കണ്ണ് നിറയെ കണ്ണകിയെ കാണാൻ വിശ്വാസികൾ;കാനന മധ്യത്തിലെ മംഗളാദേവി ചിത്രാ പൗർണമി ഉത്സവത്തിന് പരിസമാപ്തി

വർഷത്തിൽ ഒരിക്കൽ മാത്രം ഭക്തർക്ക് പ്രവേശനം അനുവദിക്കുന്ന കാനന മധ്യത്തിലെ ചരിത്ര പ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തിലേക്ക് ഇത്തവണയെത്തിയത് ആയിരങ്ങൾ. കണ്ണകിയാണ് ക്ഷേത്ര പ്രതിഷ്ഠ

കണ്ണ് നിറയെ കണ്ണകിയെ കാണാൻ വിശ്വാസികൾ;കാനന മധ്യത്തിലെ മംഗളാദേവി ചിത്രാ പൗർണമി ഉത്സവത്തിന് പരിസമാപ്തി

വർഷത്തിൽ ഒരിക്കൽ മാത്രം ഭക്തർക്ക് പ്രവേശനം അനുവദിക്കുന്ന കാനന മധ്യത്തിലെ ചരിത്ര പ്രസിദ്ധമായ മംഗളാദേവി ക്ഷേത്രത്തിലേക്ക് ഇത്തവണയെത്തിയത് ആയിരങ്ങൾ. അഭൂത പൂർവമായ ഭക്തജന പ്രവാഹത്തോടെയാണ് മംഗളാദേവി ചിത്രാ പൗർണമി ഉത്സവത്തിന് സമാപനമായത്.

പെരിയാർ ടൈഗർ റിസർവിലെ വടക്കു ഭാഗത്തു തമിഴ്‍നാടിനോട് ചേർന്നാണ് ക്ഷേത്രം. ഇത്തവണത്തെ ദർശനത്തിനായി രാവിലെ ആറു മുതലേ കുമളി സ്റ്റാൻഡിൽ നിന്നും വാഹനങ്ങൾ പുറപ്പെട്ടിരുന്നു. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന കഴിഞ്ഞു പാസ് കിട്ടിയ വാഹനങ്ങളെ മാത്രമാണ് ക്ഷേത്രത്തിലേക്ക് പോകാൻ അനുവദിച്ചിരുന്നത്. 14 കിലോ മീറ്റർ ദൂരമുള്ള യാത്രക്കായി 90 രൂപയാണ് അധികൃതർ നിശ്ചയിച്ചിരുന്ന കൂലി. ഏതാണ്ട് 500 നു മുകളിൽ ജീപ്പുകൾ സർവീസ് നടത്തി.


കണ്ണകിയാണ് ക്ഷേത്ര പ്രതിഷ്ഠ . കണ്ണകിയുടെ ഒരു ചിലമ്പ് വിൽക്കാനെത്തിയ ഭർത്താവ് കോവലനെ മധുരാ രാജ്ഞിയുടെ നഷ്ടപ്പെട്ട ചിലമ്പെന്നു തെറ്റിദ്ധരിച്ചു പാണ്ട്യ രാജാവിന്റെ ഭടന്മാർ പിടികൂടി വിചാരണ ചെയ്തു തൂക്കിലേറ്റി. ഇതറിഞ്ഞ കണ്ണകി മുടിയഴിച്ചു മധുര നഗരിയിലെത്തി ക്രോധത്താൽ ഒരു ചിലമ്പെറിഞ്ഞുടച്ചു; മധുര ചുട്ടു ചാമ്പലാക്കി. അതിനു ശേഷം കണ്ണകി പെരിയാർ തീരത്തെത്തിയെന്നും ചേര രാജാവ് ചേരൻ ചെംകുട്ടവൻ വണ്ണാത്തിപ്പാറയിൽ കണ്ണകിക്ക് ക്ഷേത്രം പണിതു എന്നുമാണ് ഐതീഹ്യം.

സംഘ കാലഘട്ടത്തിലുള്ള പ്രധാന കൃതിയായ ചിലപ്പതികാരത്തിലാണ് കണ്ണകിയെയും കോവലനെയും പ്രതിപാദിക്കുന്നത് . തമിഴ് സാഹിത്യത്തിലെ വിഖ്യാത കവി ഇളങ്കോ അടിയാണ് ചിലപ്പതികാരത്തിന്റെ രചയിതാവ്. ക്ഷേത്രത്തിനു ഏതാണ്ട് 1760 വർഷത്തെ പഴക്കമുണ്ട്. പഴക്കം സൂചിപ്പിക്കുന്ന ഒരു ശിലാ ഫലകം കണ്ണകി ട്രസ്റ്റ് ഭാരവാഹികൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.


ക്ഷേത്രത്തിലെത്തിയ മുഴുവൻ ആളുകൾക്കും കണ്ണകി ട്രസ്റ്റ് ഭാരവാഹികൾ ഭക്ഷണം ഒരുക്കിയിരുന്നു. രാവിലെ മുതൽ അന്തരീക്ഷം മൂടിയിരുന്ന പൊടി പടലങ്ങൾ മൂന്നര മണിയോടെ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ ഇല്ലാതായെങ്കിലും കയറി നില്ക്കാൻ കാര്യമായ സൗകര്യങ്ങളില്ലാതിരുന്നതിനാൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തർ വലഞ്ഞു. വാഹനങ്ങളുടെ മലയിറക്കത്തിനും മഴ തടസ്സമായി.