സര്‍ക്കാരിന്റെ ആനുകൂല്യം വാങ്ങുന്ന സഭയുടെ സ്ഥാപനങ്ങള്‍ സര്‍ക്കാരിന് തന്നെ നല്‍കണം എന്ന് അയര്‍ലണ്ടിന്റെ പ്രതിപക്ഷ നേതാവ്

കാതോലിക്ക സഭയുടെ മേധാവിത്വം ചോദ്യം ചെയ്യുന്ന ശബ്ദങ്ങള്‍ ആഗോളതലത്തില്‍ ഉയരുന്നതിനെ സഭ നിസ്സാരമായിട്ടല്ല നോക്കിക്കാണുന്നത്

സര്‍ക്കാരിന്റെ ആനുകൂല്യം വാങ്ങുന്ന സഭയുടെ സ്ഥാപനങ്ങള്‍ സര്‍ക്കാരിന് തന്നെ നല്‍കണം എന്ന് അയര്‍ലണ്ടിന്റെ പ്രതിപക്ഷ നേതാവ്

സര്‍ക്കാരിന്റെ സഹായം വാങ്ങി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാ സഭയുടെ ആശുപത്രികള്‍ സര്‍ക്കാരിന് തന്നെ വിട്ടു കൊടുക്കാന്‍ സഭ തയ്യാറാകണം എന്ന് അയര്‍ലണ്ട് പ്രതിപക്ഷ നേതാവായ മൈക്കല്‍ മാര്‍ട്ടിന്‍ ആവശ്യപ്പെട്ടു.

സെന്റ്‌ വിന്സന്റ്, മാറ്റര്‍ തുടങ്ങിയ സഭയുടെ ആശുപത്രികള്‍ സര്‍ക്കാരിന് വിട്ടു നല്‍കണം എന്നാണ് മാര്‍ട്ടിന്‍ ഒരു അഭിമുഖത്തിലൂടെ ആവശ്യപ്പെട്ടത്.

ഒരുതരത്തില്‍ പറഞ്ഞാല്‍ സര്‍ക്കാരാണ് ഇത്തരം ആശുപത്രികളെ നിലനിര്‍ത്തുന്നത്. കഴിഞ്ഞ 40 വര്‍ഷങ്ങളായി അവര്‍ സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്നു. അങ്ങനെയാകുമ്പോള്‍ അതിന്റെ പ്രയോജനം ലഭിക്കേണ്ടതും സര്‍ക്കാരിന് തന്നെയാണ്, സഭയ്ക്കല്ല.

കൂടാതെ മദര്‍ ആന്‍ഡ്‌ ബേബി ഹോമുകള്‍ പോലെയുള്ള സ്ഥാപനങ്ങളും സര്‍ക്കാരിന്റെ പൂര്‍ണ്ണമായ അന്വേഷണപരിധിയില്‍ ഉണ്ടാകണം.ക്രിസ്തീയ വിശ്വാസത്തിനു അനുയോജ്യമല്ലാത്ത ക്രൂരതകളാണ് ഇത്തരം ആശുപത്രികളില്‍ നിന്നും മദര്‍ ആന്‍ഡ്‌ ബേബി ഹോമുകളില്‍ നിന്നും കേള്‍ക്കുന്നത്.

മാനുഷിക മൂല്യങ്ങള്‍, സ്നേഹം, ദയ, നീതി, നിലവാരം, മാന്യത തുടങ്ങിയവില്‍ പ്രവര്‍ത്തിക്കേണ്ടുന്ന ഇത്തരം സ്ഥാപനങ്ങള്‍ പലപ്പോഴും ഉദ്ദേശശുദ്ധിയില്‍ നിന്നും വ്യതിചലിക്കുന്നതായി കണ്ടു വരുന്നു. മാര്‍ട്ടിന്‍ പറഞ്ഞു.

മദര്‍ ആന്‍ഡ്‌ ബേബി സെന്‍റെറിന്റെ പരിസരത്ത് കുഴിച്ചിടപ്പെട്ട നിലയില്‍ 800 ലധികം കുട്ടികളുടെ വര്‍ഷങ്ങള്‍ പഴക്കമുള്ള മൃതദേഹാവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം അയര്‍ലണ്ട് പോലീസ് കണ്ടെത്തിയിരുന്നു. ഭീതിപ്പെടുത്തുന്ന വിജനപ്രദേശത്ത്‌ അറിയപ്പെടാത്ത ഭൂഗര്‍ഭ കല്ലറകള്‍ ഉണ്ട് എന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് സഭ നടത്തുന്ന അവിവാഹിതരായ അമ്മമാരുടെയും കുട്ടികളുടെയും സ്ഥാപനത്തിന് സമീപമുള്ള വിജനപ്രദേശം സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചു പരിശോധിച്ചത്.

അയര്‍ലണ്ടിലെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ഫിയനാഫാള്‍ ഇപ്പോഴും സഭാനുകൂല നിലപാടുകള്‍ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ മൈക്കല്‍ മാര്‍ട്ടിന്‍ നടത്തിയ ഈ പ്രസ്താവനകള്‍ സഭയ്ക്കും ആശങ്കയ്ക്കിട നല്‍കിയിട്ടുണ്ട്.

Read More >>