ഇംഗ്ലീഷിലെ "ഗുഡ് ഫ്രൈഡേ" എങ്ങിനെ മലയാളത്തില്‍ ദുഃഖവെള്ളിയായി ?

ദുഃഖവെള്ളി എന്നതും ഗുഡ് ഫ്രൈഡേ എന്നതും രണ്ടു സമീപനങ്ങളാണ്. കർത്താവിനെ കുരിശിൽ തറച്ചതിന്റെ സങ്കടം, അഥവാ പാപികളായ തങ്ങളുടെ പാപം മോചിക്കപ്പെടേണ്ടതിന് ക്രിസ്തുവിനു കുരിശുമരണം ഏൽക്കേണ്ടിവന്നല്ലോ എന്ന സങ്കടം, തങ്ങൾക്കുവേണ്ടി മറ്റൊരാൾ ത്യാഗം അനുഭവിക്കേണ്ടിവന്നല്ലോ എന്ന വിഷമം- ഓശാന ഞായർ മുതൽ തുടങ്ങുന്ന ഹാശാ ആഴ്ച തന്നെ ദുഃഖസാന്ദ്രവും പ്രാർത്ഥനാഭരിതവുമാണ്, പൗരസ്ത്യ ഓർത്തഡോക്സ് സഭകളിൽ. വിലാപത്തോളം പോന്ന പ്രാർത്ഥനകൾ, അവസാനമില്ലെന്നു തോന്നിക്കുന്ന കുമ്പിടീൽ, കടുത്ത നോയമ്പ് എന്നിങ്ങനെ അതു പ്രത്യേകം അടയാളപ്പെട്ടിരിക്കുന്നു. അതേസമയം, മനുഷ്യന് ആദിപാപത്തിൽ നിന്നു രക്ഷയേകിക്കൊണ്ട്, അവന്റെ പാപഭാരങ്ങൾ ശിരസാവഹിച്ച് ദൈവത്തിന്റെ കുഞ്ഞാട് ബലിയായിത്തീർന്നു. അതിനാൽ മനുഷ്യവംശത്തിനു രക്ഷയുണ്ടായി എന്ന സന്തോഷമാണ് ഗുഡ് ഫ്രൈഡേ. ക്രിസ്തു മരിച്ചെങ്കിലും അതിലൂടെ തങ്ങളുടെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു. അത് ആഹ്ലാദദായകമല്ലേ? ഇതാണു പാശ്ചാത്യവീക്ഷണം. ക്രിസ്തുമതത്തിലെ ആത്മീയ സംഘർഷമായി ഇതിനെ കാണാം.

ഇംഗ്ലീഷിലെ ഗുഡ് ഫ്രൈഡേ എങ്ങിനെ മലയാളത്തില്‍ ദുഃഖവെള്ളിയായി ?

ദുഃഖവെള്ളി എന്നതും ഗുഡ് ഫ്രൈഡേ എന്നതും രണ്ടു സമീപനങ്ങളാണ്. കർത്താവിനെ കുരിശിൽ തറച്ചതിന്റെ സങ്കടം, അഥവാ പാപികളായ തങ്ങളുടെ പാപം മോചിക്കപ്പെടേണ്ടതിന് ക്രിസ്തുവിനു കുരിശുമരണം ഏൽക്കേണ്ടിവന്നല്ലോ എന്ന സങ്കടം, തങ്ങൾക്കുവേണ്ടി മറ്റൊരാൾ ത്യാഗം അനുഭവിക്കേണ്ടിവന്നല്ലോ എന്ന വിഷമം- ഓശാന ഞായർ മുതൽ തുടങ്ങുന്ന ഹാശാ ആഴ്ച തന്നെ ദുഃഖസാന്ദ്രവും പ്രാർത്ഥനാഭരിതവുമാണ്, പൗരസ്ത്യ ഓർത്തഡോക്സ് സഭകളിൽ. വിലാപത്തോളം പോന്ന പ്രാർത്ഥനകൾ, അവസാനമില്ലെന്നു തോന്നിക്കുന്ന കുമ്പിടീൽ, കടുത്ത നോയമ്പ് എന്നിങ്ങനെ അതു പ്രത്യേകം അടയാളപ്പെട്ടിരിക്കുന്നു. അതേസമയം, മനുഷ്യന് ആദിപാപത്തിൽ നിന്നു രക്ഷയേകിക്കൊണ്ട്, അവന്റെ പാപഭാരങ്ങൾ ശിരസാവഹിച്ച് ദൈവത്തിന്റെ കുഞ്ഞാട് ബലിയായിത്തീർന്നു. അതിനാൽ മനുഷ്യവംശത്തിനു രക്ഷയുണ്ടായി എന്ന സന്തോഷമാണ് ഗുഡ് ഫ്രൈഡേ. ക്രിസ്തു മരിച്ചെങ്കിലും അതിലൂടെ തങ്ങളുടെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു. അത് ആഹ്ലാദദായകമല്ലേ? ഇതാണു പാശ്ചാത്യവീക്ഷണം. ക്രിസ്തുമതത്തിലെ ആത്മീയ സംഘർഷമായി ഇതിനെ കാണാം.

ഹാശാ ആഴ്ച അഥവാ കഷ്ടാനുഭവ വാരം അടക്കമുള്ള അമ്പതു ദിവസത്തെ വലിയ നോമ്പ് പൗരസ്ത്യ സിറിയൻ ഓർത്തഡോക്സ് സഭകളിൽ നിർബന്ധമായും പിന്തുടരേണ്ട കർമമാണ്. മത്സ്യമാംസാദികൾ, പാലുല്പന്നങ്ങൾ തുടങ്ങി വിശിഷ്ടമായതെന്തും ഉപേക്ഷിച്ചു, ദുഷ്ചിന്തകൾ വെടിഞ്ഞു, പ്രാർത്ഥനയിലും ജാഗരണത്തിലും കഴിയേണ്ട കാലമാണത്. പാശ്ചാത്യ പ്രൊട്ടസ്റ്റന്റ് സഭകളിൽ ഇത്തരമൊരാചരണമില്ല. പൗരസ്ത്യ സഭകളിലെ പെസഹാ പെരുന്നാൾ തന്നെ വ്യാഴാഴ്ച വെളുപ്പിനെ രണ്ടുമണിക്കു തുടങ്ങി നേരം വെളുത്ത് ആറുമണിയോടെ അവസാനിക്കുന്ന നിലയിലായിരുന്നു മുമ്പ്. ഇപ്പോൾ അന്ത്യോഖ്യൻ സഭയടക്കം ചില സഭകളിൽ അത് ബുധനാഴ്ച വൈകിട്ട് ആറുമണി മുതൽ രാത്രി 11.30 വരെയാക്കി പുനഃക്രമീകരിച്ചിട്ടുണ്ട്. വൈകിട്ട് ആറുമണിക്കാണ്, പൗരസ്ത്യക്രമത്തിൽ ഒരു ആരാധനാ ദിവസം തുടങ്ങുക. ബുധനാഴ്ച വൈകിട്ട് ആറുമണി കഴിഞ്ഞാൽ വ്യാഴം തുടങ്ങി എന്നർത്ഥം. ദുഃഖവെള്ളിയാഴ്ച ദിവസം രാവിലെ ഏഴുമുതൽ വൈകുന്നേരം നാലരവരെയൊക്കെ നീളുന്ന ദീർഘമായ ആരാധനയാണ്, പൗരസ്ത്യ സഭകളിൽ. ഇടയിൽ പ്രഭാഷണങ്ങളൊക്കെ കാണും. അത്രയും സമയം വിശ്വാസികൾ ഉപവാസത്തിലായിരിക്കും. പേരിനു ക്രിസ്ത്യാനിയായവർ പോലും പള്ളിയിൽ പോകുന്ന ദിനമാണത്. ശനിയാഴ്ച പാതാളത്തിൽ ഉയിർപ്പുണ്ട്. ഞായറാഴ്ച ഉയിർപ്പു പെരുന്നാളിനും പൗരസ്ത്യ സഭകളിൽ വെളുപ്പിനെ രണ്ടുമണിമുതലാണ് പ്രാർത്ഥന. അതും അന്ത്യോഖ്യൻ സഭയിൽ ഇപ്പോൾ ശനിയാഴ്ച വൈകിട്ട് ആറുമണിയിലേക്കു മാറ്റിയിട്ടുണ്ട്. ഉയിർപ്പു പെരുന്നാളാണ്, ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പെരുന്നാൾ. ക്രിസ്മസ് അല്ല.

ഇതിനൊരു തുടർച്ച കൂടിയുണ്ട്. അത് ഇതിനു നേർവിപരീതമാണ്. ക്രൂശിതനായ ക്രിസ്തുവിന്റെ രൂപം കത്തോലിക്ക ദേവാലയങ്ങളിൽ കാണാം. അതേസമയം പൗരസ്ത്യ സുറിയാനി സഭകൾ ഉപയോഗിക്കുന്നത് ഒഴിഞ്ഞ കുരിശാണ്. ക്രിസ്തു ഗത്സമേന മലയിൽ പ്രാർത്ഥനാഭരിതനായിരിക്കുന്നതോ ഉത്ഥാനം ചെയ്യുന്നതോ ഒക്കെയായ ചിത്രീകരണം ചിലപ്പോൾ ഓർത്തഡോക്സ് പള്ളികളിലുണ്ടാവാം. എങ്കിലും ക്രൂശിതനായ ക്രിസ്തുവിന്റെ ചിത്രം കാണാൻ സാധ്യത തീരെയില്ല. കാരണം, മനുഷ്യർക്കുവേണ്ടി കുരിശിൽ ബലിയാവുകയും മൂന്നാംദിവസം ഉയർത്തെഴുന്നേൽക്കുകയും പറുദീസയിൽ വസിക്കയും നാൽപ്പതാംദിനം (പെന്തക്കോസ്തിപ്പെരുന്നാളിന്റെയന്ന്) പ്രാർത്ഥനയും ജാഗരണങ്ങളുമായി കൂടിയ വിശ്വാസികളുടെ സംഘത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്ത ഉത്ഥിതനായ ക്രിസ്തുവിനെയാണ്, അഥവാ ക്രിസ്തുവിന്റെ ഉയിർപ്പിനെയാണ് പൗരസ്ത്യ സുറിയാനി സഭകൾ ആരാധിക്കുന്നത്. ക്രിസ്തു കുരിശിൽ തറയ്ക്കപ്പെട്ടു കിടയ്ക്കുകയല്ല, അവിടെനിന്ന് ഉയർത്തെഴുന്നേറ്റ് നമ്മിൽ വസിക്കുന്നു എന്നാണ് പറയുക.

കത്തോലിക്കപ്പള്ളികളിൽ മാത്രമേ രൂപങ്ങളുള്ളൂ. ഈജിപ്തിലെ ഫറവോയുടെ അടിമത്വത്തിൽ നിന്ന് ഇസ്രായേൽ ജനതയെ മോചിപ്പിച്ചുകൊണ്ട് കനാൻ ദേശത്തേയ്ക്കു നടത്തിയ യാത്രയ്ക്കിടയിൽ ദൈവം സീനായി മലയിൽ വച്ച് മോശയ്ക്കു നൽകിയതായി പഴയനിയമത്തിൽ പറയുന്ന പത്തുകല്പനകളിൽ വിഗ്രഹാരാധന പാടില്ല എന്നും പറയുന്നു.

മീതെ ആകാശത്തിൽ ഉള്ളതോ താഴെ ഭൂമിയിൽ ഉള്ളതോ ഭൂമിക്കു താഴെ വെള്ളത്തിൽ ഉള്ളതോ ആയ ഒന്നിന്റെയും പ്രതിമയോ സാദൃശ്യമോ നീ ഉണ്ടാക്കരുത്. അവയെ ആരാധിക്കുകയോ അവയെ സേവിക്കുകയോ ചെയ്യരുത്… (പുറപ്പാട് 20:4,5)

വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വർഗ്ഗത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കു കീഴെ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെയും പ്രതിമ അരുത്. അവരെ നമസ്കരിക്കുകയോ ആരാധിക്കുകയോ ചെയ്യരുത്… (ആവർത്തനം 5:8,9)

സിദ്ധാന്തത്തിൽ ഒഴിവും കാണണമല്ലോ! ഉദാഹരണത്തിന് ഓർത്തഡോക്സ് പള്ളികളിലും കുരിശ് ഉപയോഗിക്കുന്നുണ്ട്. ദുഃഖവെള്ളിയാഴ്ച ക്രിസ്തുവിനെ കബറടക്കുന്ന ക്രമമുണ്ട്. അതിന്റെ ഭാഗമായി സ്ലീബാ വന്ദനവുണ്ട്. കുരിശിന്റെ സുറിയാനിയാണ്, സ്ലീബാ. വെള്ളത്തുണിയിൽ പൊതിഞ്ഞുവച്ച, ക്രിസ്തുവിന്റെ ജഡം ഉള്ളതായി സങ്കല്പിക്കപ്പെടുന്ന സ്ലീബായെ കുമ്പിട്ടു വണങ്ങും. സൺഡേ സ്കൂളിൽ വളരെ ചെറിയ ക്ലാസുകളിൽ തന്നെ പ്രസംഗമത്സരത്തിലും ഡിബേറ്റിലും മറ്റും വരുന്ന വിഷയമാണ്, സ്ലീബാ വന്ദനവ് വിഗ്രഹാരാധനയോ എന്നത്. ഓർത്തഡോക്സ് കുഞ്ഞുങ്ങൾ നിരന്നിരുന്ന്, അതു വിഗ്രഹാരാധനയല്ലെന്നു സ്ഥാപിക്കും. സ്ലീബാ വന്ദനവ് കഴിഞ്ഞാൽ ആ കുരിശിന് ഒരു പ്രത്യേകതയുമില്ലെന്നും അതിനെ പിന്നെ ആരും വണങ്ങുന്നില്ലെന്നും ആരാധിക്കുന്നില്ലെന്നും ആണ് വാദം.

കുർബാന നൽകുമ്പോൾ തിരുവോസ്തി എന്നു പറയുന്ന ചെറിയ പപ്പടം പോലെയുള്ള അപ്പമാണ് കത്തോലിക്ക ദേവാലയങ്ങളിൽ നൽകുക. അതേസമയം പൗരസ്ത്യ സുറിയാനി സഭകളിൽ അപ്പം വീഞ്ഞിൽ മുക്കിയാണു നൽകുക. ഇതെന്റെ ജീവനുള്ള ശരീരവും രക്തവുമാകുന്നു, ഇതുവാങ്ങി എല്ലാവരും ഭക്ഷിപ്പിൻ എന്നാണ് വചനം. ശരീരം ജീവനുണ്ടായിരിക്കുന്നത് രക്തത്തോടുകൂടിയായിരിക്കുമ്പോഴാണ്. അതിനാൽ അപ്പം വീഞ്ഞിൽ മുക്കാതെ കുർബാന നൽകില്ല. അതു ബലിയായിത്തീർന്ന കുഞ്ഞാടിന്റെ ശരീരവും രക്തവുമാകുന്ന തീക്കട്ടയാണ് എന്നാണു വിശ്വാസം. കുർബാന തന്നെ അബ്രഹാമിന്റെ ബലിയുടെ അനുസ്മരണമാണ്. പുതിയ നിയമ സംസ്ഥാപനത്തോടു കൂടി ഇനിയൊരു കുഞ്ഞാടിനെ അറുക്കേണ്ട എന്നും പകരം താൻ തന്നെ ബലിയായിത്തീർന്നു എന്നുമാണ് സങ്കല്പം. കുമ്പസാരിച്ച് പാപമോചനം പ്രാപിച്ച് വൃത്തിയോടും വെടിപ്പോടും കൂടി മാത്രമേ കുർബാന കൈക്കൊള്ളാവൂ. അല്ലാത്ത പക്ഷം അത് വലിയ പാപമാണ് എന്നാണു പഠിപ്പിക്കുന്നത്.

Read More >>