യേശുവിന്റെ കല്ലറയുള്ള ദേവാലയത്തിന്റെ താക്കോല്‍ ഈ മുസല്‍മാന്റെ പക്കലാണ്

മതങ്ങളുടെ പേരില്‍ കലഹം കൂടി ദേവാലയങ്ങള്‍ നശിപ്പിക്കുന്ന ഒരു കാലത്തില്‍ അബു ജൂദാ നല്‍കുന്ന സേവനം അമൂല്യമാണ്‌

യേശുവിന്റെ കല്ലറയുള്ള ദേവാലയത്തിന്റെ താക്കോല്‍ ഈ മുസല്‍മാന്റെ പക്കലാണ്

യേശുക്രിസ്തുവിനെ അടക്കം ചെയ്ത കല്ലറയുള്ള 'ദ ചര്‍ച്ച് ഓഫ് ഹോളി സെപ്പല്‍ച്ചര്‍' ക്രിസ്ത്യാനികള്‍ക്ക് അതിവിശുദ്ധ സ്ഥലമാണ്. സമീപകാലത്ത് അറ്റകുറ്റപ്പണികള്‍ നടന്നതിനാല്‍ ഈ ദേവാലയത്തില്‍ പൊതുജന പ്രവേശനം നിരോധിച്ചിരുന്നു. എന്നാല്‍ ഈ സമയത്തും ദേവാലയത്തിന്റെ നാല് കൂറ്റന്‍ ഗേറ്റുകളുടെയും താക്കോല്‍ സൂക്ഷിച്ചിരുന്നത് ആരാണ് എന്നറിയാമോ? കഴിഞ്ഞ അഞ്ചു നൂറ്റാണ്ടുകളായി ഒരു മുസ്ലീം കുടുംബമാണ് ഈ സേവനം നല്‍കി വരുന്നത് എന്നറിയുമ്പോള്‍ അതിശയിക്കാതിരിക്കാന്‍ തരമില്ല.

കഴിഞ്ഞ 80 തലമുറകളായി ഈ കാര്യസ്ഥം ഇവരുടെ അവകാശമായി തുടരുന്നു.ലോകത്തെ മതങ്ങളെ സംബന്ധിച്ച ഒരു ഡോകുമെന്ററിയില്‍ നാഷണല്‍ ജ്യോഗ്രഫിക് ചാനലാണ് ഈ കൌതുകത്തെ വിവരിക്കുന്നത്.

അബു ജൂദായാണ് വിശുദ്ധ കല്ലറയുടെ ഇപ്പോഴത്തെ തലമുറയിലെ കാര്യസ്ഥന്‍. താന്‍ സൂക്ഷിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ഒരു വിശ്വാസിസമൂഹത്തിന്റെ വികാരമാണ് എന്ന് അബുവിനറിയാം. അതിലൊരു പോറല്‍ പോലുമുണ്ടാകാതെ നാളിതുവരെ തുടരുവാനും ഈ അന്യമതസ്ഥന് സാധിച്ചിട്ടുണ്ട്.

"എനിക്ക് ഇങ്ങനെയൊരു അവസരം ലഭിച്ചത് ലോകത്തിലെ എല്ലാ മുസല്‍മാനും ലഭിക്കുന്ന ഒരു അംഗീകാരമാണ്" അബു പറയുന്നു.

ദേവാലയത്തിന്റെ സൂക്ഷിപ്പു ചുമതല ജൂദയുടെ പൂര്‍വ്വീകര്‍ക്ക് ലഭിച്ചതിനും ഒരു കാരണമുണ്ട്. നിഷ്പക്ഷനായ ഒരു കാര്യസ്ഥനെയായിരുന്നു ദേവാലയത്തിന്റെ ചുമതലക്കാര്‍ ആഗ്രഹിച്ചിരുന്നത്. ക്രിസ്ത്യന്‍ വിശ്വാസത്തില്‍ തന്നെ പല സഭകളുടെ സാന്നിധ്യമാണ് ഈ തീരുമാനത്തിനുള്ള കാരണം. നിഷ്പക്ഷ നിലപാടുകള്‍ സ്വീകരിക്കുന്ന ഒരു അന്യമതസ്ഥനായിരിക്കും ഇതിനു ഉചിതം എന്നവര്‍ കരുതിയതാണ് ജൂദായുടെ തലമുറയ്ക്ക് ഇങ്ങനെയൊരു ഭാഗ്യം സൃഷ്ടിച്ചത്.

Read More >>