെ 65കാരനായ പ്രഫസർക്ക് വിവാഹം ചെയ്തു നൽകി. തന്റെ പിതാവിന്റെ പ്രായമുള്ള ഒരാളെ മരുമകനായി സ്വീകരിച്ചു ആ അമ്മ പ്രവചനത്തിന് നിവർത്തി വരുത്തി. മകളുടെ ശാരീരിക മാനസിക ആവശ്യങ്ങളേക്കാൾ പരിഗണിക്കേണ്ടത് ദൈവ ദാസന്റെ പ്രവചനത്തിനാണെന്ന് ആ 'അമ്മ കരുതി. അവർക്കു ദൈവത്തിന്റെ അരുളപ്പാടാണ് വലുത്.

അടച്ചിട്ട മുറിയിൽ പാസ്റ്റർ യുവതിക്ക് സുവിശേഷം ഘോഷിക്കുകയായിരുന്നു. പലതവണ ഭാര്യ മുറിയിൽ തട്ടിയിട്ടും തുറക്കാതെ വചന പ്രഘോഷണം തുടർന്ന് കൊണ്ടിരുന്നപ്പോൾ പാസ്റ്റർ ബിനോയ് ഭാര്യ രേഷ്മയോടു പ്രകോപിതയായി. അടുത്ത ബന്ധുക്കളോട് ഇതിനെപറ്റി പറഞ്ഞ രേഷ്മയെ പിന്നെ കണ്ടത് തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു. ഫയർ വിങ്സ് പാസ്റ്റർ ബിനോയ് ഭാര്യയെ കൊന്നെന്ന് അമ്മയും നാട്ടുകാരും ഒരുപോലെ പരാതിപ്പെട്ടു. എന്നാൽ, തെളിവില്ലെന്നായിരുന്നു പോലീസ് ഭാഷ്യം. പാസ്റ്റർ ബിനോയ് കൊട്ടാരക്കരയുടെ ഭാര്യ രേഷ്മയുടെ മരണം മറ്റെല്ലാ കൊലപാതകങ്ങളെ പോലെ കെട്ടടങ്ങിയത് വരെ പെട്ടെന്നായിരുന്നു. മൂന്നരയടി മാത്രം നീളമുള്ള ജനലിൽ കെട്ടി തൂങ്ങിയ നിലയിലാണ് രേശ്മയെ കണ്ടെത്തിയത് എന്നിരിക്കെ പോലും പോലീസ് ഇന്നും തെളിവുകളുടെ അന്വേഷണത്തിലാണ്.


നിങ്ങൾ മാനസികമായ പ്രയാസം അനുഭവിക്കുന്നവരാണോ? മാറാത്ത രോഗത്താൽ വിഷമിക്കുന്നവർ ആണോ? എങ്കിൽ നിങ്ങൾക്ക് വേണ്ടി ബ്രദർ സജിത്ത് ജോസഫ് കണ്ണൂർ ഇപ്പോൾ പ്രാർഥിക്കുന്നതായിരിക്കും 'യേശുവേ. യേശുവേ. സുഗതന്റെ കെട്ട് അഴിച്ചു,(3) സുഗതന്റെ തളർച്ച മാറ്റി, സുഗതൻ മേൽ ബലം പകർന്നു. സുഗതന്റെ കെട്ട് പൊട്ടി. സുഗതൻ ഇവിടെ ഇരുന്നു കഴിഞ്ഞു. യേശു വന്നാൽ ഇങ്ങനെയാ. ' എല്ലാം മറന്നു സജിത്ത് ബ്രദർ പാടുമ്പോൾ, നൂറു കണക്കിനു വിശ്വാസികൾ അത് ഏറ്റു പാടുന്നു. താളത്തിനൊത്ത് അവർ എല്ലാം മറന്നു ആടുന്നു. അജ്ഞാതമായ ശക്തി അവരുടെ മേൽ ഇറങ്ങി വരുന്നു എന്ന് സജിത്ത് ബ്രദർ പറഞ്ഞത് വിശ്വസിച്ചു അവർ അത്ഭുതങ്ങൾക്കായി കാത്തിരിക്കുന്നു.

ഉദാഹരണങ്ങൾ ധാരാളം.. അറിയുന്നവയും അറിയപ്പെടാത്തവയും... ക്രിസ്തീയ വിശ്വാസത്തിന്റെ മറ്റൊരു ഭാവം ഇങ്ങനെയൊക്കെ വളരുകയാണ്. ഇവരെ പൊതുവേ അറിയപ്പെടുന്നത് പെന്തക്കോസ്തുകാർ എന്നാണ്.


പെന്തക്കോസ്ത് വിശ്വാസികൾ എന്ന് അറിയപ്പെടുന്ന ക്രിസ്തീയ കൂട്ടായ്മ തങ്ങളുടെ ശക്തി സമൂഹത്തിൽ പ്രകടിപ്പിച്ചതിന്റെ ഫലമായിട്ടാണ് യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടതെന്നു രാഷ്ട്രീയമായി പോലും പൊതുവേ വിലയിരുത്തപ്പെടുന്നുണ്ട്. പരിശുദ്ധാത്മാവിനാൽ സ്നാനപ്പെടുന്ന' ഇവർ മറ്റു പരമ്പരാഗത ക്രിസ്തീയ സഭകളുമായി എല്ലാ അർത്ഥത്തിലും വിഭിന്നമായി നില കൊള്ളുന്നു. അതു കൊണ്ട് തന്നെ, പെന്തക്കോസ്തു സഭയുടെ പൊതുവായ ഒരു മത മേലധ്യക്ഷനെയോ, പാസ്റ്റ്റിനെയോ കണ്ടു മുട്ടുവാനും കഴിയില്ല.

ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ, അമേരിക്കൻ മിഷനറിയായ ജോർജ് ബെർഗ് ആണ് പെന്തകോസ്ത് വിശ്വാസം കേരളത്തിനു പരിചിതമാക്കിയത് എന്ന് വിശ്വസിക്കപ്പെടുന്നു. പെന്തക്കോസ്ത് ഒരു സഭയല്ലെന്നും , ഒരു വിശ്വാസമാണെന്നും ഉദ്ഘോഷിക്കുന്ന ഇവർക്ക്, പൊതുവായ ഒരു സഭാ സംവിധാനവും ഇല്ല. ആയതിനാൽ തന്നെ ഇവരുടെ വരുമാനമോ, പ്രവർത്തികളോ , വിശ്വാസികളുടെ എണ്ണമോ ഒന്നും നിജപ്പെടുത്താൻ കഴിയുകയില്ല.

ഇത്തരത്തിൽ ഉള്ള ഒരു കൂട്ടായ്മ ആവശ്യമില്ലേ എന്ന ചോദ്യത്തിന്നു ഹാസ്യ രൂപേണ ഫെയ്ത്ത് സെന്റർ പാസ്റ്റ്ർ ബെന്നി നൽകിയ മറുപടി 'ഞങ്ങൾ വിഘടിച്ചു വളരുന്നതിൽ വിജയം കണ്ട കൂട്ടരാണ്.

പ്രത്യക്ഷത്തിൽ എഴുതപ്പെട്ട നിയമങ്ങളിൽ ചിട്ടപ്പെടുത്തിയ സഭയല്ല പെന്തക്കോസ്ത്. ഒരു പക്ഷെ, ക്രിസ്തീയ സഭകളിൽ ഏറെ സ്വാതന്ത്ര്യം ലഭിക്കുന്ന കൂട്ടരായത് കൊണ്ടാകാം, കൂണുകൾ പോലെയാണ് ന്യൂ ജെൻ സഭകൾ ഉയരുന്നത് എന്ന് പറയേണ്ടി വരും. ക്ഷമയുടെയും സഹനത്തിന്റെയും ദൂത് നൽകുന്ന ദൈവത്തിന്റെ ദാസന്മാർ പോലും ജീവിതത്തിൽ അവ പ്രായോഗികമാക്കാൻ പരാജയപ്പെടുന്നു. കോടതികൾ കയറുന്ന സഭാ വിശ്വാസങ്ങൾ തന്നെ അതിന് ഉദാഹരണം. സഭകളുടെ അവകാശം മുതൽ, സഭാവിശ്വാസികളുടെ ഇടയിലെ തർക്കങ്ങൾ പോലും കോടതികളിൽ പരിഹരിക്കപ്പെടേണ്ടി വരുമ്പോൾ, ക്രിസ്തീയ വിശ്വാസത്തിൻറെ ആത്മീയത നഷ്ടപ്പെടുകയാണ്.

തിരുവനന്തപുരത്തെ ഒരു ഐ.പി.സി സഭയിലെ തർക്കം ഇന്ന് കോടതിയുടെ വിധിക്കായി കാത്തിരിക്കുന്നു. പെന്തെകൊസ്ത് സഭകളിൽ ഒരു പക്ഷെ ഏറ്റവും പാരമ്പര്യം അവകാശപ്പെടാവുന്ന ഒന്നാണ് ഐ.പി.സി ചർച്ച്. 7 വർഷത്തിലധികമായി പ്രസ്തുത ചർച്ചിൽ ദൈവ വചനഘോഷണം നടത്തുന്ന പാസ്റ്റർ മാറണമെന്ന് ഒരു കൂട്ടം വിശ്വാസികൾ ആവശ്യപ്പെട്ടതാണ് തർക്കത്തിനു തുടക്കമിട്ടത്. സാധാരണയായി 3 വർഷമാണ് ഒരു ചർച്ചിലെ പാസ്റ്ററിന്റെ സേവന കാലാവധി എന്നിരിക്കെ, സഭാവിശ്വാസികളിൽ ചിലരെ കൂട്ടു പിടിച്ചു പാസ്റ്റർ തുടരുന്നതാണ് ഇവരെ ചൊടിപ്പിച്ചത്. പാസ്റ്ററും കൂട്ടരും വിട്ടുകൊടുക്കുവാനും തയ്യാറായില്ല. ദൈവഹിതം നടപ്പിലാക്കുന്ന ദാസനൊടൊപ്പം തന്നെയായിരിക്കും ദൈവവും എന്ന് ഉറച്ചു വിശ്വസിച്ചു പാസ്റ്റർ അവിടെ തന്നെ സേവനം തുടരുന്നു. കുമ്പനാട് സഭാ നേതൃത്വം ഇടപെട്ടു എങ്കിലും പരിഹാരമായില്ല. ഇനി കോടതി വിധി... അതു വരെ ഈ ദൈവദാസൻ ആ ദേവാലയത്തിൽ തന്നെ ദൈവ ശുശ്രൂഷ നിർവർത്തിക്കും. ദൈവനാമം മഹത്വപ്പെടുകയാണ്!

ഇനി കോടതിയിൽ പരാജയപ്പെട്ടാലുള്ള അവസ്ഥ എന്തായിരിക്കും? പുതിയ ഒരു സഭാ രൂപീകരണം എന്നുള്ളതായിരിക്കും അതിനുള്ള ഉത്തരം. രണ്ടോ മൂന്നോ പേർ ഒരുമനപ്പെട്ട് എൻറെ നാമം വിളിച്ചു അപേക്ഷിച്ചാൽ, ഞാൻ അവർക്ക് ഉത്തരം അരുളും എന്ന ബൈബിൾ വചനത്തിലൂന്നി അവർ ദേവാലയങ്ങൾ സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു... ദൈവ ദാസന്മാരെയും! ന്യൂ ജെൻ സഭകൾ അങ്ങനെ പിറവിയെടുക്കുകയായി.

ദൈവവുമായി ഒരു ഇടനിലക്കാരന്റെ ആവശ്യമില്ല എന്ന് പ്രഭാഷിക്കുന്ന ഇക്കൂട്ടർക്കിടയിൽ ഇത്രയധികം പ്രവാചകന്മാരും, അത്ഭുതപ്രവർത്തികൾ ചെയ്യാൻ അനുഗ്രഹിക്കപ്പെടുന്നവരും ഉണ്ടാകുന്നതെങ്ങനെയാണ്? ആരു പ്രാർത്ഥിച്ചാലും ദൈവം കേൾക്കുമെന്ന് ഇവർ പറയുന്നു. പക്ഷെ സ്വയമേവ ദൈവത്തിന്നും വിശ്വാസികൾക്കിടയിലും തങ്ങളുടെ ഇടം ഇത്തരം ദൈവദാസന്മാർ നിർമ്മിക്കുന്നു. ദൈവത്തെ വില്പനയ്ക്ക് വച്ച്, ഇവർ നേടുന്നത് കോടികളുടെ ആസ്തിയാണ് എന്നുള്ളതാണ് യാഥാർത്ഥ്യം.

2000 ൽ പരം ന്യൂജെൻ സഭകളുടെ സുവിശേഷഘോഷണത്തിൽ അനുഗ്രഹിക്കപ്പെടുകയാണ് കേരളം ഇന്ന്. ഈ ന്യൂജെൻ സഭകളുടെ ആസ്തി ഏകദേശം 50 കോടിയിലധികമാണ് എന്നുള്ളതും കാണാതെ പോകരുത്. വിപുലമായ ശാഖകൾ ഉള്ള സഭകളുടെ ആസ്തി അതിലും എത്രയോ ഏറെ. തങ്കു ബ്രദർ നയിക്കുന്ന ഹെവൻലി ഫീസ്റ്റിന്റെ ആസ്തിയുടെ വിപുലത 60 കോടിയുടെയും മുകളിലേക്കും 'അനുഗ്രഹി'ക്കപ്പെടുമ്പോൾ, പെന്തകോസ്ത് വിശ്വാസത്തിൽ ബിസിനസ്സുകളുടെയും സാധ്യതകൾ വർദ്ധിക്കുന്നു എന്ന് മനസിലാക്കേണ്ടതുണ്ട്.

ആരാണ് ന്യൂജെൻ പെന്തക്കോസ്തു വിശ്വാസത്തിലേക്ക് അധികമായി ആകർഷിക്കപ്പെടുന്നത്?

മറുപടി മറ്റു ക്രിസ്തീയ സഭകൾ തന്നെ നൽകും. ബൈബിൾ പഠിക്കുകയും, ദൈവത്തെകുറിച്ചും, പിശാചിനെ കുറിച്ചും പ്രാഥമിക അറിവ് നേടുകയും ചെയ്തവർ ആയിരിക്കും ഇവരുടെ ആദ്യ ലക്ഷ്യം. ജീവിതത്തിൽ ആഴത്തിൽ മുറിവേറ്റവരെ കണ്ടെത്തി, അത്ഭുതങ്ങളുടെ വാഗ്ദാനം നൽകുമ്പോൾ, നെറ്റ് വർക്കിങ്ങിന്റെ പ്രാരംഭ ഘട്ടം പൂർത്തീകരിക്കുകയായി.

രോഗികളും ദുഃഖിതരുമായുള്ളോരെ

എന്റെ അടുക്കൽ വരുവീൻ

ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.

ജനനം മുതൽ മരണം വരെ, ഏതൊരാൾക്കും രോഗങ്ങളും ദുഖങ്ങളും സ്വാഭാവികമാണ് എന്നിരിക്കെ, വിശ്വാസകച്ചവടം മാർക്കറ്റ് ചെയ്യാൻ ഇതിലും നല്ലൊരു തന്ത്രമില്ല. സാത്താനെ പുറത്താക്കി എന്ന് ദൈവദാസൻ ആക്രോശിക്കുന്നു. ബാധ ഒഴിഞ്ഞ വിശ്വാസി വെട്ടിയിട്ടതു പോലെ നിലം പതിക്കുന്നു. ചുറ്റും കൂടി നിൽക്കുന്ന വിശ്വാസികളുടെ ഹല്ലേലൂയ വിളികൾ കൂടിയാകുമ്പോൾ, സന്ദേഹത്തോടെ നിൽക്കുന്ന അടുത്ത ഇര കൂടി കപട ക്രിസ്തീയവിശ്വാസത്തിലേക്ക് വീഴ്ത്തപ്പെടുന്നു. ഇത്തരം അത്ഭുതങ്ങൾ ശാസ്ത്രീയമായി തെളിയിക്കുവാൻ ഈ ദൈവദാസന്മാർക്ക് കഴിയുന്നില്ല എന്നുള്ളത് കാണപ്പെടാതെ പോകുന്ന സത്യമായി അവശേഷിക്കുകയും ചെയ്യുന്നു. അങ്ങനെ ആയിരുന്നെങ്കിൽ, മെഡിക്കൽ കോളേജുകൾക്കും, മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾക്കും വേണ്ടി സർക്കാർ മുടക്കുന്ന കോടികളുടെ ഒരു അംശം എങ്കിലും പൊതു ഖജനാവിലേക്ക് ലാഭിച്ചു നൽകാമായിരുന്നു.

സ്ത്രീയെ, നീ എന്നെ ചൊല്ലി കരയേണ്ട

നിങ്ങളെയും, നിങ്ങളുടെ മക്കളെയും ചൊല്ലി കരയുവീൻ...

സാമാന്യ ഔചിത്യവുമായി ഒരു ബന്ധവും ഇല്ലാത്ത ടെലിവിഷൻ സീരിയലുകളുടെ കുത്തൊഴുക്കും, അവയുടെ റേറ്റിങ്ങും സ്ത്രീ മനസ്സിന്റെ ദൌർബല്യത്തെ ചൂണ്ടി കാണിക്കുന്നു. ഇത് തന്നെയാണ് ന്യൂ ജെൻ പെന്തകൊസ്തു സഭകൾ പയറ്റുന്ന മറ്റൊരു തന്ത്രം. സ്ത്രീ സഹജമായ ബലഹീനതകളെ ബിസിനസ് ആക്കാൻ ഇക്കൂട്ടർക്ക് നന്നായി അറിയാം. കുടുംബത്തിലെ സ്വാഭാവിക അസ്വാരസ്യങ്ങളെയും, മക്കളെ കുറിച്ചുള്ള ആകുലതയും അത്ഭുതങ്ങളുടെ പ്രത്യാശയിൽ തളച്ചിടുന്നതിലും വിശ്വാസ കച്ചവടത്തിന്റെ സത്ത് ഒളിച്ചിരുപ്പുണ്ട്.

തങ്കു ബ്രദർ എന്ന അത്ഭുത ദൈവദാസനെ നേരിട്ട് കണ്ടിട്ടിലെങ്കിലും, ബ്രദർ പ്രാർത്ഥിച്ചാൽ തന്റെ ജീവിതത്തിൽ ഇനിയും അനുഗ്രഹം ഉണ്ടാവുമെന്ന് പ്രഭ വിശ്വസിക്കുന്നു. ഇത് എങ്ങനെ അറിയാമെന്നു ചോദിച്ചാൽ, സഹപ്രവർത്തകരുടെ അനുഭവങ്ങളിൽ നിന്ന് മനസിലാക്കിയതാണ് എന്ന് മറുപടി. ഓർത്തഡോക്സ് സഭാ വിശ്വാസത്തിൽ വളർന്ന പ്രഭ, മദ്ധ്യസ്ഥന്മാരിലും, പുണ്യവാളൻമാരിലും വിശ്വസിക്കുന്നില്ല. എന്നാൽ തങ്കു ബ്രദറിന്റെ പ്രാർത്ഥനയിൽ വിശ്വാസമുണ്ട് താനും. ഇതിനെ വിരോധാഭാസം എന്നല്ലാതെ എന്താണ് വിളിക്കുവാൻ കഴിയുക? സാമ്പത്തിക ലാഭത്തിനോ, രോഗത്തിന്റെ മോചനത്തിനോ അല്ല പ്രഭ ഹെവൻലി ഫീസ്റ്റിൽ പങ്കെടുക്കുന്നത്...ആന്തരികമായ സമാധാനത്തിനു വേണ്ടി മാത്രമാണ്.

നിങ്ങൾ ഭൂമിയുടെ അറ്റത്തോളം പോകും

ഞാൻ നിങ്ങളെ അനുഗ്രഹിക്കപ്പെട്ടവർ ആക്കും...

കർത്താവ് തന്റെ ശിഷ്യന്മാർക്ക് നൽകുന്ന ഒരു ദൗത്യമാണ് സുവിശേഷവുമായി ലോകം എമ്പാടും സഞ്ചരിക്കുക എന്നുള്ളത്. അക്കാലത്ത് അത് ഏറെ പ്രതിസന്ധികൾ നിറഞ്ഞ ദൌത്യവുമായിരുന്നു. ജീവൻ പോലും അപകടപ്പെടുത്തിയുള്ള ഇത്തരം യാത്രകളിൽ അനുഗ്രഹം എന്നുള്ളത് കൊണ്ട് കൂടെയുണ്ടാകും എന്ന വാഗ്ദാനം നൽകി കർത്താവ് അവരെ ബലപ്പെടുത്തിയെങ്കിൽ, ഇന്ന് ഈ വാക്കുകൾ ക്രിസ്തീയ പെന്തക്കോസ്തുവിശ്വാസത്തിന്റെ പരസ്യ വാചകം ആയി മാറിയിരിക്കുകയാണ്. ഭൂമിയുടെ അറ്റം എന്നാൽ അമേരിക്ക എന്നും വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. അനുഗ്രഹം എന്നാൽ, സമ്പത്തും, സമൂഹത്തിലെ മാന്യതയും, അമേരിക്കയിലേക്കുള്ള വിസയുമായി ചുരുങ്ങി പോയിരിക്കുന്നു. അമേരിക്കയില്ലെങ്കിൽ, കുറഞ്ഞ പക്ഷം ഗൾഫ് രാജ്യങ്ങൾ എങ്കിലും അനുഗ്രഹത്തിൻറെ വാഗ്ദാനം ആയി നൽകപ്പെടുന്നു.

സമ്പത്ത് അനുഗ്രഹങ്ങളിൽ പ്രധാനിയാണ്

പെന്തെക്കോസ്ത് വിശ്വാസത്തിന്റെ ന്യൂ ജനറേഷൻ ഭാവത്തിന്നു, സമ്പത്തും സോഷ്യൽ സ്റ്റാറ്റസും ഒരു പ്രധാന ഘടകമായി കണക്കാക്കപ്പെടുന്നു. പാവപ്പെട്ടവരെയും അവർണ്ണരേയും ഇവർക്ക് ആവശ്യമുണ്ട്, അത് പക്ഷെ അമേരിക്കയിൽ നിന്നും മറ്റും ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിന്നു വേണ്ടിയുള്ള അംഗ സംഖ്യയ്ക്ക് വേണ്ടി ആയിരിക്കും എന്ന് മാത്രം. ഭക്ഷണം ഇല്ലാതെയും, പാർപ്പിടം ഇല്ലാതെയും വലയുന്നവർക്ക് വേണ്ടി ഇവർ മുട്ടിപ്പായി പ്രാർത്ഥിക്കും, പക്ഷെ സ്വന്തം പേഴ്സ് തുറക്കുവാൻ മടിയായിരിക്കും എന്ന് മാത്രം! സഹായിക്കുവാൻ തയ്യാറുള്ള വിശ്വാസികളോട് ഇടനില നിന്ന് ഇവർ ദരിദ്രർക്ക് ധനസഹായങ്ങൾ ചെയ്യും, പകരത്തിന്നു നല്ല സാക്ഷ്യം നൽകണം, പറ്റുമെങ്കിൽ വിപുലമായ പരസ്യവും!

ഒരുമിച്ചു പ്രാർത്ഥിക്കുകയും സഹോദരസ്നേഹത്തിന്റെ സാക്ഷ്യം പറയുകയും ചെയ്യുന്ന ദൈവദാസൻമാർ പോലും ഉള്ളിന്റെയുള്ളിൽ വർണ്ണജാതി വിവേചനത്തിന്റെ വിഷം ഉള്ളിൽ സൂക്ഷിക്കുന്നുണ്ട് എന്ന് ജോബി ഹാൽവിൻ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നു. ക്രിസ്തുവിൻറെ സുവിശേഷം വിളംബരം ചെയ്യുന്ന തന്റെ സഹയാത്രികനായ ഷമീർ പാസ്റ്ററിനെതിരെ, ലൈംഗീക ആരോപണം ചൂട് പിടിച്ചപ്പോൾ പാസ്റ്റർ ജോബി ഹാൽവിൻ കൂട്ടുകാരനുമായി പങ്കു വച്ച സ്വകാര്യ സംഭാഷണത്തിൽ പറയുന്നത്, 'അല്ലെങ്കിലും എത്രയായാലും അവരുടെ ജാതിയുടെ ഗുണം അയാൾ കാണിക്കാതെ ഇരിക്കില്ലല്ലോ' എന്നായിരുന്നു. മുസ്ലിം സമുദായത്തിൽ നിന്നും പെന്തെക്കോസ്ത് അനുഭവത്തിലേക്ക് വന്ന സഹപ്രവർത്തകനെ കുറിച്ചായിരുന്നു ഈ പരാമർശം.

ഇനി, സാമ്പത്തികമായി ഭദ്രതയുള്ളവരോടുള്ള സമീപനം വ്യത്യസ്തമാണ്. ക്രിസ്തീയ വിശ്വാസത്തിന്റെ പെന്തെക്കോസ്ത് അനുഭവത്തിലേക്ക് ഇരയെ തേടിയെത്തിയ ഒരു സീനിയർ പാസ്റ്ററിന്റെ പ്രലോഭനം ഇങ്ങനെയായിരുന്നു 'ഞങ്ങളുടെ സഭയിൽ അങ്ങനെ ലോ ക്ലാസ്സ് ആരും ഇല്ല. എല്ലാം സമൂഹത്തിലെ നല്ല പദവിയിൽ ഇരിക്കുന്നവർ മാത്രം. അവരുടെ സൗകര്യം നോക്കിയാണ് പ്രാർത്ഥനാ ഹാൾ എ.സി ആക്കിയത് പോലും. പ്രാർത്ഥനകൾ പോലും അത്തരത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്നു. അധികം ബഹളങ്ങൾ ഒന്നും ആരാധനയുടെ ഇടയിൽ ഉണ്ടാവില്ല. അപ്പുറത്തെ സഭയിൽ കാണുന്ന കോപ്രായങ്ങൾ ഇവിടെയില്ല എന്ന് ചുരുക്കം. പരമ്പരാഗതമായി പെന്തെക്കോസ്ത് സഭകൾ പിന്തുടരുന്ന പല നിബന്ധനകളിലും വൻ ഇളവുകൾ ഉണ്ട്. അതിൽ ഒന്നാണ്, ആഭരണം ധരിക്കാം എന്നുള്ളത്. മറ്റൊന്ന് നിറമുള്ള വസ്ത്രങ്ങൾ ധരിച്ചും ആരാധനകളിൽ പങ്കെടുക്കാം. കഠിനമായ ഉപവാസ വ്യവസ്ഥകൾക്കും ഇളവു ലഭിക്കും. വിശ്വാസികളെ ആകർഷിക്കുകയാണ് പരമമായ ലക്ഷ്യം! '

പ്രഭാഷണങ്ങളും പ്രവർത്തികളും

പെന്തക്കൊസ്തു പ്രഭാഷണങ്ങളെ കുറിച്ചു വിവരിക്കുമ്പോൾ തന്നെ സാധാരണക്കാരുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു ചിത്രം ഉണ്ട്. അതിഭാവുകത്വത്തോടെ, പ്രത്യേക ചേഷ്ടകളോടെ സദസ്സിനെ ആകർഷിക്കുവാൻ ശ്രമിക്കുന്ന ഒരു അരങ്ങായിരിക്കും അത്. ഉയർന്ന ശബ്ദവും, നാടൻ ഭാഷയും കൂടിയാകുമ്പോൾ, ശ്രോതാവിന്റെ ശ്രദ്ധയെ പിടിച്ചു നിർത്താം എന്നുള്ള തന്ത്രം കൂടിയാണത്. അർത്ഥമില്ലാത്ത ഗാനങ്ങൾ പാശ്ചാത്യ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ ഉച്ചത്തിൽ മുഴങ്ങുമ്പോൾ വിശ്വാസി സമൂഹവും താളത്തിൽ തുള്ളുന്നു. തങ്ങളാൽ ആവും വിധം അവരും ശബ്ദം ഉയർത്തുന്നു...ദൈവം ബധിരനാണ് എന്ന് തോന്നും വിധം!

ദൈവദാസൻമാർ എന്ന് അവകാശപ്പെടുന്നവർ നൽകുന്ന ഉപദേശങ്ങളും കയ്യടി പ്രഭാഷണങ്ങൾക്കപ്പുറം ഒന്നും അവശേഷിപ്പിക്കുന്നില്ല. അഴിമതിക്കെതിരെയോ, അന്യജാതികർക്ക് എതിരെയുള്ള പീഡനങ്ങളോ അവർ അപലപിക്കാറില്ല. സാമൂഹിക പ്രശ്നങ്ങളിലെ ഭൗതികമായ ഇടപെടലുകളിലും അവർ ശ്രദ്ധ പതിപ്പിക്കാറില്ല. അവർ ബൈബിളിനെ അവരുടെ ജ്ഞാനത്തിൽ വിവരിക്കുന്നു. അതാണ് ദൈവത്തിൻറെ ഹിതം എന്നും പഠിപ്പിക്കുന്നു.

ഇതര ക്രിസ്തീയ സഭകളെ പോലെ, ബൈബിൾ പ്രഘോഷിക്കുവാൻ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പോലും നിർബന്ധമല്ലാതിരിക്കെ, പാസ്റ്റർ / ബ്രദർ പദവികൾ വഹിക്കുന്നവരിൽ പലർക്കും പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് ഉള്ളത്. സ്റ്റേജ് മാനേജ്മെന്റിലാണ് ഒരു ദൈവദാസൻറെ കഴിവ് വെളിപ്പെടുന്നതെന്നാണ് പരക്കെയുള്ള വിശ്വാസം. എന്നാൽ പ്രശസ്തിയും വിശ്വാസികളും വർദ്ധിക്കുന്ന മുറയ്ക്ക് പലരുടെയും പേരിന്റെയൊപ്പം ഡോക്ടർ, തീയോളോജി സ്ഥാനപേരുകളും ചേർത്തു വയ്ക്കപ്പെടുന്നു. മധ്യതിരുവതാംകൂറിലെ സ്വയം പ്രഖ്യാപിത ബിഷപ്പ് തന്നെ ഉദാഹരണം.

ഇവരുടെ അജ്ഞത മറ്റുള്ളവരിലേക്കും പകരുന്നതിലാണ് അവർ സ്വയം ആനന്ദം കണ്ടെത്തുന്നത്. ത്രിവർണ്ണ പതാകയുടെ നടുവിലെ വെള്ള തങ്ങളെ സൂചിപ്പിക്കുന്നു എന്നും, അധികാരത്തിൻറെ ചിഹ്നമായ അശോക ചക്രം വെള്ളയിൽ ആണെന്നു മറക്കേണ്ട എന്നുമുള്ള പ്രഭാഷണങ്ങൾ നൽകുന്ന ആത്മീയത എത്ര ദരിദ്രമാണ്.

കുറച്ചു മാസങ്ങൾക്ക് മുൻപ് തിരുവല്ലയിലും, പ്രവചനത്തിന്റെ പേരിൽ അരങ്ങേറിയ ഒരു വിഡ്ഢിത്തമുണ്ട്. മരണപ്പെട്ട ഒരു യുവാവിന്റെ ജഡം ദിവസങ്ങളോളം അവർ സംസ്‌കരിക്കാതെ കാത്തിരുന്നു. യുവാവ് മരണത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കും എന്ന ദൈവദാസൻറെ പ്രവചനത്തിൽ വിശ്വസിച്ചായിരുന്നു ഈ കാത്തിരിപ്പ്. ഒടുവിൽ അയൽപക്കത്തുള്ള നാട്ടുകാർ ഇടപെട്ടാണ്, ജഡം നിർബന്ധപൂർവ്വം സംസ്‌കരിച്ചത്. ദൈവഹിതത്തിനെതിരെ പ്രവർത്തിക്കുന്നവരേ എന്ന ദൈവദാസൻറെ ജല്പനങ്ങൾക്കിടയിലായിരുന്നു ഈ സംസ്‌കാരം നടന്നതത്രേ.

വേഷഭാവാദികളിലും ഇക്കൂട്ടർ സ്വീകരിക്കുന്ന ശൈലിയും രസകരമാണ്. 42 ഡിഗ്രി വരെ അന്തരീക്ഷതാപം ഉയരുന്ന ഒരു രാജ്യത്ത്, ത്രീ പീസ് സ്യൂട്ട് ധരിച്ചും, മറ്റു ചിലപ്പോൾ ഫുൾ സ്ലീവ് ഷർട്ടും കഴുത്തിൽ മുറുക്കിയ ടൈയുമായിട്ടാണ് ദൈവദാസൻമാരുടെ സുവിശേഷഘോഷണം.

വാക്ചാതുര്യത്തിൽ വിശ്വാസം കച്ചവടം ചെയ്യുന്ന ഇവർ വിദ്യാഭ്യാസത്തിൽ പിന്നോട്ടാണ് എങ്കിലും, പ്രായോഗികതയിൽ ഏറെ മുന്നിലാണ്. ന്യൂജെൻ പാസ്റ്റർമാരിൽ മിക്കവരും വിദേശത്തും പൗരത്വം ഉള്ളവരാണ് എന്നതും ശ്രദ്ധിക്കേണ്ടതായ കാര്യമാണ്. പുതിയ സഭകളും, വിശ്വാസക്കൂട്ടങ്ങളും സന്നദ്ധ സംഘടനകളും രൂപീകരിക്കുമ്പോൾ, അത് മിക്കപ്പോഴും സ്വന്തം അധീനതയിൽ നിർത്തുവാനും ഇവർ ശ്രമിക്കാറുണ്ട്. അതിന്റെ പ്രാരംഭ നടപടിയെന്നോണം ചർച്ച് രജിസ്ട്രേഷൻ പോലും സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമാണ് നടത്തുന്നത്. തന്നിലും ഉന്നതനായ ഒരാൾ, അവിടെ നിന്നുണ്ടാവാൻ പാടില്ല എന്ന സ്വാർത്ഥത തിരിച്ചറിയാൻ ഇതിലും നല്ല ഉദാഹരണം വേറെ വേണ്ട.

സന്നദ്ധ പ്രവർത്തനമാണ് ഇവരുടെ സേവനത്തിൻറെ മറ്റൊരു മുഖം. അശരണരേയും അബലരേയും ആശയറ്റവരേയും സഹായിക്കുവാനും കരുതുവാനും പൊടുന്നനവേയെന്നോണ്ണം ദൈവീക പുരുഷന്മാർ മുന്നോട്ടു കടന്നു വരുന്നു. പുവർ ഹോം, ചൈൽഡ് റെസ്‌ക്യൂ സെന്ററുകൾ, ആശുപത്രികൾ എന്നിവയൊക്കെ അവയിൽ ചിലതാണ്. വൻ ക്രുസൈഡുകൾക്കും കൺവൻഷനുകൾക്കും ശേഷം ഇവരുടെ ദയനീയത ഇവർ ലോകസമ്പന്ന രാജ്യങ്ങളിലെ വിശ്വാസി സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നു. പിന്നീട് പണത്തിൻറെ ഒഴുക്കായി... പക്ഷെ അർഹതയുള്ളവൻറെ കയ്യിൽ എത്തുന്നത് പലപ്പോഴും ഒരു ചെറിയ സംഖ്യ ആയിരിക്കും. കിട്ടുന്നത് ലാഭം എന്ന് അവർ കരുതുമ്പോൾ മധ്യസ്ഥത നിന്ന ദൈവദാസൻറെ ഭൌതീക സാഹചര്യങ്ങളിൽ വൻ മുന്നേറ്റമാണ് ഉണ്ടാവുന്നത്. അക്കൗണ്ടിങ്ങും, ഓഡിറ്റുമുള്ള മറ്റു ക്രിസ്തീയ സഭകളുടെ തലവേദന ഇവർക്കില്ല. കാരണം, ഇതു സ്വന്തം പേരിൽ നടത്തുന്ന ഒരു ചാരിറ്റി പ്രവർത്തനം മാത്രമാണല്ലോ.

രാജ്യങ്ങൾക്കിടയിലൂടെ ചാരിറ്റിയുടെ മറവിൽ ഇവർ നികുതിരഹിതമായി പണം സുഖപ്രദമായി വിനിമയം ചെയ്യുന്നു. വിശ്വാസ ഉത്പന്നങ്ങൾ കേരളത്തിലും കച്ചവടം വിദേശത്തും നടക്കുന്ന ബിസിനസ്സിന്റെ മാനേജ്മന്റ് ബുദ്ധിയാണ് ഇത്തരം കപട ദൈവദാസൻമാർ. ഒരു വർഷം ശരാശരി 15 മുതൽ 20 ശതമാനം വരെയാണ് ഇവരുടെ സാമ്പത്തിക വളർച്ചാ നിരക്ക്. ദൈവത്തിനും അതീതമായി ദൈവദാസർ വളരുന്നു. എല്ലാ പെന്തെകൊസ്ത് ദൈവദാസന്മാരും ഇങ്ങനെയാണ് എന്നല്ല. വയലിലെ വിളയിൽ, കള അധികമായാൽ അതിനെ അംഗീകരിക്കുവാൻ കഴിയില്ലെന്ന് മാത്രം.

40 വർഷങ്ങൾക്കു മുൻപ് വിദേശത്ത് കമ്പനി ജോലി ചെയ്യുമ്പോഴാണ് ജോണിക്ക് ദൈവവിളി ഉണ്ടാകുന്നത്. പിന്നെ ഒന്നും സംശയിച്ചില്ല; നേരെ നാട്ടിലേക്ക് മടങ്ങി. അടൂരിനു സമീപമുള്ള ഒരു കൊച്ചു ഗ്രാമത്തിൽ, 8 കുടുംബങ്ങളെ സംഘടിപ്പിച്ച് ഒരു പെന്തക്കോസ്തു ചർച്ച് ആരംഭിച്ചു. ആദ്യം സ്വന്തം വീട്ടിലായിരുന്നു പ്രാർത്ഥനായോഗങ്ങൾ. വിശ്വാസികളുടെ എണ്ണം വർദ്ധിച്ചതോടെ വീടിനു തൊട്ടടുത്തുള്ള ഒന്നര ഏക്കർ റബ്ബർതോട്ടം കൂടി വാങ്ങി. വീടും വിപുലപ്പെടുത്തി, ഒരു ആരാധനാലയവും പണിതു. സുവിശേഷം പ്രസംഗിച്ചു തന്നെ ജോണി പാസ്റ്റർ കുടുംബം പുലർത്തി. പഠിക്കുവാൻ അത്ര മികവില്ലാത്ത ഏക മകൻ ടോമിനെ ചൈനയിൽ അയച്ചു പഠിപ്പിച്ചു ഡോക്ടർ ആക്കി. പാവങ്ങൾക്കിടയിലെ സേവനം മാത്രമായിരുന്നു ലക്ഷ്യം എന്നും പാസ്റ്റർ പറയുന്നു.

പഠനം കഴിഞ്ഞു തിരിച്ചെത്തിയ മകന് പക്ഷെ ദൈവം കരുതി വച്ചത് മറ്റൊരു നിയോഗമായിരുന്നു പോലും. 40 വർഷത്തിലധികമായി സുവിശേഷം വിളമ്പുന്ന പിതാവിനെ വിശ്രമിക്കുവാൻ അനുവദിച്ച് മകൻ ടോം സഭയുടെ നേതൃത്വം ഏറ്റെടുത്തു. അമേരിക്കയിലും, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും വിജയകരമായി ഡോ:ടോം പാസ്റ്റർ ഇപ്പോൾ ബൈബിൾ പഠിപ്പിക്കുന്നു. ജോണി പാസ്റ്റർ ഇപ്പോൾ ബൈബിൾ സംബന്ധമായ പുസ്തക രചനയിലുമാണ്. മരുമകളുടെ അപ്പൻ അമേരിക്കയിൽ പാസ്റ്ററാണ്. വൈകാതെ മകനും മരുമകളും, ചിലപ്പോൾ താനും കൂടി അമേരിക്കയിലേക്ക് താമസം മാറ്റേണ്ടതായി വരും. പക്ഷെ, അപ്പോൾ ഈ ചർച്ചിന്റെ കാര്യം എങ്ങനെയാണ് എന്ന് ഒരു തീരുമാനത്തിൽ എത്താൻ ഇത് വരെ കഴിഞ്ഞിട്ടില്ല. തിരുവല്ലയിൽ ഉള്ള ഒന്നു രണ്ടു പാസ്റ്റർമാരുമായി സംസാരിച്ചിട്ടുണ്ട്..ഒരു ധാരണയിലെത്തണം... ദൈവം വഴി തുറന്നു തരാതിരിക്കില്ല!

പണം, സുഖലോലുപത, അമേരിക്ക!

വിശ്വാസം കച്ചവടം ചെയ്യുന്നവരിലൂടെ പെന്തക്കോസ്തിന്റെ അനുഭവങ്ങൾ പരിഹാസ്യമാകുന്നു. ആത്മീയതയുടെ ഈ മഹാ അനുഭവത്തിൽ, സ്വാർത്ഥത ചേർത്തു വില്പനയ്ക്ക് വയ്ക്കുമ്പോൾ, ഇത്തരം ദൈവദാസൻമാർ സാധു കൊച്ചുകുഞ്ഞു ഉപദേശിയുടെ പേര് ഓർക്കുന്നത് നന്നായിരിക്കും. ജീവിതത്തിലും മരണത്തിലും സമ്പത്തിൻറെ അളവിൽ അദ്ദേഹം സാധു തന്നെയായിരുന്നു. ക്രിസ്തീയ വിശ്വാസത്തെ കച്ചവടം ചെയ്യുവാനുള്ള കുടിലത അദ്ദേഹത്തിനു ഇല്ലാതിരുന്നത് കൊണ്ടാകാം ഇത്.

ആ പേരിനൊപ്പം ഉപദേശി എന്ന് തന്നെയാണ് അനുയോജ്യം, പാസ്റ്റർ എന്നല്ല.

Read More >>