കെപി യോഹന്നാനെ അമേരിക്കൻ കോടതി പിടിച്ചു; 37 ദശലക്ഷം നഷ്ടപരിഹാരം അടയ്ക്കണം: നാരദ വെളിപ്പെടുത്തലുകൾ തെളിവായി

അമേരിക്കൻ ഡോക്ടർ ദമ്പതികൾ നൽകിയ പരാതി കൂടാതെ സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ കാനഡയിലും കെ.പി.യോഹന്നാന് എതിരെ കേസുകൾ നടക്കുന്നുണ്ട്. സംഭാവന നൽകിയ കൂടുതൽ പേര് ഇനിയും പരാതിയുമായി മുന്നോട്ടു വരും എന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കെപി യോഹന്നാനെ അമേരിക്കൻ കോടതി പിടിച്ചു; 37 ദശലക്ഷം നഷ്ടപരിഹാരം അടയ്ക്കണം: നാരദ വെളിപ്പെടുത്തലുകൾ തെളിവായി

ഒടുവിൽ കെ.പി.യോഹന്നാൻ അമേരിക്കൻ കോടതിയിൽ മുട്ടുമടക്കി. ക്രിസ്ത്യൻ മിഷനറി പ്രവർത്തനത്തിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തിയ കേസിൽ 37 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകണം. അഭിനവ ബിഷപ്പിനെ തുറന്നു കാട്ടിയത് നാരദ ന്യൂസ് വാർത്തകൾ.

ഇന്ത്യയുടെ ഗ്രാമങ്ങളിലെ മിഷനറി പ്രവർത്തനത്തിന് എന്ന പേരിൽ അമേരിക്കയിൽ നിന്നും പണം സ്വരൂപിച്ചു സ്വന്തം കുടുംബാംങ്ങങ്ങളുടെ പേരിൽ ആസ്തി വര്ധിപ്പിച്ചു എന്ന് കാണിച്ചു കെ.പി.യോഹന്നാനും ഗോസ്പൽ ഫോർ ഏഷ്യയ്ക്കും എതിരെയുള്ള പരാതിയിൽ യോഹന്നാന് കനത്ത തിരിച്ചടി. അമേരിക്കൻ ഡോക്ടർ ദമ്പതികളായ മർഫി- ഗാർലാൻഡ് എന്നിവർ യോഹന്നാന് എതിരെ നൽകിയ വഞ്ചനാകുറ്റത്തിനും സാമ്പത്തിക തട്ടിപ്പ് റീക്കോ കേസിൽ അർക്കനാസ് കോടതി വിധി പുറപ്പെടുവിച്ചു.

കെ.പി.യോഹന്നാൻ നഷ്ടപരിഹാരമായി ഏകദേശം 300 കോടി രൂപ നൽകണം എന്നും, ഗോസ്പൽ ഫോർ ഏഷ്യ (അമേരിക്ക)യുടെ ബോർഡ് അംഗത്വത്തിൽ നിന്നും യോഹന്നാന്റെ ബന്ധുക്കളെ പുറത്താക്കണം എന്നുമാണ് കോടതി വിധിച്ചത്‌. ഗോസ്പൽ ഫോർ ഏഷ്യയിൽ ബോർഡ് അംഗങ്ങൾ ആയിരുന്നു പരാതിക്കാരായ ദമ്പതികൾ. കുടുംബാധിപത്യം ഉറപ്പിച്ചു, യോഹന്നാൻ നടത്തിയ സാമ്പത്തിക തട്ടിപ്പു ചോദ്യം ചെയ്ത ദമ്പതികളെ ഗോസ്പൽ ഫോർ ഏഷ്യ (അമേരിക്ക )ബോർഡിൽ നിന്നും പുറത്താക്കിയതിനെ തുടർന്നാണ് ഇവർ പരാതി നൽകിയത്. ഈ കേസിലാണ് യോഹന്നാൻ ഇപ്പോൾ 37 ദശലക്ഷം യു.എസ് ഡോളർ ( ഏകദേശം 300 കോടി രൂപ) നഷ്ടപരിഹാരമായി നൽകി ഒത്തുതീർപ്പാക്കാൻ കോടതിയിൽ വിധിച്ചത്. കൂടാതെ, യോഹന്നാന്റെ ഭാര്യയെ ബോർഡ് അംഗത്വത്തിൽ നിന്നും മാറ്റണം എന്നും യോഹന്നാന്റെ ബന്ധുക്കൾ ആരും ബോർഡിൽ ഉണ്ടാകാൻ പാടില്ല എന്നും കോടതി നിഷ്കർഷിച്ചു.

ഇന്ത്യൻ മിഷനറിയായി നടിച്ചു സ്വന്തം സാമ്രാജ്യം കെട്ടിപടുത്തിയ യോഹനാന്നെ അമേരിക്കൻ മാധ്യമങ്ങൾക്കു തുറന്നു കാണിച്ചത് നാരദ ന്യൂസിൽ വന്ന ലേഖനങ്ങളാണ്. കേസിന്റെ റഫറൻസുകൾക്കും നാരദ വാർത്തകൾ നിർണ്ണായക വിവരങ്ങൾ നൽകിയെന്നു പ്രമുഖ അമേരിക്കൻ മാധ്യമമായ 'പാത്തോസ്' റിപ്പോർട്ട് ചെയ്തു.

പിഴ തുക കൈമാറാൻ ഒരു സബ് കമ്മിറ്റിയെ രൂപീകരിക്കണം എന്നും ഇതിലും യോഹാന്നാന്നോ ബന്ധുക്കളോ ആരും ഉണ്ടാകാൻ പാടില്ല എന്നും കോടതി വിധിയിൽ പറഞ്ഞു. കൂടാതെ പരാതിക്കാരായ അമേരിക്കൻ ദമ്പതികളെ ബോർഡംഗങ്ങളായി തിരികെ നിയമിക്കണം. നിബന്ധനകൾ അംഗീകരിക്കുന്നു എന്നും നിലവിലെ ബോർഡ് അംഗങ്ങളെ മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കും എന്നും യോഹന്നാന്റെ വക്കീൽ കോടതിയെ അറിയിച്ചു.

മുപ്പത് (30) ദിവസത്തിനുള്ളിൽ സെറ്റിൽമെന്റ് അഡ്മിനിസ്ട്രേറ്റർക്ക് 26,000,000 ഡോളർ നൽകണം എന്നും 12 മാസത്തിനുള്ളിൽ ബാക്കി തുക നൽകണം എന്നും പണം കൈമാറുന്നത് വരെ അമേരിക്കയിലെ ഓഫിസ് ഈടായി നൽകണം എന്നും കോടതി പറഞ്ഞു. ഗോസ്പൽ ഫോർ ഏഷ്യയുടെ പ്രധാന ഓഫിസ് കോടതി ഈടായി കണക്കാക്കിയതിനാൽ, പ്രസ്തുത തുക യോഹന്നാന്റെ മറ്റു സ്ഥാപനങ്ങളിൽ നിന്നും കണ്ടെത്തേണ്ടതായി വരും എന്നും വക്കീൽ കോടതിയെ അറിയിച്ചു. ഇതിനായി ഇതര രാജ്യങ്ങളിൽ നിന്നും ഇതര പേരിലുള്ള യോഹന്നാന്റെ ട്രസ്റ്റുകളുടെ പേരിൽ വീണ്ടും ധനസമാഹരണം നടത്തും. ഇതിനായി യോഹന്നാന്റെ ഇന്ത്യയിലെ ആസ്തിയിൽ നിന്നും 144 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. ഇത് അമേരിക്കയിലേക്ക് കൈമാറുന്നത് സംബന്ധിച്ച നിയമനടപടികൾ മുൻകൂട്ടി കണ്ടുകാണ്ടാണ് യോഹന്നാന്റെ ഈ നീക്കം എന്നും അറിയുന്നു. ഇന്ത്യയിൽ എൻഫോഴ്‌സ്‌മെന്റ് നടപടികൾ നേരിടുന്ന യോഹന്നാന് ഇക്കാര്യങ്ങൾ എളുപ്പമാകില്ല.

കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്നും സുവിശേഷ വേലയ്ക്കിറങ്ങി, ആത്മീയത കച്ചവടമാക്കി വളർന്നു വന്ന കെ.പി.യോഹന്നാനെ നാരദ തുറന്നു കാട്ടിയിരുന്നു. 2016 ൽ നാരദ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച വാർത്തകളാണ് ഈ ആത്മീയ വ്യവസായത്തെ കുറിച്ച് അമേരിക്കൻ മാധ്യമങ്ങൾക്കു വ്യക്തത നൽകിയത്. ഇന്ത്യയിൽ എത്തുമ്പോൾ മാത്രം 'ബിഷപ്പ്' ആവുകയും അമേരിക്കയിൽ ഇപ്പോഴും 'ബ്രദർ' പദവിയിൽ തുടരുകയും ചെയ്യുന്ന ആത്മീയ വ്യാപാരിയാണ് കെ.പി.യോഹന്നാൻ എന്ന് നാരദ തുറന്നു കാട്ടിയിരുന്നു.

യോഹന്നാൻ നേരിട്ട് പങ്കാളിയാകാതെ ബന്ധുക്കളുടെ പേരിൽ ഇതര സംഘടനകൾ രൂപീകരിച്ചു അതിലേക്ക് പണം ഒഴുക്കിയതെന്ന ആക്ഷേപം സമ്പാദ്യങ്ങൾ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഗോസ്പൽ ഫോർ ഏഷ്യ (ഇന്ത്യ) അയാന ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിലേക്ക് മാറ്റി, ബിലീവേഴ്‌സ് സ്ഥാപനങ്ങൾ എന്നിവ ഇങ്ങനെ രൂപീകൃതമായതാണ്. ഇവയിൽ ഒന്നും കെ.പി.യോഹന്നാൻ നേരിട്ട് സ്ഥാനം വഹിക്കുന്നില്ല എന്നാണ് സംഘടനകൾ വാദിക്കുന്നത്.

അമേരിക്കൻ ഡോക്ടർ ദമ്പതികൾ നൽകിയ പരാതി കൂടാതെ സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ കാനഡയിലും കെ.പി.യോഹന്നാന് എതിരെ കേസുകൾ നടക്കുന്നുണ്ട്. സംഭാവന നൽകിയ കൂടുതൽ പേര് ഇനിയും പരാതിയുമായി മുന്നോട്ടു വരും എന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദരിദ്രരെ സഹായിക്കാൻ എന്ന് അവകാശപ്പെട്ടു ദാനശീലങ്ങൾ സംഭാവനയായി സ്വീകരിച്ചു, കോടിക്കണക്കിന് ഡോളർ സ്വകാര്യ സാമ്രാജ്യത്തിലേക്ക് ഒഴുക്കി മാറ്റിയെടുക്കുകയാണ് യോഹന്നാൻ ചെയ്തത് എന്നും, വിശ്വാസികളുടെ നന്മയെ ചൂഷണം ചെയ്യാൻ ഒരു ക്രിസ്തീയ സംഘടന ഉപയോഗിക്കുന്ന പദ്ധതിയിൽ ഇനിയും വഞ്ചിതരാകരുത് എന്നും യോഹന്നാന് എതിരെ വ്യാപക പ്രചാരണവും നടക്കുന്നുണ്ട്

Read More >>