വിശുദ്ധവാരം കുമ്പസരിച്ചു പാപം ചെയ്യരുത്, പകരം മേക്ക് ഇന്‍ ഇന്ത്യയിലൂടെ ദേശീയത പ്രകടിപ്പിക്കാം

ഈ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷം, ഒരു അച്ചായനും കുടുംബത്തിനും എങ്ങനെയായിരിക്കും? വാര്‍ത്തകള്‍ ശ്രദ്ധിക്കുന്ന ഒരു ശരാശരി മലയാളിയുടെ ചിന്തകളിലൂടെ...

വിശുദ്ധവാരം കുമ്പസരിച്ചു പാപം ചെയ്യരുത്, പകരം മേക്ക് ഇന്‍ ഇന്ത്യയിലൂടെ ദേശീയത പ്രകടിപ്പിക്കാം

ക്രൈസ്തവരുടെ വിശുദ്ധ വാരം തുടങ്ങുന്നു അത് അവിശുദ്ധമാക്കാതിരിക്കാന്‍ വിശ്വാസികൾ ശ്രമിക്കണം. പള്ളിയിലെ വികാരിമാരെ വെറുതെ പ്രകോപ്പിക്കാനായുള്ള ഈ 'കുമ്പസാരം' കഴിവതും ഒഴിവാക്കണം. വീട്ടിലോ പള്ളിയിലോ ഒറ്റയ്ക്കിരുന്നു കരഞ്ഞു യാചിച്ചാൽ പൊറുക്കപ്പെടാവുന്ന തെറ്റുകൾ മാത്രമേ നമ്മൾ ചെയ്തിട്ടുള്ളൂ. അല്ലെങ്കിൽ ഒരു നിമിഷം മാത്രം തെറ്റ് ചെയ്തു എന്ന് ആലോചിച്ചാലും മതി.

ഈയുള്ളവനും കുമ്പസാരിച്ചിട്ടുണ്ട്, സ്കൂളിലും കോളേജിലും പഠിക്കുമ്പോഴായിരുന്നു അത്. അതും സ്കൂളിൽ എന്നെ പഠിപ്പിക്കുന്ന അദ്ധ്യാപകനായ അച്ചനോടായിരുന്നു ഈ കുമ്പസാരം. അതിനാല്‍ തന്നെ ഞാൻ സത്യം മുഴുവന്‍ പറഞ്ഞില്ല. എഴുപതു ശതമാനവും കള്ളം തന്നെയായിരുന്നു പറഞ്ഞത് മുഴുവനും. കാരണം പറഞ്ഞല്ലോ, ഈ അച്ചന് എന്നെ നന്നായി അറിയാം എനിക്ക് ഇദ്ദേഹത്തെയും.

വീട്ടുകാരുടെ നിർബന്ധമായിരുന്നു കല്യാണം കഴിക്കുന്നതിനു മുൻപ് കുമ്പസാരിക്കണമെന്നുള്ളത്‌. അല്ലെകിൽ കല്യാണക്കുറി തരില്ലന്നായിരുന്നു അച്ചന്റെ നിബന്ധന. ശരി, ആയിക്കോട്ടെ എന്ന് ഈയുള്ളവനും കരുതി. എന്നിട്ട്, അന്ന് പറഞ്ഞതു മുഴുവൻ എഡിറ്റ്‌ഡ് നുണകളും. കുമ്പസാരം കഴിഞ്ഞതും അച്ചന്‍ ഒരു കള്ളചിരി പാസ്സാക്കി- എടാ കള്ള നസ്രാണി...നിന്നെ കുമ്പസാരിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചത്‌ വെറുതെയല്ല, ഒരു ശ്രവണസുഖം പ്രതീക്ഷിച്ചായിരുന്നു. നീ അതും സമ്മതിക്കില്ല...അല്ലെ..എന്നായിരുന്നു ആ ചിരിയുടെ അര്‍ത്ഥമെന്നു തോന്നുന്നു.

മനുഷ്യനാണോ, എന്നാല്‍ പിന്നെ എല്ലാവരും തെറ്റുകൾ ചെയ്യും...ഉറപ്പാണ്‌! ഈ പറയുന്ന പള്ളിയിലെ പട്ടക്കാരനും, വലുതും ചെറുതുമായ എല്ലാ തിരുമേനിമാരും എല്ലാവരും അങ്ങനെ തന്നെ. നിങ്ങളുടെ പാപക്കറ കഴുകാൻ വേണ്ടി അങ്ങോട്ട് കേറിചെന്നു അവരെയും കൂടെ അധിക പാപത്തിലേക്ക് വലിച്ചിഴയ്ക്കരുത്. അവര്‍ക്ക് വേണ്ടാത്ത തോന്നലുകളിലേക്ക് അവരെ പെടുത്തരുത്. ആത്യന്തികമായി അവരും മനുഷ്യരാണ്.

ഇനി കുമ്പസാരിച്ചേ മതിയാകു എന്നാണ് എങ്കില്‍ സ്ത്രീകള്‍ പോയി കന്യാസ്ത്രീകളോടു കുമ്പസാരിക്കട്ടെ. ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ രഹസ്യം കേട്ടാൽ മറ്റൊരു പ്രശ്നമുണ്ട്. കുമ്പസാരം കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തും മുൻപ് 'ഒഴിഞ്ഞു പോയ പാപ'മെല്ലാം അങ്ങാടിയില്‍ പാട്ടാകും. കുപ്പായത്തിനുള്ളിലും സ്ത്രീകള്‍ തന്നെയാണല്ലോ!

പെസഹാ കഴിഞ്ഞുള്ള ദുഃഖവെള്ളി ആംഗലേയ ഭാഷയില്‍ ഗുഡ് ഫ്രൈഡേയാണ്. ക്രൂശിതനായ ക്രിസ്തുവിനെയാണോ അതോ ക്രൂശുമരണം വരിക്കാതെയിരുന്ന ക്രിസ്തുവിനെയാണോ നിങ്ങള്‍ക്ക് ഇഷ്ടമെന്ന് ഈയാഴ്ച ചോദിച്ചാല്‍ ഒരു സാധാരണക്കാരനായ മലയാളി ക്രിസ്ത്യാനി പറയും ക്രൂശിൽ മരണം വരിക്കാത്ത ക്രിസ്തുവിനെയാണ് എന്ന്. ഇതാണ് മലയാളി ഗുഡ് ഫ്രൈഡേയ്ക്ക് ദുഃഖവെള്ളിയാഴ്ച എന്ന് പേരുകൊടുക്കാനുള്ള കാരണം. ക്രിസ്തു ക്രൂശ് മരണം വരിച്ചതിലാണ് മനുഷ്യന് പാപമോചനം കിട്ടുന്നതെന്നാണ് ബൈബിള്‍ പറയുന്നതെങ്കില്‍ പോലും മലയാളിക്ക് ക്രിസ്തു അനുഭവിച്ച പീഡനം ഒരു വേദന തന്നെയാണ്. ബൈബിൾ ഇംഗ്ലീഷിൽ എഴുതിയ സായിപ്പു അതിനു പറ്റിയ പേരുകൊടുത്തു- ഗുഡ് ഫ്രൈഡേ. കൂടുതൽ ഇമോഷണൽ ആയ മലയാളികൾ അതിനു ദുഖവും കൊടുത്തു-ദുഃഖ വെള്ളി. ഒരു സമാനതകളും ഇല്ലാത്ത പര്യായപദങ്ങള്‍!

ഈസ്റ്ററിന് മെച്ചപ്പെട്ട കാളയെയോ പോത്തിനെയോ കിട്ടണമെന്ന് ആഗ്രഹമുള്ളവര്‍ വണ്ടിക്കൂലി മുടക്കിയാലും വേണ്ടില്ല വേഗം മലപ്പുറത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ വിവരം അറിയിച്ചാൽ അദ്ദേഹം അതിനു ഒരു വഴി ഉറപ്പുവരുത്തുമെന്നു പ്രതീക്ഷിക്കാം. തെരഞ്ഞെടുപ്പ് കഴിഞ്ഞതൊന്നും നോക്കണ്ട. അദ്ദേഹം മലയാളികളുടെ ബീഫ് വിഷയത്തിൽ വളരെ ദുഖിതനാണ് എന്ന് ദേശീയ പത്രങ്ങൾ വളരെ റിപ്പോർട്ട് ചെയ്തതും കയ്യില്‍ കരുതുന്നത് ഉചിതമാകും.

ഉയിർപ്പു പെരുന്നാള്‍ കഴിഞ്ഞു വേണം ഗ്ലാസ്സുകൾ നിരത്താന്‍ എന്നുള്ളവര്‍ക്കും നിരാശയാണ്. വിശുദ്ധവാരം മുഴുവന്‍ ക്യു നിന്നാല്‍ മാത്രമേ ഒരു കുപ്പിയെങ്കിലും കിട്ടൂ. പെസഹയക്ക്‌ കള്ളപ്പം ഉണ്ടാക്കാനായി അടുക്കളയിലേക്ക് കള്ള് വാങ്ങുന്നെങ്കില്‍ കുറച്ചധികം വാങ്ങുന്നതാണ് ബുദ്ധി. അല്ലെങ്കില്‍ ഇത് ചെയ്യുന്ന ഗ്രാമീണ രഹസ്യസ്വയം സഹായകസംഘങ്ങളെയും സമീപിക്കാം.

എങ്ങനെയായാലും, ഈ ഈസ്റ്ററില്‍ എങ്കിലും നമ്മുക്ക് പൂർണമായും ദേശീയത കൈവരികണം. വിദേശം നമ്മുക്ക് വേണ്ടേ വേണ്ട...നാടന്‍ മതി! പ്രധാനമന്ത്രിയുടെ മേക്കിംഗ് ഇന്ത്യ ഇതല്ലെന്ന് ആരറിഞ്ഞു...

Read More >>